എഴുതിയത്: സുരേഷ് സി പിള്ള

പാമ്പും ചിതൽ പുറ്റും: സുൽത്താൻ ബത്തേരിയിൽ സ്കൂളിൽ പാമ്പു കടിച്ചു കുട്ടി മരിക്കാൻ ഇടയായ സംഭവത്തോട് അനുബന്ധിച്ചു ഇന്നത്തെ വാർത്ത ടിവിയിൽ കണ്ടവർ ഒരു പക്ഷെ ശ്രദ്ധിച്ചുകാണാറും, സ്കൂളിനു സമീപത്തുള്ള ചിതൽപ്പുറ്റുകളെ ക്കുറിച്ചു റഫർ ചെയ്തത്.

ശരിക്കും ചിതൽപ്പുറ്റുകൾക്കും പാമ്പുകൾക്കും എന്താണ് ബന്ധം?

ചിതൽപ്പുറ്റുകൾ കാണാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. പല തരം അന്ധ വിശ്വാസങ്ങളും ഇതുമായി ബന്ധപ്പെട്ടിട്ടുള്ളതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവും. വർഷങ്ങൾക്കു മുൻപ് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും ഒരു ഇടവഴിയിൽ ക്കൂടി ഓട്ടോയിൽ വരികയായിരുന്നു. അപ്പോളാണ് ഒരു മൂന്നു നാല് ഏക്കറോളം സ്ഥലത്ത് ഉയർന്നു നിൽക്കുന്ന ചിതൽപ്പുറ്റുകൾ കണ്ടത്. കേരളത്തിൽ ഒറ്റപ്പട്ട ചിതൽപ്പുറ്റുകൾ കണ്ടിട്ടുണ്ടെങ്കിലും ചിതൽപ്പുറ്റുകളുടെ കൂട്ടങ്ങൾ ആദ്യമായി കാണുക ആയിരുന്നു. ഞാൻ ആകാംക്ഷയോടെ ഓട്ടോ ഡ്രൈവറോട് ചോദിച്ചു.
“ഇതെന്താണ്, ഇങ്ങനെ നേരത്തെ കണ്ടിട്ടേ ഇല്ലല്ലോ?”

“ഇത് നാഗങ്ങളുടെ (പാമ്പുകളുടെ) കൂടാണ്” അദ്ദേഹം പറഞ്ഞു.

പാമ്പുകൾ എങ്ങിനെയാണ് ചിതൽപ്പുറ്റുകൾ ഉണ്ടാക്കുന്നത്. പാമ്പുകളും ചിതൽപുറ്റുകളും തമ്മിൽ എന്താണ് ബന്ധം എന്നൊക്കെ അന്നേ ഉള്ള സംശയമാണ്. അതേക്കുറിച്ചു അന്വേഷിക്കാൻ പിന്നീട് സമയം കിട്ടി ഇല്ല. 2015 ൽ ഔദ്യോഗിക ആവശ്യത്തിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (IISc) ബാംഗ്ളൂർ സന്ദർശിച്ചപ്പോൾ അവിടെ താമസിച്ച ഗസ്റ്റ് ഹൗസിന്റെ സമീപത്തായി ഏകദേശം ഒരാളിന്റെ ഉയരമുള്ള ഒരു വലിയ ചിതൽപ്പുറ്റ് കണ്ടു. അപ്പോളാണ് ഇതേക്കുറിച്ചു
കൂടുതൽ അന്വേഷിക്കണം എന്ന് തോന്നിയത്. അന്ന് മുതൽ വായിച്ചതും, ഈ അടുത്ത കാലത്തു വായിച്ചതുമായ കുറെ കാര്യങ്ങൾ ആണ് എഴുതുന്നത്.

എന്താണ് ചിതൽപ്പുറ്റുകൾ?

പേര് സൂചിപ്പിക്കുന്നതു പോലെ ചിതൽപ്പുറ്റുകൾ (Termite Mound അല്ലെങ്കിൽ Ant Hill) ചിതലുകൾ (Termite) ഉണ്ടാക്കുന്നതു തന്നെ.

