ഒരു ഹിന്ദുവിന് മതം ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്നതിന്റെ നൂറിരട്ടിയിലധികം ബുദ്ധിമുട്ടാണ് ഒരു മുസ്ലിമിന്

959

കൂട്ടം തെറ്റിയ കുഞ്ഞാടുകൾ
————————–

പലപ്പോഴും ചർച്ചകളിൽ പറയാറുള്ള കാര്യമാണ് എങ്കിലും ഇപ്പോൾ വീണ്ടും പറയേണ്ടി വരുന്നു.
“ഒരു ഹിന്ദുവിന് മതം ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്നതിന്റെ നൂറിരട്ടിയിൽ അധികം ബുദ്ധിമുട്ടാണ് ഒരു മുസ്ലിമിന് മതം ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്നത്”

കുട്ടിയും കിഴിചും ഗുണിച്ചും ഹരിച്ചും ഒക്കെ നന്നായി ആലോചിച്ച ശേഷം ആണ് ഇസ്‌ലാം മത വിശ്വാസിയായ ഒരാൾ മത വിശ്വാസം ഉപേക്ഷിച്ചതായി പുറത്ത് പറയുന്നത്. അതായത് റിസ്ക് എടുത്ത് വേണം ഇത് ചെയ്യാൻ. നിങ്ങളുടെ നിത്യ ജീവിതത്തിന്റെ ഓരോ മുഖങ്ങളിലും നിങ്ങൾ ഉപേക്ഷിച്ച മതം നിങ്ങളെ തേടി വരും…

ഉപ്പയുടെ വഴക്കായി…
ഉമ്മയുടെ കണ്ണ് നീരായി…
പെങ്ങളുടെ ചോദ്യം ചെയ്യലായി…
സഹോദരന്മാരുടെ കുശു കുശുകുശുക്കൽ ആയി… അതങ്ങനെ തുടർന്ന് കൊണ്ടിരിക്കും…

നിങ്ങളുടെ സ്‌കൂൾ / കോളേജ് ഗ്രൂപ്പുകളിൽ നൈസായി ചില ചൊറികൾ കിട്ടും. ചില സൗഹൃദ സദസ്സിൽ നിന്നും “നിർദോഷ”മായ കമന്റുകൾ കിട്ടും.
“ങാ.. നിനക്ക് പിന്നെ ഉമ്മ, പെങ്ങൾ ഒന്നും ഇല്ലല്ലോ…”

ഇതൊന്നും എന്നെ അപമാനിക്കാൻ പറയുന്നതല്ല എന്ന് എനിക്ക് അറിയാം. കൂട്ടം തെറ്റിപോയ കുഞ്ഞാടിനെ എങ്ങിനെയെങ്കിലും തിരിച്ചു പിടിച്ചു കൂട്ടിൽ അടച്ചു അതിനുള്ള ‘ഹൂറി-മദ്യ പൊയ’ കോംബോ ഓഫർ നേടാൻ ഉള്ള നിതാന്ത ശ്രമം ആണ് ഇതൊക്കെ.

ഒരു മരണ വീട്ടിൽ പോയാൽ ബന്ധുക്കൾ/സുഹൃത്തുക്കൾ വളരെ ആത്മാർത്ഥമായി ചോദിക്കും. ”മരിച്ചു പോണ്ടെ അനക്ക് ?”

പെരുന്നാളിന് വീട്ടുകാരുടെ സന്തോഷത്തിനൊപ്പം ബിരിയാണി തിന്നു എന്നറിഞാൽ “അനക്ക് ബിരിയാണി തിന്നാൻ പെരുന്നാൾ തന്നെ വേണം ന്നു ണ്ടോ ..?”

നിങ്ങളുടെ നിത്യ ജീവിതത്തിന്റെ നിഖില മേഖലകളിലും എങ്ങനെയെങ്കിലും മതം തള്ളി ഉരുട്ടി കൊണ്ട് വരുന്ന ഒരു ബന്ധു അതല്ലെങ്കിൽ ഒരു സുഹൃത്ത് എങ്കിലും ഉണ്ടാകും.

