എ. കെ. ആൻറ്റണിക്കെതിരേയുള്ള വിമർശനങ്ങളും കോൺഗ്രസ് പാർട്ടിയുടെ ഭാവിയും

വെള്ളാശേരി ജോസഫ്

ഇപ്പോൾ എ. കെ. ആൻറ്റണിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലന്ന് കെ.പി.സി.സി. പ്രസിഡൻറ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുമ്പോൾ ഓണ്‍ലൈന്‍ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഇവരുടെ ആരുടേയും നിയന്ത്രണത്തിലല്ലാ എന്നുള്ള ലളിതമായ സത്യം ഇവരൊന്നും മനസിലാക്കുന്നില്ല. എ. കെ. ആൻറ്റണിക്കെതിരേ ഉണ്ടായ സോഷ്യൽ മീഡിയ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് നേതാക്കൾ അരയും തലയും മുറുക്കി വരുമ്പോൾ കാലം മാറിയത് ഇവരൊന്നും മനസിലാക്കുന്നതും ഇല്ലാ.

എ. കെ. ആൻറ്റണി സ്വന്തം നാടിന് വേണ്ടി ചെയ്ത സേവനങ്ങൾ എന്തൊക്കെയാണെന്ന് നേതാവിനെ പ്രതിരോധിക്കുന്ന കോൺഗ്രസുകാർക്ക് പറയാനുണ്ടോ? പാർട്ടി സപ്പോർട്ടില്ലെങ്കിൽ എ. കെ. ആൻറ്റണിയെ പോലുള്ള ഈ നേതാക്കന്മാർ ഒക്കെ ഡൽഹിയിൽ ആരാണ്??? ഇത്ര നാളും ജനകീയ പ്രശ്നങ്ങളിലോ, സംഘടന വളർത്തുന്നതിലോ ശ്രദ്ധിക്കാതെ സ്വന്തം ഇമേജ് സംരക്ഷിക്കുന്നതിൽ മാത്രമായിരുന്നു രാജ്യ തലസ്ഥാനത്ത് വേരുറപ്പിച്ചു പോയ ചില നേതാക്കളുടെ ശ്രദ്ധ. സത്യത്തിൽ കോൺഗ്രെസ്സുകാരുടെ അല്ലെങ്കിൽ കോൺഗ്രസിലെ തലമുതിർന്ന നേതാക്കളുടെ ഉപദേശം മൂലമാണ് രാഹുൽ ഗാന്ധി ഇന്ന് പെരുവഴിയിലായത്. അപ്പോൾ കോൺഗ്രെസിനെ രക്ഷപെടുത്താൻ എന്താണ് ഒരു വഴി? ആ തലമുതിർന്ന നേതാക്കളെ കുപ്പത്തൊട്ടിയിൽ എറിയണം. നമ്മുടെ എ.കെ. ആൻറ്റണിയും, പി.ജെ. കുര്യനും, കെ.വി. തോമസും, വയലാർ രവിയുമൊക്കെ അങ്ങനെ കുപ്പത്തൊട്ടിയിൽ എറിയപ്പെടേണ്ട നേതാക്കൻമാരാണ്. അവരാരെങ്കിലും കോൺഗ്രസ് ചരിത്രം അണികളേയോ ജനങ്ങളേയോ പഠിപ്പിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇവരാരെങ്കിലും യുവനേതാക്കളെ വളർത്തിയെടുത്തിട്ടുണ്ടോ? രമേശ് ചെന്നിത്തലയും, കാർത്തികേയനും, ഷാനവാസുമൊക്കെ കെ. കരുണാകരൻ വളർത്തിയെടുത്ത യുവനേതാക്കൾ ആയിരുന്നു. എ.കെ. ആൻറ്റണിക്കും, പി.ജെ. കുര്യനും, കെ.വി. തോമസിനും , വയലാർ രവിക്കും അങ്ങനെ ഒന്ന് അവകാശപ്പെടാനാകുമോ? അവരൊക്കെ വളരെ കാലം അധികാരം കയ്യാളിയിരുന്നവരല്ലേ? ഉത്തരവാദിത്ത്വപ്പെട്ട സ്ഥാനങ്ങളിൽ അനേകം വർഷങ്ങൾ ചെലവഴിച്ചിട്ടും ഇവരൊക്കെ പാർട്ടിക്കും സംഘടനക്കും വേണ്ടി എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളത്?

