പുല്പള്ളി : കേരള-കർണാടക അതിർത്തിഗ്രാമമായ കൊളവള്ളിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷിനാശമാണ് വരുത്തിയത്. കർണാടകയിലെ നാഗർഹോള, ബന്ദിപ്പുർ കടുവ സങ്കേതങ്ങളിൽനിന്നിറങ്ങി കബനിപ്പുഴ കടന്നാണ് കേരളത്തിലെ കൊളവള്ളി മേഖലയിലേക്ക് കാട്ടാനകളെത്തുന്നത്. To advertise here, കർണാടക വനമേഖലകൾ വേനലിൽ വരണ്ടുണങ്ങുകയും കേരളത്തിൽ ചക്കയുടെയും മാങ്ങയുടെയും കാലമെത്തുകയും ചെയ്തതോടെയാണ് തീറ്റതേടി കാട്ടാനകൾ കൂട്ടത്തോടെ കബനിപ്പുഴ കടന്നെത്തി തുടങ്ങിയത്. കബനിപ്പുഴയുടെ തീരത്തായി കേരളാതിർത്തിയിൽ തൂക്ക് വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം മറികടന്നാണ് ആനയെത്തുന്നത്. തൂക്ക് വൈദ്യുതവേലി പലഭാഗത്തും പ്രവർത്തനക്ഷമമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. തൂക്ക് വൈദ്യുതവേലിയുടെ തകരാറുകൾ പരിഹരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കബനിപ്പുഴ കടന്നെത്തിയ ആനകൾ കൊളവള്ളി ഉന്നതിക്കുസമീപമുള്ള കൃഷിയിടങ്ങളിലിറങ്ങി വ്യാപക നാശംവരുത്തി. തോട്ടങ്ങളിലെ വാഴകളും തെങ്ങും പ്ലാവും മാവുമെല്ലാം നശിപ്പിച്ചിട്ടുണ്ട്. വീടുകൾക്കുസമീപംവരെ ആനകളെത്തിയതോടെ രാത്രിയിൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. പ്രതിരോധം ശക്തമാക്കണം ചക്കയുടെയും മാങ്ങയുടെയും കാലമെത്തിയതോടെയാണ് കാട്ടാനകളുടെ ശല്യം വീണ്ടും രൂക്ഷമായത്. കഴിഞ്ഞ ദിവസം വീടിന് പുറകിലെത്തിയ ആന പ്ലാവിലെ ചക്കയെല്ലാം നശിപ്പിച്ചു. കാട്ടാനകൾ ജനവാസമേഖലയിലേക്കിറങ്ങുന്നത് തടയുന്നതിനായി കബനിയുടെ തീരത്തെ തൂക്ക് വൈദ്യുതവേലിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം. വയലിൽ നെൽകൃഷി തുടങ്ങാൻ സമയമായിരിക്കുകയാണ്. ആനശല്യം തുടരുകയാണെങ്കിൽ കൃഷിയിറക്കുക പ്രയാസമാവും. ജെയിംസ് മാപ്പനാത്ത് (കർഷകൻ) വൈദ്യുതവേലി പരിപാലിക്കണം കാട്ടാനകൾ ജനവാസമേഖലയിലേക്ക് വീണ്ടുമെത്തിയതോടെ രാത്രിയിൽ ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കബനീതീരത്ത് നിർമിച്ചിരുന്ന തൂക്ക് വൈദ്യുതവേലി കാട്ടാനശല്യം തടയുന്നതിന് ഏറെ സഹായകരമായിരുന്നു. ഈ വേലി തകർത്താണിപ്പോൾ ആനകൾ നാട്ടിലേക്കിറങ്ങുന്നത്. വൈദ്യുതവേലിയുടെ തൂണുകൾ കൂടുതൽ ബലപ്പെടുത്തണം. പൈലി ഇലഞ്ഞിക്കുഴിയിൽ (കർഷകൻ) Published: 13 May 2026, 04:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
