കൊൽക്കത്ത: ഔദ്യോഗിക കത്തുകളിൽ ഇനി മുതൽ വന്ദേമാതരം എന്ന് ഉപയോഗിക്കുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. വിശ്വസ്ഥതയോടെ എന്നതിന് പകരമാണ് വന്ദേമാതരം എന്ന് ഉപയോഗിക്കുന്നത്. കൊൽക്കത്ത ലോകഭവന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഗവർണ്ണറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആണ് വിവരം പുറത്തുവിട്ടത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തോടുളള ആദരവും ദേശീയതയും ഉയർത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നാണ് കുറിപ്പിൽ പറയുന്നത്. ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അഭ്യർത്ഥിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.