
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സിനിമാ മോഹികളിൽ നിന്ന് പണം തട്ടുന്ന വ്യാജ കാസ്റ്റിങ് ഏജന്റുമാർക്കെതിരെ മുന്നറിയിപ്പുമായി നടനും നിർമാതാവുമായ വിജയ് ബാബു. തന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ 'ഫ്രൈഡേ ഫിലിം ഹൗസി'ന്റെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടക്കുന്നതെന്ന് വിജയ് ബാബു ചൂണ്ടിക്കാട്ടി. തട്ടിപ്പുകാർ ഉദ്യോഗാർഥികളുമായി നടത്തിയ ആശയവിനിമയത്തിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഔദ്യോഗിക പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ സിനിമാ മോഹികളായ യുവാക്കളെയും യുവതികളെയും സമീപിക്കുന്നത്. തുടർന്ന് ഒഡിഷനിലൂടെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ഇവരെ വിശ്വസിപ്പിക്കും. ഇതിന് ശേഷമാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണം ആവശ്യപ്പെടുന്നത്.
കമ്പനിയുടെ ഔദ്യോഗിക ഇ-മെയിൽ ഐഡിയോട് സാമ്യമുള്ള വ്യാജ ഇ-മെയിൽ ഐഡികൾ നിർമിച്ചാണ് ഉദ്യോഗാർഥികളുമായി ഇവർ ബന്ധപ്പെടുന്നത്. ഫ്‌ലൈറ്റ് ടിക്കറ്റ് ചാർജ്, കാസ്റ്റിങ് കമ്മിഷൻ തുടങ്ങിയ പല കാരണങ്ങൾ പറഞ്ഞാണ് ഇവർ ആളുകളിൽ നിന്ന് പണം തട്ടിയെടുക്കുന്നതെന്ന് വിജയ് ബാബു തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന രണ്ടു വ്യക്തികളുടെ പേരും ഫോൺ നമ്പറുകളും വിജയ് ബാബു പരസ്യപ്പെടുത്തിയിട്ടുണ്ട്. ദിനേഷ് ദീനു, മാധവി എന്നീ പേരുകളിലാണ് ഇവർ ഉദ്യോഗാർഥികളെ ഫോണിൽ ബന്ധപ്പെടുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ പറ്റിക്കുന്ന ഈ തട്ടിപ്പ് സംഘത്തിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വിജയ് ബാബു അറിയിച്ചു.