ചിതലുകൾ നല്ല രീതിയിലുള്ള എഞ്ചിനീയറിംഗ് പ്രതിഭ ഉള്ളവരാണ് എന്ന് ഈ ചിതപ്പുറ്റുകൾ പരിശോധിച്ചാൽ വ്യക്തമാവും. മഴയത്തും, ചെറിയ തോതിലുള്ള പ്രകൃതി ക്ഷോഭങ്ങളിലും ഒന്നും നശിക്കാത്ത രീതിയിയും, നല്ല രീതിയിൽ ഉള്ളിലേക്ക് വായൂ സഞ്ചാരം കിട്ടത്തക്ക രീതിയിലും ആണ് ഇവയുടെ രൂപകൽപ്പന. വേണമെങ്കിൽ ഇതിനെ ഹരിത ഗൃഹങ്ങൾ എന്ന് പറയാം. നല്ല മൃദുവായ കളിമണ്ണിൽ ഉമിനീർ കലർത്തിയാണ് ചിതലുകൾ ഇവയുണ്ടാക്കുന്നത്.

Image may contain: outdoor and foodകണ്ടാൽ ചിതലുകൾക്ക് ഉറുമ്പുകളുടെ രൂപ സാദൃശ്യം ഉണ്ടെങ്കിലും ഇവയ്ക്ക് ഉറുമ്പുകളുമായി ബന്ധമില്ല. പാറ്റകളുടെ വർഗ്ഗത്തിൽ പെടുന്ന Isoptera വിഭാഗത്തിൽ പെടുന്നവയാണ്. ഏകദേശം മൂവായിരത്തോളം തരം ചിതലുകളെ കണ്ടെത്തിയിട്ടുണ്ട്. തേനീച്ചകളിലെ പോലെ ‘രാജാവ്’, രാജ്ഞി, ജോലിക്കാർ, പടയാളികള് എന്നിങ്ങനെ പല അധികാര ശ്രേണിയിൽ ആണ് ഇവയുടെ ചിതൽപ്പുറ്റിലുള്ള ജീവിതം.
എല്ലാത്തരം ചിതലുകളും പല രീതിയിൽ ഉള്ള പുറ്റുകൾ ഉണ്ടാകാറുണ്ടെങ്കിലും, പലതും ഭൂമിക്ക് അടിയിൽ അല്ലെങ്കിൽ അത്ര ഉയരത്തിൽ ആയിരിക്കില്ല നിർമ്മിക്കുക. സങ്കീർണ്ണമായ പുറ്റുകൾ ഉണ്ടാക്കുന്ന ചിതൽ വിഭാഗമാണ് Macrotermes. ഒൻപത് മീറ്റർ ഉയരമുള്ള ചിതൽപ്പുറ്റുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് ഇത്രയും സങ്കീർണ്ണമായ പുറ്റുകൾ ഉണ്ടാക്കാൻ പറ്റുന്നത് എങ്ങിനെ എന്ന് ധാരാളം പഠന വിധേയമാക്കിയ കാര്യമാണ്. ചിലതരം ‘ഫിറോമോണുകൾ’ ആണ് ഇവയെ ഇതുപോലെ നിർമ്മിക്കാൻ ഉത്തേജനം നൽകുന്നത് എന്ന് ചില ശാസ്ത്രകാരന്മാർ അഭിപ്രായപ്പെട്ടപ്പോൾ ചിലർ ഇത് ജനിതക പരമായി കൈമാറിയ ഗുണങ്ങൾ ആണ് എന്ന് വാദിക്കുന്നവരും ഉണ്ട്. കൃത്യമായ ഒരു ഉത്തരം കിട്ടാൻ ഇനിയും കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും.

അപ്പോൾ പാമ്പുകൾക്ക് ഇവയുമായുള്ള ബന്ധം?

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയമാണിത്. ചിതൽപ്പുറ്റുകൾക്ക് മുൻപിൽ നൂറും പാലും വച്ച് ആരാധന നടത്തുന്നത് ഒക്കെ ചിലപ്പോൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. [ചിതൽപ്പുറ്റുകളിൽ ഉള്ള ആരാധനയെപ്പറ്റി John C. Irwin തന്റെ പുസ്തകമായ The Sacred Anthill and the Cult of the Primordial Mound (History of Religions, Vol. 21, No. 4 (May, 1982), pp. 339-360) എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ഇത് pdf ആയി ഓൺലൈൻ കിട്ടും].

എന്നാൽ, പാമ്പുകൾക്ക് ചിതൽപ്പുറ്റുകൾ ഉണ്ടാക്കുന്നതുമായി ഒരു ബന്ധവും ഇല്ല. ഇത് പാമ്പുകൾക്ക് സഹവസിക്കുവാനായി ഉണ്ടാക്കുന്നതും അല്ല.

