ജീവിതവീഥിയിലോടിത്തളർന്നു ഞാൻ, എവിടെയോ കല്ലിൽ തട്ടി വീണു. മുറിവേറ്റ പാദത്തിൽ നിന്നുതിർന്നു, ചുടുചോരതൻ ചുവന്ന ധാര! ‘ഓടിവാ തനയാ...’ എന്നാർത്തനാദം കേ- ട്ടോടിയെത്തി പ്രിയപുത്രനപ്പോൾ. കുത്തിയൊലിക്കും രുധിരം തടുക്കുവാ- നവനെെൻറ വസ്ത്രം കീറിടുമ്പോൾ... ‘നിൽക്കൂ...’ തടുത്തു ഞാൻ, പുത്രൻ സ്തംഭിച്ചു, ‘എന്തിനീ ചോരയൊഴുക്കുന്നു താതാ?’ ‘മകനേ, ഈ ചുവപ്പിനൊരു മൂല്യമുണ്ട്, ലോകം കാണണം ഈ നോവിെൻറ മുദ്ര! മരുന്നല്ല, വേഗമെടുക്കൂ നീ ദൃശ്യ- മൊപ്പിയെടുക്കും കറുത്ത യന്ത്രം! വേദനയല്ല, വാർത്തയാണാവശ്യം, കാണികളേറെയുണ്ട് മുഖപുസ്തകത്തിൽ.’ കാമറക്കണ്ണുകൾ മിന്നിമറഞ്ഞു, ചോര വാർന്നൊഴുകും പാദചിത്രം. ‘പോസ്റ്റ് ചെയ്യൂ വേഗം...’ ഞാനുരച്ചീടവേ, അന്തംവിട്ടു നിന്നു, എെൻറ മകൻ!
