മാധ്യമങ്ങൾ ഒരുപാട് ചൂഷണം ചെയ്ത തിരിച്ചടികൾ നേരിട്ട ഒരു കുടുംബ ജീവിതം ആയിരുന്നു കമലഹാസന്റേത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
150 VIEWS

Arun Menon

ഒരു ഇന്ത്യൻ അഭിനേതാവും,രാഷ്ട്രീയ പ്രവർത്തകനുമാണ് കമൽ ഹാസൻ (ജനനം: 1954 നവംബർ 7). ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്ന കമൽ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൂടുതലായും തമിഴ് സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഇദ്ദേഹം തമിഴിനു പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. മികച്ച വിദേശ ഭാഷാ ചിത്രങ്ങൾക്കായുള്ള അക്കാദമി അവാർഡിനു വേണ്ടി സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമലഹാസൻ അഭിനയിച്ച ചിത്രങ്ങളാണ്. കമലഹാസന്റെ ചലച്ചിത്രനിർമ്മാണ കമ്പനി ആയ രാജ് കമൽ ഇന്റർനാഷണൽ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിർമ്മാതാക്കൾ. 1990-ൽ ഇന്ത്യൻ സിനിമാ ലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി. സത്യഭാമ സർവ്വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ.

കമലഹാസൻ മൗലികമായ പല പരീക്ഷണ ശ്രമങ്ങളും സിനിമയിൽ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദ ചിത്രമായ പുഷ്പക വിമാനം, അദ്ദേഹം സ്ത്രീ വേഷത്തിൽ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യൻ, അപൂർവ്വ സഹോദരങ്ങൾ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ആറാം വയസ്സിൽ അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ അദ്ദേഹത്തിനു ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി. കമലഹാസൻ ഒരു നടൻ എന്ന നിലയിലേക്ക് മുൻ നിരയിലേക്കു വരുന്നത് കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ്വ രാഗങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു. തന്നേക്കാൾ പ്രായം കൂടിയ സ്ത്രീയുമായി പ്രണയത്തിലാവുന്ന ഒരു യുവാവിന്റെ കഥാപാത്രമായിരുന്നു കമലഹാസൻ ഈ സിനിമയിൽ ചെയ്തത്. 1983-ൽ മൂന്നാം പിറൈ എന്ന സിനിമയിലെ അഭിനയത്തിന് കമലഹാസൻ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. നിഷ്കളങ്കനായ ഒരു സ്കൂൾ അദ്ധ്യാപകന്റെ വേഷമാണ് അദ്ദേഹം അതിൽ ചെയ്തത്. മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ വളരെ പ്രശസ്തനാക്കി. ഈ ചിത്രത്തിലൂടെ കമലഹാസൻ രണ്ടാമത്തെ ദേശീയ പുരസ്കാരത്തിന് അർഹനായി. ടൈം മാഗസിൻ ഈ ചിത്രത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.

ജീവിത രേഖ

പരമക്കുടിയിൽ നിന്നാണ് കമലഹാസന്റെ കുടുംബം ചെന്നൈയിൽ എത്തിയത്. തമിഴ്‌ നാടിന്റെ തെക്കു കിഴക്കുള്ള രാമനാഥപുരം ജില്ലയിലാണ് പരമക്കുടി. അഭിഭാഷകനായ ടി. ശ്രീനിവാസൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുള്ള ആൾ. ശ്രീനിവാസന്റെ ഭാര്യ രാജലക്ഷ്മി അമ്മാൾ. തന്റെ സുഹൃത്ത് യാക്കൂബ് ഹസ്സനോടുള്ള ആത്മബന്ധം മുൻനിർത്തിയാവാം ശ്രീനിവാസൻ മക്കളുടെ പേരിനൊപ്പം ഹാസൻ എന്നു ചേർത്തത് എന്ന് ആധികാരികമല്ലാത്ത ഒരു കഥയുണ്ട്. ചാരുഹാസൻ (സംവിധായകൻ മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയുടെ പിതാവ്), ചന്ദ്രഹാസൻ, നളിനി, കമലഹാസൻ എന്നിങ്ങനെ നാലു മക്കൾ. 1954-ലാണ് കമലഹാസൻ ജനിച്ചത്.

ബാലതാരം 1960-1963

1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി. തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു. ചെന്നൈയിലെ സാന്തോമിലുള്ള കോൺവെന്റ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന കമലഹാസൻ തികച്ചും യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിയത്. അതിന് നിമിത്തമായത് കുഡുംബ ഡോക്ടറായ സാറാ രാമചന്ദ്രനും എ.വി.എം. സ്റ്റുഡിയോ ഉടമ മെയ്യപ്പ ചെട്ടിയാരും ആയിരുന്നു. 1963-നു ശേഷം പഠനത്തിനായി കമൽ ചലച്ചിത്രങ്ങളിൽ നിന്ന് വിട്ടു നിന്നു. അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽ കൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു. തമിഴ് സിനിമാ ലോകത്തെ മുൻനിര നായകന്മാരായിരുന്ന ശിവാജി ഗണേശന്റേയും എം.ജി.രാമചന്ദ്രന്റേയും ഒക്കെ ഒപ്പം കമലഹാസൻ ബാലതാരമായി അഭിനയിച്ചു. ടി.കെ.ഷൺമുഖത്തിന്റെ നാടക കമ്പനിയായിരുന്ന ടി.കെ.എസ് നാടക സഭയിലെ അനുഭവങ്ങൾ കമലഹാസനിലെ നടനെ രൂപപ്പെടുത്തി. പിന്നീട് 1972-ൽ ‘മന്നവൻ’ എന്ന ചിത്രത്തിൽ സഹനടനായി തിരിച്ചു വരവ് നടത്തി. തുടർന്ന് ‘പരുവകാലം’, ‘ഗുമസ്താവിൻ മകൻ’ എന്ന സിനിമകൾ ചെയ്തു. കെ. ബാലചന്ദറിന്റെ ‘നാൻ അവനില്ലെ’ എന്ന ചിത്രത്തിൽ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തിലാണ് ‘കന്യാകുമാരി’, ‘വിഷ്ണുവിജയം’ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചത്.

