മനോരമ ലേഖകൻ Published: June 10, 2026 02:38 AM IST 1 minute Read Link Copied പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസിക്കുന്ന വീട്ടിലെ റെയ്‌ഡ് കഴിഞ്ഞ് മടങ്ങുന്ന ഇ.ഡി ഉദ്യോഗസ്‌ഥർ സഞ്ചരിച്ച വാഹനം സിപിഎം പ്രവർത്തകർ അടിച്ചു തകർക്കുന്നു. (ഫയൽ ചിത്രം:മനോരമ) Mail This Article × Follow Us തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 26 പ്രതികൾക്ക് പൂജപ്പുര ജില്ലാ ജയിലിൽ ഉദ്യോഗസ്ഥർ വഴിവിട്ട് സൗകര്യങ്ങളൊരുക്കുന്നുവെന്ന് ആക്ഷേപം. ആഴ്ചയിൽ 2 തവണ മാത്രം അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ള സന്ദർശകരെ അനുവദിക്കാമെന്നാണു ചട്ടമെങ്കിലും ഇതു ലംഘിച്ച് ദിവസേന പ്രതികളെ തേടി സന്ദർശകരെത്തുന്നുവെന്നും ചട്ടലംഘനം കണ്ടുപിടിക്കാതിരിക്കാൻ സന്ദർശക റജിസ്റ്ററിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുയർന്നു. എല്ലാ പ്രതികളെയും ജയിലിൽ വിശാലമായ സെല്ലിൽ ഒന്നിച്ചാണു പാർപ്പിച്ചിട്ടുള്ളത്. വധശ്രമം ഉൾപ്പെടെ ചുമത്തിയ കേസിലെ പ്രതികളെ ഒന്നിച്ചു കഴിയാൻ അനുവദിച്ചത് വഴിവിട്ട നീക്കമാണെന്നും ആക്ഷേപമുണ്ട്. ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയിലെ ഇടതുപക്ഷ സഹയാത്രികനായ ഉദ്യോഗസ്ഥനാണ് ഇതിന് അവസരമൊരുക്കിയത്. What you should read next യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നെങ്കിലും ജയിലിൽ കാര്യമായ സ്ഥലംമാറ്റങ്ങളോ സ്ഥാനമാറ്റങ്ങളോ നടന്നിട്ടില്ല. റിമാൻഡ് പ്രതികളെ മുഴുവൻസമയവും ലോക്കപ്പിൽ സൂക്ഷിക്കണമെന്നും ആവശ്യമുണ്ടെങ്കിൽ മാത്രം പുറത്തിറക്കണമെന്നുമാണു വ്യവസ്ഥയെങ്കിലും ജയിൽ ഉദ്യോഗസ്ഥർ ഇതു പാലിച്ചില്ല. ഇടയ്ക്കിടെ സെല്ലിനു പുറത്തിറങ്ങാൻ അവസരമൊരുക്കുന്ന തരത്തിലാണു ക്രമീകരണം. മറ്റ് അവശ്യവസ്തുക്കൾ എത്തിക്കാനും ജീവനക്കാരുടെ സഹായം ലഭിക്കുന്നതായും സൂചനയുണ്ട്. English Summary: Allegations of special treatment for 26 individuals arrested for attacking Enforcement Directorate officials following a raid at the residence of opposition leader Pinarayi Vijayan. Accusations suggest that jail officials at Poojappura District Jail are providing unauthorized facilities, including daily visitor access that bypasses regulations and housing high-profile inmates together. ×
