ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഇറ്റാലിയൻ ആഡംബര ബ്രാൻഡായ പ്രാഡ. നാസയുടെ വരാനിരിക്കുന്ന ചാന്ദ്രദൗത്യങ്ങൾക്കായി ബഹിരാകാശയാത്രികർ ധരിക്കുന്ന പ്രത്യേക വസ്ത്രത്തിന്റെ 'ഇന്നർ ലെയർ' പ്രാഡയും ആക്സിയം സ്പേസും (Axiom Space) ചേർന്ന് ന്യൂയോർക്കിൽ പുറത്തിറക്കി. ആഡംബര ഫാഷൻ ലോകത്തുനിന്ന് ബഹിരാകാശ വ്യവസായത്തിലേക്ക് ചുവടുറപ്പിക്കാനുള്ള പ്രാഡയുടെ വലിയൊരു നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 'ലിക്വിഡ് കൂളിങ് ആൻഡ് വെന്റിലേഷൻ ഗാർമെന്റ്' (LCVG) എന്നാണ് ഈ അത്യാധുനിക വസ്ത്രത്തിന്റെ പേര്. ചാന്ദ്രോപരിതലത്തിൽ എട്ടു മണിക്കൂർ വരെ നീളുന്ന കഠിനമായ സ്പേസ്‌വാക്കുകൾ നടത്തുമ്പോൾ ബഹിരാകാശയാത്രികരുടെ ശരീരതാപം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും ഈ വസ്ത്രം സഹായിക്കും. ശരീരത്തിലെ പ്രധാന പേശീവ്യൂഹങ്ങൾക്ക് ചുറ്റും തണുത്ത വെള്ളം സഞ്ചരിക്കുന്ന ട്യൂബുകൾ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ശരീരം പുറത്തുവിടുന്ന അധിക താപം ആഗിരണം ചെയ്ത് പുറന്തള്ളുന്നു. അമിതമായ ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഇതിൽ 'ഫുള്ളി റിഡൻഡന്റ്'കൂളിങ് സർക്യൂട്ട് ഉണ്ട്. അതായത്, പ്രാഥമിക കൂളിങ് സംവിധാനം പരാജയപ്പെട്ടാൽ സ്വയം പ്രവർത്തിക്കുന്ന ഒരു ബാക്കപ്പ് സംവിധാനം ഇതിലുണ്ട്. വായുസഞ്ചാരത്തിനായി മറ്റൊരു ട്യൂബ് സംവിധാനവും ഇതിലുണ്ട്. ഇത് യാത്രികരുടെ മുഖത്തേക്ക് പുതിയ ഓക്സിജൻ എത്തിക്കുകയും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുകയും ചെയ്യുന്നു. പ്രാഡയുടെ എഞ്ചിനീയറിങ് നൈപുണ്യവും ആക്സിയം സ്പേസിന്റെ ബഹിരാകാശ സാങ്കേതികവിദ്യയും ചേർന്നാണ് ഈ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. 2024ൽ ഇവർ പുറത്തിറക്കിയ ഔട്ടർ സ്പേസ് സ്യൂട്ടിന്റെ തുടർച്ചയായാണ് ഈ പുതിയ ഇന്നർ ലെയർ വരുന്നത്. നാസയുടെ വരാനിരിക്കുന്ന ആർട്ടെമിസ് 4 ചാന്ദ്രദൗത്യത്തിൽ ഈ വസ്ത്രം ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഡംബര ഫാഷൻ ബ്രാൻഡുകൾക്ക് ബഹിരാകാശ യാത്രകളോടുള്ള താല്പര്യം കൂടുന്നതായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമ്പന്നരായ ഉപഭോക്താക്കളെ ആകർഷിക്കാനും തങ്ങളുടെ ബ്രാൻഡിനെ ആധുനിക സാങ്കേതികവിദ്യയുമായി ചേർത്തുനിർത്താനും ഇത് സഹായിക്കുന്നു. സ്പേസ് ടൂറിസം സജീവമാകുന്നതോടെ ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് വലിയ വിപണിയാണ് വരാനിരിക്കുന്നത്. നേരത്തെ, അണ്ടർ ആർമർ, കൊളംബിയ സ്പോർട്സ്‌വെയർ തുടങ്ങിയ ബ്രാൻഡുകളും ബഹിരാകാശ വസ്ത്ര നിർമാണ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എങ്കിലും, ആഡംബര ബ്രാൻഡുകളിൽ പ്രാഡയുടെ ഈ നീക്കം വലിയ ചർച്ചയായിരിക്കുകയാണ്.
