നമ്മുടെ കൈയിലുള്ള പണം കള്ളപ്പണമല്ല എന്നു തെളിയിക്കേണ്ടുന്ന ബാധ്യത ഒരു ദിവസം രാത്രിയിൽ ടിവി കണ്ടുകൊണ്ടിരിക്കെ ഇടിത്തീപോലെ നമ്മുടെ തലയിൽ വന്നുപതിക്കുന്നു. അതിനു ബാങ്കുകളുടെയെല്ലാം മുന്നിൽ അടുത്തദിവസത്തെ വെയിലുമുതൽ നമ്മൾ ചെന്നു ക്യൂ നിൽക്കുന്നു. നമ്മൾ ഇന്നാട്ടിലെ പൗരനാണെന്നു തെളിയിക്കേണ്ടുന്ന ബാധ്യത അതുപോലെ നമ്മളുടെ ചുമലിൽ പതിയെ പതിയെ വന്നുവീഴുന്നു. ഇന്നലെവരെ നമുക്കൊപ്പം ഉണ്ടായിരുന്ന അടിയുറച്ച ഒരു വിശ്വാസത്തിനുമേൽ നമ്മുടെ ഭരണകൂടം ഏകപക്ഷീയമായി അവിശ്വാസം രേഖപ്പെടുത്തുന്നു.
എന്തുകൊണ്ടാണ് ഇതെല്ലാം നമ്മളുടെ ഉത്തരവാദിത്തമായി വന്നുചേരുന്നത്?
ഈ രണ്ടു പ്രക്രിയകൾക്കും ഒരു പൊതുസ്വഭാവമുണ്ട്, എല്ലാവരെയും പ്രഥമദൃഷ്ട്യാ സംശയത്തിന്റെ മുൾമുനയിൽ നിർത്തി പ്രതിചേർക്കുക. ഇത്രയും അനാദരവോടുകൂടി മുൻവിധിയോടുകൂടി അന്തസ്സില്ലാതെ പൗരന്മാരെ കൈകാര്യം ചെയ്യാൻ ഒരു ഫാസിസ്റ്റു ഭരണകൂടത്തിന് മാത്രമേ കഴിയൂ.
കൊടും കുറ്റകൃത്യങ്ങളുടെ കേസുകൾ കൈകാര്യം ചെയ്യുന്നത് ഏതാണ്ട് ഇതുപോലെയാണ്. അവിടെ കുറ്റം ചാർത്തിക്കഴിഞ്ഞാൽ അങ്ങനെ നടന്നിട്ടില്ല എന്നു തെളിയിക്കേണ്ടത് പ്രതിയുടെ ചുമതലയാണ്, അതിനു കഴിയാത്തിടത്തോളം അയാൾ പ്രതിയാണ്, കുറ്റം ചെയ്തവനാണ്. എന്നാൽ മറ്റു ക്രിമിനൽ കേസുകളിൽ അങ്ങനെയല്ല, പ്രതി കുറ്റംചെയ്തു എന്നുതെളിയിക്കേണ്ടത്, വാദിയുടെ കൂടെ ചുമതലയാണ്, അതുവരെ അയാൾ കുറ്റാരോപിതൻ മാത്രമാണ്.
ഓർക്കാപ്പുറത്തു കൊടുംകുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ട നിരപരാധികളായ പൗരന്മാരുടെ പ്രതിക്കൂട്ടിലാണ് നമ്മളെ കയറ്റിനിർത്തിയിരിക്കുന്നത്. നിരപരാധിയാണെന്നു തെളിയിക്കേണ്ടത് നമ്മുടെ മാത്രം ചുമതലയാണ്. എമ്മാതിരി പാഴുകളാണ്.