നരേന്ദ്ര മോദിയേക്കാൾ ചെറുതല്ല ഇവിടത്തെ ഒരു പൗരന്റെ അവകാശം

408

Ratheesh Krishna എഴുതുന്നു 

ഉത്തരേന്ത്യയിൽനിന്ന് ഇപ്പോൾ കേൾക്കുന്ന ദളിത് പീഡനങ്ങളും കൊലപാതകങ്ങളും തെരഞ്ഞെടുപ്പിന് ശേഷം നാം പ്രതീക്ഷിച്ചതുതന്നെയായിരുന്നു . ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും ജാതി-രാഷ്ട്രീയ അടിമത്വവുമാണ് അവരുടെ എക്കാലത്തെയും ശാപം.

Ratheesh Krishna.

മത-ജാതീയ അസഹിഷ്ണുത തീവ്രമാണ് അവിടെ. കേരളത്തിൽ പണിക്ക് വന്ന ഒരു ഉത്തരേന്ത്യൻ പയ്യൻ ഞാൻ മാംസം കഴിക്കുന്നതിൽ അതൃപ്തിപൂണ്ട് പിണങ്ങിയത് ഓർമ്മിക്കുന്നു . ദളിതരോടുള്ള അവരുടെ മനോഭാവം പതിനാറാം നൂറ്റാണ്ടിലേതാണെന്ന് തോന്നിപ്പോകും. ദക്ഷിണേന്ത്യക്കാരോടുള്ള അവരുടെ അസഹിഷ്ണുതയും സഹനീയമല്ല .

കാലാകാലങ്ങളായി ഇതിന്റെ ആക്കം കൂടുകയാണ് ചെയ്യുന്നത് . അത് അവിടത്തെ ഇടതുപക്ഷത്തിന്റെ അപചയംകൊണ്ടോ സംഘപരിവാറിന്റെ കടന്നുകയറ്റംകൊണ്ടോ കോൺഗ്രസ്സിന്റെ പിടിപ്പുകേട്കൊണ്ടോ മാത്രല്ല. ആ ജനതയെ സ്വാതന്ത്ര്യാനന്തരവും അങ്ങനെത്തന്നെ നിലനിർത്താൻ രാഷ്ട്രീയ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു എന്നതാണ് കാര്യം.

ബംഗാളിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഹത്തായ
കലാ-സാംസ്കാരിക മുന്നേറ്റങ്ങൾ നവോത്ഥാനഘട്ടം മുതൽക്കേ നടന്നിരുന്നു. എന്നാലവ ചില കുടുംബങ്ങളിലേക്ക് ചുരുങ്ങുകയും ചില ഉയർന്ന വിഭാഗത്തിലേക്ക് ഉൾവലിയുകയും ചെയ്തു . ആധുനിക ദളിത് രചനകൾ തീവ്രമെങ്കിലും അവ ഒരു ജനതയെ സംഘടിപ്പിക്കുന്നതിനും വിപ്ലവത്തിലേക്ക് നയിക്കുന്നതിനും സാധ്യമായിട്ടുണ്ടെന്ന് കരുതാനാവില്ല.

ഇന്ത്യയിൽ പലയിടങ്ങളിലായി നടക്കുന്ന ജാതിമത -രാഷ്ട്രീയ കൊലപാതകങ്ങൾക്കും പീഡനങ്ങൾക്കും ബലാത്‌സംഗങ്ങൾക്കും എന്ത് പരിഹാരമാണ് മുന്നോട്ട് വെക്കാൻ പറ്റുന്നതെന്ന് ഇന്ത്യൻ ബുദ്ധിജീവി സമൂഹം രാഷ്ട്രീയ അടിമത്തങ്ങൾ മാറ്റിനിർത്തി ചിന്തിക്കേണ്ടിയിരിക്കുന്നു .

യാഥാസ്ഥിതിക ഇടതുപക്ഷത്തിന് വളരാനുള്ള വളക്കൂറ് ഉത്തരേന്ത്യയിൽ ഇല്ല. സംഘപരിവാറിന് ഈ പീഡന പരമ്പരകൾ തീവ്രമാക്കി താഴെത്തട്ടിലുള്ളവരിൽ ഭയം നിലനിർത്തി അധികാരം തുടരുക എന്നതാണ് താല്പര്യം . അതുകൊണ്ട്തന്നെ ഇപ്പോഴത്തെ ഭരണ വർഗ്ഗത്തിൽനിന്ന് ഇതിനൊരു പരിഹാരം കണ്ടെത്തുക സാധ്യമല്ല . കോൺഗ്രസ്സിന്റെ മിത സമീപനത്തെ ആൾക്കൂട്ട ശരികൾ തീവ്രമാക്കി ബിജെപി അടിച്ചൊതുക്കുന്നത് ഈ തെരഞ്ഞെടുപ്പിൽ കാണുകയുണ്ടായി. കർഷക സമരങ്ങളിലും താഴ്ന്ന വിഭാഗങ്ങളുടെ കാര്യത്തിലും ന്യുനപക്ഷങ്ങളുടെ പ്രശ്നങ്ങളിലും കോൺഗ്രസ്സിന് കൃത്യമായ ഒരു നിലപാട് ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട് .

