അരുൺകുമാർ പൂക്കോം
രാച്ചിയമ്മ സിനിമയിലെ നായിക കഥാപാത്രത്തിൻ്റെ നിറത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചർച്ചകൾ ഏറെയുണ്ടായി. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിമാരെ തെരഞ്ഞെടുക്കുമ്പോൾ കറുത്ത നിറമുള്ളവരെ കഴിവതും മാറ്റി നിർത്താൻ ശ്രമിക്കുന്ന സിനിമയിലെ വരേണ്യ ബോധത്തെ കുറിച്ചായിരുന്നു ചർച്ചകൾ ഏറെയും ഉണ്ടായത്. ഉറൂബിൻ്റെ രാച്ചിയമ്മ എന്ന കഥയിൽ കരിങ്കൽ കുന്ന് പെറ്റ് എറിഞ്ഞതാണെന്നും പന്നി പുളയുന്ന നെൽവയൽ എന്ന പോലെ എന്നും കറുത്ത പശു എന്നുമൊക്കെ രാച്ചിയമ്മയെ വിശേഷിപ്പിക്കുന്നുണ്ട്.
മൈസൂരിൽ നിന്നും മലയാളി കൊണ്ടുവന്ന മുത്തശ്ശിയെ പറ്റിയും അമ്മയെ തമിഴ്നാടുകാരനാണ് കല്യാണം കഴിച്ചത് എന്നതിനെ പറ്റിയുമൊക്കെ രാച്ചിയമ്മ എന്ന കഥാപാത്രം പറയുന്നുമുണ്ട്. കർണ്ണാടകം, കേരളം, തമിഴ്നാട് എന്നീ മൂന്ന് പ്രവിശ്യകൾ ചേർന്നാണ് രാച്ചിയമ്മ രൂപപ്പെടുന്നത് എന്നും കഥയിൽ പറഞ്ഞു വെക്കുന്നുണ്ട്. എരുമയെ വളർത്തി പാല് വിറ്റ് ജീവിക്കുന്ന കറുത്ത നിറമുള്ള സ്ത്രീയാണ് രാച്ചിയമ്മ. ടോർച്ചടിക്കുന്നത് പോലെയാണ് ചിരിക്കുന്നത് എന്ന് കറുത്തവർ ചിരിക്കുമ്പോൾ വെളുത്ത പല്ലുകൾ കാണുന്നതിനെ പറ്റിയും വ്യക്തമായി കഥയിൽ പറഞ്ഞിട്ടുണ്ട്. രാച്ചിയമ്മ എന്ന കഥ വേണു സിനിമയാക്കുമ്പോൾ എന്തുകൊണ്ട് വെളുത്ത നിറമുള്ള പാർവ്വതി തിരുവോത്തിനെ നായികയാക്കുന്നു എന്ന ചോദ്യത്തിന് അതിനാൽ തന്നെ തീർച്ചയായും പ്രസക്തിയുണ്ടായിരുന്നു. പക്ഷേ അത്രമേൽ ആ ചോദ്യത്തെ കാര്യമാക്കാതെ വേണു രാച്ചിയമ്മയായി പാർവ്വതി തിരുവോത്തിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
പാർവ്വതി തിരുവോത്തിൻ്റെ സംഭാഷണങ്ങൾ കഥാപാത്രത്തിന് ചേരുന്നില്ല എന്ന മട്ടിലുള്ള അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ പലരും പറഞ്ഞു കാണുന്നുണ്ട്. രാച്ചിയമ്മ എന്ന കഥയിൽ ഉറൂബ് തന്നെയും തേയിലത്തോട്ടങ്ങൾക്കും കാടിന് അടുത്തുമായി കഴിയുന്ന രാച്ചിയമ്മയുടെ സംഭാഷണത്തിന് ആ പ്രദേശത്തെ തനത് സംഭാഷണ രീതി എഴുത്തിൽ കൊണ്ടുവന്നിട്ടില്ല. നാടൻ ഭാഷയല്ലാതെ അച്ചടിഭാഷയാണ് രാച്ചിയമ്മ കഥയിൽ പറയുന്നത്. നാടൻ ഭാഷ കണ്ടെത്താനൊന്നും സംവിധായകനായ വേണുവിന് തോന്നാതെ പോകുന്നതും കഥയിൽ അത്തരം സംഭാഷണമായതിനാലാണ്.