മുന്നേറ്റം, പരീക്ഷണങ്ങൾ 1970-1975

ഏഴു വർഷത്തെ നീണ്ട കാലയളവിനു ശേഷം സിനിമയുടെ സാങ്കേതിക മേഖലയിലേക്കാണ് കമലഹാസൻ പിന്നീട് തിരിച്ചു വന്നത്. ഈ കാലത്ത് സഹനടന്മാരുടെ വേഷങ്ങളും അദ്ദേഹം ചെയ്യുകയുണ്ടായി. 1970-ൽ ഇറങ്ങിയ മാനവൻ എന്ന ചിത്രത്തിൽ ഒരു സഹനടന്റെ വേഷത്തിലാണ് അദ്ദേഹം ഒരു നടൻ എന്ന രീതിയിൽ സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നത്. കമലഹാസൻ സഹസംവിധായകനായിരുന്ന അണ്ണൈ വേളാങ്കണ്ണി എന്ന ചിത്രത്തിലും ഒരു സഹനടന്റെ വേഷം അദ്ദേഹം ചെയ്യുകയുണ്ടായി. 1973-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലെ അഭിനയം വളരെയധികം പ്രശംസ പിടിച്ചു പറ്റി.
1974-ൽ മലയാളത്തിൽ ഇറങ്ങിയ കന്യാകുമാരി എന്ന ചലച്ചിത്രത്തിൽ കമലഹാസൻ നായകനായി അഭിനയിച്ചു. റീത ഭാദുരി ആയിരുന്നു നായിക. കമലഹാസന് പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ ഫിലിംഫെയർ അവാർഡ് ലഭിക്കുന്നത് കന്യാകുമാരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ്. കെ.ബാലചന്ദറിന്റെ സംവിധാനത്തിൽ നായകനായി അഭിനയിച്ച അപൂർവ്വ രാഗങ്ങൾ എന്ന സിനിമയിലാണ് ഒരു നായക വേഷം കമലഹാസൻ ചെയ്തത്. അപൂർവ്വ രാഗങ്ങളിലെ അഭിനയത്തിന് തമിഴിലെ ഫിലിംഫെയർ അവാർഡ് കമലഹാസൻ കരസ്ഥമാക്കുകയുണ്ടായി. ഈ സിനിമയിലെ അഭിനയത്തിനായി കമലഹാസൻ മൃദംഗം എന്ന താളവാദ്യം പഠിക്കുകയുണ്ടായി. ഈ സിനിമയിലൂടെ തന്നെയാണ് പിൽക്കാലത്ത് തമിഴിലെ പ്രശസ്ത നടനായ രജനീകാന്തും അരങ്ങേറ്റം കുറിക്കുന്നത്.

ദക്ഷിണേന്ത്യൻ വിജയങ്ങൾ 1976-1980

എഴുപതുകളുടെ അവസാനത്തിൽ കെ. ബാലചന്ദറിന്റെ ഒരുപാട് മികച്ച ചിത്രങ്ങളിൽ കമലഹാസൻ അഭിനയിക്കുകയുണ്ടായി. സ്ത്രീകളുമായി സല്ലാപത്തിൽ ഏർപ്പെടുന്ന, സ്ത്രൈണ്യതയുള്ള കഥാപാത്രമായി അഭിനയിച്ച മൻമദ ലീല, അതിനു മുൻപു വന്ന ഒരു ഊതാപ്പു കൺ സിമിട്ടുഗിരാദു എന്നിവയെല്ലാം ജനപ്രീതി നേടിയ ചിത്രങ്ങളായിരുന്നു. ഇവയിലെല്ലാം കമലഹാസൻ ആയിരുന്നു നായകൻ. ഒരു ഊതാപ്പു കൺ സിമിട്ടുഗിരാദു എന്ന ചിത്രത്തിനു പ്രാദേശിക ഭാഷക്കു വേണ്ടിയുള്ള തുടർച്ചയായ രണ്ടാം ഫിലിംഫെയർ അവാർഡ് ലഭിക്കുകയുണ്ടായി. അതിനു ശേഷം രജനീകാന്തും, ശ്രീദേവിയും ഒന്നിച്ച ബാലചന്ദർ സിനിമ മൂന്ന്രു മുടിച്ചു. 1977-ൽ വന്ന അവർകൾ എന്ന ചിത്രം സ്ത്രീ വിമോചനത്തെ ചുറ്റിപ്പറ്റി ഉള്ളതായിരുന്നു. ഈ ചിത്രത്തിനു വേണ്ടി കമലഹാസൻ വിഡംബനം എന്ന കല അഭ്യസിക്കുകയുണ്ടായി. അടുക്കെ വല്ല ദിക്കിൽ നിന്നും മറ്റും വല്ലവരും സംസാരിക്കുകയാണെന്നു തോന്നത്തക്കവണ്ണമുള്ള ഭാഷണം ആണ് വിഡംബനം. ഈ ചിത്രം പിന്നീട് തെലുങ്ക് ഭാഷയിലേക്ക് പുനർനിർമ്മിക്കുകയുണ്ടായി. 1979-ൽ രജനീകാന്തും, ശ്രീദേവിയും ഒപ്പം അഭിനയിച്ച 16 വയതിനിലെ എന്ന ചിത്രം അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിൽ നിഷ്കളങ്കനായ ഒരു നാട്ടിൻപുറത്തുകാരന്റെ വേഷമാണ് കമലഹാസൻ അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് തുടർച്ചയായ മൂന്നാം ഫിലിംഫെയർ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. 1977-ൽ സുഹൃത്തായിരുന്ന ബാലു മഹേന്ദ്ര ആദ്യമായി സംവിധാനം ചെയ്ത കന്നട സിനിമയായ കോകില എന്ന ചിത്രത്തിൽ കമലഹാസൻ അഭിനയിച്ചു. കമലഹാസന്റെ ആദ്യത്തെ കന്നട സിനിമ ആയിരുന്നു ഇത്. 1978-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത തെലുഗു സിനിമ ആയ മാരോ ചരിത്ര എന്ന സിനിമയിൽ കമലഹാസൻ മുഴുനീള നായക വേഷം ചെയ്യുകയുണ്ടായി. കമലഹാസന്റെ നാലാം ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് സികപ്പ് റോജാക്കൾ. മാനസിക വൈകല്ല്യമുള്ള ഒരു കൊലയാളിയുടെ വേഷമായിരുന്നു കമലഹാസൻ അവതരിപ്പിച്ചത്.