60 വയസ്സായാൽ കേന്ദ്ര സർവീസിൽ നിന്ന് റിട്ടയർ ചെയ്യണം. 70 വയസ്സായാലെങ്കിലും ഇവർക്കൊക്കെ പാർട്ടി ഭാരവാഹിത്ത്വത്തിൽ നിന്ന് റിട്ടയർ ചെയ്തു കൂടേ? കുറഞ്ഞ പക്ഷം യുവനേതാക്കളെ വളർത്തിക്കൊണ്ടു വരിക എന്ന സംഘടനാപരമായ ചുമതല നിർവഹിച്ചു കൂടേ? പരസഹായം കൂടാതെ സഞ്ചരിക്കാൻ ശേഷിയില്ലാത്ത നേതാക്കൾ വരെ ഇന്ന് കോൺഗ്രസ് പാർട്ടിയിലുണ്ട്. ഈ നേതാക്കൾ തന്നെയാണ് കോൺഗ്രസ് പാർട്ടിയുടെ ശാപം. ഇവരൊക്കെ സ്വന്തം മക്കൾക്കും ബന്ധുക്കൾക്കും അല്ലാതെ ആർക്കെങ്കിലും വേണ്ടി സംസാരിച്ചു കണ്ടിട്ടില്ല. വേണമെങ്കിൽ സൗകര്യം കിട്ടിയാൽ ഇവരൊക്കെ ടോം വടക്കൻ ചെയ്തത് പോലെ ബി.ജെ. പി. -യിലേക്ക് ഒരു സുപ്രഭാതത്തിൽ ചാടും. അങ്ങനെയുള്ളവരെ കൂടെ നിറുത്തി എങ്ങനെയാണ് രാഹുൽ ഗാന്ധിക്ക് ഒരു സംഘടന കെട്ടിപ്പെടുക്കാൻ ആവുന്നത്???

കോൺഗ്രസിന് ഒരു വലിയ ചരിത്രവും പാരമ്പര്യവും ഇന്ത്യയിൽ ഉണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം സാധാരണക്കാരുടെ മനസ്സിൽ മുൻകാല കോൺഗ്രസ് നേതാക്കൾക്ക് സ്ഥാനവുമുണ്ട്. പക്ഷെ ആ ഓർമകളൊക്കെ പൊടിതട്ടിയെടുത്ത് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. കോൺഗ്രസ് നേതാക്കൾക്ക് പോലും കോൺഗ്രസിൻറ്റെ ആ ചരിത്രത്തേയും പാരമ്പര്യത്തേയും കുറിച്ച് അറിവില്ലാത്തപ്പോൾ സാധാരണക്കാരുടെ മനസ്സിൽ ആ ഓർമകളൊക്കെ എങ്ങനെ പുനരുജ്ജീവിപ്പിക്കും??? മഹാത്മാ ഗാന്ധിയെ കുറിച്ച് ചോദിച്ചാൽ ഇന്നത്തെ കോൺഗ്രസുകാർക്ക് അറിയില്ല. ഗാന്ധിയുടെ ഉപ്പു സത്യാഗ്രഹം പോലുള്ള സമരങ്ങൾ വളരെ ലളിതമായിരിക്കുമ്പോൾ തന്നെ അത് ബ്രട്ടീഷ് സാമ്രാജ്യത്തിൻറ്റെ അടിത്തറ ഇളക്കാൻ പര്യാപ്തമായിരുന്നു എന്ന ചരിത്ര വസ്തുത ആർക്കും നിഷേധിക്കുവാൻ സാധിക്കില്ല. പക്ഷെ ഇന്നിപ്പോൾ ആ ചരിത്രമൊക്കെ വിസ്മരിക്കപ്പെട്ടിരിക്കയാണ്.