ഉറൂബിൻ്റെ രാച്ചിയമ്മ എന്ന കഥയിൽ പറയാത്ത വണ്ണം കഥാനായകൻ രാച്ചിയമ്മയെ പറ്റി അനാവശ്യം പറഞ്ഞതിന് ഒരു പുരുഷനുമായി സിനിമയിൽ പൊതുയിടത്ത് വെച്ച് ശണ്ഠ കൂടുന്നുണ്ട്. നായകൻ താമസിക്കുന്ന ഇടത്തേക്ക് കാട്ടുചെടികൾ വകഞ്ഞു മാറ്റി വരുന്നതും പോകുന്നതുമായ രാച്ചിയമ്മയെ പറ്റിയാണ് കഥയിൽ പറഞ്ഞിരിക്കുന്നതെങ്കിലും അത്തരം കാട്ടുചെടികളെ സിനിമയിൽ ഒഴിവാക്കിയിട്ടുമുണ്ട്. അത്തരത്തിൽ വകഞ്ഞു മാറ്റി പോകുമ്പോഴാണ് രാച്ചിയമ്മയെ ഇരുണ്ട നിറമുള്ള കാട്ടുപന്നിയായി കഥാനായകന് തോന്നുന്നത്. കടം കൊടുത്ത കാശ് രാച്ചിയമ്മ തിരിച്ചു വാങ്ങുന്നത് കഥയിൽ ചെറുപ്പക്കാരനോടാണെങ്കിൽ മധ്യവയസ്ക നോടാണ് സിനിമയിൽ കാശ് തിരിച്ചു വാങ്ങിക്കുന്നത്. ആ കഥാപാത്രത്തിന് കഥയിൽ ഇല്ലാത്ത വണ്ണം സിനിമയിൽ കുറച്ചു ഭാഗങ്ങൾ കൂടി സിനിമയിൽ ചേർത്തു കാണുന്നുണ്ട്. നായകന് കുരുപ്പ് വന്ന സമയത്ത് വെളിച്ചപ്പാട് വരുന്ന ഭാഗമൊക്കെ സിനിമയിൽ ഒഴിവാക്കിയിട്ടുണ്ട്.
കുരുപ്പ് വന്ന സമയത്ത് രാച്ചിയമ്മ നായകൻ്റെ കണ്ണുകളിൽ ധാരയൊഴിക്കുന്ന ഭാഗവും സിനിമയിൽ ഒഴിവാക്കിയിട്ടുണ്ട്. കഥയുടെ അവസാന ഭാഗത്ത് കുളിച്ചതിനാൽ മുടിയഴിച്ചിട്ട രാച്ചിയമ്മയെയാണ് കാണുന്നതെങ്കിൽ സിനിമയിൽ നായികയുടെ മുടി എപ്പോഴും ഒരേ രീതിയിൽ നിലനിർത്തുകയായിരുന്നു. ബ്യൂട്ടി പാർലറിൽ നിന്നും ഇറങ്ങിയ രാച്ചിയമ്മയെ പോലെ മുടിയുടെ പ്രത്യേകത തോന്നിച്ചു. പരിഷ്കാരങ്ങൾ തൊട്ടുതീണ്ടാത്ത കഥയിലെ രാച്ചിയമ്മക്ക് ഒറ്റക്ക് എന്തിരുന്നാലും അത്തരത്തിൽ മുടി മെടയാൻ കഴിയുമെന്ന് തോന്നുന്നല്ല. മിസ്സിസ് നായർ കാറിനെ പറ്റിയും അവർ നടത്തുന്ന യാത്രകളെ പറ്റിയുമൊക്കെ കഥയിൽ വിശദമായി പറയുന്നുണ്ടെങ്കിലും ആയവയും അത്രമേൽ സിനിമയിൽ കാണിക്കുന്നില്ല.