ഈ കാലഘട്ടത്തിൽ ധാരാളം തെലുഗു സിനിമകളിൽ കമലഹാസൻ അഭിനയിച്ചു. ഇരട്ട വേഷത്തിൽ അഭിനയച്ച, സൊമ്മോകോദിദി സൊക്കാദിദി, സർപ്പകഥ പറയുന്ന നീയാ, കല്യാണരാമൻ എന്നിവ അക്കാലത്തെ മികച്ച ചിത്രങ്ങളായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന് 6 ഫിലിംഫെയർ അവാർഡുകൾ ലഭിച്ചു, തമിഴ് ഭാഷയിൽ തുടർച്ചയായി ആണ് അവാർഡുകൾ ലഭിച്ചത്. ഇതോടു കൂടി തെന്നിന്ത്യയിൽ ഒരു മികച്ച അഭിനേതാവായി കമലഹാസൻ മാറിയിരുന്നു.

ഹിന്ദി സിനിമാരംഗം 1980

തമിഴ് സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നായ വരുമയിൻ നിറം സികപ്പു എന്ന ചിത്രത്തിൽ ശ്രീദേവിയുമൊന്നിച്ച് അഭിനയിച്ചു. 1980-ൽ ഇറങ്ങിയ ഈ ചിത്രത്തിൽ തൊഴിൽ രഹിതനായ ഒരു യുവാവിന്റെ വേഷമായിരുന്നു കമലഹാസന്. അക്കാലത്തു തന്നെ, രജനീകാന്ത് നായകനായി അഭിനയിച്ച തില്ലു മുല്ലു, എന്ന ചിത്രത്തിൽ അതിഥി താരമായും അദ്ദേഹം അഭിനയിച്ചു. കെ. ബാലചന്ദറിന്റെ തെലുഗു സിനിമയായ മാരോ ചരിത്രയുടെ ഹിന്ദി പുനർനിർമ്മാണത്തിലൂടെ കമലഹാസൻ ഹിന്ദി സിനിമയിൽ അരങ്ങേറ്റം നടത്തി. ഏക് ദുജേ കേ ലിയേ എന്ന ഈ ചിത്രത്തിൽ രതി അഗ്നിഹോത്രി ആയിരുന്നു നായിക. 1981-ൽ തന്റെ 100-ആമത്തെ ചിത്രമായ രാജാപാർവ്വൈ യിലൂടെ നിർമ്മാതാവായും കമലഹാസൻ മാറുകയുണ്ടായി. ജനപ്രീതി നേടാൻ കഴിഞ്ഞില്ലെങ്കിലും ഈ ചിത്രത്തിലെ അഭിനയത്തിന് കമലഹാസന് ഫിലിംഫെയർ അവാർഡ് നേടാൻ കഴിഞ്ഞു. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മൂന്നാം പിറൈ എന്ന ചിത്രത്തിലെ അഭിനയിത്തിന് കമലഹാസന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ഓർമ്മ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ സംരക്ഷിക്കുന്ന ഒരു അദ്ധ്യാപകന്റെ വേഷമായിരുന്നു ഇതിൽ. ഈ ചിത്രം പിന്നീട് ബാലു മഹേന്ദ്ര തന്നെ ഹിന്ദിയിലേക്ക് സദ്മ എന്ന പേരിൽ പുനർനിർമ്മിക്കുകയുണ്ടായി. 1983-ൽ കെ.വിശ്വനാഥൻ സംവിധാനം ചെയ്ത സാഗര സംഗമം എന്ന ചിത്രത്തിലെ നൃത്തക്കാരന്റെ വേഷം വളരെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് തെലുങ്കിൽ വാങ്ങിച്ച് കൊടുക്കുകയും ചെയ്തു .

1986-ൽ കെ.വിശ്വനാഥൻ സംവിധാനം ചെയ്ത സ്വാതി മുത്യം എന്ന സിനിമയിൽ പഠന വൈകല്യമുള്ള ഒരു സാധാരണക്കാരനായി ആണ് അഭിനയിച്ചത്. ഈ സിനിമ അക്കാദമി അവാർഡുകളിലേക്കുള്ള 1986 ലെ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമായിരുന്നു. ആന്ധ്രപ്രദേശിൽ ഈ സിനിമക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് കമലഹാസന്റെ ഒട്ടു മിക്ക തമിഴ് സിനിമകളും തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു. പിന്നീട് വന്ന പുന്നകൈ മന്നൻ, വെട്രിവിഴ എന്നീ ചലച്ചിത്രങ്ങളെല്ലാം വൻ വിജയങ്ങളായിരുന്നു. ചാപ്ലിൻ ചെല്ലപ്പ എന്ന ഹാസ്യരസ പ്രധാനമായ വേഷമായിരുന്നു പുന്നകൈ മന്നൻ എന്ന സിനിമയിലെങ്കിൽ, ഒരു പോലീസ് ഓഫീസർ ആയിട്ടാണ് വെട്രിവിഴയിൽ അദ്ദേഹം അഭിനയിച്ചത്. മണി രത്നം സംവിധാനം ചെയ്ത നായകൻ എന്ന ചിത്രം അദ്ദേഹത്തിന് രണ്ടാമത്തെ ദേശീയ അവാർഡ് നേടി കൊടുത്തു. മുംബൈയിലുള്ള ഒരു അധോലോക നായകന്റെ കഥയാണ് നായകൻ എന്ന സിനിമ. 1987-ൽ നായകൻ എന്ന സിനിമയും അക്കാദമി അവാർഡിനു വേണ്ടി പരിഗണിക്കപ്പെട്ടു. നായകൻ എന്ന സിനിമ ടൈം മാഗസിന്റെ എക്കാലത്തേയും മികച്ച 100 സിനിമകൾ എന്ന പട്ടികയിൽ ഇടം പിടിച്ചു. 1988-ൽ പുഷ്പക വിമാനം എന്ന ഏക നിശ്ശബ്ദ ചലച്ചിത്രത്തിലും കമലഹാസൻ അഭിനയിച്ചു. സത്യ എന്ന ചിത്രത്തിൽ സമൂഹത്തിലെ തിന്മകൾക്കെതിരേ പോരാടുന്ന തൊഴിൽ രഹിതനായ യുവാവായും അഭിനയിച്ചു. 1989-ൽ പുറത്തിറങ്ങിയ അപൂർവ്വ സഹോദരങ്ങൾ എന്ന സിനിമയിൽ മൂന്നു വ്യത്യസ്ത വേഷങ്ങൾ ആണ് കമലഹാസൻ അവതരിപ്പിച്ചത്. അതിൽ ഒന്ന് സർക്കസ് കൂടാരത്തിലെ കോമാളിയായ കുള്ളന്റേതായിരുന്നു. ടി.കെ.രാജീവ്കുമാർ ചാണക്യൻ എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയച്ചാണ് ആ പതിറ്റാണ്ട് കമലഹാസൻ പൂർത്തിയാക്കിയത്. ചാണക്യൻ ഒരു ജനപ്രീതി നേടിയ ചിത്രമായിരുന്നു.

