
കൊച്ചി: നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ ഓൺലൈൻ മാധ്യമപ്രവർത്തകർ അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കിയതിനെതിരെ മകൻ ചന്തു പ്രതിഷേധിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മരണവീടാണെന്നോ ചടങ്ങുകളുടെ ഗൗരവമോ പരിഗണിക്കാതെ, വെറും 'ക്ലിക്ക് ബൈറ്റിനുവേണ്ടി' മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ബന്ധുക്കൾക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ തിരക്ക് കൂട്ടിയവർക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ലാൽ ജോസ്, ശ്രീകുമാരൻ തമ്പി എന്നിവരൊക്കെ ഇതിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടനും സലിം കുമാറിന്റെ അടുത്ത സുഹൃത്തുമായ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി.
സലിം കുമാറിന്റെ സംസ്കാര ചടങ്ങിനെത്തിയ ഓൺലൈൻ മീഡിയക്കാരുടെ പെരുമാറ്റം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നുവെന്ന് രമേഷ് പിഷാരടി വാർത്താ സമ്മേളനത്തിൽ കടുത്ത ഭാഷയിൽ വിമർശിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സലിം കുമാറിന്റെ മകൻ ചന്തു ദേഷ്യത്തോടെ പെരുമാറിയതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവർത്തകർ മൊബൈൽ ചിത്രീകരണത്തിനായി തടിച്ചുകൂടി. പലവട്ടം മാറിനിൽക്കാൻ അഭ്യർത്ഥിച്ചിട്ടും അവർ തയ്യാറായില്ലെന്നും, മുഖ്യമന്ത്രിയും സലിം കുമാറിന്റെ മകനുൾപ്പെടെ ആവശ്യപ്പെട്ടിട്ടും പലരും തിക്കും തിരക്കും കൂട്ടുകയായിരുന്നുവെന്നും പിഷാരടി വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ക്രൂരമായ കടന്നുകയറ്റത്തിന്റെ വലിയൊരു ഉദാഹരണമാണ് സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ കണ്ടതെന്ന് രമേഷ് പിഷാരടി ചൂണ്ടിക്കാണിച്ചു. അങ്ങേയറ്റം സ്വകാര്യവും വേദനാജനകവുമായ സന്ദർഭങ്ങളിൽ പോലും ഇത്തരക്കാർ അതിക്രമിച്ചു കയറുകയാണ് ചെയ്യുന്നത്. അങ്ങനെയെടുക്കുന്ന വീഡിയോകൾക്ക് അനാവശ്യമായ തമ്പ്നെയിലുകളും ക്യാപ്ഷനുകളും ഇട്ടാണ് ഇവർ യൂട്യൂബിലും മറ്റും പങ്കുവെക്കുന്നത്. ഇത്തരം പ്രവണതകൾക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് ഒരു ജനകീയ പ്രക്ഷോഭം ഉണ്ടായാൽ പോലും അതിനെ തെറ്റുപറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈൻ മാധ്യമങ്ങളുടെ ഈ രീതിയിലുള്ള അതിക്രമങ്ങൾ തടയുന്നതിനായി യൂട്യൂബ് ചാനലുകൾക്ക് ലൈസൻസിംഗ് സംവിധാനം കൊണ്ടുവരുന്നത് നല്ലതാണെന്നും രമേഷ് പിഷാരടി നിർദ്ദേശിച്ചു. എന്നാൽ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സലിം കുമാറിന്റെ മകൻ ചന്തുവിന് ഇത്തരമൊരു സാഹചര്യത്തിൽ വൈകാരികമായി പ്രതികരിക്കേണ്ടി വന്ന സാഹചര്യം അങ്ങേയറ്റം സങ്കടകരമാണെന്നായിരുന്നു പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെയും പ്രതികരണം. യുഎഇയിൽ എത്തിയപ്പോൾ മലയാളം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ലാൽ ജോസ് ഓൺലൈൻ മാധ്യമങ്ങളുടെ 'ഹൂളിഗനിസ'ത്തിനെതിരെ ആഞ്ഞടിച്ചത്.
വ്യക്തിപരമായ സ്പെയ്സ് എന്നത് എല്ലാവർക്കുമുണ്ടെന്നും ഒരു മൊബൈലുമായി ചിലർ എവിടെയും കയറി ചെല്ലുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും ലാൽ ജോസ് പറഞ്ഞു. ഇതിനായി പ്രത്യേക നിയമനിർമ്മാണം നടത്തുകയും ഇത്തരം മാധ്യമപ്രവർത്തനത്തിന് ലൈസൻസ് ഏർപ്പെടുത്തുകയും വേണം. നടിമാർ എയർപോർട്ടിൽ നിന്ന് വരുമ്പോഴും ജിമ്മിൽ പോകുമ്പോഴുമൊക്കെ മൊബൈലുമായി ചിലർ നിരന്തരം അവരുടെ പിറകെ നടക്കുകയാണ്. സെലിബ്രിറ്റികളുടെ കഴുത്തിലെ ലോക്കറ്റിനെക്കുറിച്ച് പോലും ചോദിച്ച് അലോസരപ്പെടുത്തുന്ന ഇത്തരം ആളുകൾ സംസ്കാരശൂന്യരാണെന്നും ലാൽ ജോസ് വ്യക്തമാക്കി.