കഥയിലെ മിസ്സിസ് നായർ രാച്ചിയമ്മ എന്ന കഥയിലെ കഥാനായകൻ്റെ സ്വത്വത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഘടകമാണ്. മിസ്സിസ് നായരെ ചെന്നു കാണാൻ മറന്നു പോകുന്നില്ലെങ്കിലും പതിനൊന്നു കൊല്ലങ്ങൾക്ക് മുമ്പ് ഒരു വേള ആസക്തിയോടെ സമീപിച്ച രാച്ചിയമ്മയെ കഥാനായകൻ അത്രയൊന്നും ഓർമ്മിച്ചിട്ടില്ല എന്ന് കഥയിൽ അവിടവിടെയായി പറയുന്നുണ്ട്. ബസ് വരുമ്പോൾ ആന എന്ന് കളിയാക്കുന്ന ചെറുക്കനെ കറുത്ത ശരീരമുള്ള സ്ത്രീ ചെവിക്ക് പിടിച്ച് കൊണ്ടു പോകുന്ന ഭാഗത്ത് രാച്ചിയമ്മയെ അത്രമേൽ ഓർത്തില്ലല്ലോ എന്ന മട്ടിൽ കഥയിൽ പറയുന്നുണ്ട്. ആസക്തികളുടെ പേരിൽ പിഴച്ചു പോകുന്നതിൽ താല്പര്യമില്ലെന്ന മട്ടിൽ രാച്ചിയമ്മ പറയുന്നതോടെയാണ് കഥാനായകൻ തേയിലത്തോട്ടത്തിലെ ജോലി ഉപേക്ഷിച്ച് ചുരമിറങ്ങി നാട്ടിലേക്ക് തിരിച്ചു പോകുന്നതും രാച്ചിയമ്മയെ മറന്ന് കല്യാണം കഴിക്കുന്നതും വിജയലക്ഷ്മി എന്ന മകളുണ്ടാകുന്നതും എന്ന് കഥയിലും സിനിമയിലും പറഞ്ഞു വെക്കുന്നുണ്ട്. രാച്ചിയമ്മയെ കഥാനായകൻ ഏതാണ്ടൊക്കെ മറന്നു പോയിരുന്നു.
,
ഹരികുമാർ സംവിധാനം ചെയ്ത ടെലിഫിലിമിൻ്റെ തുടക്കത്തിൽ ആധാരമാക്കിയ രാച്ചിയമ്മ പുസ്തകത്തിൻ്റെ കവർ കാണിക്കുന്നുണ്ട്. ആ പുസ്തകത്തിൻ്റെ കവറിൽ തെല്ല് തടിച്ച ഇരുണ്ട നിറമുള്ള നായികയെയാണ് വരച്ചു കാണുന്നത്. പ്രസ്തുത കഥ സിനിമയാകുന്ന കാലത്ത് കഥാനായിക പുസ്തകത്തിൻ്റെ കവറിൽ ചിത്രം വരക്കുന്ന ചിത്രകാരൻ്റെ കാഴ്ചപ്പാടിലും നന്നായി മെലിഞ്ഞ് വെളുത്ത നിറമായി മാറിയിരുന്നു. പുസ്തകക്കവറിലെ രാച്ചിയമ്മയുടെ വെളുപ്പ് നിറം പക്ഷേ ആരും ചർച്ച ചെയ്യുന്നതിലേക്ക് ശ്രദ്ധിക്കുകയുണ്ടായില്ല. സിനിമക്ക് കിട്ടുന്ന ജനകീയ ശ്രദ്ധ പൊതുവേ കലാ രംഗത്തെ മറ്റ് മേഖലകൾക്ക് അത്രമേൽ കിട്ടാറില്ല എന്നത് കൊണ്ടാകാം ആരും പറയാതെ പോയത്. കറുപ്പ് നിറം പക്ഷേ ആ കവറിൽ വീടിൻ്റെ മേൽക്കൂരക്കുണ്ട്.