1980-കളിൽ ദക്ഷിണേന്ത്യ മുഴുവൻ സ്വീകരിക്കപ്പെട്ട ഒരു മികച്ച അഭിനേതാവായി കമലഹാസൻ മാറുകയുണ്ടായി. ഈ കാലഘട്ടത്തിൽ എല്ലാ ഭാഷകളിലും ഫിലിംഫെയർ അവാർഡുകളും മൂന്നു ദേശീയ അവാർഡുകളും കമലഹാസൻ കരസ്ഥമാക്കി. അന്താരാഷ്ട്ര സിനിമാ മേളകളിലും കമലഹാസന്റെ അഭിനയം ശ്രദ്ധ പിടിച്ചു പറ്റി.

ഹാസ്യ രംഗം 1990

1990-ൽ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് മൈക്കിൾ മദന കാമരജാൻ എന്ന സിനിമ പുറത്തിറങ്ങിയത്. ഹാസ്യ രംഗത്തേക്കുള്ള ഈ അഭിനയ പ്രതിഭയുടെ ഒരു കാൽവെയ്പു കൂടിയായിരുന്നു ഇത്. ഈ ചിത്രം വൻ വിജയമായിരുന്നു. പാലക്കാടൻ തമിഴ് സംസാരിക്കുന്ന പാചകക്കാരന്റെ വേഷം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. സമനില തെറ്റിയ ഒരു മനുഷ്യന്റെ വേഷം അവതരിപ്പിച്ച ഗുണ, തേവർ മകൻ എന്നീ ചിത്രങ്ങളിലെല്ലാം കമലഹാസന്റെ അഭിനയം വേറിട്ടു നിന്നു. തേവർ മകനിൽ പ്രശസ്ത നടനായ ശിവാജി ഗണേശന്റെ ഒപ്പമാണ് കമലഹാസൻ അഭിനയിച്ചത്. തേവർ മകൻ മികച്ച ഒരു സിനിമയായിരുന്നുവെങ്കിലും, വാണിജ്യപരമായി ഒരു പരാജയമായിരുന്നു. തേവർ മകൻ പിന്നീട്, വിരാസത് എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി. തേവർമകൻ അക്കൊല്ലത്തെ അക്കാദമി അവാർഡിനു വേണ്ടി ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു. കമലഹാസൻ അഭിനയിച്ച മഹാനദി എന്ന ചിത്രം, പുറത്തിറങ്ങി ആറു കൊല്ലങ്ങൾക്കു ശേഷം റോട്ടർഡാം സിനിമാ മേളയിൽ പ്രദർശിക്കപ്പെട്ടു.
1994-ൽ പുറത്തിറങ്ങിയ നമ്മവർ എന്ന ചലച്ചിത്രത്തിൽ ഒരു കോളേജ് അദ്ധ്യാപകന്റെ വേഷമായിരുന്നു കമലഹാസൻ ചെയ്തത്. വഴിതെറ്റി പോകുന്ന കുട്ടികളെ നേർവഴിക്കു നടത്താൻ ശ്രമിക്കുന്ന ഒരു അദ്ധ്യാപകന്റെ വേഷമായിരുന്നു അത്. 1995-ൽ ഹാസ്യം നിറഞ്ഞ പ്രണയം അവതരിപ്പിച്ച സതി ലീലാവതി എന്ന ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. ആ വർഷം അവസാനം പോലീസ് ഓഫീസറുടെ കഥപറയുന്ന കുരുതിപ്പുനൽ എന്ന ചിത്രത്തിൽ മികച്ച ഒരു വേഷം ചെയ്യുകയുണ്ടായി. തമിഴിലെ പ്രശസ്ത നടന്മാരായ അർജുനും, നാസ്സറും ഈ സിനിമയിൽ കമലഹാസനോടൊപ്പം തന്നെയുള്ള വേഷങ്ങൾ അവതരിപ്പിച്ചു. അതിനു ശേഷം ഇന്ത്യൻ എന്ന ചിത്രത്തിലെ അഭിനയത്തിന് കമലഹാസന് മൂന്നാമത് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. അഴിമതിക്കെതിരേ പോരാടുന്ന ഒരു സ്വാതന്ത്ര്യ സമര സേനാനിയുടേയും, അദ്ദേഹത്തിന്റെ അഴിമതിക്കാരനായ മകന്റേയും വേഷമാണ് കമലഹാസൻ ഇന്ത്യൻ എന്ന സിനിമയിൽ ചെയ്തത്. മികച്ച വിജയം കൂടിയായിരുന്നു ഈ സിനിമ. ഈ രണ്ടു ചിത്രങ്ങളും അടുത്തടുത്ത വർഷങ്ങളിൽ അക്കാദമി അവാർഡിനു വേണ്ടിയുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രങ്ങളായിരുന്നു.

