Arun Edathadan
മുത്തയ്യ മുരളിധരനെ പോലെ ഒരു ലോകോത്തര ബൗളർ ഫോമിന്റെ പാരമ്യത്തിൽ നിൽക്കുന്ന സമയം, ഉജ്ജ്ലമായ ഒരു ഓഫ് ബ്രേക്ക് ഒരു ആറാം നമ്പർ ഇടംകയ്യൻ ബാറ്റ്സ്മാൻ അലസതയോടെ എന്ന് തോന്നിക്കുന്ന രീതിയിൽ സ്വീപ് ചെയ്തത് മിന്നൽ പോലെ ബൗണ്ടറികടന്നു . പല തവണ ആ ഓവറിൽ തന്നെ അതേ രീതിയിലുള്ള ഷോട്ടുകൾ വിജയകരമായി ആവർത്തിച്ചു .ആ താരത്തിന്റെ പേര് റോബിൻ സിങ്ങ് എന്നായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന് ഒരു പുതിയ മുഖം സമ്മാനിച്ച ക്രിക്കറ്റർ എന്ന പേരിന് അർഹൻ. മികച്ച ഫിനിഷർ ,പിഞ്ച് ഹിറ്റർ, മിഡിയം പേസ് പിശുക്കിയുള്ള ബൗളിംഗ് ..സർവ്വോപരി ഏറ്റവും മികച്ച ഫീൽഡറും റണ്ണറും ഇരുന്നൂറ് ശതമാനം അത്മാർഥതയും. ഇതായിരുന്നു റോബിൻ സിങ്ങ് എന്ന താരം.
9O കളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കവും കളി കണ്ടിട്ടുള്ളവർക്ക് റോബിൻ സിങ്ങിന്റെ വിലയറിയാം. ഇന്ത്യൻ ഫീൽഡർമാർ പന്തിനു പിറകെ ഓടാനും ഡൈവ് ചെയ്യാനും മടിച്ചു നിൽക്കുന്ന കാലത്ത് ഫീൽഡിങ്ങ് എന്തെന്ന് ഇന്ത്യൻ താരങ്ങളെ പഠിപ്പിച്ചത് ഇദ്ദേഹമാണ്. ഇന്ത്യക്ക് രണ്ടു റോബിൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അക്കാലത്തെ കമന്റേറ്റർമാർ പറയുമായിരുന്നു. കരിയറിലെ മികച്ച സമയത്തെല്ലാം മാറ്റി നിർത്തി 33 ആം വയസ്സിലാണ് ഇന്ത്യക്ക് വേണ്ടി കളിക്കാനാകുന്നത് ( 25 ആം വയസ്സിൽ സെലക്ട് ചെയ്തിരുന്നെങ്കിലും കളിക്കാൻ സാധിച്ചിരുന്നില്ല)
അന്ന് മുതൽ അഞ്ച് വർഷത്തോളം ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു ഇദ്ദേഹം .ആറാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി മികച്ച ഒരു ഫിനിഷറുടെ അഭാവം പരിഹരിക്കുകയും റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കുകയും മികച്ച ഫീൽഡിങ്ങിലൂടെ ഇരുപത് ഇരുപത്തഞ്ച് റൺസേവ് ചെയ്യുകയും ചെയ്തിരുന്നു. ടെക്നിക്കുകൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ ബാറ്റ്സ്മാൻ. പക്ഷേ ജയസൂര്യക്കുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു. പലപ്പോഴും മൂന്നാം നമ്പറിലേക്ക് പ്രമോട്ട് ആയി എത്തുന്ന ഇദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിങ് ഫീൽഡർമാരുടെ തലക്ക് മുകളിലൂടെ ബൗണ്ടറികടത്താൻ റോബിന് അനായാസം സാധിച്ചിരുന്നു.
ക്യാപ്റ്റനായിരുന്ന സമയത്ത് സച്ചിനാണ് ആദ്യമായി ഇദ്ദേഹത്തെ പിഞ്ച് ഹിറ്ററുടെ സ്ഥാനത്ത് പരീക്ഷിച്ചത്. വൺഡൗൺ സ്ഥാനത്തെത്തി ആദ്യ പതിനഞ്ചോവർ റോബിൻ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനായി.ശ്രീലങ്കക്കെതിരെ വൺ ഡൗൺ പൊസിഷനിൽ ഇറങ്ങി ഒരു സെഞ്ചുറി നേടാനും സാധിച്ചു.ഇന്ത്യ പാക്കിസ്താൻ എന്നിവർ ഏറ്റുമുട്ടിയ ഇൻഡിപെൻഡൻസ് കപ്പ് ഫൈനലിൽ പാക്കിസ്ഥാന്റെ 316 റൺചെയ്സ് ചെയ്യുമ്പോൾ മൂന്നാം നബറിൽ 83 പന്തിൽ നേടിയ 83 റൺസ് വിജയത്തിൽ വളരെ നിർണ്ണായകമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മൽസരങ്ങളിലൊന്നായിരുന്നു അന്നത്തെ ഇന്ത്യ- പാക്ക് ഫൈനൽ.
രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ള ഇദ്ദേഹം അവസാന ഓവറുകളിലാണ് പന്തെറിയാനുള്ളതെങ്കിലും 4.8 എന്ന മികച്ച ഇക്കോണമി തന്നെ അദ്ദേഹത്തിന്റെ മികവിന് ഉദാഹരണമാണ്. വേഗത കുറവായിരുന്നെങ്കിലും തന്ത്രപൂർവ്വമായ ബൗളിങ്ങിലൂടെ ബാറ്റ്സ്മാനെ വരിഞ്ഞുകെട്ടാൻ കഴിഞ്ഞിരുന്നു.20 മുതൽ 33 വയസ്സുവരെ ഇന്ദേഹത്തെ മാറ്റി നിർത്തി ഇല്ലായിരുന്നു എങ്കിൽ ഏകദിനത്തിലെ മികച്ച ഓൾറൗണ്ടർമാരുടെ പട്ടികയിൽ റോബിൻ സിങ്ങിന് ഒട്ടും താഴെ അല്ലാത്ത ഒരു സ്ഥാനം ലഭിക്കുമായിരുന്നു എന്നുറപ്പാണ്.
ഏകദിനത്തിലെ പ്രകടനങ്ങൾക്കുള്ള ആദരസൂചകമായിട്ടായിരിക്കണം ഒരേ ഒരു ടെസ്റ്റ് മത്സരം കളിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിക്കുക ഉണ്ടായി.ഇന്ത്യൻ ടീം, രജ്ഞി ടീം, lPL , ഇന്ത്യA എന്നീ ടീമുകളുടെ ഫീൽഡിങ് കോച്ചായുള്ള റോബിൻ സിങ്ങിന്റെ സേവനം ഇന്നും തുടരുന്നു.
യുവരാജ്, ധോണി, കോലി, റെയ്ന, ജഡേജ, കൈഫ് ഇവരേ പോലുള്ള മികച്ച റണ്ണേഴ്സും ഫീൽഡേഴ്സും ഇദ്ദേഹത്തിന്റെ കൂടി സംഭാവനയാണ്.