നായകന് കുരുപ്പ് വന്നപ്പോൾ വേപ്പും മഞ്ഞളും ഉപയോഗിച്ച് രാച്ചിയമ്മ ശുശ്രൂഷിക്കുന്ന രീതി തമിഴ്നാട്ടിലൊക്കെ പൊതുവേ ചെയ്യുന്നതാണ്. രാച്ചിയമ്മയുടെ വേരുകളുമായി അതിന് ബന്ധമുണ്ടാകാനാണ് സാധ്യത. നായകന് കുരുപ്പ് വന്ന സമയത്ത് അത്തരത്തിൽ വളരെ അടുത്ത് ഇടപഴകിയതിനെ തുടർന്നാണ് രാച്ചിയമ്മയുടെ മനസ്സിൽ നായകൻ തറച്ചു പോകുന്നത്. സത്യത്തിൽ അതൊരു പെട്ടു പോകലായിരുന്നു. ധൈര്യവതിയായി അവതരിപ്പിക്കപ്പെട്ട രാച്ചിയമ്മ അത്യന്തം ദുർബലയായി മാറുകയാണ് അതോടെ ചെയ്യുന്നത്. മൂന്ന് വിവാഹാലോചനകൾ രാച്ചിയമ്മ അതിനോടകം വേണ്ടെന്ന് വെക്കുന്നുണ്ട്. മനസ്സിൽ തോന്നിയ പ്രണയത്താൽ നായകൻ്റെ ഒരു ഫോട്ടോ വീടിൻ്റെ ചുമരിൽ തറപ്പിച്ച് സൂക്ഷിക്കുന്നുമുണ്ട്. ബാങ്കിൽ തുക നിക്ഷേപിക്കുമ്പോൾ നോമിനിയായി ചേർക്കുന്നത് പോലും നായകൻ വിവാഹം ചെയ്ത വിവരം അറിഞ്ഞ ശേഷവും നായകൻ്റെ മകളുടെ പേരിലാണ്.
അത്തരം കാര്യങ്ങളെ മുൻനിർത്തിയാണ് രാച്ചിയമ്മ കരുത്തുറ്റ സ്ത്രീ കഥാപാത്രമായി പൊതുവേ പരിഗണിക്കപ്പെടുന്നത്. മൂന്ന് ചെറിയ സിനിമകൾ ഉൾക്കൊള്ളുന്ന ആണും പെണ്ണും എന്ന സിനിമാസമാഹാരത്തിൻ്റെ പരസ്യങ്ങളിലും രാച്ചിയമ്മയെ കരുത്തുറ്റ സ്ത്രീ കഥാപാത്രമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചിലതരം വരേണ്യ ബോധങ്ങളാൽ കറുത്ത സ്ത്രീകളെ അഭിനയിക്കാൻ അത്രമേൽ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ചർച്ചകൾക്ക് രാച്ചിയമ്മ എന്ന സിനിമ വഴിവെച്ചെങ്കിൽ രാച്ചിയമ്മ എന്ന കഥയിലെ വരേണ്യ ബോധങ്ങളെ പറ്റി ഇതുവരെയും ചർച്ച ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഒരു സ്ത്രീ തന്നെ സ്നേഹിക്കുന്നു എന്ന് തിരിച്ചറിയാൻ ഒരു പുരുഷന് എളുപ്പം സാധിക്കുകയൊക്കെ ചെയ്യും. വർത്തമാനങ്ങളിൽ നിന്നാണോ പ്രണയം തിരിച്ചറിയുന്നത്? ഒരിക്കലുമല്ല തന്നെ. കണ്ണുകളാലുള്ള നോട്ടവും ശരീരഭാഷയുമൊക്കെ സ്ത്രീകളുടെ പ്രണയം തിരിച്ചറിയാൻ സഹായിക്കും എന്ന് ആർക്കാണ് അറിയാത്തത്? നായകൻ ആസക്തിയോടെ അടുക്കാൻ ശ്രമിക്കുമ്പോൾ പിഴപ്പിക്കരുത് എന്നാണ് രാച്ചിയമ്മ ആവശ്യപ്പെടുന്നത്. പിഴപ്പിക്കരുത് എന്ന് കേട്ട മാത്രയിൽ കഥാനായകൻ അവിടം വിട്ടു പോകുന്നതിലെ യുക്തി മനസ്സിലാകുന്നതേയില്ല. സ്ത്രീകൾ പ്രണയം പറയുന്നതിന് അപ്പുറം ശരീരഭാഷകളിലൂടെ ദ്യോതിപ്പിക്കും. ആയത് തിരിച്ചറിയുമ്പോഴായിരിക്കാം ജോലി വിട്ട് ചുരമിറങ്ങി നായകൻ നാട്ടിലേക്ക് മടങ്ങുന്നത് എന്ന് സംശയിക്കേണ്ടി വരും. രാച്ചിയമ്മയെ കല്യാണം കഴിക്കാൻ കഥാനായകന് താല്പര്യമില്ല. കറുപ്പ്, രാച്ചിയമ്മയുടെ സ്വത്വം ഒക്കെ വിഷയമാണ്. പക്ഷേ രാച്ചിയമ്മ കഥാനായകനാട് പ്രണയത്തിൽ കുരുങ്ങി പെട്ടുപോവുന്നു.
