പാവറട്ടിയിൽ എം.സി.എഫ്. ഇല്ല To advertise here, പാവറട്ടി : മാലിന്യസംസ്കരണത്തിനായുള്ള എം.സി.എഫ്.(മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നിർമാണം എങ്ങുമെത്താത്തതിനാൽ പാവറട്ടിയിലെ ഹരിതകർമ സേന ഇരുമ്പുകോണിപ്പടികൾ കയറിയിറങ്ങി വലയുന്നു. മത്സ്യമാർക്കറ്റിന്റെ മുകളിൽ താത്കാലികമായി ഒരുക്കിയ മുറിയിലാണ് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നത്. ജീവൻ പണയംവെച്ചാണ് ഇവർ മാലിന്യച്ചാക്കുകൾ പഴക്കം ചെന്ന ഇരുമ്പുകോണിയിലൂടെ കെട്ടിടത്തിന്റെ മുകളിലേക്ക് കയറ്റിയിറക്കുന്നത്. സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ഏറെ ഭയപ്പാടോടെയാണ് ജോലിചെയ്യുന്നതെന്ന് തൊഴിലാളികൾ പറയുന്നു. പുതിയ പഞ്ചായത്തുകെട്ടിടത്തിന് താഴെ വാഹന പാർക്കിങ്ങിനായി ഒരുക്കിയ സ്ഥലത്തും മാലിന്യം സൂക്ഷിക്കുന്നുണ്ട്. ഓരോ വീട്ടിൽനിന്നും 50 രൂപ വീതം ഈടാക്കി പ്ലാസ്റ്റിക് മാലിന്യം മാത്രമാണ് നിലവിൽ ശേഖരിക്കുന്നത്. എന്നാൽ, സമീപ പഞ്ചായത്തുകളിൽ പ്ലാസ്റ്റിക്കിനൊപ്പം മറ്റ് ഖരമാലിന്യവും ശേഖരിക്കുന്ന സംവിധാനം നിലവിലുണ്ട്. പാവറട്ടിയിൽ എം.സി.എഫ്. ഇല്ലാത്തതിനാലാണ് പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിൽ മാത്രം പ്രവർത്തനം ഒതുങ്ങുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തിൽ മുൻ എം.എൽ.എ. മുരളി പെരുനെല്ലി പഞ്ചായത്ത് ഗ്രൗണ്ടിനോടുചേർന്ന സ്ഥലത്ത് എം.സി.എഫ്. നിർമാണത്തിന് തറക്കല്ലിട്ടിരുന്നുവെങ്കിലും പിന്നീട് വന്ന ഭരണസമിതി പദ്ധതിക്കാവശ്യമായ പ്രാധാന്യം നൽകിയില്ലെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്ത് ഗ്രൗണ്ടിനോടുചേർന്ന് എം.സി.എഫ്.നിർമിക്കുന്നതിനെതിരേ പ്രതിഷേധവും ഉയർന്നിരുന്നു. എം.സി.എഫ്.നിർമാണം എന്നു പൂർത്തിയാകുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഹരിതകർമസേനാംഗങ്ങൾ. Published: 13 May 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
