ചെർപ്പുളശ്ശേരി: വള്ളുവനാട്ടിലെ പ്രസിദ്ധ ഭഗവതി ക്ഷേത്രമായ തൂത ക്ഷേത്രത്തിലെ പൂരം ചൊവ്വാഴ്ച ആഘോഷിക്കും. പാലക്കാട്, മലപ്പുറം ജില്ലകളിൽ തൂതപുഴക്ക് ഇരുകരകളിലുമായുള്ള തട്ടകദേശങ്ങൾ ആവേശ ലഹരിയിലാണ്. മലബാറിലെ കുടമാറ്റമുള്ള ഏക ക്ഷേത്രമാണെന്ന പ്രത്യേകത കൂടി തൂത ക്ഷേത്രത്തിനുണ്ട്. 31 ഗജവീരന്മാർ എ.ബി വിഭാഗങ്ങളായി അണിനിരന്നുള്ള കൂടിക്കാഴ്ച പൂരപ്രേമികൾക്ക് അസുലഭ ദൃശ്യവിരുന്ന് ഒരുക്കും. വാദ്യകുലപതി പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിലുള്ള നാഗത്തറമേളത്തിൽ വാദ്യരംഗത്തെ പ്രമുഖരായ നൂറിലധികം വാദ്യകലാകാരൻമാർ പങ്കെടുക്കും. സായാഹ്നത്തിൽ തുതപുഴയോരത്ത് നടക്കുന്ന വർണക്കുടകളുടെ വിസ്മയപ്രദർശനത്തിന് വൻ പുരുഷാരം സാക്ഷിയാകും. എ വിഭാഗത്തിന്റെ ചമയ പ്രദർശനം കാറൽമണ്ണയിലും ബി വിഭാഗത്തിന്റേത് തൂതയിലും ആരംഭിച്ചു. തട്ടകദേശങ്ങളിൽ മത്സരബുദ്ധിയോടെ അണിയിച്ചൊരുക്കുന്ന 50 ലധികം ഇണക്കാള കോലങ്ങളുടെ നിലക്കാത്ത പ്രവാഹമായ കാളവേല ആഘോഷം വർണാഭമായി. വാദ്യഘോഷങ്ങളും ചവിട്ടുകളികളും വേലയെ മനോഹരമാക്കി. ചെർപ്പുളശ്ശേരി -പെരിന്തൽമണ്ണ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
