
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ നാളെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും. നാളെ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കാനിരുന്ന അനുരഞ്ജന ചര്‍ച്ച മാറ്റിവെച്ച സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം രോഗീ പരിചരണത്തെ പൂര്‍ണ്ണമായി ബാധിക്കാതിരിക്കാന്‍ ആശുപത്രികളില്‍ മൂന്നിലൊന്ന് നഴ്സുമാര്‍ നാളെ ജോലിയില്‍ പ്രവേശിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തൃശ്ശൂരില്‍ നാളെ പണിമുടക്ക് നടക്കുമ്പോള്‍, മറ്റ് ജില്ലകളില്‍ നാളെ നഴ്സുമാര്‍ കരിദിനമായി ആചരിക്കും. ഇന്ന് തൃശ്ശൂരില്‍ സമരത്തിനിടെ നഴ്സുമാര്‍ക്ക് നേരെ പോലീസ് നടത്തിയ മര്‍ദ്ദനത്തിലും ലാത്തിച്ചാര്‍ജ്ജിലും പ്രതിഷേധിച്ചാണ് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുന്നത്.
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ ജൂബിലി മിഷന്, അമല എന്നീ ആശുപത്രികളിലെ തൊഴില്‍ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചും മാനേജ്മെന്റുകളുടെ നിലപാടുകള്‍ക്കെതിരെയുമാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ സമരം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് തൃശ്ശൂര്‍ ജില്ലാ ലേബര്‍ ഓഫീസിലേക്ക് നഴ്സുമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. മാര്‍ച്ചിനിടെ കളക്ടറേറ്റ് പരിസരത്തേക്ക് പ്രവേശിച്ച നഴ്സുമാര്‍ക്ക് നേരെ പോലീസ് ക്രൂരമായി ലാത്തി വീശുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ചും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ഉന്നയിച്ച് നഴ്സുമാര്‍ പിന്നീട് ജില്ലാ ലേബര്‍ ഓഫീസ് പൂര്‍ണ്ണമായി ഉപരോധിച്ചു.
തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കവെ, തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഈ വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് നഴ്സുമാര്‍ ഉപരോധ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ നാളെ നടക്കാനിരുന്ന തൊഴില്‍ വകുപ്പിന്റെ ഔദ്യോഗിക ചര്‍ച്ച മാറ്റിവെച്ചതായി അറിയിപ്പ് വന്നതോടെയാണ് നഴ്സുമാര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. നാളത്തെ സൂചന പണിമുടക്കിലൂടെയും കരിദിനാചരണത്തിലൂടെയും തങ്ങളുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് യുഎന്‍എയുടെ തീരുമാനം.