രാച്ചിയമ്മ പ്രണയത്തിൽ ജീവിതം പെട്ടുപോയ സ്ത്രീയാണ്. ആ കഥാപാത്രം പ്രണയത്താൽ നായകൻ്റെ മകളുടെ പേര് ബാങ്കിൽ നോമിനി ചേർക്കുകയും ചെയ്യുന്നു. വിവാഹാലോചനകളിൽ രണ്ടെണ്ണം പണത്തിലാണ് കണ്ണ് എന്നതിനാലാണ് രാച്ചിയമ്മ വേണ്ടെന്ന് വെക്കുന്നത്. സാമ്പത്തിക കാര്യങ്ങളിൽ അത്രമേൽ ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് തൻ്റെ മാംസനിബദ്ധമല്ലാത്ത പ്രണയത്തിലെ നായകൻ്റെ മകളെ താൻ സ്വരൂപിച്ച പണം മുഴുവൻ നൽകാൻ വേണ്ടി നോമിനി ചേർക്കുന്നത്. ചുരം കയറി ചെന്ന് കീഴാളരോ മധ്യവർഗ്ഗത്തിൽ പെട്ടതോ ആയ സ്ത്രീകളെ പ്രണയത്തിൽ കുരുക്കിക്കളഞ്ഞ കഥയാണ് രാച്ചിയമ്മ സത്യത്തിൽ പറയുന്നത്. ആ കഥാപാത്രം എത്തരത്തിലാണ് ശക്തയായ കഥാപാത്രമാകുന്നത് എന്നത് പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന് സംശയമുണ്ട്.
സിനിമ മാത്രമൊന്നുമല്ല, സാഹിത്യവും വരേണ്യ ബോധങ്ങളെ ഊട്ടിയുറപ്പിക്കാറുണ്ട്. രാച്ചിയമ്മ എന്ന കഥ സൂക്ഷ്മമായി പരിശോധിച്ചാൽ രാജഭക്തിയുടെ പുറത്ത് അഭിഞ്ജാന ശാകുന്തളത്തിൽ മോതിരം നഷ്ടപ്പെട്ടു പോയതിനെ തുടർന്ന് ദുഷ്യന്തൻ ശകുന്തളയെ മറന്നു പോകാൻ ഇടയായത് എഴുതി ചേർത്തത് പോലെ നായിക പിഴപ്പിക്കരുത് എന്ന അർത്ഥത്തിൽ പറഞ്ഞത് തെറ്റി കേട്ടു എന്ന മട്ടിൽ ചിലത് എഴുതി ചേർത്തിട്ടുണ്ട്. നായകൻ പതിനൊന്ന് വർഷങ്ങൾ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ രാച്ചിയമ്മ ബാങ്കിൽ നോമിനി ചേർത്തത് തൻ്റെ മകളെയാണ് എന്ന് അറിയുമ്പോൾ ആയത് വേണ്ട എന്നൊന്നും പറയുന്നുമില്ല. വിജയലക്ഷ്മി ഏത് തരത്തിൽ കഥാനായകൻ്റെയും രാച്ചിയമ്മയുടെയും ആ ബന്ധത്തെ കാണുമെന്ന സന്ദേഹമൊന്നും രാച്ചിയമ്മ ശക്തയായ സ്ത്രീ കഥാപാത്രമാണ് എന്ന് പറയുന്നവരിൽ കാണാനുമില്ല. വിജയലക്ഷ്മി നല്ലൊരു ശക്തയായ കഥാപാത്രമായി വളർന്നു വരുന്ന പക്ഷം ആ കാശ് വേണ്ടെന്ന് പറഞ്ഞാൽ രാച്ചിയമ്മ എരുമപ്പാൽ വിറ്റ് സ്വരൂപിച്ച കാശ് എന്താണ് ചെയ്യുക? വിജയലക്ഷ്മി അത്തരത്തിൽ പറയില്ല എന്ന് സമാധാനിക്കാം. എങ്കിലും രാച്ചിയമ്മക്ക് സ്വന്തം വീട് മെച്ചപ്പെടുത്താൻ എങ്കിലും കാശ് ചിലവഴിക്കാമായിരുന്നു.
