നാല് ഡോക്ടർമാരെ കണ്ടിട്ടും ഒരു യുവാവ് ഹൃദയാഘാതം മൂലം മരിച്ചെന്നു വാർത്ത, യാഥാർഥ്യം എന്ത് ?

335

Arun Mangalath

നാല് ഡോക്ടർമാരെ കണ്ടിട്ടും ഒരു യുവാവ് ഹൃദയാഘാതം മൂലം മരിച്ചു എന്ന വാർത്ത പത്രത്തിൽ കണ്ടു. ഈ കേസിലെ യഥാർത്ഥ കാരണം എന്താണ് എന്ന് അറിയില്ലെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള ഒരു സാഹചര്യം നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കണം. 200നും 300നും ഇടയിൽ രോഗികളെയാണ് അഞ്ചോ ആറോ മണിക്കൂറുകൾക്കുള്ളിൽ ഒരു ഡോക്ടർ പരിശോധിക്കേണ്ടിവരുന്നത് എന്നുവരുമ്പോൾ ചികിത്സയുടെ നിലവാരം എങ്ങനെയാകുമെന്ന് ഊഹിക്കാമല്ലോ. ഇത്തവണ നോബൽ സമ്മാനം കിട്ടിയ അഭിജിത്ത് ബാനർജിയുടെ പുവർ എക്കണോമിക്സ് എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം ഇങ്ങനെ ട്രാൻസ്ലേറ്റ് ചെയ്യാം
” ഇന്ത്യയിലെ ആരോഗ്യമേഖലയുടെ – അത് സ്വകാര്യമേഖല ആയാലും സർക്കാർ നിയന്ത്രിതം ആയാലും- അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. ‘ദാസ് ആൻഡ് ഹാമർ’ പഠനം സൂചിപ്പിക്കുന്നത് ഇന്ത്യയിൽ സ്വകാര്യമേഖലയിൽ നിലനിൽക്കുന്നത് ഒരു 3-3-3 നിയമം ആണ് എന്നാണ്.
രോഗിയുമായുള്ള സംസർഗ്ഗം 3 മിനിറ്റ് നീണ്ടു നിൽക്കുന്നു. രോഗിയോട് ചികിത്സകൻ 3 ചോദ്യങ്ങൾ ചോദിക്കുന്നു തുടർന്ന് 3 മരുന്നുകൾ എഴുതിക്കൊടുത്ത് അയാളെ യാത്രയാക്കുന്നു. തുടർ പരിശോധനയ്ക്ക് വരാനുള്ള നിർദ്ദേശം ലഭിക്കുന്നത് വെറും 30 ശതമാനം രോഗികൾക്ക് മാത്രമാണ്. സ്വകാര്യമേഖലയിൽ ഇങ്ങനെയാണ് അവസ്ഥയെങ്കിൽ സർക്കാർ മേഖലയിൽ നിലനിൽക്കുന്നത് 2-2-2 നിയമമാണ്.”

അഭിജിത്ത് ബാനർജി പുസ്തകമെഴുതിയിട്ട് കാലം കുറെ ആയെങ്കിലും ഇന്നും ഇതൊക്കെ തന്നെയാണ് അവസ്ഥ. ഡോക്ടർമാരുടെ എണ്ണം വളരെ വർദ്ധിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ അതിലും വലിയ വർധന ഉണ്ടാകുന്നുണ്ട്. ഭയമാണ് പ്രധാനകാരണം. ഒരു ചെറിയ ജലദോഷപ്പനി വന്നാൽ പോലും നേരെ ആശുപത്രിയിലേക്ക് ഒരോട്ടമാണ്. രണ്ടു തരം ഗുളികയും ഒരു കുപ്പി മരുന്നും കിട്ടിയാലേ സമാധാനമാകൂ. ഈ ചികിത്സാതൃഷ്ണ നിയന്ത്രിക്കാനുള്ള മാർഗം അന്വേഷിക്കേണ്ടത് ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കിൽ ഗുരുതരമായ രോഗമുള്ളവർ ചികിത്സകിട്ടാതെ മരണപ്പെടുന്ന സാഹചര്യം ഉണ്ടാകും.

Advertisements