നമ്പൂതിരി മാട്രിമോണി, നായർ മാട്രിമോണി, ഈഴവ മാട്രിമോണി

957

Vishnu Vijayan എഴുതുന്നു

ഒരു സ്ത്രീ പറയുന്നു തൻ്റെ മതപരവും, വിശ്വാസ സംബന്ധവുമായ കാരണങ്ങളാൽ താൻ അഭിനയം നിർത്തുന്നുവെന്ന്.

മറ്റൊരു സ്ത്രീ ഇങ്ങനെ പറയുന്നു സ്ത്രീകൾ അശുദ്ധയാണെന്നും അതിനാൽ രാജ്യത്തെ നിയമവ്യവസ്ഥ തനിക്ക് അവകാശം ഉറപ്പു വരുത്തിയാലും സ്ത്രീകൾക്ക് വിലക്കുള്ള ഇടത്ത് താൻ പോകില്ലെന്നും, Ready to wait എന്നും ഉറക്കെ പ്രഖ്യാപിക്കുന്നു.

Vishnu Vijayan

ഇവിടെ രണ്ടിടത്തും വ്യക്തിപരമായ തിരഞ്ഞെടുപ്പ് (personal Choice) എന്ന സംഗതി മാറ്റി നിർത്തിയാൽ ആ തീരുമാനം എത്രത്തോളം അവരുടെ പേഴ്‌സണൽ ചോയ്സ് ൻ്റെ മാത്രം അടിസ്ഥാനത്തിൽ ഉള്ളതാണ് എന്നൊരു ചോദ്യമുണ്ട്.

Hegemony എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാള അർത്ഥം ആധിപത്യം, നായകത്വം, പ്രാബല്യം എന്നൊക്കെയാണ്.

ഒരു സമൂഹത്തെ, വ്യവസ്ഥിതിയെ തങ്ങൾക്ക് അനുകൂലമായ രീതിയിൽ നിലനിർത്താൻ ഒരു വിഭാഗം കൃത്യമായി നടപ്പിലാക്കി പോരുന്ന ആധിപത്യ സ്വഭാവം.

മറുവശത്ത് Oppressed group എന്നത് സ്ത്രീയാകാം, ജാതിയിൽ താഴ്ന്നവർ ആകാം, മത ന്യൂനപക്ഷങ്ങൾ ആകാം, തൊഴിലാളികളാകാം, അല്ലെങ്കിൽ സാമൂഹിക ന്യൂനപക്ഷങ്ങളാകാം ആ വ്യവസ്ഥിതിയിൽ സാമൂഹികമായി അടിച്ചമർത്തപ്പെടാൻ സാധ്യതയുള്ള ഏതൊരു വിഭാഗവുമാകാം.

ഒരു നൂറ്റാണ്ട് പിന്നിലേക്ക് സഞ്ചരിച്ച് കേരളത്തിൽ തീണ്ടലും തൊടീലും ഒക്കെ ശക്തമായി നിലനിന്നിരുന്ന കാലഘട്ടം ഒന്നു പരിശോധിച്ചാൽ, മനുഷ്യർക്ക് ഇടയിലുള്ള ചില ദൂരങ്ങൾ കാണാൻ കഴിയും.

ഈഴവൻ നായരിൽ നിന്ന് 16 അടി ദൂരം പാലിക്കണമായിരുന്നു.

നായരുടെ സ്ഥാനത്ത് നമ്പൂതിരി ആകുമ്പോൾ ദൂരം 32 അടി ആകും.

പുലയൻ്റെ തീണ്ടാപ്പാട് 54 അടിയാണ്.

ഈഴവൻ്റെ സമീപത്ത് നിന്ന് പുലയൻ 30 അടി അകന്നു നിൽക്കണം.

പറയനോ അത് 64 ആണ്.

രാമൻ നമ്പൂതിരി കൃഷ്ണയ്യരെ തൊട്ടാൽ രാമൻ നമ്പൂതിരി അശുദ്ധമാകും.

ഈഴവനെ പുലയനെയും, പുലയൻ പറയനെയും സ്പർശിച്ചാലും അത് തന്നെയാണ് അവസ്ഥ.

ഇനി ഒരു നൂറു വർഷം മുൻപോട്ടു പോയാൽ.

ഗുജറാത്തിലാണ്,

എഴുപതുകൾക്ക് ശേഷം ഗുജറാത്തിൽ നടന്ന ചെറുതും വലുതുമായ വർഗീയ ലഹളകൾ ഒന്നൊന്നായി എടുത്തു പരിശോധിച്ചാൽ മനസിലാക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട്.

ഗുജറാത്ത് വംശഹത്യയിൽ ഉൾപ്പെടെ ആദിവാസി – ദളിത് – ഒബിസീ വിഭാഗങ്ങൾ എത്ര കൃത്യമായാണ് മുസ്ലിം ജനതയ്ക്കു നേരെ അണിനിരന്നതെന്ന്.