പക്ഷെ, ഉപേക്ഷിക്കപ്പെട്ട ചിതൽപ്പുറ്റുകളിൽ ചിലതിൽ പാമ്പുകൾ മുട്ടയിടുവാനായി ഉപയോഗിക്കും; ചിലപ്പോൾ താമസിക്കാനും. അത് ചിതൽപ്പുറ്റുകൾ ഉണ്ടായി വർഷങ്ങൾ കഴിഞ്ഞാവും. പുതിയതായി ഉണ്ടായ ചിതൽപ്പുറ്റുകളിൽ പാമ്പുകൾ വരാനുള്ള സാധ്യത ഇല്ല.

പാമ്പുകൾ മാത്രമല്ല, തേളുകൾ, പാറ്റകൾ ഉൾപ്പെടെയുള്ള പല ജീവികളും ഇതുപോലെ ചിതലുകൾ ഉപേക്ഷിക്കപ്പെട്ട പുറ്റുകളിൽ താമസിക്കാറുണ്ട്.

ഈ വിഷയത്തെ കുറിച്ച് വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു

വലിയ ഒരു ചിതൽ പുറ്റ് ബത്തേരി സർവജന സ്കൂളിന്റെ കോമ്പൗണ്ടിൽ ഉള്ളത് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ. പാമ്പുകളുടെ താവളമാണ് ചിതൽ പുറ്റുകൾ എന്നും പാമ്പുകൾ വീടായി ഇത് ഉപയോഗിക്കും എന്നും പലരും വിശ്വസിക്കുന്നുണ്ട്. നാഗ സ്ഥാനങ്ങളായി പല കാവുകളിലും ഇടം പിടിക്കുന്നത് ചിതൽ പുറ്റുകളാണ്. പാലും നൂറും അവിടെ നേർച്ച സമർപ്പിക്കുന്നവരും ഉണ്ട്. ബത്തേരിയൊക്കെ നല്ല കൊടും കാടായിരുന്നു പത്തൻപത് വർഷം മുമ്പ് വരെ – മുത്തങ്ങ കാട്ടിൽ ഒരാൾ ഉയരത്തിലുള്ള നിരവധി പുറ്റുകൾ കാണാം.
സത്യത്തിൽ പാമ്പ് നമ്മളെ പോലെ സ്ഥിരമായി ഒരു വീട്ടിൽ താമസിച്ച് ഇര തേടി തിരിച്ച് ഭാര്യയേയും കുട്ടികളേയും കാണാൻ വീട്ടിലേക്ക് വരുന്ന കുടുംബനാഥനൊന്നുമല്ല. വീണേടം വിഷ്ണു ലോകം. ഇര കിട്ടുന്ന – ശരീര ശീതനിലയെ സഹായിക്കുന്ന ഇടങ്ങളിൽ സഞ്ചരിക്കും ഇര തേടും – പാമ്പിന് നമ്മേക്കാൾ ഏറെ ശത്രുക്കൾ ഉണ്ട്. അവരിൽ നിന്ന് രക്ഷപ്പെടാൻ മാളങ്ങളിൽ ഒളിക്കും – അത്ര തന്നെ. – സ്വന്തമായി മാളമുണ്ടാക്കാനൊന്നും പറ്റില്ല. സ്വാഭാവിക വിടവുകൾ – പെരുച്ചാഴി മുതൽ മുളളമ്പന്നി വരെ പല തരം ജീവികൾ തുരന്ന മാളങ്ങൾ – ഇവയൊക്കെ അതാത് സമയത്ത് രക്ഷപെടാൻ ഒളിവിടമായി ഉപയോഗിക്കും. ചിതൽ ചുറ്റുകളും അതു പോലെ ഒരു ഒളിവിടം മാത്രമാണ്. പക്ഷെ ചിതലുകൾ ഉപേക്ഷിച്ച ചിതൽപുറ്റ് ഭാഗങ്ങളിലേ സാധാരണ കയറിക്കൂടുകയുള്ളു.
ചിതലുകളുടെ കോളനികൾ വളരെ വലിപ്പമുള്ളതും വർഷങ്ങളുടെ കുടികിടപ്പ് അവകാശം ഉള്ളവും ആകും. വളരെ വർഷം വരെ പഴക്കമുള്ള കോളനികൾ ഉണ്ട്. സ്കൂൾ പണിയും മുമ്പേ അവിടെ ഉള്ള കോളനി ഒക്കെ ആവാം നമ്മൾ കാണുന്നത്.. പെട്ടന്നൊന്നും അവ ഒഴിഞ്ഞ് പോവില്ല.
പാമ്പ് ചിതൽപുറ്റിൽ ഉണ്ടാവാനുള്ള സാദ്ധ്യത മറ്റേതൊരു ദ്വാരത്തിലും കാണുന്ന അത്ര മാത്രമേ ഉള്ളു. പക്ഷെ ശീതീകരണ സങ്കീർണ എഞ്ചിനിയറിങ്ങ് ഉള്ളവയാണ് ചിതൽ പുറ്റുകൾ – അതിനാൽ അതിലെ സുഖത്തിൽ ഇത്തിരി കൂടുതൽ നേരം മൂപ്പന്മാർ അവിടെ വിശ്രമിച്ചേക്കും എന്ന് മാത്രം.
ചിതലുകളേക്കുറിച്ചും അവളുടെ കൂടുകളേക്കുറിച്ചും മുമ്പ് എഴുതിയത് ഇതോടൊപ്പം ചേർക്കുന്നു.