ഇന്ത്യൻ എന്ന ചലച്ചിത്രത്തിനശേഷം പുതുമയുള്ള ഒരു വേഷവുമായിട്ടായിരുന്നു കമലഹാസന്റെ പുതിയ ചലച്ചിത്രം പുറത്തിറങ്ങിയത്. അവ്വൈ ഷൺമുഖി എന്ന ചിത്രത്തിൽ വൃദ്ധയായ ഒരു സ്ത്രീയുടെ വേഷമാണ് കമലഹാസൻ അവതരിപ്പിച്ചത്. ഈ ചിത്രം പിന്നീട് ഹിന്ദിയിൽ ചാച്ചി-420 എന്ന പേരിൽ പുനർനിർമ്മിക്കുകയുണ്ടായി. കമലഹാസൻ തന്നെയാണ് ഈ സിനിമ സംവിധാനം ചെയ്തതും.
1997-ൽ മുഹമ്മദ് യൂസഫ് ഖാന്റെ ജീവിതത്തെ ആസ്പദമാക്കി മരുതു നായകം എന്ന ഒരു ചിത്രം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ കമലഹാസനു സാധിച്ചില്ല. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമ എന്നു വിശേഷിപ്പിക്കപ്പെട്ടതായിരുന്നു മരുതു നായകം. ധാരാളം പ്രശസ്തരായ നടീനടന്മാരും, സാങ്കേതികവിദഗ്ദരും ഈ ചിത്രത്തിനായി കരാറൊപ്പിട്ടിരുന്നു. ബ്രിട്ടീഷ് രാജകുമാരിയാണ് ഈ ചിത്രത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കമലഹാസനു ആ ചിത്രം പൂർത്തീകരിക്കാനായി സാധിച്ചില്ല. എന്നാൽ ആ ചിത്രം പൂർത്തീകരിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് കമലഹാസൻ പറയാറുണ്ട്. ഈ സമയത്തു തന്നെ കാതലാ കാതലാ എന്ന പ്രണയ, ഹാസ്യ ചിത്രത്തിലും കമലഹാസൻ അഭിനയിച്ചു.

ഹേ റാം എന്ന സിനിമക്കുശേഷം 2000 കാലഘട്ടം

സിനിമയിൽ നിന്നുള്ള രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഹേ റാം എന്ന സിനിമയുമായാണ് കമലഹാസൻ വീണ്ടു വ്യവസായ രംഗത്തേക്കു തിരിച്ചു വരുന്നത്. ഹേ റാം എന്ന സിനിമ സംവിധാനം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. ഹേ റാം എന്ന സിനിമ, ഇന്ത്യാ വിഭജനവും അതിനെ തുടർന്ന് മഹാത്മാഗാന്ധിയുടെ മരണവും തുടർന്നുണ്ടാവുന്ന സംഭവങ്ങളും ചിത്രീകരിച്ചിരിക്കുന്നു. അഭിനേതാവ്, സംവിധായകൻ, രചയിതാവ്, ഗാന രചയിതാവ് എന്നീ മേഖലകളും ഈ ചിത്രത്തിൽ ചെയ്തത് കമലഹാസൻ തന്നെയായിരുന്നു. ഹിന്ദിയിലെ പ്രശസ്ത നടനായ ഷാരുഖ് ഖാനും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അക്കാദമി അവാർഡിനു വേണ്ടി ഇന്ത്യയിൽ നിന്നയച്ച ചിത്രമായിരുന്നു ഹേ റാം . ഹേ റാം, ഇന്ത്യയിൽ വൻ പരാജയമായിരുന്നു എങ്കിലും ലോക ശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരേ രംഗത്തു വന്നു. ആ വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു. യുദ്ധക്കെടുതികൊണ്ട് മാനസികനില തകരാറിലായ ഒരു യുവാവിന്റെ കഥയാണ് തെനാലി പറഞ്ഞത്. മലയാള ചലച്ചിത്ര നടനായ ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. വാണിജ്യപരമായി വൻ വിജയമായിരുന്നു തെനാലി.

2001 – ൽ ആളവന്താൻ എന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ രണ്ടു വേഷങ്ങളാണ് കമലഹാസൻ അവതരിപ്പിച്ചത്. അതിലെ ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി തലമുടി മുഴുവൻ നീക്കം ചെയ്യുകയും, പത്തു കിലോഗ്രാം ഭാരം വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ അതിലെ തന്നെ അടുത്ത വേഷത്തിനായി നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഒരു ഹ്രസ്വ പഠനത്തിനായ ചേരുകയും ചെയ്തു. രണ്ടാമത്തെ വേഷം ഒരു സൈനിക ഓഫീസറുടേതായിരുന്നു . റിലീസിനു മുൻപേ കിട്ടിയ പ്രശസ്തി കൊണ്ടാവാം, സിനിമ വാണിജ്യപരമായി പരാജയമായിരുന്നു. അതിന്റെ നഷ്ടം നികത്താനായി വിതരണക്കാർക്ക് പ്രതിഫലം നൽകാൻ കമലഹാസൻ തയ്യാറായി .

പമ്മൽകെസംബന്ധം, പഞ്ചതന്തിരം എന്നീ ഹാസ്യ സിനിമകൾക്കു ശേഷം കമലാഹസൻ തന്റെ മൂന്നാമത്തെ സിനിമ സംവിധാനം ചെയ്തു. വിരുമാണ്ടി എന്ന ചിത്രം മരണ ശിക്ഷയെ കുറിച്ചുള്ളതായിരുന്നു. പുക്കോൺ ഫിലിം മേളയിൽ ഏറ്റവും മികച്ച ഏഷ്യൻ സിനിമക്കുള്ള അവാർഡ് ഈ ചിത്രം നേടുകയുണ്ടായി. മാധവനോടൊപ്പം അൻപേ ശിവം എന്ന ചിത്രത്തിലും കമലഹാസൻ പ്രധാന വേഷത്തിൽ അഭിനയിക്കുകയുണ്ടായി. മലയാളം സിനിമ സംവിധായകൻ പ്രിയദർശൻ ആണ് ഈ സിനിമ തുടങ്ങി വെച്ചത്. എങ്കിലും സി.സുന്ദർ എന്ന വാണിജ്യ സിനിമകളുടെ സംവിധായകൻ ആണ് ചിത്രം പൂർത്തിയാക്കിയത്. നല്ലശിവം എന്ന കമ്മ്യൂണിസ്റ്റുകാരന്റെ വേഷമാണ് കമലഹാസൻ ഈ ചിത്രത്തിൽ ചെയ്തത്.

