
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൃത്യമായി പറഞ്ഞാല്‍ 2010 മുതല്‍ ലോകവേദിയില്‍ പ്രകടമാക്കുന്ന മികവ് തുടരാനും കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനും ഒരുങ്ങിയാണ് ഫ്രാന്‍സ്് അമേരിക്കയിലേക്കെത്തുന്നത്.2018ല്‍ കിരീടമുയര്‍ത്തിയ കിലിയന്‍ എംബാപ്പെയും കൂട്ടരും 2022ല്‍ റണ്ണറപ്പുമായി. ഹാട്രിക് ഫൈനലും കപ്പുമാണ് ലോക രണ്ടാം റാങ്കുകാരുടെ ലക്ഷ്യം.ഫ്രഞ്ച് കുതിപ്പിന് തടയിടാന്‍ പുത്തന്‍ ശക്തികളായ എര്‍ലിങ് ഹാലണ്ടിന്റെ നോര്‍വെയാണ് ഗ്രൂപ്പ് 'ഐ'യിലുള്ള മറ്റൊരു പ്രബലര്‍. ഒപ്പം ആഫ്രിക്കന്‍ വീറുമായി സെനെഗലും ഏഷ്യന്‍ വമ്പുമായി ഇറാഖും.യൂറോപ്പ് ഏഷ്യ ആഫ്രിക്ക വന്‍കരകളുടെ പോരാട്ടത്തിന് സാക്ഷിയാകുന്ന ഗ്രൂപ്പാണ് ഐ.
ഫ്രാന്‍സ്
പ്രഥമ ലോകകപ്പില്‍ പങ്കെടുത്ത നാല് യൂറോപ്യന്‍ ടീമുകളില്‍ ഒന്ന് എന്ന മേന്മ അവകാശപ്പെടാനുള്ള ടീം ആണ് ഫ്രാന്‍സ്.ഈ പതിറ്റാണ്ടില്‍ ലോകകപ്പില്‍ ഇത്രയും സ്ഥിരത കാട്ടുന്ന മറ്റൊരു ടീമുമില്ല.കടലാസിലും കളത്തിലും കരുത്തരില്‍ കരുത്തരാണ് ഫ്രാന്‍സ്.രണ്ട് തവണ ജേതാക്കളായി,1998ലും 2018ലും.ഇതു കൂടാതെ രണ്ട് തവണ വീതം റണ്ണറപ്പുകളും മൂന്നാം സ്ഥാനക്കാരുമായിട്ടുണ്ട്.തങ്ങളുടെ 17 ാം ലോകപോരാട്ടത്തിനെത്തുന്ന ഫ്രാന്‍സിന് 1962, 1970, 1974, 1990, 1994 ലോകകപ്പുകളില്‍ യോഗ്യത നേടാനായില്ല.1982, 1986 ലോകകപ്പുകളില്‍ തുടര്‍ച്ചയായി സെമിയില്‍ പ്രവേശിച്ച ടീം തുടര്‍ന്നുള്ള രണ്ട് ലോകകപ്പുകളില്‍ കളിച്ചില്ല.
നിറംമങ്ങലിന് ശേഷം 1998ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഫൈനലില്‍ കരുത്തരായ ബ്രസീലിനെ തറപറ്റിച്ച് കിരീടം നേടിക്കൊണ്ട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.കഴിഞ്ഞ പത്ത് വര്‍ഷമായി ലോക ഫുട്ബോളില്‍ സ്ഥിരതയോടെ മികച്ച ഫുട്ബോള്‍ തുടരുന്ന ടീം ആണ് ഫ്രാന്‍സ്. ഖത്തറില്‍ അര്‍ജന്റീനയോട് ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്.അടിമുടി പ്രഫഷണല്‍ ടീം.സൂപ്പര്‍താരങ്ങളെക്കാള്‍ ടീമിനാണ് മുന്‍ഗണന.പുതുനിരയെ വാര്‍ത്തെടുക്കുന്നതിലും ടീമില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിലും പരിശീലകന് ദിദിയെര്‍ ദെഷാമിനുള്ള മിടുക്കാണ് കുതിപ്പിന് പിന്നില്‍.
14 വര്‍ഷമായി ചുമതലയിലുള്ള ദെഷാം ലോകകപ്പോടെ സ്ഥാനമൊഴിയുകയാണ്.പരിശീലകന് അര്‍ഹിച്ച യാത്രയയപ്പും ഫ്രഞ്ചുകാര്‍ മനസ്സില്‍ കാണുന്നുണ്ട്. എംബാപ്പെ തന്നെയാണ് ഇക്കുറിയും ടീമിന്റെ മുഖം.എല്ലാ നിരയിലും പ്രതിഭകളാണ്.ഉസ്മാന് ഡെംബെലെ,ദിസിരെ ദുവെ,വില്യം സാലിബ,മൈക്കേല്‍ ഒലീസെ,യൂലെസ് കൊണ്ടെ, എന്‍ഗോളോ കാന്റെ തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളുണ്ട് സംഘത്തില്‍.
