കാളികാവ് : നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ കാളികാവ്, പാണ്ടിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആക്കുമ്പാർ (നീരട്ടിമുക്ക്) റെയിൽവേ അണ്ടർപാസിനുള്ള സാധ്യതയേറുന്നു. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും വർഷങ്ങളായുള്ള സക്രിയ ഇടപെടലുകൾ ഫലംകണ്ടുതുടങ്ങിയതോടെ മലയോരമേഖലയുടെ വികസനക്കുതിപ്പിന് പദ്ധതി വഴിത്തിരിവാകും. അണ്ടർപാസിനും അനുബന്ധറോഡിനുമായി പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടുനൽകുകയും വഴിവെട്ടുകയും ചെയ്തിട്ടുണ്ട്. To advertise here, റെയിൽവേലൈൻ ഉയർന്ന പ്രതലത്തിലൂടെ കടന്നുപോകുന്നതിനാൽ വളരെ കുറഞ്ഞ ചെലവിൽ ഇവിടെ അണ്ടർ പാസ് നിർമിക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. റെയിൽവേയുടെ സാങ്കേതികാനുമതി മാത്രമാണ് പദ്ധതിക്കു ലഭിക്കാനുള്ളത്. കാളികാവ്-തുവ്വൂർ റോഡിനെയും വാണിയമ്പലം-ചെമ്പ്രശ്ശേരി-പൂളമണ്ണ റോഡിനെയും ബന്ധിപ്പിക്കുന്ന പാത യാഥാർഥ്യമാകുന്നതോടെ മഞ്ചേരിയിലേക്കും മലപ്പുറത്തേക്കുമുള്ള യാത്രക്കാർക്ക് കിലോമീറ്ററുകളോളം ലാഭിക്കാം. തുവ്വൂർ, കരുവാരക്കുണ്ട്, പോരൂർ, കാളികാവ്, പാണ്ടിക്കാട് പഞ്ചായത്തുകളിലെ ആയിരക്കണക്കിനു കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. നിലവിൽ ബലക്ഷയം നേരിടുന്ന തുവ്വൂർ കമാനം മേൽപ്പാലത്തിന്റെ നവീകരണവേളയിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ അണ്ടർപാസ് ബദൽ മാർഗവുമാകും. പദ്ധതിയുടെ രൂപരേഖ ഇതിനകം റെയിൽവേക്ക് കൈമാറിയിട്ടുണ്ട്. പദ്ധതി ലക്ഷ്യമിട്ട് കാക്കാത്തോടിനു കുറുകെ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. അനുവദിച്ച 40 ലക്ഷം രൂപയുടെ പാലം പണി ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇതിലേക്കുള്ള അനുബന്ധറോഡിനായി എ.പി. അനിൽകുമാർ എം.എൽ.എ. അനുവദിച്ച 10 ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങളും നടന്നുവരുകയാണ്. കഴിഞ്ഞദിവസം തുവ്വൂരിലെത്തിയ സതേൺ റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഉൾപ്പെടെയുള്ള സംഘത്തിന് പദ്ധതിയുടെ പ്ലാൻ വിശദീകരിച്ചു നൽകി. പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രോഹിൽ നാഥ്, കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് രമാരാജൻ, തുവ്വൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന എന്നിവർ സ്ഥലം സന്ദർശിച്ച് നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി.