ഐ. ഐ. ടി., ഐ.ഐ. എം., ഐ. എസ്. ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ, ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം – ഇവയൊക്കെ യാധാർത്യമാക്കിയ നെഹ്രൂവിയൻ കാലഘട്ടത്തെ കുറിച്ചും ഇന്നത്തെ കോൺഗ്രസുകാർക്ക് അറിയില്ല. പ്രധാനമന്ത്രിയായിരുന്നപ്പോൾ ബാങ്കിൽ നിന്ന് ലോണെടുത്ത് ‘പ്രീമിയർ പദ്മിനി’ കാർ വാങ്ങിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ലാളിത്യത്തെ കുറിച്ചും ഇന്നത്തെ കോൺഗ്രസുകാർക്ക് അറിയില്ല. രണ്ടു ജോടി ചെരിപ്പും, ഏതാണ്ട് 500 രൂപയും മാത്രം മരണ സമയത്ത് ബാങ്കിൽ ബാക്കിയുണ്ടായിരുന്ന കെ. കാമരാജിനെ കുറിച്ചും കോൺഗ്രസുകാർക്ക് അറിയില്ലാ. നെഹ്‌റുവിൻറ്റെ കാലത്തുണ്ടായ ധവള വിപ്ലവത്തെ കുറിച്ചും, ഇന്ദിരാ ഗാന്ധിയുടെ കാലത്തുണ്ടായ ഹരിത വിപ്ലവത്തെ കുറിച്ചും ആധികാരികമായി സംസാരിക്കാനറിയാവുന്ന എത്ര കോൺഗ്രസുകാർ നമ്മുടെ ഇടയിൽ ഉണ്ട്????

ഇന്ദിര ഗാന്ധിയുടെ കാലശേഷം രാജീവ്‌ ഗാന്ധി വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ ‘കംബ്യുട്ടറൈസേഷൻ’ അത്ര പെട്ടെന്നെന്നും വരില്ലായിരുന്നു. ഇന്ത്യയിലെ കംബ്യുട്ടറൈസേഷൻറ്റെ പിതാവ് രാജീവ് ഗാന്ധിയാണ്. മോഡിയടക്കം കംപ്യുട്ടറിലൂടെ രാജീവ്‌ ഗാന്ധിയെ വിമർശിക്കുന്ന പലരും അത് ഓർമിക്കുന്നില്ല. കമ്പ്യൂട്ടർ വിപ്ലവം, മാരുതി സുസുകി കാർ നിർമാണം, സ്ത്രീകൾക്ക് 33 ശതമാനം പ്രാതിനിധ്യം നൽകുന്ന പഞ്ചായത്തി രാജ് നിയമം, നഗര പാലികാ ആക്റ്റ്‌, കൂറുമാറ്റ നിയമം, ടെലിഫോൺ നൂതന പ്രക്രിയ അങ്ങിനെ എത്രയോ മാറ്റങ്ങൾ രാജീവ് ഗാന്ധി ചുരുങ്ങിയ കാലത്തിനുള്ളിൽ നടപ്പിലാക്കി. സാം പിട്രോഡയിലൂടെ നടപ്പാക്കിയ ടെലികോം റെവലൂഷൻ ഒന്നു മാത്രം മതി രാജീവ് ഗാന്ധിയുടെ നാമം എന്നും ഓർമ്മിക്കാൻ.

ഭക്ഷ്യ സുരക്ഷാ, റയിറ്റ് റ്റു ഇൻഫർമേഷൻ, തൊഴിലുറപ്പ് പദ്ധതി, ആധാർ – ഇങ്ങനെയുള്ള മുൻകാല കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികളൊന്നും ഇപ്പോൾ ആരും ഓർമിക്കുന്നില്ലാ. ബി.ജെ.പി. – യുടെ വമ്പൻ പ്രചാരണങ്ങളിൽ തൊഴിലുറപ്പ് പദ്ധതി ഒക്കെ മുങ്ങി പോകുകയാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള വൻ തോതിലുള്ള പ്രചാരണത്തിലും, ബി.ജെ.പി. മറ്റു വിഷയങ്ങൾ ഉന്നയിച്ചും കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികളൊക്ക ജന മനസുകളിൽ നിന്നകറ്റി. ബി.ജെ.പി. – യുടേയും, ആർ.എസ്.എസ്സിൻറ്റേയും കോൺഗ്രസ്‌ വിരുദ്ധ പ്രചാരണത്തിൽ വിദ്യാഭ്യാസമുള്ളവർക്കും വിവരമുള്ളവർക്കും പോലും ആധുനിക ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് വമ്പൻ തെറ്റിധാരണകളാണ് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെയും, വാട്ട്സ്ആപ്പ് പോലെയുള്ള മെസേജ് സംവിധാനത്തിലൂടെയും നിരന്തരമായ കള്ള പ്രചാരണങ്ങൾ നടത്തുക വഴി വിദ്യാഭ്യാസമുള്ളവരെ പോലും തെറ്റിദ്ധരിപ്പിക്കാൻ ബി.ജെ.പി. -ക്കും ആർ.എസ്.എസ്സിനും സമീപ കാലത്ത് സാധിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കോടീശ്വരി ആണെന്ന് ചിലരുടെയൊക്കെ മെസേജ് ഡിജിറ്റൽ മീഡിയയിൽ സമൃദ്ധമായി കാണാം!!! റോബർട്ട് വദ്രയുടെ കയ്യിൽ ആയിരകണക്കിന് കോടികൾ ഉണ്ടെന്നുള്ള വ്യാജ പ്രചാരണവും ഇപ്പോൾ സമൃദ്ധമായി നടക്കുന്നൂ. താമസിയാതെ ബി.ജെ.പി. -യും, ആർ. എസ്.എസ്സും റോബർട്ട് വദ്രയുടെ കയ്യിൽ പതിനായിരക്കണക്കിനോ, ലക്ഷക്കണക്കിനോ കോടികൾ ഉണ്ടെന്ന് പ്രചരിപ്പിക്കാൻ നല്ല സാധ്യതയുണ്ട്. കാര്യങ്ങൾ പോകുന്നത് കണ്ടിട്ട് അതാണ് അവരുടെ ലക്ഷ്യവും എന്ന് തോന്നുന്നു. സാധാരണക്കാരുടെ മനസിനെ സ്വാധീനിക്കുന്ന ഇത്തരം വ്യാജ പ്രചാരണ വേലകളെ ചെറുക്കുവാൻ കോൺഗ്രസ് പാർട്ടിക്കാവുന്നില്ല എന്നതാണ് യാഥാർഥ്യം.