ഹിന്ദി സിനിമയായ മുന്നാഭായി എം.ബി.ബി.എസ് തമിഴിലേക്ക് പുനർനിർമ്മാണം നടത്തിയപ്പോൾ നായക വേഷം ചെയ്തത് കമലഹാസൻ ആയിരുന്നു. 2004 ൽ ഇറങ്ങിയ ഈ ചിത്രം വാണിജ്യപരമായി മികച്ചതായിരുന്നു. മുംബൈ എക്സ്പ്രസ്സ് എന്ന ഹാസ്യ സിനിമ കമലഹാസൻ തന്നെ രചന നിർവഹിച്ച് പുറത്തിറങ്ങി. പക്ഷേ തമിഴ് പുതുവർഷത്തിലറങ്ങിയ ഈ ചിത്രം വളരെ അധികം നിരാശപ്പെടുത്തി. ആ സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനിമയും പുറത്തിറങ്ങുന്നത്. ഇതും കമലഹാസന്റെ ചിത്രത്തിനെ ബാധിച്ചു. 2006-ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത കമലഹാസൻ പോലീസ് വേഷത്തിൽ അഭിനയിച്ച വേട്ടയാട് വിളയാട് എന്ന സൂപ്പർഹിറ്റ് ചലച്ചിത്രം പുറത്തിറങ്ങി. വളരെ കാലമായി ചിത്രീകരണം നീണ്ട ഒരു സിനിമ ആയിരുന്നു ഇത് . 2008-ൽ കമലഹാസൻ പത്ത് വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച ദശാവതാരം എന്ന സിനിമ പുറത്തിറങ്ങി. തമിഴ്, തെലുഗു തുടങ്ങിയ വ്യത്യസ്ത ഭാഷകളിൽ ഒരേ സമയം തന്നെയാണ് ഈ സിനിമ പുറത്തിറങ്ങിയത്. അസിൻ ആണ് കമലഹാസന്റെ നായിക ആയി അഭിനയിച്ചത്. തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമ ഇതാണെന്ന് കരുതപ്പെടുന്നു. കമലഹാസന്റെ ഈ സിനിമയിലെ അഭിനയം വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റുകയുണ്ടായി . കാനഡയിൽ ലോക പ്രശസ്ത സിനിമാ നിർമ്മാണ വിതരണ കമ്പനിയായ വാൾട്ട് ഡിസ്നി ആണ് ചിത്രത്തിന്റെ വിതരണം നടത്തിയത്. വാൾട്ട് ഡിസ്നി വിതരണം ചെയ്യുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണ് ഇത്. 250 കോടി ഇന്ത്യൻ രൂപ ഈ ചിത്രം നേടി എന്നു കണക്കുകൾ പറയുന്നു . ദശാവതരാത്തിന്റെ കഥയും, തിരക്കഥയും കമലഹാസൻ തന്നെയാണ് നിർവഹിച്ചത്.

ദശാവതാരത്തിനു ശേഷം, തന്റെ അടുത്ത സിനിമയായ മർമ്മയോഗിയുടെ പണിപ്പുരയിലാണ് കമലഹാസൻ. എന്നാൽ ഈ സംരംഭം താൽക്കാലികമായി നിറുത്തി വെച്ചിരിക്കുകയാണ് . പ്രശസ്തമായ ഹിന്ദി സിനിമയായ എ വെനസ്ഡേ തമിഴിലേക്ക് പുനർനിർമ്മാണം നടത്തുകയുണ്ടായി. ഉന്നൈപ്പോലൊരുവൻ എന്ന പേരിലാണ് കമലഹാസൻ ഈ ചിത്രം നിർമ്മിച്ചത് . ഒരു സൂപ്പർഹിറ്റ് സിനിമ ആയിരുന്നു ഉന്നൈപ്പോലൊരുവൻ. മലയാളം സിനിമാ അഭിനേതാവ് മോഹൻലാലും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുകയുണ്ടായി. കമലഹാസന്റെ മകൾ ശ്രുതി ഹാസൻ ആയിരുന്നു ഉന്നൈപ്പോലൊരുവന്റെ സംഗീത സംവിധാനം . 2010-ൽ മാധവനും, തൃഷയോടും ഒപ്പം മൻമദൻ അമ്പ് എന്ന ചിത്രത്തിൽ കമലഹാസൻ അഭിനയിച്ചു. ഈ ചിത്രത്തിന്റെ തിരക്കഥയും,സംഭാഷണവും കമലഹാസൻ തന്നെയാണ് ചെയ്തത്. തന്റെ ഭാവി വധു തന്നെ വഞ്ചിക്കുന്നുണ്ടോ എന്നറിയാനായി ഒരു ഡിറ്റക്ടീവിനെ നിയോഗിക്കുന്ന ഒരാളുടെ കഥയാണ് മൻമദൻ അമ്പ്. ചിത്രം ഒരു ശരാശരി നിലവാരത്തിൽ ഉള്ളതാണെന്ന് നിരൂപകർ വിലയിരുത്തുന്നു. വിശ്വരൂപം എന്ന തന്റെ തന്നെ ചിത്രത്തിന്റെ പണിപ്പുരയിലാണ് കമലഹാസൻ. കമലഹാസൻ നാലാമത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വിശ്വരൂപം . മിഷൻ ഇംപോസിബിൾ സീരീസിലുള്ള ഒരു ത്രില്ലർ സിനിമയായിരിക്കും വിശ്വരൂപം എന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും വിശ്വരൂപം പ്രേക്ഷകർക്കു മുന്നിലെത്തുക . ഹോളിവുഡിലേക്കുള്ള കമലഹാസന്റെ അരങ്ങേറ്റവും ഉടൻ തന്നെയുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു. ബാരി ഒസ്ബോൺ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കമലഹാസന്റെ കൂടെ അഭിനയിക്കുന്നത് ഏഴു വയസ്സുള്ള പെൺകുട്ടിയായിരിക്കും .