രണ്ടു ദിവസം മുമ്പ് നടന്ന ഒരു സംഭവം.

തൂത്തുക്കുടിയിൽ കഴിഞ്ഞ ദിവസം
ജാതി മാറി വിവാഹം ചയ്ത യുവതിയും ഭർത്താവും ദുരഭിമാന കൊലപാതകത്തിന് ഇരയായി.

അഞ്ച് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും പട്ടികജാതിയിൽ ഉൾപ്പെട്ട ഇരു ജാതിയിൽപെട്ടവർ ആയിരുന്നു.

എന്താണ് ഇങ്ങനെ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നത് എന്നായിരിക്കും..!

ഗുജറാത്തിൽ ഒരേ സാമൂഹിക ചുറ്റുപാടിൽ കഴിയുന്ന മുസ്ലിം ജനതയും ആദിവാസി – ദളിത് വിഭാഗവും തമ്മിൽ എങ്ങനെയാണ് ഇത്ര വലിയ ശത്രുക്കളായി പരിണമിച്ചത്,

അല്ലെങ്കിൽ ഒരേ വ്യവസ്ഥിതിയുടെ ഇരകളായ ഈഴവനും പുലയനും, പുലയനും പറയനും, പുലയനും ഉള്ളാടനും തമ്മിൽ എങ്ങനെയാണ് അകന്നു കഴിഞ്ഞത്..!

പട്ടികജാതിയിൽ തന്നെ ഉൾപ്പെട്ട ഇരു ജാതിയിൽപെട്ടവർ തമ്മിൽ എന്തിനാണ് ഈ ദുരഭിമാന ബോധം വെച്ചു പുലർത്തുന്നത്. ദുരഭിമാന കൊലപാതകത്തിൽ എത്തി നിൽക്കുന്നത്.

ഇത് തിരിച്ചറിയാൻ കഴിയുമ്പോൾ മാത്രമേ
മേൽപ്പറഞ്ഞ Hegemony എന്ന പദത്തോട് ഇന്ത്യൻ ഫ്രയിംവർക്കിൽ ബ്രാഹ്മണിക്കൽ ഹെഗിമണി എന്ന സഹസ്രാബ്ധം പഴക്കമുള്ള വ്യവസ്ഥിതിയെ കൂട്ടി വായിക്കാൻ കഴിയൂ.

ഇന്ത്യൻ സമൂഹത്തിനകത്ത് കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി തുടർന്നു പോരുന്ന ബ്രാഹ്മണ്യ വ്യവസ്ഥിതി, അതിൻ്റെ അധികാര സ്വഭാവവും, ആധിപത്യവും കാലാകാലങ്ങളിൽ നിലനിർത്തി പോരുന്നത് എങ്ങനെ എന്നും തിരിച്ചറിയാൻ കഴിയൂ.

തൂത്തുക്കുടിയിൽ നിന്ന് അതിർത്തിക്കിപ്പുറം ടിവിയിൽ ഈ വാർത്ത കണ്ട്,

അയ്യെ അയ്യയ്യേ ദളിതർ തമ്മിൽ ജാതിയുടെ പേരിൽ വെട്ടിക്കൊല്ലാൻ നടക്കുന്നു ഇതായിരിക്കും ബ്രാഹ്മണിക്കൽ കിടുമണി എന്ന് അന്തം യുക്തിവാദ ലൈനിൽ ചിരിച്ചു തള്ളുമ്പോൾ,

ആ വാർത്തയുടെ ഇടവേളയിൽ വരുന്ന,

നമ്പൂതിരി മാട്രിമോണി
നായർ മാട്രിമോണി
ഈഴവ മാട്രിമോണി

എന്ന പരസ്യം ഈ ഉപജാതികൾ തമ്മിലുള്ള ദുരഭിമാന ബോധത്തെയും, അതുവഴി ഈ ബ്രാഹ്മണിക്കൽ കിടുമണിയേയും ഇവിടെ എങ്ങനെയാണ് ഊട്ടിയുറപ്പിക്കുന്നത് എന്ന് തിരിച്ചറിയാൻ പറ്റണമെങ്കിൽ,

ആർട്ടിക്കിൾ 15 ൽ നായകൻ പറയുന്നത് പോലെ What The F*** is going on here….!!

എന്നെങ്കിലും ഇതൊക്കെ കണ്ട് വിളിച്ചു പറയാൻ കഴിയണമെങ്കിൽ കുറഞ്ഞ പക്ഷം ഇതൊക്കെ നമ്മൾ അഡ്രസ് ചെയ്യേണ്ടി ഇരിക്കുന്നു….