നോര്‍വെ
1938ല്‍ ആദ്യമായി ലോകകപ്പില്‍ പന്തുതട്ടിയ നോര്‍വേക്ക് ഇത് നാലാം ലോകകപ്പാണ്. അരങ്ങേറ്റത്തിന് ശേഷം നീണ്ട ഇടവേളയ്ക്ക് ഒടുവില്‍ 1994ല്‍,തൊട്ടടുത്ത ഫ്രാന്‍സ് ലോകകപ്പിലും കളിച്ച ശേഷം ഇപ്പോഴാണ് വീണ്ടും വരുന്നത്.1938ല്‍ പ്രീക്വാര്‍ട്ടറിലെത്തിയ ടീം 12-ാം സ്ഥാനം വരെയെത്തിയതാണ് ഏറ്റവും വലിയ നേട്ടം. ഇറ്റലി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍നിന്ന് യോഗ്യതാ റൗണ്ടിലെ എട്ടില്‍ എട്ട് കളിയും ജയിച്ചാണ് വരവ്.
യുവനിരയിലാണ് പ്രതീക്ഷ. ഗോളടിവീരന് എര്‍ലിങ് ഹാലണ്ടാണ് വജ്രായുധം. ഒപ്പം അഴ്സണല്‍ ക്യാപ്റ്റനും മധ്യനിരക്കാരനുമായ മാര്ട്ടിന് ഒദെഗാര്‍ദും ചേരും. അലെക്സാണ്ടര്‍ സോര്‍ലോത്, ഓസ്കാര്‍ ബോബ് എന്നിവരും മുതല്‍ക്കൂട്ടാകും. സ്റ്റെയ്ല്‍ സോള്ബാകെനാണ് പരിശീലകന്.റാങ്കിങ്ങില്‍ 31 മതാണ് ടീം.
സെനഗല്‍
2002 കൊറിയ ജപ്പാന് ലോകകപ്പിലാണ് ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയത്. അക്കൊല്ലം ചാമ്പ്യന്‍ ടീമായി ഇറങ്ങിയ ഫ്രാന്‍സിനെ ഉദ്ഘാടന മത്സരത്തില്‍ അട്ടിമറിച്ചുകൊണ്ടായിരുന്നു തുടക്കം.ലോക ഫുട്ബോള്‍ കണ്ട വലിയ അട്ടിമറികളില്‍ ഒന്നായിരുന്നു അത്.അക്കൊല്ലം ക്വാര്‍ട്ടര്‍ വരെ മുന്നേറാന്‍ ടീമിന് സാധിച്ചു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 2018, 2022 ലോകകപ്പുകളില്‍ കളിച്ചു.കഴിഞ്ഞ തവണ നോക്കൗട്ടില്‍ പ്രവേശിച്ചെങ്കിലും ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടു.തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് കളിക്കുന്നതിന്റെ ആവേശത്തിലാണ് ഇക്കുറി സെനെഗല്‍.
ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കളത്തില്‍ ജയിച്ച് കിരീടമുയര്ത്തിയിട്ടും പിന്നീടുള്ള തീരുമാനത്തില്‍ ചാമ്പ്യന്‍പട്ടം നഷ്ടമായ നിരാശയുണ്ട് ടീമിന്.ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മൊറോക്കോയെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. സെനെഗല്‍ അച്ചടക്കം ലംഘിച്ചതായി കണ്ടെത്തിയതിന്റെ പേരിലായിരുന്നു നടപടി. ഈ തിരിച്ചടി മറക്കാനുള്ള പ്രകടനമാണ് സാദിയോ മാനെയും കൂട്ടരും ലക്ഷ്യമിടുന്നത്. 2002ല്‍ ക്വാര്‍ട്ടറിലെത്തിയതാണ് മികച്ച പ്രകടനം. പാപെ തിയാവാണ് പരിശീലകന്. നികോളാസ് ജാക്സണ്, കലിദോ കൗലിബാലി, എഡ്വേര്‍ഡ് മെന്‍ഡി തുടങ്ങിയ പ്രധാന താരങ്ങളും ടീമിലുണ്ട്.ഫിഫ റാങ്കില്‍ 14 ആണ് സെനഗലിന്റെ സ്ഥാനം.
ഇറാഖ്
ആശിച്ചും മോഹിച്ചും ഇറാഖ് കാത്തിരുന്നത് 40 വര്‍ഷമാണ്.ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് ഏഷ്യന്‍ ടീമായ ഇറാഖ് ലോകകപ്പ് ഫുട്ബോളില്‍ കളിക്കാനെത്തുന്നത്.ഇതിന് മുമ്പ് 1986 മെക്സിക്കന്‍ ലോകകപ്പില്‍ കളിച്ച ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തോറ്റ് പുറത്തായി.കളിച്ച മൂന്ന് മത്സരങ്ങളില്‍ മൂന്നും പരാജയപ്പെടുകയായിരുന്നു.ഒരു ഗോള്‍ നേടാനായി എന്നത് മാത്രമാണ് ആശ്വാസം. പിന്നീട് ഒരിക്കലും കടമ്പ കടക്കാനായില്ല. ഇത്തവണ പ്ലേ ഓഫില്‍ ബൊളീവിയയെ തോല്‍പ്പിച്ചാണ് വരവ്.ഓസ്ട്രേലിയന്‍ കോച്ചായിരുന്ന ഗ്രഹാം ആര്ണോള്ഡിനാണ് ചുമതല. ക്യാപ്റ്റന്‍ അയ്മേന്‍ ഹുസൈന്, അലി അല്‍ ഹമാദി, അലി ജാസിം എന്നിവരിലാണ് പ്രതീക്ഷകള്‍.