വെള്ളിത്തിരക്കു പിന്നിൽ

അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമലഹാസൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .
രാജ പാർവൈ, അപൂർവ്വ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ, തേവർ മകൻ, മഹാനദി, ഹേറാം, ആളവന്താൻ, അൻപേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മൻമദൻ അമ്പ് തുടങ്ങിയ ചിത്രങ്ങൾക്ക കഥ അല്ലെങ്കിൽ തിരക്കഥ തയ്യാറാക്കിയത് കമലഹാസൻ തന്നെയായിരുന്നു. കമലഹാസന്റെ സിനിമാ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ധാരാളം സിനിമകളും നിർമ്മിച്ചിട്ടുണ്ട്. ഹേ റാം ഒരു വിജയമായിരുന്നെങ്കിൽ താൻ മുഴുവൻ സമയ സംവിധാനത്തിലേക്കു തിരിഞ്ഞേനേ എന്ന് കമലഹാസൻ അഭിപ്രായപ്പെട്ടിട്ടുണ്ട് . ധാരാളം യുവ താരങ്ങൾ അദ്ദേഹത്തിന്റെ സംവിധാനത്തിൻ കീഴിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു . ഒരു നടൻ എന്നതിലുപരി സാങ്കേതിക വിദഗ്ദ്ധൻ ആകാനായിരുന്നു തനിക്കു താൽപര്യം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ നടനായി തീരാനായിരുന്നു നിയോഗം . സിനിമാ മേക്കപ്പുമായി ബന്ധപ്പെട്ട് ധാരാളം ശിൽപ ശാലകളിൽ കമലഹാസൻ പങ്കെടുത്തിട്ടുണ്ട് .
കമലഹാസൻ തന്റെ ചില ചിത്രങ്ങൾക്ക് വേണ്ടി ഗാന രചനയും നിർവഹിച്ചിട്ടുണ്ട്. ഹേ റാം, വിരുമാണ്ടി, ഉന്നൈപോലൊരുവൻ, മൻമദൻ അമ്പ് എന്നീ ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം ഗാന രചന നടത്തിയിട്ടുണ്ട് . ഏതാണ്ട് 70 ഓളം ഗാനങ്ങളും പല ഭാഷകളിലായി അദ്ദേഹം പാടിയിട്ടുണ്ട്.

വ്യക്തി ജീവിതം

തമിഴ് നാട്ടിലെ, രാമനാഥപുരം ജില്ലയിൽ പരമക്കുടി എന്ന സ്ഥലത്താണ് കമലഹാസൻ ജനിച്ചത്. അച്ഛൻ പ്രശസ്ത ക്രിമിനൽ വക്കീലായിരുന്ന ഡി.ശ്രീനിവാസൻ, അമ്മ രാജലക്ഷ്മി . അദ്ദേഹത്തിന്റെ മാതാപിതാക്കൾ കമലഹാസൻ പാർത്ഥസാരഥി എന്നാണ് പേരിട്ടത് . കമലഹാസൻ ആ കുടുംബത്തിലെ നാലു മക്കളിൽ ഏറ്റവും ഇളയതായിരുന്നു. മറ്റു മക്കൾ ചാരുഹാസൻ, ചന്ദ്രഹാസൻ, നളിനി രഘു എന്നിവരായിരുന്നു. തന്റെ മക്കൾ എല്ലാവരും നന്നായി വിദ്യാഭ്യാസം ചെയ്യണമെന്ന് ആ പിതാവ് ആഗ്രഹിച്ചു. ചാരുഹാസനും, ചന്ദ്രഹാസനും പിതാവിന്റെ പാത പിന്തുടർന്ന് നിയമം പഠിച്ചു. കമലഹാസൻ ചെറുപ്പത്തിൽ സ്കൂൾ പഠനമൊഴിച്ച് മറ്റു പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

രണ്ട് ചിത്രങ്ങളിൽ കമലഹാസൻ തന്റെ മാതാപിതാക്കളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. ഉന്നൈപ്പൊലൊരുവൻ എന്ന ചിത്രത്തിലും, ദശാവതാരത്തിലെ ഒരു ഗാന രംഗത്തിലും . കമലഹാസന്റെ ഏറ്റവും മൂത്ത സഹോദരൻ ചാരുഹാസൻ ദേശീയ അവാർഡു നേടിയ ഒരു അഭിനേതാവ് കൂടിയാണ്. ചാരുഹാസന്റെ മകളാണ് പ്രശസ്ത അഭിനേത്രിയും, സംവിധായകൻ മണിരത്നത്തിന്റെ ഭാര്യയുമായ സുഹാസിനി . രണ്ടാമത്തെ സഹോദരൻ ചന്ദ്രഹാസൻ, അവരുടെ സിനിമാ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണലിന്റെ കാര്യ നിർവഹണം നടത്തുന്നു. കമലഹാസന്റെ സഹോദരി നളിനി രഘു, ഒരു നൃത്ത അദ്ധ്യാപിക ആണ്. നളിനിയുടെ മകൻ കമലഹാസന്റെ ഹേ റാം എന്ന സിനിമയിൽ കമലഹാസന്റെ പൗത്രനായി അഭിനയിച്ചിട്ടുണ്ട്

ബന്ധങ്ങൾ

കമലഹാസന്റെ വ്യക്തി ജീവിതം, സിനിമാ ജീവിതം പോലെ അത്ര സമ്പന്നമല്ലായിരുന്നു. മാധ്യമങ്ങൾ ഒരുപാട് ചൂഷണം ചെയ്ത തിരിച്ചടികൾ നേരിട്ട ഒരു കുടുംബ ജീവിതം ആയിരുന്നു കമലഹാസന്റേത്. 1970 – കളിൽ കമലഹാസന്റെ കൂടെ ധാരാളം സിനിമകളിൽ അഭിനയിച്ചിരുന്ന പ്രശസ്ത നടിയായിരുന്ന ശ്രീവിദ്യയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം 2008 ൽ പുറത്തിറങ്ങിയ മലയാളം സിനിമയായ തിരക്കഥയിൽ സംവിധായകൻ രഞ്ജിത്ത് പറയാൻ ശ്രമിച്ചിട്ടുണ്ട്. ശ്രീവിദ്യയുടെ അവസാന നാളുകളിൽ അവർ കമലഹാസനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതറിഞ്ഞ കമലഹാസൻ അവരെ ആശുപത്രി കിടക്കക്കരികിൽ വന്നു കണ്ടിരുന്നു. ഇതാണ് തന്റെ സിനിമക്ക് പ്രചോദനമായതെന്ന് സംവിധായകൻ രഞ്ജിത്ത് പറയുന്നു, കൂടാതെ തന്റെ പ്രിയപ്പെട്ട അഭിനേത്രി കൂടിയായ ശ്രീവിദ്യക്കുള്ള ഒരു സമർപ്പണം കൂടിയാണ് ഈ ചിത്രം എന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
1978 ൽ തന്റെ ഇരുപത്തി നാലാമത്തെ വയസ്സിൽ നർത്തകിയായിരുന്ന വാണി ഗണപതിയെ വിവാഹം ചെയ്തു . കമലഹാസന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് വാണി ഏറ്റെടുക്കുകയായിരുന്നു. പത്തു വർഷത്തിനു ശേഷം ഈ ദമ്പതികൾ വേർപിരിഞ്ഞു. അതിനു ശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു.

