നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ജലം അതിൻ്റെ വഴി കണ്ടെത്തും പോലെ ലൈംഗികതയും അതിൻ്റെ വഴി കണ്ടെത്തും

194

റോസി തമ്പി

സ്ത്രിയുടെഅവിഹിതങ്ങളും തുടർന്നുള്ള കുറ്റകൃത്യങ്ങളും നമ്മെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. അവിഹിതം എല്ലാ കാലത്തും ഉണ്ടാകും എന്തെന്നാൽ മനുഷ്യർ ഒരു ഇണയോടൊപ്പം ജീവിതകാലം മുഴുവൻ കഴിയുന്ന വിഭാഗത്തിൽ പെട്ട ജീവിവർഗ്ഗ മല്ല.
സമൂഹം പല കാലങ്ങളിൽ പലതരം ലൈംഗിക ബന്ധങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. ഒരേ കാലത്തു തന്നെ പലതരം ബന്ധങ്ങൾ സമൂഹം അംഗീകരിച്ചിട്ടുണ്ട്. രാമായണവും മഹാഭാരതവും എത്ര വ്യത്യസ്തമായാണ് സ്ത്രീ പുരുഷ ബന്ധങ്ങളെ അവതരിപ്പിക്കുന്നത്. നമുടെ കാലത്തും നമ്മുടെ സമൂഹത്തിൽ ഏക- ഭാര്യ ഭർത്തൃബന്ധങ്ങൾ നിലനിൽക്കുമ്പോഴും നാല് വരെ കെട്ടാം എന്നു പറയുന്നവരും ഉണ്ടല്ലോ?

പറഞ്ഞു വന്നത് നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ജലം അതിൻ്റെ വഴി കണ്ടെത്തും പോലെ ലൈംഗികതയും അതിൻ്റെ വഴി കണ്ടെത്തും. അതിനു തടസ്സമായി നില്ക്കുന്നവയെ ഒഴിവാക്കുകയും ചെയ്യും. ശിക്ഷാ നടപടികളും ഉപദേശങ്ങളും ഈ കാര്യത്തിൽ എത്ര ഫലപ്രദമാണ് എന്നറിയില്ല. പിടിക്കപ്പെടും എന്നറിയാതെയല്ലല്ലോ ഈ കൂട്ടർ കൊലപാതകങ്ങൾ വരെ നടത്തുന്നത്. അപ്പോൾ അതിലും വലിയ ശക്തിയാണ് അവരെക്കൊണ്ടത് ചെയ്യിക്കുന്നത് എന്നല്ലേ?
നമ്മൾ പുതിയ വീടു പണിതു കഴിയുമ്പോൾ തന്നെ ഇപ്പോൾ അതിനു മുകളിൽ ട്രസ്സ് വർക്ക് ചെയ്യുന്നു. ചൂട് കുറയാനാണ് എന്നാണ്. ഇതു പോലെ തന്നെയാണ് കുടുംബത്തിനകത്തു ജീവിക്കുന്നവരുടെ ചൂടു കുറക്കാനാണ് പുറത്ത് ബന്ധങ്ങൾ രൂപപ്പെടുന്നത്. പ്രഷർകുക്കറിന് സേഫ്ടി വാൾവ് പോലെയാണത്. ആണിനും പെണ്ണിനും .എന്നാൽ നമ്മുടെ കപട സദാചാര സങ്കല്പം വിവാഹിതരായ സ്ത്രീ പുരുഷന്മാരുടെ സൗഹൃദത്തെ ഒരു തരത്തിലും സമ്മതിച്ചു തരില്ല. ഒരു പെൺകുട്ടി 18-വയസ്സിലും ആൺകുട്ടി 21 വയസ്സിലും കല്യാണം കഴിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ മറ്റാരോടും പ്രണയം തോന്നരുതെന്നു പറയുന്നതു കൊണ്ട് എന്തു കാര്യം?
പകരം നല്ല സൗഹൃദങ്ങളും നല്ല പ്രണയങ്ങളും നല്ല കുടുംബങ്ങളും എങ്ങനെ നിർമ്മിക്കണം എന്നാണ് ഇനി നാം പഠിക്കേണ്ടത്. ഇത് മൂന്നും ഒരു പോലെ സാധ്യമാക്കാവുന്ന വിദ്യാഭ്യാസമാണ് വ്യക്തിയും സമൂഹവും ഇനി പരിശീലിക്കേണ്ടത്. അല്ലെങ്കിൽ കുമാരനാശൻ ലീലയിൽ പറഞ്ഞ പോലെ
അവളുടെ ശയനീയ ശായിയാം അവനൊരുഷ സിൽ ഉണർന്നിടാതെയായ് എന്നത് പോലെ ഓരോ ഇണയും ഭയപ്പാടൊടെ കഴിയേണ്ടി വരും. ഇക്കാലമത്രയും സ്ത്രീകൾ സഹിക്കുകയായിരുന്നു. ഇപ്പോൾ അവരും അവരുടെ ശരീരവും ആത്മാവും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഇനി ഇത്തരം വാർത്തകൾ സാധാരണമാകും. ഒരു ദുരന്തം നടക്കുമ്പോൾ പെണ്ണിനെ കുറ്റപ്പെടുത്തി കൂറെ പോസ്റ്റ് ഇട്ടതുകൊണ്ടൊന്നും ഈ അവസ്ഥക്ക് മാറ്റം വരാൻ പോകുന്നില്ല. രാഷ്ടീയ കൊലപാതകങ്ങൾ നടക്കുമ്പോൾ നമ്മൾ ഇഴകീറി ചർച്ച നടത്താറുണ്ട്.ഇവയാകട്ടെ നമുക്ക് പെണ്ണിൻ്റെ കാമവെറി മാത്രമായി ഒതുങ്ങുന്നു. ആ അവസ്ഥ മാറണം സ്ത്രീയുടെ ലൈംഗീകതയെ ഇനിയും നമ്മൾ അഡ്രസ്സ് ചെയ്യാൻ മടി കാണിച്ചാൽ കുടുംബങ്ങൾ ദുരിതക്കയങ്ങളാകും. കുടുംബ വ്യവസ്ഥ തന്നെ അപകടത്തിലാകും. ശരണ്യയെക്കുറിച്ചുള്ള പോസ്റ്റുകളും അവക്കടിയിലെ കമൻറുകളും ലൈംഗിക തെറി കൊണ്ട് നിറഞ്ഞിരിക്കുന്നത് നമ്മുടെ സമൂഹത്തിൻ്റെ ലൈംഗിക പാപ്പരത്തം തന്നെയാണ്. ലൈംഗികത പാപമാണെന്ന ചിന്ത ഇനി നമ്മെ സഹായിക്കില്ല. ഞലംഗികതയെ കുറിച്ച് സംസാരിക്കുക എന്നാൽ നല്ല സൗഹൃദങ്ങളെക്കുറിച്ചും നല്ല പ്രണയത്തെക്കുറിച്ചും നല്ല ദാമ്പത്യത്തെക്കുറിച്ചും സംസാരിക്കുക എന്നു തന്നെയാണാർത്ഥം.