
കൊച്ചി: ഷറഫുദീൻ നായകനായെത്തിയ ഹിറ്റ് ചിത്രം "മധുവിധു"വിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് കല്യാണി പണിക്കർ. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി, അമ്മയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ 'ജോക്കർ' സിനിമയെക്കുറിച്ചുള്ള ചില അപൂർവ്വ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. തനിക്ക് അമ്മ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ലോഹിതദാസ് സംവിധാനം ചെയ്ത 'ജോക്കർ' സിനിമയിലെ സുശീല എന്ന കഥാപാത്രമാണെന്നും, ആ സിനിമ ചെയ്യുമ്പോൾ അമ്മ തന്നെ ഗർഭിണിയായിരുന്നുവെന്നും കല്യാണി വെളിപ്പെടുത്തി.
"അമ്മ ചെയ്ത ജോക്കറിലെ സുശീല എന്ന കഥാപാത്രം പോലൊരു വേഷം ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. ഞാൻ എന്തിനാണ് ആ സിനിമയെ ഇത്രയധികം പ്രമോട്ട് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ആ സിനിമയിൽ അമ്മ ഒരു വാഴക്കുലയൊക്കെ വെട്ടി തോളിൽ വെച്ച് പുറകിലൂടെ വരുന്ന ഒരു രംഗമുണ്ട്. ആ സീനിൽ അമ്മയുടെ മുഖത്ത് വരുന്ന എക്സ്പ്രഷൻ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഉള്ളിലുള്ള വലിയ വിഷമങ്ങളെ ഒതുക്കിപ്പിടിച്ച്, അതിനെ ഹ്യൂമറാക്കി മാറ്റിയിരിക്കുകയാണ് ആ സീനിൽ. ഉള്ളിലെ ആ വേദന പുറത്തുകാണിക്കാതെ അഭിനയിക്കുക എന്നതൊക്കെ എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അമ്മയുടെ മകളായതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. ആ സിനിമയുടെ ചിത്രീകരണ സമയത്ത് അമ്മ എന്നെ ആറുമാസം ഗർഭിണിയായിരുന്നു. അതുകൊണ്ടുകൂടിയാണോ എന്നറിയില്ല ആ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്," കല്യാണി പണിക്കർ പറഞ്ഞു.
ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവരുടെ തിരക്കഥയിൽ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത 'മധുവിധു' തിയേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. ഒരു ഫാമിലി കോമഡി എന്റർടൈനർ ആയി ഒരുങ്ങിയ ചിത്രത്തിൽ സ്നേഹ എന്ന നായികാ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. ചിത്രത്തിൽ ബിന്ദു പണിക്കരും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. അസീസ് നെടുമങ്ങാട്, സായ്കുമാർ, ജഗദീഷ്, സഞ്ജു മധു, വിനീത് തട്ടിൽ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിന്റെ ഭാഗമായിരുന്നു.
