
മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരില്‍ (PoK) ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയും (ജെഎഎസി) പാക്കിസ്ഥാന് സുരക്ഷാസേനയും തമ്മിലുണ്ടായ വന്‍ സംഘര്‍ഷത്തില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. റാവലക്കോട്ട് നഗരത്തിലാണ് അക്രമം അതിരൂക്ഷമായി തുടരുന്നത്. ബര്‍ണാല, ഭിംബര്‍, മിര്‍പൂര്‍, കോട്ലി, മുസാഫറബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ആഞ്ഞടിക്കുകയാണ്. ജനക്കൂട്ടത്തിന് നേരെ സുരക്ഷാസേന വ്യാപകമായി കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജ്ജും പ്രയോഗിക്കുന്നതിന്റെയും ഏറ്റുമുട്ടുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജൂലൈ 27-ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 45 സീറ്റുകളില്‍ 12 എണ്ണം അഭയാര്‍ഥികള്‍ക്കായി മാറ്റിവെച്ചതിനു പിന്നാലെയാണ് ജെഎഎസി പ്രതിഷേധ സമരം തുടങ്ങിയത്. ഇത്തരത്തില്‍ സീറ്റുകള്‍ മാറ്റിവെച്ചാല്‍ അത് പ്രാദേശിക പ്രാതിനിധ്യം കുറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ അധികൃതരെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പാക്ക് ഭരണകൂടം ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിക്കുകയാണുണ്ടായത്. റാവലകോട്ടില്‍ ജൂണ്‍ 5 മുതല്‍ പ്രതിഷേധം ശക്തമായിരുന്നു. ക്രമസമാധാനവും സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞയാഴ്ച അധികൃതര്‍ ജെഎഎസിയെ നിരോധിച്ചത്. വെള്ളിയാഴ്ച രാത്രി സുരക്ഷാസേനയുടെ വെടിയേറ്റ് ഒരു വ്യാപാരി കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ പ്രതിഷേധം കൂടുതല്‍ കടുത്തത്. ഞായറാഴ്ച വ്യാപാരിയുടെ മൃതദേഹമുണ്ടായിരുന്ന ആശുപത്രി മോര്‍ച്ചറിയുടെ മുന്നില്‍ ജെഎഎസിയെ പിന്തുണയ്ക്കുന്നവര്‍ വലിയ തോതില്‍ ഒത്തുചേരുകയായിരുന്നു എന്ന് റവാലാകോട്ടിലെ കമ്മിഷണര്‍ സര്‍ദാര്‍ വഹീദ് ഖാന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേന ശ്രമിക്കവേ, ജെഎഎസി പ്രവര്‍ത്തകര്‍ ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോള്‍ ബോംബുകളും മറ്റ് ആയുധങ്ങളും സുരക്ഷാസേനയ്ക്കു നേരെ പ്രയോഗിച്ചതായും തുടര്‍ന്നുണ്ടായ പ്രതികരണത്തില്‍ ആറ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായും വഹീദ് ഖാന് പറഞ്ഞു. നടപടിയ്ക്കിടെ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അധികൃതര്‍ പുറത്തുവിട്ട സിവിലയന്മാരുടെ മരണസംഖ്യ ശരിയല്ലെന്നും അതിലേറെ മരണം സംഭവിച്ചിട്ടുണ്ടെന്നും പ്രദേശവാസികളും ജെഎഎസിയെ പിന്തുണയ്ക്കുന്നവരും ആരോപിക്കുന്നു. തങ്ങള്‍ക്ക് നേരെ സുരക്ഷാസേന വന്‍തോതില്‍ അമിത ബലപ്രയോഗം നടത്തുകയായിരുന്നുവെന്നാണ് പ്രാദേശികവാസികള്‍ പറയുന്നത്.
പാക് അധിനിവേശ കശ്മീര്‍ പ്രദേശത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ ആവശ്യങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിവിധ കൂട്ടായ്മകളുടെ സിവില്‍ സൊസൈറ്റി സഖ്യമാണ് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി. വിലക്കയറ്റം, കടുത്ത വൈദ്യുതി ക്ഷാമം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, പ്രദേശത്തെ പ്രകൃതിവിഭവങ്ങള്‍ പാക്കിസ്ഥാന് ചൂഷണം ചെയ്യല്‍, രാഷ്ട്രീയമായ അരികുവത്കരണം എന്നിവയ്ക്കെതിരെയാണ് ഈ കൂട്ടായ്മ പ്രധാനമായും സമരം ചെയ്യുന്നത്. മുന്‍പ് ഇവര്‍ നടത്തിയ പല സമരങ്ങളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ആഴ്ച റീജിയണല്‍ അഡ്മിനിസ്ട്രേഷന് ഭീകരവിരുദ്ധ നിയമപ്രകാരം സംഘടനയെ നിരോധിച്ചത്. എന്നാല്‍ നിരോധനവും ഇന്റര്‍നെറ്റ് ബ്ലാക്ക്ഔട്ടും നിലവിലുണ്ടെങ്കിലും തങ്ങളുടെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പാക് അധികൃതര്‍ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും വിച്ഛേദിച്ചതായും പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് നീക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ പിഒകെയിലെ പാക് അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തിലും, പ്രത്യേകിച്ച് ബ്രിട്ടനിലും പ്രതിഷേധം ശക്തമാവുകയാണ്. പാക് അധിനിവേശ കശ്മീരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ ബ്രിട്ടന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് 50ലധികം ബ്രിട്ടീഷ് എംപിമാര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കത്ത് നല്കി. തങ്ങളുടെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് യുകെയിലെ നിരവധി പാക് വംശജര്‍ പരാതിപ്പെട്ടതായി പാക് വംശജനായ ബ്രാഡ്ഫോര്‍ഡ് ഈസ്റ്റ് എംപി ഇമ്രാന് ഹുസൈന് വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണാന്‍ പാകിസ്ഥാന് മേല്‍ നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
