Last Updated: 26 May 2026, 03:35 PM IST 30,000 ഹെക്ടറിൽ പുതുനടീൽ; 50,000 കർഷകർക്ക് ആനുകൂല്യം പ്രതീകാത്മക ചിത്രം | Photo: AFP കണ്ണൂർ: റബ്ബർ കർഷകർക്ക് സമാശ്വാസ പദ്ധതിയുമായി കൃഷിവകുപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യവർധക വിപണന ശൃംഖല നവീകരണം (കേര) പദ്ധതിയിലൂടെ പുനർനടീൽ നടത്തുന്ന റബ്ബർ കർഷകർക്ക് ഹെക്ടറിന് 75,000 രൂപ നിരക്കിൽ സർക്കാരിന്റെ നേരിട്ടുള്ള സഹായധനം ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലേക്ക് റബ്ബർ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉത്പാദനക്ഷമത കുറഞ്ഞ പഴയ റബ്ബർമരങ്ങൾ മുറിച്ചുമാറ്റി, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കാനും കഴിയുന്ന പുതിയ ഇനങ്ങളാണ് കേര പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്. To advertise here, സംസ്ഥാനത്ത് 30,000 ഹെക്ടർ വരെയായിരിക്കും ഇത്തരത്തിലുള്ള പുതുനടീലിന്റെ ലക്ഷ്യം. ഇതിലൂടെ ഏകദേശം 50,000 റബ്ബർ കർഷകർക്ക് നേരിട്ട് സാമ്പത്തികസഹായം ലഭ്യമാക്കും. 25 സെന്റ് മുതൽ അഞ്ച് ഹെക്ടർവരെ റബ്ബർ കൃഷിയുള്ള ചെറുകർഷകർക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആദ്യവർഷം 55,000 രൂപയും രണ്ടാംവർഷം 20,000 രൂപയും എന്ന രീതിയിൽ ഓരോ കർഷകനും പരമാവധി രണ്ട് ഹെക്ടർ വരെയുള്ള റബ്ബർ പുനർനടീലിന് സഹായധനം ലഭ്യമാകും. അത്യുത്പാദന റബ്ബർ തൈകൾ ലഭ്യമാക്കും സഹായധനത്തോടൊപ്പം കേര പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്രീയ കൃഷിമുറകളും പ്രകൃതിസൗഹൃദ കാലാവസ്ഥ അതിജീവന രീതികളും കർഷകർക്ക് കൈമാറും. മികച്ച ഇനങ്ങൾ ഉപയോഗിക്കുന്നതിനാൽ ദീർഘകാലത്തേക്ക് ഉത്പാദനം ലഭിക്കുകയും വരുമാനം വർധിക്കുകയും ചെയ്യും. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള അത്യുത്പാദന റബ്ബർ തൈകൾ കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് 30 അംഗീകൃത നഴ്സറികൾക്കും അടിസ്ഥാനസൗകര്യ വികസനത്തിന് സ്കീമിൽ പിന്തുണയുൾപ്പെടുത്തിയിട്ടുണ്ട്. നല്ല തൈകൾ കുറഞ്ഞ ചെലവിൽ കർഷകർക്ക് ലഭ്യമാക്കുന്നതിന് ഓരോ നഴ്സറിക്കും പരമാവധി ആറുലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കും. യോഗ്യരായ കർഷകർക്ക് സഹായം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത കർഷകരെ റബ്ബർ ബോർഡിന്റെ സഹകരണത്തോടെ കേര സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിലേക്ക് ക്ഷണിക്കും. യോഗ്യരായ കർഷകർക്ക് സഹായം ലഭ്യമാക്കുന്നതും പുനർനടീൽ ശരിയായി നടപ്പാക്കുന്നതും ഉറപ്പാക്കാൻ കേരയുടെ ഫീൽഡ് ഓഫീസർമാർ നേരിട്ട് വഴികാട്ടും. അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിയിടത്തിന്റെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽനിന്ന് നടീൽവസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ ഓൺലൈനായി സമർപ്പിക്കണം. വിളിക്കാം അറിയാം കൂടുതൽ വിവരങ്ങൾക്ക് കേരയുടെ കണ്ണൂരിലുള്ള നോർത്ത് കേരള റീജണൽ ഓഫീസുമായോ 7698243657, 7306595447 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. താത്പര്യമുള്ള കർഷകരും നഴ്സറികളും കേര പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാം: www.keraplantation.kerala.gov.in Content Highlights: Apply for the KERA rubber replanting scheme 2026 in Kerala. Get up to ₹75,000 financial support per hectare. Check eligibility and register online today. Published: 26 May 2026, 03:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
