
കൊച്ചി: മമ്മൂട്ടി നായകനായ 'കാതൽ ദ കോർ' സിനിമയുടെ സെറ്റിൽ വെച്ച് തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയെ നേരിട്ട് കാണാൻ കഴിയാതെ പോയതിനെക്കുറിച്ചും, പിന്നീട് അദ്ദേഹത്തിന്റെ തന്നെ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചതിനെക്കുറിച്ചും മനസ്സ് തുറന്ന് നടി അനഘ രവി. സൂര്യ നായകനായ ആർ.ജെ ബാലാജി ചിത്രം 'കറുപ്പി'ലെ മികച്ച പ്രകടനത്തിലൂടെ തമിഴകത്തും ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് താരം. റെഡ് എഫ്.എമ്മിന്ന ൽകിയ അഭിമുഖത്തിലാണ് അനഘ തന്റെ സിനിമാ തുല്യമായ അനുഭവം പങ്കുവെച്ചത്.
"കാതൽ സിനിമയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു അത്. അന്ന് എനിക്ക് ഷൂട്ടിങ് ഇല്ലാത്തതിനാൽ റൂമിൽ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് അസിസ്റ്റന്റ് ഡയറക്ടർ വിളിച്ച് മമ്മൂക്കയോടൊപ്പമുള്ള ഒരു വീഡിയോ കോൾ സീൻ ഷൂട്ട് ചെയ്യാനുണ്ടെന്ന് പറയുന്നത്. അങ്ങനെ പെട്ടെന്ന് തന്നെ ആ സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞു. പക്ഷേ, ഞാൻ കോൾ കട്ട് ചെയ്തില്ലായിരുന്നു. അപ്പോൾ മമ്മൂട്ടി സാർ ഫോൺ വാങ്ങിയിട്ട് ‘ഒരാൾക്ക് തരാം’ എന്ന് പറഞ്ഞ് ക്യാമറ തിരിച്ചപ്പോൾ ഞാൻ കാണുന്നത് സൂര്യ സാറിനെയും ജ്യോതിക മാമിനെയുമാണ്! നേരിട്ട് പോലും കണ്ടിട്ടില്ലാത്ത സൂര്യ സാർ എന്നോട് ആദ്യം ചോദിച്ചത്, 'എന്താ അനഘ വരാഞ്ഞത്, ഇവിടെ നിന്നെ സെറ്റിൽ മിസ്സ് ചെയ്യുന്നുണ്ട്' എന്നാണ്. എനിക്ക് ശരിക്കും അതൊരു വല്ലാത്ത നിമിഷമായിരുന്നു"- അനഘ പറയുന്നു.
പിന്നീട് റൂമിലെത്തി അമ്മയോട് ഈ കാര്യം പറഞ്ഞപ്പോൾ, ‘അവിടെ തൊട്ടടുത്തല്ലേ, പോയി നേരിട്ട് കാണാമായിരുന്നില്ലേ’ എന്ന് അമ്മ ചോദിച്ചതായി അനഘ ഓർക്കുന്നു. "അപ്പോഴാണ് ഞാൻ അമ്മയോട് ചുമ്മാ ഒരു വാശിക്ക് പറയുന്നത്, ‘ഞാൻ സൂര്യ സാറിനെ കാണുകയാണെങ്കിൽ അത് ഒന്നിച്ച് അഭിനയിക്കാൻ വേണ്ടി മാത്രമായിരിക്കും’ എന്ന്. അങ്ങനെ ചിന്തിക്കുമ്പോൾ എന്തോ ഒരു പ്രത്യേക പോസിറ്റീവ് പവർ ഉള്ളതുപോലെ എനിക്ക് തോന്നുമായിരുന്നു." - അനഘ കൂട്ടിച്ചേർത്തു. വർഷങ്ങൾക്കിപ്പുറം 'കറുപ്പ്' എന്ന ചിത്രത്തിലൂടെ സൂര്യക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതോടെ അനഘ അന്ന് അമ്മയോട് പറഞ്ഞ വാക്കുകൾ യാഥാർത്ഥ്യമായിരിക്കുകയാണ്.
ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ' എന്ന ചിത്രത്തിലൂടെയാണ് അനഘ ശ്രദ്ധേയയാകുന്നത്. പിന്നീട് 'ആലപ്പുഴ ജിംഖാന', 'അപ്പുറം', 'അന്വേഷിപ്പിൻ കണ്ടെത്തും' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് സാധിച്ചു.
അതേസമയം, ആഗോള ബോക്സ് ഓഫീസിൽ 200 കോടി നേട്ടം സ്വന്തമാക്കി തകർപ്പൻ മുന്നേറ്റം തുടരുകയാണ് സൂര്യയുടെ 'കറുപ്പ്'. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാസങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
