അരുൺ കുറുങ്ങോട്ട് (Arun Kurungot)എഴുതിയ ഹൃദ്യമായ കുറിപ്പ്

ചിലർ മറന്നുവച്ച എന്തോ എടുക്കാനായി വീടുകളിലേക്ക് ഓടി കയറി വരുന്നത് കണ്ടിട്ടില്ലേ? അങ്ങിനെ വരുന്നവരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് അവർ വീടിനകം കുളംതോണ്ടും, സാധനങ്ങളെല്ലാം വലിച്ചുവാരിയിടും… അവരുടെ കലുഷമായ മനസ് കൊണ്ട് തന്നെ വീടും കലുഷമാകും അവർ തിരയുന്നത് അവര്ക്ക് കിട്ടുകയുമില്ല.. ഒടുക്കം അവർ ഭ്രാന്തെടുത്തു ഇറങ്ങി പോകുകയും ചെയ്യും.

ഇതുപോലെയാണ് തീക്ഷണമായ പ്രേമവും സ്നേഹവുമൊക്കെയായി ചില ആണുങ്ങളും പെണ്ണുങ്ങളും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കയറി വരുമ്പോഴും ഉണ്ടാകുന്നത്.. ആദ്യമേ തന്നെ നമ്മളെ അമ്പരപ്പിക്കും വിധമുള്ള സ്നേഹപ്രേമ പ്രകടനങ്ങൾ ആണ് അതിന്റെ ലക്ഷണങ്ങൾ. അങ്ങനെയൊരാൾ വന്നാൽ പിന്നേ ഒരു നിമിഷം പോലും അവർ നമ്മളെ കുറിച്ച് ചിന്തിക്കാതിരിക്കില്ല. നമ്മളെ കുറിച്ച് പറയാതിരിക്കില്ല, അവർ നമ്മളെ കുറിച്ച് നിരന്തരമായി പറയുന്നത് കേട്ട്, അത് കേൾക്കുന്നവർ വന്ന് നമ്മളോട് പരാതി പറയും..

സത്യത്തിൽ അവരെന്തോ തേടി വരുന്നതാണ്. തേടുന്നത് നമ്മളിൽ ഉണ്ടെന്ന തെറ്റിധാരണയിലാണ് അവർ ഇടിച്ചു കയറി വരുന്നത്. ഇല്ലെന്നറിയുമ്പോൾ നമ്മളെ വലിച്ചുവാരിയെറിഞ്ഞു മറ്റൊരാളെ കണ്ടെത്തി അവരിറങ്ങി പോകുകയും ചെയ്യും.. അത് നമ്മളിൽ ഉണ്ടാക്കുന്ന ഉലച്ചിൽ ചെറുതല്ല. പക്ഷെ ഒന്നുലഞാലും നമ്മൾ നമ്മളായി തന്നെ ശേഷിക്കും. പക്ഷെ അവരുടെ കാര്യമാണ് കഷ്ടം. ഗതികിട്ടാത്ത ആത്മാക്കളെപോലെ, കാണുന്നവരില്ലെല്ലാം അവര്ക്ക് വേണ്ടത് ഉണ്ടെന്ന് തെറ്റിദ്ധരിച്ചു സ്വയം നഷ്ടപ്പെടുത്തി അലഞ്ഞു കൊണ്ടേയിരിക്കും.. അവർക്കു വേണ്ടത് എന്താണെന്ന് അവർക്കറിയില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

അവര്ക്ക് വേണ്ടത് നിസാരമായ ചില കാര്യങ്ങൾ ആയിരിക്കും, അതായത് ഒരുപാട് ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ ചിലത്. ചിലപ്പോൾ ഗാഢമായ ഒരാലിംഗനം, ഹൃദയത്തിൽ തൊടുന്ന ഒരു ചുംബനം, അല്ലെങ്കിൽ അടിമുടി ത്രസിപ്പിക്കുന്ന ഒരു രതിയനുഭവം. അതുമല്ലെങ്കിൽ അവരുടെ വാക്കുകളെ കേൾക്കാനുള്ള നമ്മുടെ കുറേ സമയം. അതുമല്ലെങ്കിൽ അതുപോലുള്ള എന്തെങ്കിലുമൊക്കെ.. ഇതൊന്നും പക്ഷെ നമുക്കറിയില്ല. അവർക്കത് നമ്മളോട് പറയാനും സാധിക്കില്ല, കാരണം അവർക്കും അവരുടെ അബോധത്തിൽ കിടക്കുന്ന അവരുടെ ആവശ്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ നമ്മൾ നമ്മുടേതായ രീതിയിൽ അവരുമായി ഇടപ്പെടും. പക്ഷെ അവരിൽ അത് മടുപ്പുളവാക്കുകയും നമ്മളിൽ നിന്നും മറ്റൊരാളിലേക്ക് പോകാൻ കാരണമാകുകയും ചെയ്യും. പോകുമ്പോൾ എല്ലാ കുറ്റവും നമ്മളിൽ ആരോപിച്ചിട്ടായിരിക്കും അവർ പോകുന്നത്. നമ്മൾ കാര്യമറിയാതെ കണ്ണ് മിഴിച്ചു നിൽക്കേണ്ടിയും വരും..

ഒന്നോർത്ത് നോക്ക് ഇങ്ങനെ വന്ന് പോയ ആരെങ്കിലുമൊക്കെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമൊ എന്ന്.. അതോ നിങ്ങൾ തന്നെ അങ്ങനെയൊരാൾ ആണോ എന്ന്. ഒരുപക്ഷേ ആയേക്കാം.. സത്യത്തിൽ നമ്മളെല്ലാം അബോധത്തിന്റെ പ്രേരണയാൽ എന്തൊക്കയോ തിരഞ്ഞലയുന്നവരാണ്. ചിലരെ ആ പ്രേരണ പ്രാന്തെടുത്തലയാൻ പ്രേരിപ്പിക്കുന്നുവെന്നൊരു വ്യത്യാസമേയുള്ളൂ.. 
ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത ഒരേടാണ്..

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.