മണ്ണിനടിയിലും മുകളിലും ആയി ഗൂഢമാളങ്ങളിൽ കോടിക്കണക്കിന് ചിതലുകൾ ഉണ്ടാകും ഓരോ കോളനിയിലും. ആ സാമ്രാജ്യങ്ങളുടെ അധിപയായ രാജ്ഞിച്ചിതലിന് പത്തിരുപത് വർഷത്തിലധികം നീണ്ട മുടിഞ്ഞ ആയുസ്സും കാണും. എന്തൊക്കെ ആയാലും വീണടിഞ്ഞ മരങ്ങളും സസ്യാവശിഷ്ടങ്ങളും തിന്ന് വിഘടിപ്പിച്ച്, ദ്രവിപ്പിച്ച് മണ്ണാക്കുന്ന ചിതലുകൾ പരിസ്ഥിതിയുടെ വലിയ സംരക്ഷകരും ആണ് താനും.
ചിതൽ കോളനി ഒരു മഹാ സാമ്രാജ്യം തന്നെയാണ്. രാജ്ഞിയും രാജാവും പടയാളികളും, വേലക്കാരും ഉള്ള വമ്പൻ സംവിധാനം. ഏറ്റവും വലിപ്പമുള്ള ശരീരമാണ് രാജ്ഞിക്ക്. നാലഞ്ച് ഇഞ്ചിലധികം വലിപ്പമുള്ള ഭീമാകാര ശരീരം.. വലിയ അണ്ഡാശയവുമുള്ള രാജ്ഞിയുടെ പ്രധാന പണി ഇണചേരലും മുട്ടയിടലും തന്നെ. ദിവസം നാൽപ്പതിനായിരം വരെ മുട്ടകളിടും. വീർത്ത വയറും താങ്ങി നടക്കാൻ പോലും ഈ രാജ്ഞിക്ക് കഴിയില്ല. താങ്ങിനീക്കേണ്ട പണിയും പൊടിയന്മാരായ വേലക്കാർക്കാണ്. കോളനിയിൽ ഏറെ അംഗസംഖ്യയുള്ളത് വേലക്കാർക്കാണ്. പ്രത്യുത്പാദനശേഷി ഇല്ലാത്തവരാണിവർ. രാവും പകലും ജോലിചെയ്യുന്ന പാവങ്ങൾ. രാജ്ഞിയെ നക്കിത്തുവർത്തി വൃത്തിയാക്കുക, സർവ്വർക്കും ഭക്ഷണം കൊണ്ടുവന്ന് നൽകുക, വിരിഞ്ഞിറങ്ങുന്ന നിംഫുകളെ പരിപാലിക്കുക, മാളങ്ങളുണ്ടാക്കുക തുടങ്ങി നൂറുക്കൂട്ടം ജോലികൾ കാഴ്ചശക്തിപോലും ഇല്ലാത്ത ഇവരാണ് ചെയ്യുന്നത്. മൊത്തം കോളനിയിലെ അംഗങ്ങളുടെ പരസ്പര ആശയവിനിമയ പരിപാടികൾ മുതൽ നിംഫുകൾ ഏതിനം ആകണം എന്ന കാര്യം വരെ ഈ രാജ്ഞി സ്രവിപ്പിക്കുന്ന ഫിറമോണുകളെ ആശ്രയിച്ചാണ് നടക്കുന്നത്. രാജ്ഞിയെ നക്കിത്തുടക്കുമ്പോൾ ഈ ഫിറമോണുകൾ വേലക്കാരിലേക്ക് എത്തുന്നു. വേലക്കാർ ഭക്ഷണം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ അവർക്കും കിട്ടുന്നു ഈ ഫിറമോൺ. പ്രധാന വിഭാഗമായ പടയാളികളെ തീറ്റേണ്ട ഉത്തരവാദിത്വം വേലക്കാർക്കാണ്. ഉറുമ്പുകളോടും മറ്റും പോരടിക്കാനായി വലിപ്പം കൂടിയ തലയും പ്രത്യേകരൂപത്തിലുള്ള വദനഭാഗങ്ങളും ഉള്ളതിനാൽ പടയാളിച്ചിതലുകൾക്ക് സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയുകയില്ല. അവർക്കും തീറ്റ വായിൽ നൽകേണ്ടത് പാവം വേലക്കാർ തന്നെ .