
മയാമി : ലോകകപ്പിന് വെറും രണ്ട് ദിവസം ബാക്കിയിരിക്കെ സൊമാലിയൻ റഫറി ഒമർ അബ്ദുൽ ഖാദിറിനെ ഔദ്യോഗിക പട്ടികയിൽ നിന്ന് നീക്കി ഫിഫ. ഒമറിന് യുഎസ് വിസ നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2018 മുതൽ ഫിഫയുടെ ഔദ്യോഗിക ലിസ്റ്റിലുള്ള റഫറിയാണ് ഒമർ. ലോകകപ്പിന് വേണ്ടി യാത്ര ചെയ്യാൻ തുർക്കി എയർപോർട്ടിൽ എത്തിയ ശേഷമാണ് ഒമർ തനിക്ക് വിസ നിഷേധിച്ച വിവരം അറിയുന്നത്.
'അമേരിക്ക വിസ നിഷേധിച്ചതിനെ തുടർന്ന് ഒമർ അബ്ദുൽ ഖാദിറിന് ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനോ അതിന്റെ ഭാഗമായുള്ള പരിശീലനത്തിൽ പങ്കെടുക്കാനോ സാധിക്കുന്നതല്ല. അതിനാൽ അദ്ദേഹത്തെ ലോകകപ്പിനുള്ള ഔദ്യോഗിക റഫറിമാരുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നു' ഫിഫ തങ്ങളുടെ വിശദീകരണത്തിൽ പറയുന്നു. വിസ നടപടികളിൽ ഫിഫക്ക് യാതൊരു പങ്കുമില്ലെന്നും അതിനാൽ പ്രസ്തുത വിഷയത്തിൽ മറ്റു ഇടപെടലുകൾ സാധ്യമല്ലെന്നും അവർ അറിയിച്ചു.
നേരത്തെ തന്നെ ഇറാൻ താരങ്ങളുടെയും ടീം സ്റ്റാഫിന്റേയും ഉൾപ്പടെ നിരവധി പേരുടെ വിസ തടഞ്ഞുതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് റഫറിക്കും വിസ നിഷേധിച്ചത്.
'വിസ നിഷേധിച്ചതിൽ എനിക്ക് ആരോടും പരാതിയില്ല. എന്നെ ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദി. തുടർന്നുള്ള മത്സരങ്ങൾ നിയന്ത്രിക്കാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു' വിഷയത്തിൽ പ്രതികരിച്ച് കൊണ്ട് ഒമർ പറഞ്ഞു. നടപടിയിൽ അപലപിച്ച് സൊമാലിയൻ റഫറി അസോസിയേഷൻ ഫിഫക്ക് കത്തയച്ചു.
