ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇന്ത്യയും – ചില കടന്ന ചിന്തകൾ

209

Jaidev Chandrasekharan

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇന്ത്യയും – ചില കടന്ന ചിന്തകൾ

സെൽഫ് ഡ്രൈവിംഗ് കാറുകൾ ഇന്ത്യയിൽ ഉടനെയെങ്ങും അനുവദിക്കാൻ ഗവണ്മെന്റ് ഉദ്ദേശിക്കുന്നില്ല എന്ന് നമ്മുടെ കേന്ദ്ര റോഡ് ഗതാഗത മന്ത്രി കഴിഞ്ഞ സെപ്റ്റംബറിൽ പ്രസ്താവിച്ചതാണ് ഈ പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ 40 ലക്ഷത്തോളം വരുന്ന ഡ്രൈവർമാരുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഗവണ്മെന്റ് ഈ നിലപാടിലേക്ക് നീങ്ങുന്നത്. മാനവികതയുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ താത്കാലികമായി ഈ നിലപാടിനോട് യോജിക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിച്ചാൽ ഇത് ഉയർത്തുന്നത് നമ്മളെല്ലാവരും ചർച്ച ചെയ്യേണ്ട ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങൾ സെൽഫ് ഡ്രൈവിംഗ് കാറുകളെ പറ്റി മാത്രമല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമ ബുദ്ധി എന്ന സാങ്കേതികവിദ്യ വരുന്ന പത്തു വർഷങ്ങൾക്കകം സൃഷ്ടിക്കാൻ പോകുന്ന വിപ്ലവത്തെ നേരിടാൻ ഇന്ത്യൻ സമൂഹം മാനസികമായി തയ്യാറാണോ എന്നതിനെക്കുറിച്ചുകൂടിയാണ്. താഴെ പറയാൻ പോകുന്ന പല കാര്യങ്ങൾക്കും ഇപ്പോൾ പ്രസക്തി കുറവായിരിക്കാമെങ്കിലും ഒരു ദശകത്തിനപ്പുറം ഇവയെല്ലാം നമ്മൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ ചോദ്യങ്ങൾക്കെല്ലാം ഇപ്പോൾ ഉത്തരമില്ലായിരിക്കാം. പക്ഷെ സമീപ ഭാവിയെ മുന്നിൽ കണ്ട് ഈ ചർച്ചകൾ നമ്മൾ തുടങ്ങി വയ്‌ക്കേണ്ടതുണ്ട്‌.

വാഹനാപകടങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് മാനുഷികമായ തെറ്റുകളിൽ നിന്നാണ് (അമിത വേഗം, റോഡ് നിയമങ്ങൾ ലംഘിക്കൽ, മദ്യപിച്ചു വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ ഫോണിന്റെ ഉപയോഗം, വാഹനമോടിക്കുമ്പോൾ ഉറങ്ങിപ്പോകൽ തുടങ്ങിയവ). ഈ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന അപകടങ്ങളെ പൂർണമായും ഇല്ലാതാക്കാൻ സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് ഇപ്പോളല്ലെങ്കിലും സമീപഭാവിയിൽ കഴിയും. അപ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്നതാണോ അതോ ലക്ഷക്കണക്കിന് ഡ്രൈവർമാരുടെ ജോലി നിലനിർത്തുന്നതാണോ പ്രധാനം എന്ന ചോദ്യത്തെ നാം നേരിടേണ്ടി വരും.

മെഡിക്കൽ പ്രൊഫെഷൻ തന്നെയെടുക്കാം. മനുഷ്യരേക്കാൾ കൃത്യതയോടെ രോഗങ്ങൾ ഡയഗ്‌നോസ് ചെയ്യാനും, മരുന്നുകൾ നിർദേശിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കുന്ന സോഫ്റ്റ്‌വെയർ ബോട്ടുകൾക്ക് സമീപഭാവിയിൽ കഴിയും. റോബോട്ടുകളുടെ സഹായത്തോടെ കൃത്യതയോടെ സര്ജറികൾ ചെയ്യാനും സാധിക്കും. മാത്രമല്ല ഒരു മനുഷ്യനായ ഡോക്ടറെ ഒരു സമയം ഒരു രോഗിക്കു മാത്രമേ കൺസൽട് ചെയ്യാൻ കഴിയൂ. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ബോട്ടിന് പല ഭാഗങ്ങളിൽ ഉള്ള ആയിരക്കണക്കിന് രോഗികളോട്‌ ഒരേ സമയം സംവദിക്കാൻ കഴിയും. അവിടെയും ഉയരുന്ന ചോദ്യം കൂടുതൽ ജനങ്ങൾക്കു കൂടുതൽ കൃത്യതയുള്ള ചികിത്സാ സൗകര്യങ്ങൾ വേഗത്തിൽ എത്തിക്കുകയാണോ അതോ മനുഷ്യരായ ഡോക്ടർമാരുടെ ജോലി നില നിർത്താൻ വേണ്ടി ഈ സാങ്കേതിക വിദ്യകളെ നിരസിക്കുകയാണോ വേണ്ടത് എന്നതാണ്. (യുവൽ നോവ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമായ “21 Lessons for 21st century” യിൽ അദ്ദേഹം ഇതേ ചോദ്യം ഉയർത്തുന്നുണ്ട്‌).

