
കൊച്ചി: ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം "സീക്രട്ട് ഓഫ് കലിംഗ"യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മിസ്റ്ററി ഹൊറർ കോമഡി ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ഈ ചിത്രം നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്.
"തക തക താനെ.." എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം ഒരു ചിത്രകഥയുടെ രൂപത്തിലാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. പ്രേക്ഷകരെ ഒരേസമയം അമ്പരിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ ഘടകങ്ങൾ ചിത്രത്തിലുണ്ടെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്ന ഗാനം നൽകുന്നത്.
ജിഷ്ണു എം. ആര്യനും സംവിധായകൻ സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂൺ മാസത്തിൽ തന്നെ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു. മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്; ഛായാഗ്രഹണം: ആശ്രിത് സന്തോഷ്, എഡിറ്റിംഗ്: അശ്വന്ത് രവീന്ദ്രൻ, സംഗീതവും പശ്ചാത്തല സംഗീതവും: ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, ആർട്ട്: അഖിൽ റോയ്, പ്രൊഡക്ഷൻ കൺട്രോളർ: ജെ.പി. മണക്കാട്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ്: ഖാലിദ് അബൂബക്കർ, സൗണ്ട് ഡിസൈൻ: സുബിൻ ജോസഫ്.
