കൊച്ചി ∙ യുഎസ് ആയുധനിർമാണ വ്യാജകരാർ തട്ടിപ്പു കേസിൽ ഇരകളെ കബളിപ്പിക്കാൻ വിപിവിവി കമ്പനി ഉപയോഗിച്ചതു ക്രിമിനോളജിയിൽ ‘കോൺ–ഫ്രോഡ്’ എന്നുവിളിക്കുന്ന ‘കപട പരിവേഷ തന്ത്രം’. തട്ടിപ്പുകാരൻ പ്രകടിപ്പിക്കുന്ന അമിത ആത്മവിശ്വാസത്തിലൂടെ വ്യാജപ്രതീതി സൃഷ്ടിച്ച് ഇരയുടെ കണ്ണുകെട്ടുന്നതാണ് ഈ രീതി. ഇരയെ അമ്പരപ്പിക്കുന്ന വലുപ്പത്തിലായിരിക്കും ഇവർ എല്ലാ നുണകളും അവതരിപ്പിക്കുക. What you should read next യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധങ്ങൾ നിർമിക്കാൻ 85,000 കോടി രൂപയുടെ കരാർ ലഭിച്ച കമ്പനിയാണു വിപിവിവിയെന്നു പൊതുജനങ്ങളെ വിശ്വസിപ്പിക്കുകയാണ് ഇവർ ആദ്യം ചെയ്തത്. കറക്കുകമ്പനിയാണെന്നു തോന്നാതിരിക്കാൻ കമ്പനിയുടെ യഥാർഥ പേരായ ‘വിനോദ് വാരിയർ– പ്രദീപ്കുമാർ – വെങ്കിട്ട വെങ്കിട്’ എന്നത് ഇവരുടെ വെബ്സൈറ്റുകളിലും രേഖകളിലും മറച്ചുവച്ചു. 85,000 കോടി രൂപയുടെ വമ്പൻ ബിസിനസ് ചെയ്യാൻ ശേഷിയുള്ള കമ്പനിയാണെന്നു തെറ്റിദ്ധരിപ്പിക്കാൻ ന്യൂഡൽഹി വസന്ത്‌വിഹാറിലെ ആഡംബര ഹോട്ടലായ ജയ്പീ വസന്ത് കോണ്ടിനന്റിലെ ഒരു നില മുഴുവൻ വാടകയ്ക്കെടുത്ത് ഇന്ത്യയുടെയും യുഎസിന്റെയും ദേശീയ പതാകകളും ദേശീയ ചിഹ്നങ്ങളും പ്രദർശിപ്പിച്ച് ഔദ്യോഗിക മുഖം നൽകി. നിക്ഷേപകരെ ബിസിനസ് ചർച്ചകൾക്കു വിളിക്കുമ്പോൾ യുഎസ് – ഇന്ത്യൻ ആർമി യൂണിഫോമുകളും മെഡലുകളും ധരിച്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഓഫിസിൽ ഉറപ്പാക്കി. What you should read next വിപിവിവി ചെയർമാൻ വെങ്കിട്ട വെങ്കിടിനു യുഎസ് പ്രസിഡന്റ് സമ്മാനിച്ച ‘സ്വർണപ്പേന’, നിർണായക യോഗങ്ങളിൽ പങ്കെടുക്കാനായി ഒറ്റയ്ക്കു സഞ്ചരിക്കാൻ യുഎസ് സർക്കാർ സമ്മാനിച്ച ബോയിങ് വിമാനത്തിന്റെ ത്രിമാന ചിത്രം എന്നിവയുടെ പ്രദർശനവും വെങ്കിട്ട വെങ്കിടിനെ അനുമോദിക്കാനുള്ള സമ്മേളനവും നടത്തി. ആയുധനിർമാണത്തിനായി യുഎസ് പ്രതിരോധ വകുപ്പുമായി ഒപ്പുവച്ച ‘ ഇൻഡോ–യുഎസ് പസിഫിക് പീസ് ട്രീറ്റി’ക്കുള്ള ഗാരന്റിയായി 3000 കിലോഗ്രാം ഗോൾഡ് ബോണ്ട് ലഭിച്ചതായി പ്രഖ്യാപിച്ചു. വിപിവിവി കമ്പനിക്ക് എതിരെ പുതിയ കേസ് കൊച്ചി ∙ 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ ആരോപണവിധേയരായ വിപിവിവി കമ്പനിക്കെതിരെ വിശ്വാസ വഞ്ചനയ്ക്കും ചതിയിലൂടെ പണം തട്ടിയെടുത്തതിനും പുതിയൊരു കേസു കൂടി റജിസ്റ്റർ ചെയ്തു. തട്ടിപ്പിന്റെ വിശദാംശങ്ങൾ വാർത്തയായി പുറത്തുവന്നതിനു ശേഷം 81.50 ലക്ഷം രൂപ കബളിപ്പിച്ചതായി കാണിച്ച് പാലക്കാട് സ്വദേശി സജി കെ.ജോൺസൺ നൽകിയ പരാതിയിലാണു കളമശേരി പൊലീസ് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തത്. കളമശേരിയിൽ സെക്യൂരിറ്റി റിക്രൂട്ടിങ് ഏജൻസി നടത്തുന്ന പരാതിക്കാരനെ 2024 ജനുവരിയിലാണു പ്രതികളായ വെങ്കിട്ട വെങ്കിട്, രാജപ്പൻ പിള്ള, അജിത്കുമാർ, ഗ്രെയ്സൺ, രാജേഷ് എന്നിവർ സമീപിച്ചത്. ഇവർ ഏറ്റെടുത്ത രാജ്യാന്തര ആയുധനിർമാണ കരാർ നടപ്പിലാക്കാൻ 2000 സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ടെന്നു പറഞ്ഞാണു കരുതൽ നിക്ഷേപമായി പലപ്പോഴായി 81.50 ലക്ഷം രൂപ കൈപ്പറ്റിയത്. തട്ടിപ്പിനെക്കുറിച്ച് എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ കത്തിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിശദീകരണം തേടിയെങ്കിലും കമ്പനി വിശദീകരണം നൽകിയില്ല. നോട്ടിസ് കിട്ടി 7 ദിവസത്തിനകം മറുപടി നൽകാനായിരുന്നു നിർദേശം. കമ്പനി ചെയർമാൻ വെങ്കിട്ട വെങ്കിട്, ഡയറക്ടർമാരായ രാഹുൽ രാജീവ് നായർ, ഹിതേഷ് കുമാർ എന്നിവർക്കാണു നോട്ടിസ് നൽകിയത്. English Summary: VPVV scam is a major financial fraud where a company allegedly used a 'con-fraud' tactic to deceive investors. This tactic involves creating a false impression of legitimacy and overwhelming victims with exaggerated claims of success and high-value contracts.