കൂട്ടം തെറ്റി പോയ കുഞ്ഞാട് തിരികെ വരും എന്ന പ്രതീക്ഷകൾ ആണ് ഇവരെ നയിക്കുന്ന ഘടകം. ചിലപ്പോഴൊക്കെ ഇതെല്ലാം ഒരു തമാശയായി തോന്നാമെങ്കിലും ഇതൊരു മാനസിക സംഘർഷം ഉണ്ടാക്കുന്ന ഒരു ”പിന്തുടരൽ’ ആയി അനുഭവപ്പെടുന്ന അവസരങ്ങളും ധാരാളമുണ്ട്.

എന്ത് കൊണ്ട് ഇസ്‌ലാം മത വിശ്വാസം ഉപേക്ഷിച്ചു എന്ന് കൃത്യമായ ധാരണയുള്ളവർ മാത്രമേ ഇസ്‌ലാം മതത്തിൽ വിശ്വാസം ഇല്ലെന്നു ഇതര മുസ്ലിങ്ങളോടു പറയുകയുള്ളൂ. മതം ഉപേക്ഷിക്കുന്നത് കൊണ്ടുള്ള റിസ്ക്, ബുദ്ധിമുട്ട് എന്നിവ മുൻകൂട്ടി പ്രതീക്ഷിച്ചു കൊണ്ടാണ് ഭൂരിഭാഗം പേരും ഇസ്‌ലാം ഉപേക്ഷിക്കുന്നത്. ഇത്തരം ആളുകൾക്ക് മാത്രമേ ഇങ്ങനെയുള്ള peer pressure താങ്ങാൻ സാധിക്കൂ.

മാതാചാരങ്ങൾ പിന്തുടരൽ, വ്യക്തിപരമായ ജീവിത രീതികൾക്ക് മതം അനുയോജ്യമാവതിരിക്കൽ തുടങ്ങിയ കാരണങ്ങളാൽ മതം ഉപേക്ഷിച്ചു എന്ന് കരുതപ്പെടുന്ന ആളുകൾ ഉണ്ട്. ഇവർ യഥാർത്ഥത്തിൽ വിശ്വാസികൾ തന്നെയായിരിക്കും. മുകളിൽ പറഞ്ഞ പോലെയുടെ peer pressure അധികം ആയാൽ ഇവരിൽ പലരും “തിരിച്ചു” മതത്തിലേക്ക് പോകും.

അതല്ല കൺവിൻസ് ആയി, ഖുർആനെയും, ഹദീസിനെയും ഒക്കെ കൃത്യമായി വിലയിരുത്തി ഇസ്‌ലാമിനെ എതിർത്ത ആരെങ്കിലും കൃത്യമായ തിരിച്ചുള്ള ബോധ്യങ്ങളും ന്യായങ്ങളും പറയാതെ തിരിച്ചു പോകുന്നുണ്ട് എങ്കിൽ അവർ ശരിക്കും വ്യാജന്മാർ ആയിരിക്കണം. മതത്തെ ജീവനെക്കാൾ സ്നേഹിക്കുന്ന ഇസ്‌ലാം മത വിശ്വാസികളുടെ ചിലവിൽ ശിഷ്ടകാലം കഴിയാം എന്ന ചിന്തയായിരിക്കും ഇവരെ ഭരിക്കുന്നത്.

വീണ്ടും ഇസ്‌ലാം ആയ ചിലരെ ഉദ്യേശിച്ചോ, വീണ്ടും കിത്താബിലേക്ക് പാലം പണിയുന്നവരെയോ ഉദ്യേശിച്ചല്ല ഈ പോസ്റ്റ്. അങ്ങിനെ തോന്നുകയാണ് എങ്കിൽ അത് ബോധപൂർവമല്ല എന്ന് മനസ്സിലാക്കുമല്ലോ… 
.
. written by Naser KP