ഹരികുമാർ സംവിധാനം ചെയ്ത രാച്ചിയമ്മ ടെലിഫിലിമിൽ മുറ്റത്ത് ആടിനെ കാണുന്നുണ്ട്. എരുമകൾ സിനിമയിലും ടെലിഫിലിമിലും അത്രമേൽ സജീവമായി അഭിനയിച്ചു കാണുന്നില്ല. എരുമ മുഖത്തിൻ്റെ ക്ലോസപ്പ് ഒന്നും കണ്ടതായി ഓർക്കുന്നില്ല. ആന വരുന്നതും കഥാനായകനെ രാച്ചിയമ്മ രക്ഷിക്കുന്നതുമൊക്കെ കാണുന്നുണ്ട്. പക്ഷേ എരുമകളെ അത്രമേൽ കാണുന്നില്ല. സത്യത്തിൽ രാച്ചിയമ്മ എരുമ വളർത്തലിൽ ഏർപ്പെട്ട സ്ത്രീയാണ്.
ചിദംബരം എന്ന സി.വി.ശ്രീരാമൻ്റെ കഥയിൽ ശക്തയായ ഒരു സ്ത്രീ കഥാപാത്രമുണ്ട്. ആ കഥാപാത്രവും അന്യസംസ്ഥാനത്ത് വേരുകളുള്ള സ്ത്രീയായിരുന്നു. പ്രണയത്താൽ കുരുങ്ങി പോവുകയായിരുന്നു. അത് വിവാഹേതര ബന്ധമാണ്. എങ്കിലും ആ കഥയിൽ നായകന്നെ കൊണ്ട് തനിക്ക് ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളെ മുൻനിർത്തി നായകനെ തനിക്കറിയില്ല എന്ന് സംശയലേശമെന്യേ പറയുന്ന നായികയുണ്ട്. ആ കഥ സിനിമയായപ്പോൾ സ്മിത പട്ടീൽ അഭിനയിച്ചതിനെ കുറിച്ച് ആർക്കും എതിരഭിപ്രായങ്ങൾ ഉണ്ടായിരുന്നില്ല. അത്രമേൽ കഥാപാത്രവുമായി സ്മിത പട്ടീലിന് ചേർച്ചയുണ്ടായിരുന്നു. തൻ്റെ മനസ്സ് തിരിച്ചറിയാൻ നിൽക്കാതെ ഒളിച്ചോട്ട പ്രവണതയോടെ നാട്ടിലേക്ക് മടങ്ങിയ നായകന് രാച്ചിയമ്മ എരുമപ്പാൽ നൽകുമ്പോഴും ചുമരിൽ നായകൻ്റെ ഫോട്ടോ പതിക്കുമ്പോഴും നഷ്ടപ്പെടുന്നത് രാച്ചിയമ്മയുടെ സ്ത്രീ എന്ന നിലക്കുള്ള കരുത്താണ്. തേയിലത്തോട്ട ഭാഗങ്ങളിലേക്ക് ചുരം കയറി ചെന്ന ചൂഷണക്കാരിൽ രാച്ചിയമ്മയിലെ നായകനും സംശയലേശമെന്യേ പെടും. ഉദാത്ത പ്രണയം എന്നൊക്കെ രാച്ചിയമ്മ എന്ന കഥയിലെ പ്രണയത്തെ കാണുന്നത് പ്രണയത്തിൽ നായിക പെട്ടു പോയതു പോലെ തന്നെ വായനയിൽ വായനക്കാർ പെട്ടു പോകുന്നത് കൊണ്ടാണ്.