ഇത്തരം വ്യാജ പ്രചാരണങ്ങൾ പോലുള്ള ഒരുതരം ‘ഇവൻറ്റ് മാനേജ്‌മെൻറ്റാണ്’ ബി.ജെ.പി. – യുടെ രാഷ്ട്രീയം എന്നാണ് ഇതെഴുതുന്ന ആൾക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് – അത് ശബരിമല വിഷയത്തിലായാലും, രാമ ക്ഷേത്രത്തിൻറ്റെ കാര്യത്തിലായാലും, നോട്ടു നിരോധനത്തിൻറ്റെ കാര്യത്തിലായാലും. അവരുടെ വിപുലമായ സംഘടനാ സംവിധാനം ഉപയോഗിച്ച് ജന മനസുകളെ സ്വാധീനിക്കാൻ അവർക്ക് നന്നായി അറിയാം. അവർക്കതിന് പണവും, മാൻപവറും, റിസോഴ്‌സസും ഉണ്ട്. കോൺഗ്രസിൻറ്റെ ആദ്യ നാളുകളിൽ ബ്രട്ടീഷുകാർക്കെതിരെ സാധാരണക്കാരെ ഗാന്ധിയൊക്കെ അണിനിരത്തിയത് പോലെ ബി.ജെ.പി. – ക്കെതിരെ ജനങ്ങളെ അണിനിരത്തുവാൻ ഇന്നത്തെ കോൺഗ്രസിനും, ഇടതു പക്ഷത്തിനും ആവുന്നില്ല.

