ഓൺലൈൻ പ്രതിനിധി Published: June 09, 2026 09:29 PM IST 2 minute Read Link Copied പ്രതീകാത്മക ചിത്രം (Credit:Mohammed Haneefa Nizamudeen/ Istock) Mail This Article × Follow Us ബത്തേരി ∙ ഷിഗെല്ല രോഗ ലക്ഷണങ്ങളോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന കുട്ടികളിൽ ഒരാൾക്കു കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളിലാണ് മൂന്നെണ്ണത്തിന്റെ ഫലം വന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 413 പേരിൽ 38 പേർ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ 12, വിനായക ആശുപത്രിയിൽ 5, അസംപ്ഷൻ ആശുപത്രിയിൽ 9, വിക്ടറി ആശുപത്രിയിൽ 1, എംഇഎസിൽ 1, അമ്പലവയൽ സെന്റ് മാർട്ടിനിൽ 9, മെറീനയിൽ ഒന്ന് എന്നിങ്ങനെയാണ് രോഗികളുള്ളത്. 14 പേർ ചൊവ്വാഴ്ച ആശുപത്രി വിട്ടു. അതേസമയം, സ്കൂളിലെ കുഴൽക്കിണറിൽ നിന്നുള്ള വെള്ളത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. തുറന്ന കിണറ്റിൽ നിന്നുള്ള വെള്ളത്തിന്റെ പരിശോധനാ ഫലം ബുധനാഴ്ച വരുമെന്നാണ് വിവരം. What you should read next ∙ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ സ്‌പെഷൽ ഡ്രൈവ് പരിസര പ്രദേശങ്ങളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ ബുധനാഴ്ച സ്‌പെഷൽ ഡ്രൈവ് നടത്തുമെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ്. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ എല്ലാ സ്‌കൂളിലും പരിശോധനയും കിണറുകളിൽ ക്ലോറിനേഷനും നടത്തും. നെന്മേനി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ചൊവ്വാഴ്ച തന്നെ അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഷിഗെല്ല ബാധിതരായി ആശുപത്രിയിൽ ചികിത്സയിലുളള കുട്ടികളെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ വൈകിട്ട് സന്ദർശിച്ചു. ആശുപത്രി അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ഷിഗെല്ല സ്ഥിരീകരിച്ച ശേഷമുള്ള തുടർപ്രവർത്തനങ്ങളും അവയുടെ ഏകോപനവും ഉറപ്പുവരുത്താൻ രാവിലെ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ശുചിത്വം ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങൾ അച്ചടിച്ച് എല്ലാ സ്‌കൂളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും എത്തിക്കും. നെന്മേനി പഞ്ചായത്തിന് പുറമേ നൂൽപ്പുഴ, അമ്പലവയൽ പഞ്ചായത്തുകളിലും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലും പ്രത്യേക യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കും. ജനപ്രതിനിധികളും വിദ്യാഭ്യാസ, ആരോഗ്യ, ട്രൈബൽ വകുപ്പുകൾ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരും ഉൾപ്പെടുന്ന യോഗത്തിൽ സ്‌കൂളുകളുടെയും വീടുകളുടെയും ഉന്നതികളുടെയും നിരീക്ഷണം സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കും. What you should read next നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളിലുള്ള മറ്റ് കുട്ടികൾ പഠിക്കുന്ന 12 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 11 സ്‌കൂളുകളും ഒരു എൻജിനീയറിങ് കോളജുമാണ് ഇത്തരത്തിലുള്ളത്. ഇവിടങ്ങളിൽ പ്രത്യേകം നിരീക്ഷണം നടത്തുകയും മെഡിക്കൽ സംഘങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്യും. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ഉടൻ തന്നെ മെഡിക്കൽ സംഘങ്ങളുമായി ബന്ധപ്പെടുത്തി അടിയന്തര ഇടപെടലുകളുണ്ടാവും. നിലവിൽ പഞ്ചായത്തുകൾക്ക് മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ ഇതിനോടകം കൈമാറി. കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ ജില്ലാഭരണകൂടവും പഞ്ചായത്തുകളും ചർച്ച ചെയ്ത് അത് ലഭ്യമാക്കും. ഡിസ്ചാർജ് നേടി വീടുകളിലേക്ക് മടങ്ങിയ ചില കുട്ടികൾ വീണ്ടും ആശുപത്രിയിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്യപ്പെട്ട കുട്ടികളുടെ നിരീക്ഷണത്തിന് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും നിലവിൽ സ്റ്റോക്കുണ്ട്. സ്‌കൂളുകളിലെ കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും ലക്ഷണങ്ങൾ പ്രകടിപ്പിച്ച 35 ആദിവാസി വിദ്യാർഥികളുടെ ആരോഗ്യനിലയിൽ പ്രത്യേക നിരീക്ഷണം തുടരുകയാണെന്നും മന്ത്രി സിദ്ദീഖ് അറിയിച്ചു. എംഎൽഎ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, സബ് കലക്ടർ അതുൽ സാഗർ, ഡിഎംഒ ഡോ.കെ.ടി.രേഖ, മറ്റ് ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ∙ ആശങ്കപ്പെടേണ്ട സാഹചര്യമില്ല ഷിഗല്ല രോഗബാധ സംബന്ധിച്ച് വയനാട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ചികിത്സയിലുള്ളവരെ സന്ദർശിച്ച ശേഷം ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു. രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ ചികിത്സക്കായി പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലും ശക്തമായ പരിശോധന നടത്താനും ശുചിത്വം ഉറപ്പുവരുത്താനുമുള്ള നിർദേശവും മന്ത്രി നൽകി. രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ പൊതുശുചിത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. English Summary: Shigella Outbreak in Sulthan Bathery: Shigella cases are rising in Sulthan Bathery, Wayanad, with three confirmed infections among children showing symptoms. Health authorities are taking measures to control the outbreak, including water chlorination drives and enhanced monitoring in schools and public places.