അങ്ങിനെ പോരാളികളുടെ ഉള്ളിലും ഫിറമോൺ എത്തുന്നു. വർഷങ്ങൾ കുറേ കഴിയുന്നതോടെ രാജ്ഞിയുടെ ഫിറമോൺ ചുരത്തലിന്റെ അളവ് കുറയും. എല്ലാരിലും എത്താൻ മാത്രം ഫിറമോൺ ഇല്ലാത്ത വാരദ്ധക്യകാലം. രാജ്ഞിക്ക് പ്രായമാകുമ്പോഴേക്കും കുറേ നിംഫുകൾ രാജപദവിയിലേക്കെത്താൻ പറ്റും വിധം പ്രത്യുത്പാദനശേഷിയും ഫിറമോൺ ചുരത്താനുള്ള കഴിവും നേടിയിരിക്കും കൂട്ടത്തിൽ മുതിർന്ന ഒരു നിംഫ് രാജ്ഞിയായി മാറും, അവയ്ക്ക് പ്രത്യുത്പാദനശേഷിയും ലഭിക്കുന്നു. പ്രത്യുപാദനശേഷിയുള്ള രാജാവ് ജീവിതകാലം മുഴുവനും ഇണചേരൽ നടത്തുകയും ചെയ്യുന്നു. പ്രത്യുത്പാദനശേഷിയുള്ള ചിതലുകൾ ചിറകുകളുള്ള അവസ്ഥയിലാകും ഉണ്ടാകുക. അവയാണ് ഈയലുകൾ (Alate). എണ്ണം കൂടിയാൽ ഇവർക്കെല്ലാം ഒറ്റ സാമ്രാജ്യത്തിൽ നിൽക്കാനും കഴിയില്ല, മഴക്കാലത്തിന് തൊട്ട് മുൻപ് അനുകൂല കാലാവസ്ഥയും കാറ്റും ഉള്ളപ്പോൾ ഇവ ചിതൽക്കൂട്ടിലെ പ്രത്യേക ദ്വാരങ്ങൾ തുറന്ന് പുറത്തേക്ക് പാറും.. ഇവർക്ക് വികാസം പ്രാപിച്ച കണ്ണൂകൾ ഉണ്ടാവും സ്വാമിങ് എന്നാണ് ഈ കൂട്ടപ്പറക്കലിന് പേര്. ഇത്തിരി നേരത്തെ ചറപറപ്പറക്കലിന് മാത്രം പറ്റുന്നവിധം ലോലമാണവയുടെ ചിറകും ഘടനയും. ഈയലുകൾ ഇണചേർന്ന് പുതിയ കോളനിക്ക് പറ്റിയ സ്ഥലം കണ്ടെത്തി ചിറക് പൊഴിച്ച് കളഞ്ഞ് മണ്ണിൽ കൂടൊരുക്കുന്നു. ഇതിനിടയിൽ ഈയലുകളിൽ പലരും ഇരപിടിയൻമാരായ പക്ഷികളുടെയും മറ്റും വയറ്റിലും എത്തും. കുറച്ചെണ്ണം വിളക്ക് നാളത്തിൽ വീണ് കരിഞ്ഞ് പോകും. ബാക്കിയായവ രാജ്ഞിയും രാജാവും പടയാളികളും വേലക്കാരും ഉള്ള പുതിയൊരു സാമ്രാജ്യമുണ്ടാക്കുന്നു. രാജ്ഞിച്ചിതൽ രാവും പകലും മുട്ടയിട്ട് കൂട്ടുന്നു ,കഥ തുടരുന്നു.