അത്തരമൊരു സിനിമയിൽ കറുത്ത നിറമുള്ള സ്ത്രീക്ക് നായികയാകാൻ കഴിയാത്തതിനെ പറ്റി ചർച്ചകൾ വന്നതിൻ്റെ പിന്നിലും വായനയിൽ പെട്ടു പോയതിനെ തുടർന്നുള്ള ചർച്ചകളാകാനേ വഴിയുളളു.
അത്യന്തം ദുർബലയായ ഒരു സ്ത്രീയാണ് രാച്ചിയമ്മ. ജീവിതത്തിലെ മറ്റെല്ലാം മറന്ന് വൈദ്യത വിളക്കുകളുടെ പ്രകാശത്തിൽ വന്ന് ഭ്രമിച്ചു നിൽക്കുന്ന പ്രാണികളിൽ ഒന്നിനെ പോലെ നായകൻ്റെ ഫെയിം ചെയ്ത ഫോട്ടോയും നോക്കി ദുർബലമായ സ്ത്രീ കാലങ്ങൾ കഴിക്കുന്ന കഥയാണ് രാച്ചിയമ്മ യഥാർത്ഥത്തിൽ പറയുന്നത്. എരുമകളെ വളർത്തുന്നതും പാൽ വിൽക്കുന്നതും കാശ് ബാങ്കിൽ നിക്ഷേപിക്കുന്നതൊന്നും ആ ദുർബലതയെ മറക്കുന്നൊന്നുമില്ല. കഥ എന്ന നിലക്ക് രാച്ചിയമ്മ മനോഹരമായ കഥയാണ് എന്ന കാര്യത്തിൽ സംശയം ഇല്ലാതിരിക്കുമ്പോഴും ശക്തയായ കഥാപാത്രമാണ് ആ കഥയിലെ നായിക എന്ന് ചിന്തിക്കാൻ വായനക്കാർ ഒരു വട്ടം കൂടി ദയവായി ആലോചിക്കേണ്ടതായുണ്ട്. ശക്തയായ സ്ത്രീ കഥാപാത്രം രാച്ചിയമ്മയെ പോലെ ജീവിക്കുന്നവരാകാൻ സാധ്യത തുലോം കുറവാണ്. രാച്ചിയമ്മയുടെ നിറത്തേക്കാൾ അത്തരമൊരു മേഖലയാണ് ചർച്ച ചെയ്യേണ്ടത് എന്ന് തോന്നുന്നു.
എന്തിനാണ് ദുർബലമായ സ്ത്രീയെ കരുത്തുള്ള സ്ത്രീയായി തെറ്റിദ്ധരിച്ച് കരുത്തുണ്ടെന്ന് അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിക്കുന്നത്? മേൽ കാര്യങ്ങൾ പറഞ്ഞതിൽ തെറ്റ് വല്ലതും വന്നിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കുക. തേയിലത്തോട്ടത്തിൽ തണുപ്പ് പുരുന്ന സിൽവർ ഓക്ക് മരങ്ങളുടെ ഇലകൾക്ക് താഴെയുള്ള വെള്ളി പോലെ രാച്ചിയമ്മ എന്ന കഥാപാത്രത്തിൻ്റെ ദുർബലത വ്യക്തമാണ്.
തൻ്റേതല്ലാത്ത കാരണങ്ങളാൽ കല്യാണം കഴിക്കാതെ പോയ രാച്ചിയമ്മക്ക് കാശിൽ കണ്ണില്ലാത്ത നല്ല വിവാഹാലോചനകൾ ക്ഷണിക്കേണ്ടതുണ്ട്. കഥാനായകൻ്റെ ഫോട്ടോ ആ ചുമരിൽ നിന്നും എത്രയും പെട്ടെന്ന് എടുത്തു മാറ്റേണ്ടതുമുണ്ട്. ഒരു പക്ഷേ അതിന് പിന്നിൽ ദമ്പതിപ്പല്ലികൾ കാണും. എങ്കിലും സാരമില്ല. അവർ രണ്ടു പേരും വേറെ ഫോട്ടോ വല്ലതും തേടി താമസം മാറ്റി പോയ്ക്കൊള്ളും.
– o –