ടെഹ്റാൻ (ഇറാൻ): ലോകകപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ തങ്ങളുടെ ആരാധകർക്കുള്ള ടിക്കറ്റ് വിഹിതം ഫിഫ പിൻവലിച്ചെന്ന ആരോപണവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. ദേശീയ ടീമിനെ പിന്തുണയ്ക്കാൻ വിമാന ടിക്കറ്റും താമസ സൗകര്യങ്ങളും യാത്രാ പദ്ധതികളുമെല്ലാം മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ആയിരക്കണക്കിന് ആരാധകർ ഇതുമൂലം ബുദ്ധിമുട്ടിലായെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു. To advertise here, ഔദ്യോഗികമായി പ്രഖ്യാപിച്ച നടപടിക്രമങ്ങൾ പാലിച്ചിട്ടും ടിക്കറ്റുകൾ റദ്ദാക്കിയത് ആരാധകരെ ചതിക്കുന്നതിന് തുല്യമാണെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആരോപിച്ചു. ആതിഥേയ രാജ്യം എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ അമേരിക്ക ലംഘിച്ചതായും അവർ ആരോപിക്കുന്നു. ടൂർണമെന്റ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇറാന്റെ ടിക്കറ്റ് വിഹിതം ഫിഫ റദ്ദാക്കിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങളും വിസ സംബന്ധിച്ച തർക്കങ്ങളും ഇത്തവണത്തെ ടൂർണമെന്റിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2026 മാർച്ച് 12-ന് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, ഇറാന്റെ ദേശീയ ടീം ലോകകപ്പിൽ പങ്കെടുക്കുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചോദ്യം ചെയ്തിരുന്നു. അവരുടെ സുരക്ഷ കണക്കിലെടുത്ത് ഇവിടെ വരുന്നത് ശരിയല്ലെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ടിക്കറ്റ് വിവാദത്തിന് മുമ്പ് തന്നെ ഇറാൻ ടീമിന് വിസ ലഭിക്കുന്നതിൽ വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു. തങ്ങളുടെ ആദ്യ മത്സരത്തിന് 10 ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് കളിക്കാർക്ക് വിസ ലഭിച്ചത്, ഇത് അവരുടെ ടൂർണമെന്റ് തയ്യാറെടുപ്പുകളെ ബാധിച്ചു. കൂടാതെ, ടീമിനൊപ്പമുണ്ടായിരുന്ന 70 അംഗങ്ങളിൽ 15 പേർക്ക് (പ്രധാന മാനേജീരിയൽ, അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങൾ ഉൾപ്പെടെ) വിസ നിഷേധിക്കപ്പെട്ടു. എന്നാൽ ടിക്കറ്റ് വിഹിതം പിൻവലിച്ചതുമായി ബന്ധപ്പെട്ട് ഫിഫയോ ടൂർണമെന്റ് സംഘാടകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ കാരണം ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ഇറാന്റെ അഭ്യർഥന ഫിഫ നിരസിച്ചിരുന്നു. ആദ്യ സൊമാലിയൻ റഫറിയായ ഒമർ അർതാന് യു.എസിൽ പ്രവേശനം നിഷേധിക്കപ്പെട്ടതും വലിയ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് 2026 ലോകകപ്പ് നിയന്ത്രിക്കേണ്ടിയിരുന്ന ആദ്യ സൊമാലിയൻ റഫറിയായ ഒമർ അർതാനെ ഫിഫ മാച്ച് ഒഫീഷ്യൽമാരുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. 2025-ലെ ആഫ്രിക്കൻ ഫുട്ബോളിലെ മികച്ച റഫറിയായ അദ്ദേഹത്തെ മിയാമി വിമാനത്താവളത്തിൽ വെച്ചാണ് തടഞ്ഞത്. ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയയും ഉൾപ്പെടുന്നുണ്ടെങ്കിലും, അർതാനെ തിരിച്ചയച്ചതിന് യു.എസ്. ഇമിഗ്രേഷൻ അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നയതന്ത്ര പാസ്പോർട്ട് ഉൾപ്പെടെ കൃത്യമായ യാത്രാരേഖകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചതിൽ സൊമാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് വിശദീകരണം തേടിയിരുന്നു. യു.എസിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ ഒമർ അബ്ദുൽഖാദിർ അർതാന് 2026-ലെ ഫിഫ ലോകകപ്പിൽ പരിശീലനം നടത്തുന്നതിനോ മത്സരം നിയന്ത്രിക്കുന്നതിനോ സാധിക്കില്ലെന്ന് ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചു. വിസയും പ്രവേശനവും പൂർണമായും ആതിഥേയ രാജ്യത്തിന്റെ തീരുമാനമാണെന്നും, നിലവിലെ സാഹചര്യത്തിൽ അർതാന് ഈ ലോകകപ്പ് നഷ്ടമാകുമെന്നും ഫിഫ അറിയിച്ചു. 2018 മുതൽ ഫിഫ റഫറിയായ അർതാൻ, ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 52 റഫറിമാരിൽ ഒരാളായിരുന്നു. Content Highlights: Iran Football Federation claims FIFA revoked ticket quotas for Iranian fans., US-Iran political tensions impacting tournament logistics and visa approvals., Somalian referee Omar Artan removed from World Cup roster due to US entry denial., US administration raised concerns regarding Iran national team security in 2026., FIFA has not yet provided an official response regarding the ticket allegations. Published: 09 Jun 2026, 05:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
