
തിരുവനന്തപുരം: 'നിങ്ങള്‍ എന്തും പറയണം, ഞങ്ങള്‍ തിരുത്തും' എന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം വിശ്വസിച്ച് കേരളത്തിലുടനീളമുള്ള സി.പി.എം ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മിറ്റികളില്‍ സഖാക്കള്‍ മനസ്സ് തുറന്നു സംസാരിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് ഈ ആഹ്വാനം നല്‍കിയത്. എന്നാല്‍, താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്ന കനത്ത ആക്രോശങ്ങളും നേതൃമാറ്റത്തിനായുള്ള മുറവിളികളും സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ടില്‍ എത്തിയപ്പോള്‍ വെട്ടിനിരത്തപ്പെടുന്ന കാഴ്ചയാണ് കേരളം കാണുന്നത്. തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ അണികളുടെ വിമര്‍ശനങ്ങളെ പാടേ അവഗണിച്ച്, തെറ്റുകള്‍ മയപ്പെടുത്തി തടിയൂരാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കം സി.പി.എമ്മിനെ മറ്റൊരു ബംഗാള്‍ ദുരന്തത്തിലേക്കാണോ നയിക്കുന്നത് എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമാവുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ ഒന്നാം ഉത്തരവാദി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്നതായിരുന്നു താഴെത്തട്ടിലെ ചര്‍ച്ചകളില്‍ ഉയര്‍ന്ന പൊതുവികാരം. മുന്‍പ് പിണറായിയെ 'കാരണഭൂതന്' എന്ന് വിശേഷിപ്പിച്ച് തിരുവാതിരക്കളി നടത്തിയ പാറശ്ശാലയിലെ ഏരിയ സെക്രട്ടറി പോലും ഇത്തവണ പിണറായിയുടെ ശൈലിക്കെതിരെയാണ് വിരല്‍ ചൂണ്ടിയത്. കെ.കെ. ശൈലജ ടീച്ചറെപ്പോലെയുള്ള ജനകീയ മുഖങ്ങളെ മുന്നില്‍ നിര്‍ത്തിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ ദയനീയ പരാജയം ഉണ്ടാകുമായിരുന്നില്ലെന്നും, ജനങ്ങളില്‍ നിന്ന് അകന്ന പിണറായി വിജയനെ മുന്‍നിര്‍ത്തിയത് വോട്ടര്‍മാരെ ശത്രുക്കളാക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ എന്നും സഖാക്കള്‍ തുറന്നടിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് പിണറായി വിജയനെയും, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിയ സാഹചര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് എം.വി. ഗോവിന്ദനെയും മാറ്റണമെന്ന കടുത്ത ആവശ്യമാണ് കീഴ്ഘടകങ്ങളില്‍ നിന്ന് ഉയര്‍ന്നത്. എന്നാല്‍, ഇതൊന്നും കാണാനോ കേള്‍ക്കാനോ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. ഈ വലിയ നേതൃമാറ്റ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. വ്യക്തിപരവും നയപരവുമായ വീഴ്ചകളെ അങ്ങേയറ്റം മയപ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലൂടെ, തോല്‍വിയുടെ യഥാര്‍ത്ഥ ഉത്തരവാദികളായ ഉന്നതരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സംസ്ഥാന കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.
കണ്ണൂരിലുണ്ടായത് വലിയ വീഴ്ചയാണെന്ന് സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു എന്നത് സത്യമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്നും, തളിപ്പറമ്പിലും പയ്യന്നൂരിലും അടക്കം ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഗുരുതരമായ പാളിച്ചകള്‍ സംഭവിച്ചെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഈ വീഴ്ചകളെല്ലാം അണികളുടെയും പ്രാദേശിക നേതാക്കളുടെയും തലയില്‍ കെട്ടിവെച്ച്, തങ്ങള്‍ തെറ്റുകാരാണെന്ന് സമ്മതിക്കാന്‍ മുകളിലുള്ളവര്‍ തയ്യാറാകുന്നില്ല. താഴെത്തട്ടിലെ സഖാക്കളുടെ പ്രവര്‍ത്തന വൈകല്യമാണ് തോല്‍വിക്ക് കാരണമെന്ന രീതിയിലാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കാര്യങ്ങള്‍ പറഞ്ഞു വെയ്ക്കുന്നത്. ഇത് അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
കനത്ത തോല്‍വിക്ക് കാരണം കേവലം ജാതി സമവാക്യങ്ങളും വോട്ട് ചോര്ച്ചയുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പാര്‍ട്ടി റിപ്പോര്‍ട്ടിലെ ശ്രമം. സംസ്ഥാനത്ത് ഇടതുപക്ഷത്തിനെതിരായി യാതൊരുവിധ ഭരണവിരുദ്ധ വികാരവുമില്ലെന്ന അസംബന്ധമായ കണ്ടെത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാരിന്റെ നയങ്ങളിലോ മുഖ്യമന്ത്രിയുടെ അമിത ധാര്ഷ്ട്യത്തിലോ ജനങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും, വോട്ട് ബാങ്കുകളിലെ അടിയൊഴുക്കുകള്‍ മാത്രമാണ് തിരിച്ചടിയായതെന്നുമാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്. ഇത് ജനങ്ങളുടെ പള്‍സ് അറിയാന്‍ പാര്‍ട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്.