ആദ്യ കാലത്ത് കോൺഗ്രസ് വെറും വരേണ്യ വർഗത്തിൻറ്റെ ‘ഡിബേറ്റിങ് ഫോറം’ ആയിരുന്നു. ഒരുപക്ഷെ ‘അപ്പർ മിഡിൽ ക്ലാസിൻറ്റെ’ കൂടി ‘ഡിബേറ്റിങ് ഫോറം’ ആയിരുന്നു എന്നും പറയാം. മഹാത്മാ ഗാന്ധിയാണ് ആ കോൺഗ്രസിനെ ജനകീയമാക്കിയത്. നിരന്തരമായി നടത്തിയ ട്രെയിനുകളിലെ മൂന്നാം ക്ലാസ് യാത്രയിലൂടെ ബ്രട്ടീഷ് ഇന്ത്യയിലെ ജനങ്ങളുടെ മനസ് ഗാന്ധിജി തൊട്ടറിഞ്ഞു. ഗ്രാമവാസികളുടേയും ചേരിനിവാസികളുടേയും പ്രശ്നങ്ങൾ ആദ്യമായി ഇന്ത്യയിലെ പൊതുവേദികളിൽ ഉയർത്തിയതും ഗാന്ധി ആയിരുന്നു. ചേരികളിലും വിദൂര ഇന്ത്യൻ ഗ്രാമങ്ങളിലും താമസിച്ചാണ് അദ്ദേഹം ഇന്ത്യയെ മനസിലാക്കിയത്. “ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്” എന്നാണു മഹാത്മാ ഗാന്ധി പറഞ്ഞത്. ഇന്നിപ്പോൾ നഗര പ്രാന്തങ്ങളിലും ‘ഇന്ത്യയുടെ ആത്മാവുണ്ട്’ എന്നു പറയാം. പക്ഷെ ഇന്നത്തെ കോൺഗ്രസുകാരിൽ മിക്കവരും ഗ്രാമങ്ങളിൽ ജീവിക്കുകയോ, ഇന്ത്യയിലെ ജന സാമാന്യത്തിൻറ്റെ ഇടയിൽ ജീവിക്കുകയോ ചെയ്യുന്നവരല്ല. അത് കൊണ്ട് അവർക്ക് രാഷ്ട്ര പിതാവിനെയും അദ്ദേഹത്തിൻറ്റെ മഹത്തായ ആശയങ്ങളേയും മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ഗാന്ധിക്ക് ശേഷവും ശക്തമായ ഒരു ഗാന്ധിയൻ പാരമ്പര്യം ഇന്ത്യയിൽ നിലനിന്നിരുന്നു. മഹാരാഷ്ട്രയിലെ വാർധാ ജില്ലയിൽ ഹിംഗൻ ഘട്ടിലെ അതി സമ്പന്നമായ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചിട്ടും കുഷ്ഠ രോഗികൾക്കായി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച ബാബാ ആംതെ എന്ന മുരളീധർ ദേവീദാസ് ആംതെ, ഭൂദാൻ പ്രസ്ഥാനം രാജ്യമെങ്ങും വ്യാപിപ്പിച്ച ആചാര്യ വിനോബാ ഭാവെ, അടിയന്തിരാവസ്ഥയ്ക്കെക്കെതിരെ പ്രക്ഷോഭം നയിച്ച ജയപ്രകാശ് നാരായൺ – ഇവരൊക്കെ ഗാന്ധിക്ക് ശേഷം ഉണ്ടായ അറിയപ്പെടുന്ന ഗാന്ധിയന്മാരാണ്. 2017 – ലാണെന്നു തോന്നുന്നു മഹാത്മാ ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകൻ നാരായൺ ദേശായ് ഇഹലോകവാസം വെടിഞ്ഞത്. മരണത്തിനു തൊട്ടുമുമ്പ് വരെ ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കാൻ നാരായൺ ദേശായ് ശ്രമിച്ചിരുന്നു. കേരളത്തിലും വളരെ അറിയപ്പെടുന്ന ഗാന്ധിയന്മാർ ഉണ്ടായിരുന്നു. മദ്യ നിരോധനത്തിന് വേണ്ടി നിലകൊണ്ട എം.പി. മന്മഥൻ, കേശവമേനോൻ, കെ. കേളപ്പൻ, മാധവൻ നായർ, പ്രൊഫെസ്സർ സുകുമാർ അഴീക്കോട്, രാമനാട്ടുകാരക്കപ്പുറമുള്ള പെരിങ്ങാവിൽ ‘ദാനഗ്രാമം’ സ്ഥാപിച്ച കെ. രാധാകൃഷ്ണ മേനോൻ – അങ്ങനെ നിരവധി ഗാന്ധിയന്മാർ. പക്ഷെ അറിയപ്പെടാതെ ഇന്ത്യയുടെ ഗ്രാമങ്ങളിലും, ചെറു പട്ടണങ്ങളിലും സേവനമനുഷ്ഠിച്ച ഗാന്ധിയന്മാരാണ് കൂടുതലും. മഹത്ത്വം അല്ലെങ്കിലും പരസ്യപ്പെടുത്തേണ്ട ഒന്നല്ലല്ലോ.

ഇത്തരം ഗാന്ധിയൻ മൂല്യങ്ങൾ ഇന്നത്തെ കോൺഗ്രസുകാർക്ക് കേട്ടുകേൾവി പോലും ഉണ്ടെന്ന് തോന്നുന്നില്ല. നെഹ്‌റുവിൻറ്റെ രാഷ്ട്ര നിർമാണ പ്രക്രിയയുടെ ചരിത്രവും ഇന്നത്തെ കോൺഗ്രസുകാർക്ക് അറിയില്ല. പിന്നെങ്ങനെ കോൺഗ്രസ് രക്ഷപെടും

(ഇതെഴുതുന്ന വ്യക്തി നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം)

=============

വെള്ളാശേരി ജോസഫ്

തൂലികാ നാമം ‘വെള്ളാശേരി ജോസഫ്’ എന്നാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. ഇതെഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.