തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്. എൽ.സി ഫലപ്രഖ്യാപനം 15ന് ഉണ്ടായേക്കുമെന്നാണ് നിലവിലെ സൂചന. ഭരണമാറ്റവും മുഖ്യമന്ത്രി അധികാരത്തിൽ വരാത്തതും ഫലപ്രഖ്യാപനത്തിൽ ആശങ്ക ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോൾ നിശ്ചയിച്ച ദിവസം തന്നെ ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലം വിലയിരുത്തുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും. വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. മാത്രമല്ല, അടുത്ത അധ്യായന വർഷത്തിലേക്കുള്ള ഒരുക്കങ്ങളും വിദ്യാഭ്യാസ വകുപ്പ് വേഗത്തിലാക്കുന്നുണ്ട്. പാഠപുസ്തകങ്ങൾ അച്ചടിക്കാനുള്ള തുക പാസ്സായതു കൊണ്ട് സ്കൂൾ തുറക്കുമ്പോൾ തന്നെ പുസ്തക വിതരണം നടത്താൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. മൂല്യനിർണയം പൂർത്തിയായ പരീക്ഷാ ഫലങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകേണ്ടതുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഒരു ദിവസം വേണ്ടിവരും എന്നതിനാൽ ഇന്ന യോഗം ചേർന്നാൽ വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാൻ കഴിയും. വിദ്യാഭ്യാസ മന്ത്രിയുടെ അഭാവത്തിൽ ചീഫ് സെക്രട്ടറിയോ പൊതു വിദ്യാഭ്യാസ ഡയറക്ടറോ ആവും ഫലം പ്രഖ്യാപിക്കുക.