യു.ഡി.എഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ബോധപൂര്‍വ്വം നടത്തിയ കുപ്രചാരണങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും, അതാണ് വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നുമാണ് റിപ്പോര്‍ട്ടിലെ മറ്റൊരു വിചിത്രമായ ന്യായീകരണം. പത്തു കൊല്ലത്തെ തുടര്‍ച്ചയായ ഭരണം ജനങ്ങളെ സ്വാഭാവികമായി എതിരാക്കിയെന്നും, ഭരണത്തില്‍ ചില തെറ്റായ പ്രവണതകള്‍ ഉണ്ടായതിനാല്‍ ഭരണമാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു എന്നും റിപ്പോര്‍ട്ടില്‍ പരോക്ഷമായി സമ്മതിക്കുന്നുണ്ട്. എന്നാല്‍, ഈ 'തെറ്റായ പ്രവണതകള്‍' എന്തൊക്കെയാണെന്ന് കൃത്യമായി നിര്‍വ്വചിക്കാനോ അതിന് കാരണക്കാരായവരെ ശിക്ഷിക്കാനോ പാര്‍ട്ടി മുതിരുന്നില്ല.
പരാജയത്തിന് 'കൂട്ടായ ഉത്തരവാദിത്തം' ഉണ്ടെന്ന് പറയുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന് എന്ന ഒറ്റ വ്യക്തിയിലേക്ക് വിമര്‍ശനം എത്താതിരിക്കാനുള്ള കവചമൊരുക്കുകയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചെയ്തത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിന് കൂട്ടായ വീഴ്ച സംഭവിച്ചെന്നും, ഇത് വിമര്‍ശനാത്മകമായി ഉള്‍ക്കൊണ്ട് സ്വയം തിരുത്തണമെന്നും തിരുത്താന്‍ തയ്യാറാകാത്തവരെ പാര്‍ട്ടി തിരുത്തിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ഈ പറയുന്നതല്ലാതെ പ്രായോഗികമായി യാതൊരുവിധ തിരുത്തലിനും സി.പി.എം തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.
സംഘടനയില്‍ ആവശ്യമായ തിരുത്ത് വരുത്താമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടുണ്ടെങ്കിലും അതിനായി ഓഗസ്റ്റ് മാസം വരെ സമയം നീട്ടിനല്കിയിരിക്കുകയാണ്. വിശാലമായ ചര്‍ച്ചയ്ക്കായി ഓഗസ്റ്റില്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരാനാണ് നിലവിലെ തീരുമാനം. അതിന് മുന്‍പ് കീഴ്ഘടകങ്ങളില്‍ ഒരു വട്ടം കൂടി ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുമെന്നാണ് നേതൃത്വം പറയുന്നത്. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നുള്ളവരെ അടക്കം പങ്കെടുപ്പിച്ച് വിപുലമായ യോഗമായിരിക്കും ഓഗസ്റ്റില്‍ വിളിച്ച് ചേര്‍ക്കുക. എന്നാല്‍, ചര്‍ച്ചകള്‍ എത്ര നടന്നാലും അന്തിമ റിപ്പോര്‍ട്ടില്‍ നിന്ന് പിണറായിക്കെതിരെയുള്ള വരികള്‍ വെട്ടിമാറ്റുന്ന രീതി തുടര്‍ന്നാല്‍ ഈ ചര്‍ച്ചകളെല്ലാം വെറും പ്രഹസനമായി മാറും.
ഇതേ രീതിയിലുള്ള തിരുത്തല്‍ വിമുഖതയും അന്ധമായ കടുംപിടുത്തങ്ങളുമാണ് മുന്‍പ് പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ ഉന്നത നേതാക്കളെ സംരക്ഷിക്കാന്‍ പാര്‍ട്ടി മെഷിനറിയെ ഉപയോഗിച്ചതോടെ ബംഗാളിലെ ജനങ്ങള്‍ പാര്‍ട്ടിയെ പൂര്‍ണ്ണമായും കൈവിട്ടു. ഇന്ന് ബംഗാളില്‍ സി.പി.എം എന്ന പ്രസ്ഥാനം വെറുമൊരു ഓര്‍മ്മ മാത്രമായി അവശേഷിക്കുമ്പോഴും, അതേ തെറ്റുകള്‍ കേരളത്തിലും ആവര്‍ത്തിക്കാന്‍ നേതൃത്വം മടിക്കുന്നില്ല. അണികളുടെ വായടപ്പിച്ചും മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും മുന്നോട്ട് പോയാല്‍ കേരളത്തിലും സി.പി.എമ്മിനെ കാത്തിരിക്കുന്നത് ബംഗാള്‍ മോഡല്‍ തകര്‍ച്ച തന്നെയായിരിക്കും.
ചുരുക്കത്തില്‍, സി.പി.എമ്മില്‍ ഇപ്പോള്‍ നടക്കുന്ന 'തെറ്റുതിരുത്തല്‍ പ്രക്രിയ' എന്നത് കേവലം കണ്ണില്പ്പൊടിയാണെന്ന് വ്യക്തമാവുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധാര്‍ഷ്ട്യവും അഴിമതി ആരോപണങ്ങളും മാസപ്പടി വിവാദങ്ങളും ജനങ്ങളെ പാര്‍ട്ടിക്കെതിരാക്കിയെന്ന് അണികള്‍ അലമുറയിട്ട് പറയുമ്പോഴും, തങ്ങള്‍ക്ക് യാതൊരു തെറ്റും പറ്റിയിട്ടില്ലെന്ന ഭാവത്തിലാണ് വി.ഡി.എസ് ഭരണകാലത്തും ക്ലിഫ് ഹൗസും എ.കെ.ജി സെന്ററും മുന്നോട്ട് പോകുന്നത്. ഈ കടുംപിടുത്തം തിരുത്തിക്കാന്‍ അണികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതിലും വലിയ തിരിച്ചടികളാകും സി.പി.എമ്മിനെ കാത്തിരിക്കുന്നത്.
