ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയുടെ ഡൽഹി സന്ദർശനവേളയിൽ കൂടിക്കാഴ്ച ഒഴിവാക്കി പാർട്ടി എംപിമാർ. മുൻകാലങ്ങളിൽ മമത ഡൽഹിയിലെത്തുമ്പോൾ കാണാറുള്ള പാർട്ടി എംപിമാരുടെ വലിയ നിര ഇത്തവണ അപ്രത്യക്ഷമായിരുന്നു. ഇതോടെ മമതയുടെ ഡൽഹി സന്ദർശനവേളയിൽ പാർട്ടി എംപിമാർ വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. To advertise here, മമതയ്ക്കൊപ്പം അഭിഷേക് ബാനർജിയും ഡെറിക് ഒബ്രിയാനും മാത്രമാണ് ഇത്തവണ ഉണ്ടായിരുന്നത്. മമത എത്തുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ഡൽഹിയിലെത്തി കാര്യങ്ങൾ ഏകോപിപ്പിക്കാൻ അഭിഷേക് ബാനർജി ശ്രമിച്ചിരുന്നു. പല പാർട്ടി എംപിമാരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ല. പലരും കോളുകളോട് പ്രതികരിക്കാനും തയ്യാറായില്ല. നാല് വനിതാ എംപിമാരെങ്കിലും മമതയുടെ സന്ദർശന സമയത്ത് ഡൽഹിയിൽനിന്നും പൂർണമായും വിട്ടുനിന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടി നേതാക്കളെ കൊണ്ട് സജീവമായിരുന്ന അഭിഷേക് ബാനർജിയുടെ വസതി ഇപ്പോൾ തിരക്കൊഴിഞ്ഞ നിലയിലാണ്. സന്ദർശകരുടെ നീണ്ട നിര അപ്രത്യക്ഷമായിരിക്കുന്നു. തൃണമൂൽ എംപിമാരുടെ ഡൽഹിയിലെ താൽക്കാലിക കേന്ദ്രമായിരുന്ന സുഖേന്ദു ശേഖർ റോയിയുടെ വസതിയുടെ അവസ്ഥയും സമാനമാണ്. സുഖേന്ദു ശേഖർ റോയി പാർട്ടിയിൽനിന്ന് രാജിവെക്കുകയും ചെയ്തു. ഒരുകാലത്ത് പാർട്ടിക്കുള്ളിൽ ചോദ്യംചെയ്യപ്പെടാത്ത പിന്തുണ ആസ്വദിച്ചിരുന്ന ഒരു നേതാവിന് നേരെ സ്വന്തം അണികളിൽ നിന്ന് ഉയരുന്ന ഈ വിമുഖത വലിയൊരു രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. പാർട്ടിക്കുള്ളിൽ പുകയുന്ന ഈ നിശ്ശബ്ദത മമത ബാനർജിക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ മുന്നറിയിപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്. Content Highlights: A silent protest is reportedly brewing within the Trinamool Congress as party MPs deliberately skipped meetings and avoided phone calls during party supremo Mamata Banerjee's recent visit to Delhi, signaling a major internal political crisis. Published: 09 Jun 2026, 09:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