രണ്ടാമത്തെ കുഞ്ഞുണ്ടായതിനു ശേഷമാണ് കമലഹാസനും സരികയും ഔദ്യോഗികമായി വിവാഹിതരാവാൻ തീരുമാനിച്ചത്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് ശ്രുതി ഹാസനും, അക്ഷര ഹാസനും. ശ്രുതി ഹാസൻ ഒരു അഭിനേത്രിയാണ്. അക്ഷര ഹാസൻ ബാംഗ്ലൂരിൽ ഉന്നത പഠനം നടത്തുന്നു. കമലഹാസനുമായുള്ള വിവാഹത്തിനു ശേഷം, സരിക അഭിനയത്തോട് വിടപറഞ്ഞു. കമൽ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് സരിക ഏറ്റെടുത്തു. 2002 ൽ ഇവർ വിവാഹ മോചനത്തിന് തയ്യാറായി.2004 ൽ സരിക കമലഹാസനിൽ നിന്നും അകന്നു. കമലഹാസന്റെ സഹപ്രവർത്തകയും, അഭിനേത്രിയുമായ സിമ്രനുമായുള്ള ബന്ധമാണ് ഈ വേർപിരിയലിനു കാരണം. എന്നാൽ പിന്നീട് സിമ്രൻ തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്യുകയുണ്ടായി . കമലഹാസൻ ഇപ്പോ മുൻ അഭിനേത്രിയും, തന്റെ തന്നെ പല ചിത്രങ്ങളിലും സഹപ്രവർത്തകയുമായിരുന്ന ഗൗതമിയോടൊപ്പം ആണ് ജീവിക്കുന്നത്. ഗൗതമിയുടെ രോഗാതുരമായ കാലഘട്ടങ്ങളിൽ അവരെ കമലഹാസൻ ആണ് സഹായിച്ചിരുന്നത്. കമലഹാസന്റെ പുത്രിമാരായ ശ്രുതിഹാസനും, അക്ഷരഹാസനും, ഗൗതമിയുടെ മകളായ സുബ്ബലക്ഷ്മിയും ഇവരോടൊപ്പം ആണ് താമസിക്കുന്നത് .

മതപരമായ കാഴ്ചപ്പാടുകൾ

ഒരു ഹിന്ദു ബ്രാഹ്മിൺ കുടുംബത്തിലാണ് കമലഹാസൻ ജനിച്ചതെങ്കിലും, ഒരു നിരീശ്വര വാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത് . അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വര വാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്. അൻപേ ശിവം, ദശാവതാരം എന്നിവയാണ് ഈ ചിത്രങ്ങൾ . അറബിക് പേരുമായുള്ള തന്റെ പേരിന്റെ സാമ്യം അദ്ദേഹം ഒരു മുസ്ലീം ആയി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. കമലഹാസ്സൻ എന്ന പേരിലെ ഹാസ്സൻ എന്ന ഭാഗം അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്തായിരുന്ന യാക്കൂബ് ഹസ്സന്റെ പേരിൽ നിന്നും ലഭിച്ചതാണെന്ന സ്ഥിരീകരിക്കപ്പെടാത്ത ഒരു കഥയുണ്ടായിരുന്നു. യാക്കൂബ് ഹസ്സൻ ഒരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. കമലഹാസന്റെ പിതാവും, യാക്കൂബ് ഹസ്സനും ഒരുമിച്ച് ബ്രിട്ടീഷ് കാലഘട്ടത്തിൽ ജയിലിൽ കിടന്നിട്ടുണ്ട്. അക്കാലത്ത് ബ്രാഹ്മീണരോട് ദേഷ്യം പുലർത്തിയിരുന്ന മുസ്ലീം തടവുകാരുടെ ആക്രമണത്തിൽ നിന്നും, വെറുപ്പിൽ നിന്നും കമലഹാസന്റെ പിതാവിനെ സംരക്ഷിച്ചിരുന്നത് ഇദ്ദേഹമായിരുന്നു . എന്നാൽ പിന്നീട് കമലഹാസൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി ഈ യാക്കൂബ് ഹസ്സൻ ബന്ധം മാദ്ധ്യമങ്ങൾ ആഘോഷിച്ച ഒരു കഥമാത്രമാണെന്നും, തന്റെ പിതാവിന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരിക്കാം എന്നും പക്ഷേ പേരിന്റെ കൂടെയുള്ള ഹാസ്സൻ എന്നത് ഹാസ്യ എന്ന സംസ്കൃതപദത്തിൽ നിന്നും ഉണ്ടായതാണ് എന്നും കമലഹാസ്സൻ വിശദീകരിക്കുന്നു.

രാഷ്ട്രീയ കാഴ്ചപ്പാടുകൾ

രാഷ്ട്രീയത്തിലേക്ക് വരാൻ പലരും അദ്ദേഹത്തെ നിർബന്ധിച്ചെങ്കിലും അതിൽ നിന്നെല്ലാം കമലഹാസൻ ഒഴിഞ്ഞു നിൽക്കുകയായിരുന്നു. രാഷ്ട്രീയ പാർട്ടികളോട് ഒരു സമദൂര സിദ്ധാന്തമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത് .

ജീവകാരുണ്യ പ്രവർത്തനങ്ങൾ

തന്റെ ഫാൻ ക്ലബ്ബുകളെ ക്ഷേമകാര്യ സംഘടനകളാക്കി മാറ്റിയ ആദ്യത്തെ നടൻ കമലഹാസൻ ആണ് , കൂടാതെ കമൽ നർപണി ഐക്യം എന്ന ഈ സംഘടനയിലൂടെ ധാരാളം സാമൂഹിക പ്രവർത്തനങ്ങൾക്കും കമലഹാസൻ നേതൃത്വം നൽകുന്നുണ്ട് . രക്തദാനം, നേത്രദാനം, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നു . 2004 സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ ആദ്യ എബ്രഹാം കോവൂർ അവാർഡ് കമലഹാസനു ലഭിക്കു?

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