
ലണ്ടന്‍: ലണ്ടനിലെ പ്രമുഖ നൈറ്റ് ക്ലബിലുണ്ടായ അടിപിടി വിവാദത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ കടുത്ത പ്രതിസന്ധി. സംഭവത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അന്വേഷണം ശക്തമാക്കിയ സാഹചര്യത്തില്‍, ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്‌സ് തന്റെ 15 വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ബെന്‍ സ്റ്റോക്‌സും സഹ ഓള്‍റൗണ്ടര്‍ ഗസ് അറ്റ്കിന്‍സണും ലണ്ടനിലെ കിങ്സ് റോഡിലുള്ള 'റെക്സ് റൂംസ്' നൈറ്റ് ക്ലബില്‍ വെച്ച് സാരസെന്‍സ് റഗ്ബി ക്ലബ് താരങ്ങളുമായി ഏറ്റുമുട്ടിയത്.
ക്ലബ്ബ് അടിപിടിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കാനുള്ള അവസരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റോക്‌സിന് നല്‍കിയിട്ടുണ്ടെന്ന് 'ക്രിക്ഇന്‍ഫോ' റിപ്പോര്‍ട്ട് ചെയ്തു. സ്വയം രാജിവെക്കുകയാണെങ്കില്‍ സ്റ്റോക്‌സിന് ഒരു കളിക്കാരനായി ടെസ്റ്റ് ടീമില്‍ തുടരാന്‍ സാധിക്കും. എന്നാല്‍ പദവി ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുടെ ഭാഗമായി ബോര്‍ഡ് അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നേരിട്ട് നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ്, ക്യാപ്റ്റന്‍ സ്ഥാനം ബോര്‍ഡിന് മുന്നില്‍ ഒഴിഞ്ഞുകൊടുക്കുന്നതിനേക്കാള്‍ ഭേദം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായി വിരമിക്കുന്നതാണെന്ന കടുത്ത നിലപാടിലേക്ക് സ്റ്റോക്‌സ് എത്തിയതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
നിലവില്‍ ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ നിന്ന് മാറി ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് സ്റ്റോക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ആഷസ് പരമ്പരയ്ക്ക് ശേഷം മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവുമായുള്ള സ്റ്റോക്‌സിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണതും പെട്ടെന്നുള്ള വിരമിക്കല്‍ ചിന്തയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. പൂര്‍ണ്ണമായി വിരമിച്ചില്ലെങ്കില്‍ കരിയറില്‍ നിന്ന് ഒരു താല്ക്കാലിക ഇടവേള എടുക്കുന്നതിനെക്കുറിച്ചും സ്റ്റോക്‌സ് ആലോചിക്കുന്നുണ്ട്. മുന്‍പ് 2021-ലും മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് സ്റ്റോക്‌സ് ക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു.
നേരത്തെ നടന്ന ആഷസ് പരമ്പരയ്ക്കിടെ ഹാരി ബ്രൂക്ക്, ബെന്‍ ഡക്കറ്റ് എന്നിവര്‍ ഉള്‍പ്പെട്ട സമാനമായ നൈറ്റ് ക്ലബ്ബ് വിവാദങ്ങള്‍ക്ക് ശേഷം, കളിക്കാര്‍ രാത്രി പുറത്തുപോവുന്നതിന് ഇസിബി കര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ബോര്‍ഡിന്റെ ഈ അച്ചടക്ക നിയമം കാറ്റില്‍പ്പറത്തിയാണ് ക്യാപ്റ്റന്‍ തന്നെ നൈറ്റ് ക്ലബ്ബിലെത്തിയത് ഇസിബിയെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇസിബി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബെന്‍ സ്റ്റോക്‌സിനെയും ഗസ് അറ്റ്കിന്‍സണെയും സസ്‌പെന്‍ഡ് ചെയ്യാനാണ് സാധ്യത. ഇതോടെ ജൂണ്‍ 17-ന് ആരംഭിക്കുന്ന ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇരുവരും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇത് ഇംഗ്ലണ്ട് ടീമിന് കളിയിലും വലിയ തിരിച്ചടിയാകും.