മഴയ്ക്ക് മുമ്പുള്ള ചില നേരങ്ങളിൽ മണ്ണിനടിയിൽ നിന്ന് തുരുതുരാ പുറത്തേക്കിറങ്ങി ലവലില്ലാതെ കൂട്ടമായി ചറപറ പറന്ന് പൊങ്ങുന്ന ഈയാമ്പറ്റകളെ കണ്ട് അമ്പരന്ന ബാല്യകാല ഓർമ്മകൾ എല്ലാർക്കും ഉണ്ടാകും. രാത്രിയാണെങ്കിൽ കുറേയെണ്ണം വിളക്കിനുചുറ്റും പറന്ന് ചിറകു കരിഞ്ഞ് വീഴുന്നത് കാണാം. പ്രതീക്ഷകളോടെ വെളിച്ചത്തിനു നേരെ പാറിവന്ന് തീജ്വാലയിൽ വീണ് കരിഞ്ഞ്പോകുന്ന, നീർക്കുമിളപോലെ പോലെ നിസാരമായ, നല്ലതും ചീത്തയും തിരിച്ചറിയാനാകാത്ത ബുദ്ധിശൂന്യമായ പൊട്ടജന്മമായാണ് കവികളും എഴുത്തുകാരും ഈയാംപാറ്റയെ അവതരിപ്പിക്കറുള്ളത്. വൈദ്യുതി വിളക്കുകൾ പ്രചാരത്തിൽ വന്നതിനുശേഷം ‘മണ്ടന്മാർ’ എന്ന വിശേഷണവുമായുള്ള ഈയാമ്പാറ്റക്കവിതകൾ അത്പം കുറഞ്ഞിട്ടുണ്ടെന്ന് മാത്രം. മുറത്തിൽ കൊള്ളുന്നത്ര ചിറകുകൾ മുറ്റത്തും ഇറയത്തും ബാക്കിവെച്ച് ഈ ഷഡ്പദങ്ങൾ എവിടെപ്പോയി എന്ന് ചെറുപ്പത്തിൽ അത്ഭുതപ്പെടാറുണ്ട്. ഏതോ സാധുപ്രാണികൾ ആണ് ഇവ എന്നായിരുന്നു കരുതിയിരുന്നത്. ഈയാംപാറ്റകൾ ചിതലുകൾ തന്നെ ആണ്എന്ന കാര്യം പിന്നീടാണറിഞ്ഞത്. ഇവയുടെ ചിറകുകൾ പൊഴിച്ച് കളയാൻ ഉദ്ദേശിച്ച് മുളച്ചവയാണ്, അബദ്ധത്തിൽ അറ്റുപോകുന്നതല്ല.
ഉറുമ്പുകളേയും തേനീച്ചകളേയും കടന്നലുകളേയും പോലെ സമ്പൂർണ്ണ സമൂഹജീവികളാണ് ചിതലുകൾ. ഐസൊപ്റ്റെറ (Isoptera) വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഷട്പദങ്ങളാണ് ഇവ. കാഴ്ചയിൽ സാമ്യം തോന്നുമെങ്കിലും ഇവർക്ക് ഉറുമ്പുമായി വലിയ ബന്ധമൊന്നും ഇല്ല . ഉറുമ്പുകൾ ഇവരുടെ ജന്മശത്രുക്കളാണ് താനും. കൂറകളോടും തൊഴുകൈയൻ പ്രാണികളോടും ഒക്കെ ആണ് വർഗ്ഗപരമായ സാമ്യം കൂടുതൽ.. മൂവായിരത്തി ഒരുന്നൂറിലധികം സ്പീഷിസുകൾ ഇതുവരെയായി ലോകത്തിന്റെ പല ഭാഗത്തുനിന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. മരഉരുപ്പടികളും ഉപകരണങ്ങളും ശാപ്പിട്ട് തീർക്കുന്ന ചിതൽക്കൂട്ടം വലിയ ശല്യക്കാരായാണ് എല്ലാവരും കരുതുന്നത്. ചിതലിനെ ഓടിക്കാൻ പഠിച്ച പണി പതിനെട്ടും മനുഷ്യർ പയറ്റി നോക്കുന്നുണ്ട്. പക്ഷെ അതത്ര എളുപ്പമല്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.