മുകളിൽ പറഞ്ഞ രണ്ടു പ്രൊഫെഷനുകൾ ഉദാഹരണങ്ങൾ മാത്രമാണ്. ഐ ടി, പ്രതിരോധം, ബാങ്കിങ്, റീറ്റെയ്ൽ, അഡ്മിനിസ്ട്രേഷൻ തുടങ്ങി എല്ലാ മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ് ദീർഘകാലാടിസ്ഥാനത്തിൽ ഒഴിവാക്കാനാകില്ല. ഏതെങ്കിലും ഒരു രാജ്യമോ സമൂഹമോ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ സ്വാഗതം ചെയ്യുന്നതിൽ താമസം വരുത്തിയാൽ സാങ്കേതികമായി അവർ ബഹുദൂരം പിന്നിലാകും. ഇപ്പോൾ തന്നെ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിൽ സാങ്കേതിക വിദ്യയുടെ അന്തരം മൂലം ഒരു “ഡിജിറ്റൽ ഡിവൈഡ്” നിലനിൽക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഒരു മുഖ്യ അപകടമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് ഏതാനും കമ്പനികളിലോ രാജ്യങ്ങളിലോ ആയി ഈ സാങ്കേതിക വിദ്യ ചുരുങ്ങിയാൽ അവർക്ക് ആ സാങ്കേതികമായ മുൻതൂക്കം ഉപയോഗിച്ച് ലോകത്തെ നിയന്ത്രിക്കാനാകും എന്നതാണ്.

അതോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ മേഘലയിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചിന്തിക്കേണ്ടതാണ്. ഇരുപതോ ഇരുപത്തഞ്ചോ വര്ഷങ്ങള്ക്കപ്പുറമുള്ള ഭാവിയിൽ മനുഷ്യർ ചെയ്യുന്ന എല്ലാ കഠിനമായ ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അടിസ്ഥാനമായുള്ള അൽഗോരിതങ്ങളും റോബോട്ടുകളും ഏറ്റെടുത്തേക്കും എന്നാണ് കരുതപ്പെടുന്നത്. അപ്പോൾ ലോകം “Post employment society” എന്ന വീക്ഷണത്തിലേക്ക് മാറും എന്ന് കരുതപ്പെടുന്നു. അതായത് ജോലി ചെയ്യാതെയും ജീവിക്കാൻ പറ്റുന്ന ഒരു സമൂഹം. ഇതു കേൾക്കുമ്പോൾ പലർക്കും മുഖം ചുളിഞ്ഞേക്കാമെങ്കിലും! ഇങ്ങനെ ഒരു സമൂഹത്തിൽ എല്ലാവര്ക്കും ഒരു ചുരുങ്ങിയ വേതനം കൊടുക്കാൻ (ജോലി ചെയ്യാതെ തന്നെ!) ഗവണ്മെന്റ് മുൻകൈ എടുക്കേണ്ടി വരും. യൂണിവേഴ്സൽ ബേസിക് ഇൻകം (UBI) എന്ന ഈ ആശയം ഇപ്പോൾ ഇന്ത്യയിലും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

അതോടൊപ്പം തന്നെ നിയമവ്യവസ്ഥകളിലും വലിയ മാറ്റങ്ങൾ വേണ്ടി വരും. ഒരു സെൽഫ് ഡ്രൈവിംഗ് കാർ കാരണം ഒരു അപകടം ഉണ്ടായാൽ ആർക്കെതിരെ കേസ് എടുക്കും? (വണ്ടിക്ക് ഡ്രൈവറില്ലല്ലോ. വണ്ടിയുടെ അൽഗോരിതം തയ്യാറാക്കിയ കമ്പനിക്കെതിരെ കേസ് എടുക്കാൻ സാധിക്കുമോ?), സൗദി ഗവണ്മെന്റ് റോബോട്ടായ സോഫിയയ്ക് പൗരത്വം നല്കിയതുപോലെ നമ്മളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്വെയർ ബോട്ടുകൾക്കും റോബോട്ടുകൾക്കും പൗരത്വം നൽകണോ? തുടങ്ങി കുഴയ്ക്കുന്ന നിയമ പ്രശ്നങ്ങൾ ധാരാളമുണ്ട്.

മനസ്സിൽ വന്ന കുറെ കാര്യങ്ങൾ എഴുതിയെങ്കിലും കൃത്രിമ ബുദ്ധി വിപ്ലവം കൊണ്ടുവരുന്ന മാറ്റങ്ങൾ ഒരുപക്ഷെ നമ്മൾ കരുതുന്നതിലും അപ്പുറമായിരിക്കും. ഇതിനുവേണ്ടിയുള്ള സാമൂഹ്യ ശാസ്ത്രപരമായ ഗവേഷണങ്ങളും ചർച്ചകളും നയരൂപീകരണങ്ങളും അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും ചൈനയിലും ഒക്കെ നടക്കുന്നതുപോലെ ഇന്ത്യയിലും വരും വർഷങ്ങളിൽ തുടങ്ങും എന്നും, അധികം താമസിക്കാതെ വ്യക്തമായ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയം നമുക്കുണ്ടാകുമെന്നും പ്രത്യാശിക്കാം. ഇന്ത്യൻ ഗവണ്മെന്റിന്റെ വിദഗ്ധോപദേശ സമിതിയായ ആയ നീതി ആയോഗ് കഴിഞ്ഞ വർഷം ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജിയുടെ ഒരു കരടുരൂപം തയാറാക്കിയിട്ടുണ്ട് എന്നുള്ളത് ഒരു നല്ല വാർത്തയാണ്. കൂടുതൽ ambitious ആയ നീക്കങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

കൂടുതൽ വായനയ്ക്ക്

https://www.livemint.com/…/driverles…/amp-1569379861072.html

https://niti.gov.in/…/NationalStrategy-for-AI-Discussion-Pa…

https://waitbutwhy.com/…/artificial-intelligence-revolution…

https://waitbutwhy.com/…/artificial-intelligence-revolution…

Books: “Homo Deus” and “21 Lessons for 21st Century” by Yuval Noah Harari