നമ്മുടെ രാജ്യത്തിന്റെ മരണസമാനമായ മൗനത്തിനും സമാധാനത്തിനുംമീതെ തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ രൂപംകൊള്ളുകയും ഈ ഇരുണ്ട ദിവസങ്ങളെ തകർക്കുകയുമാണ് പരിഹാര ക്രിയകളിലൊന്ന്. ദാരിദ്ര്യത്തിൽനിന്നും നിരക്ഷരതയിൽനിന്നും ഉയർത്തി ഒരു ജനതയെ ഭയത്തിൽനിന്ന് വിമോചിതരാക്കി സംഘടിതരാക്കുവാൻ അവർക്ക് (നമ്മൾ വെടിവെച്ചു കൊന്നില്ലെങ്കിൽ )കഴിയും . അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് ഒരു ഉദാഹരണമാണ് . കേരളത്തിലെ മാർക്സിസ്റ്റു പാർട്ടിക്കും ഇന്ത്യയിലെ കോൺഗ്രസ്സിനും അവരെ സഹായിക്കേണ്ട ഉത്തരവാദിത്വമുണ്ട് .

ആദ്യം അവരുടെ ദാരിദ്ര്യത്തെയും ഭയത്തെയും ദൂരീകരിക്കുന്ന പ്രവർത്തനങ്ങളിലാണ് കോൺഗ്രസ്‌ ഏർപ്പെടേണ്ടത്. തീവ്ര ഇടതുപക്ഷ പ്രവർത്തനങ്ങളാൽ സംഘടിതമായ ജനങ്ങളിലേക്ക് തുടർന്ന് വിദ്യാഭ്യാസം എത്തിക്കുക .

ഗോമാതാവിന്റെ പേരിലുള്ള പീഡനങ്ങളും ജയ്‌ശ്രീറാം വിളിപ്പിക്കലുമൊക്കെ നമുക്ക് പതിവ് കാഴ്ചകളും നിസ്സാരമായ കാര്യങ്ങളുമായി തീർന്നിരിക്കുന്നു . ചില മുസ്ലീം രാഷ്ട്രങ്ങളിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ചിലർ ആശ്വസിക്കുന്നു .

ആശ്വസിക്കാൻ വരട്ടെ ; ഇത് ജനാധിപത്യ രാഷ്ട്രമാണ് . നരേന്ദ്ര മോദിയേക്കാൾ ചെറുതല്ല ഇവിടത്തെ ഒരു പൗരന്റെ അവകാശം . ഇന്ത്യയിൽ ഏതൊരിടത്തും നടക്കുന്ന പീഡനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ അതുകൊണ്ടുതന്നെ, ശക്തമായ ചെറുത്തുനിൽപ്പുകൾ അനിവാര്യമാണ് . അല്ലെങ്കിൽ ഫാസിസം ജനാധിപത്യത്തെ വിഴുങ്ങും. ഫാസിസത്തിന് നിങ്ങൾ സംഘപുത്രനാണെന്നോ മാർക്സിസ്റ്റുകാരനാണെന്നോ എന്തിന് ഇന്ത്യക്കാരനാണെന്നോ ഉള്ള പരിഗണനപോലും ഇല്ല.

അതുകൊണ്ടുതന്നെ ഇത്തരം ചെറുത്തുനിൽപ്പുകൾക്കായി ലോകത്തിലെ എല്ലായിടത്തെയും മനുഷ്യാവകാശ പ്രവർത്തകരുടെ ശ്രദ്ധ ഇവിടെയെത്തിക്കുക . അതിലൂടെ പീഡിതർക്കുള്ള സുരക്ഷയും പീഡിപ്പിക്കുന്നവർക്കുള്ള ശിക്ഷയും ഉറപ്പുവരുത്തുക എന്നതാണ് മറ്റൊരു പരിഹാരക്രിയ .

ഇടതുപക്ഷത്തിനും കോൺഗ്രസ്സിനും അവരുടെ നഷ്ടപ്പെട്ട ആദർശങ്ങൾ പൊടിതട്ടിയെടുക്കേണ്ടതുണ്ട് . ചെറുതോ വലുതോ ആയിക്കൊള്ളട്ടെ സംഘങ്ങൾ, അവർ ജനാധിപത്യ വിരുദ്ധമായ ചെയ്വനകൾക്കെതിരെ ഇന്ത്യയിൽ എല്ലായിടത്തും ദാർശ്ശനികമായ നിലപാട് തറകൾ ഒരുക്കേണ്ടതുണ്ട് .

ജനാധിപത്യവിരുദ്ധ പ്രവണതകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഫാസിസത്തിനുമെതിരായ എല്ലാ സംഘങ്ങളെയും സംഘർഷങ്ങളെയും സമാഹരിക്കുക . കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മാതൃകകൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് ഊർജ്ജം പകരട്ടെ .

നമ്മുടെ നിയമവ്യവസ്ഥകളും ഭരണഘടനാ വ്യവഹാരങ്ങളും നിഷ്ക്രിയമാകുന്നത് നമ്മൾ കാണുന്നു . ഇന്ന് ഗോഡ്സെയുടെ പ്രചാരകർ അംബേദ്കറുടെ ചിത്രത്തിൽ ചെരുപ്പുകൊണ്ട് അടിക്കുന്നത് ഞാൻ കണ്ടു . ഇന്നലെ ഗാന്ധിജിയുടെ പ്രതിമയിൽ വെടിയുതിർക്കുന്നതും കണ്ടു . രാവിലെ വാട്സാപ്പിൽ മുഷ്ടിചുരുട്ടി ഉയർത്തുന്ന ഒരു Gif തിരഞ്ഞപ്പോൾ അതിൽ നിറയെ മോദിയും അമിത്ഷായും …

അവബോധങ്ങളേക്കാൾ, പ്രചാരണത്തെക്കാൾ കൂടുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ സംശയിക്കേണ്ട ഈ പ്രഹസിത ജനാധിപത്യ കാലത്ത് , വൈകരുത് ; ഉണർന്നു പ്രവർത്തിക്കുവാൻ.
സമയം അതിക്രമിച്ചിരിക്കുന്നു .

– രതീഷ് കൃഷ്ണ .

Advertisements