ഓൺലൈൻ ഡെസ്ക് Published: June 09, 2026 01:34 PM IST Updated: June 09, 2026 01:52 PM IST 1 minute Read Link Copied പ്രതീകാത്മക ചിത്രം. Image Credit: Istock/Soumen Hazra Mail This Article × Follow Us ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിൽ സവർണ സമുദായത്തിൽപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരിൽ 18 വയസ്സുകാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു . ആക്രമണത്തിൽ യുവാവിന്റെ സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പ്രദേശവാസികളുടെ ഭാഗത്തുനിന്ന് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. What you should read next കൊല്ലപ്പെട്ട കേതൻ ലാൽ കഴിഞ്ഞ ആറ് മാസമായി ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെൺകുട്ടി ഫോണിൽ വിളിച്ചതിനെത്തുടർന്ന് കേതൻ സുഹൃത്തായ ദിവാകർ ദിമ്രിക്കൊപ്പം പെൺകുട്ടിയുടെ ഗ്രാമമായ ഖോൽഗഢിലേക്ക് പോയി. അവിടെയെത്തിയ കേതനെയും സുഹൃത്തിനെയും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഒരു മുറിയിൽ പൂട്ടിയിടുകയും വടികൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു. പിറ്റേന്ന് രാവിലെ പെൺകുട്ടിയുടെ പിതാവ് കേതന്റെ പിതാവായ ധൻപാൽ ലാലിനെ ഫോണിൽ വിളിച്ച് മകനെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ധൻപാൽ ലാൽ സംഭവസ്ഥലത്ത് എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന കേതനെയാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ സുഹൃത്ത് ദിവാകർ ബൗരാരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊലപാതകക്കുറ്റവും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് തെഹ്‌രി ഗഡ്‌വാൾ സീനിയർ സൂപ്രണ്ട് ശ്വേത ചൗബേ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യശ്വീർ സിങ് പൻവാർ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. English Summary: Dalit teen beaten to death: An 18-year-old from the Dalit community was allegedly beaten to death in Uttarakhand's Tehri Garhwal district over befriending a giril from an upper caste community. Besides, one of the teen's friends was injured in the incident, that sparked huge uproar among locals. According to reports Ketan Lal, the deceased, had been friends with the girl for six months now. ×
