Arun Paul Alackal
പലരീതിയിൽ കൊലചെയ്യപ്പെട്ട ചിലർ, എല്ലാ മൃതശരീരങ്ങളുടെയും നെറ്റിയിൽ നക്ഷത്രാകൃതിയിലുള്ള മുറിപ്പാടുകൾ, ഏവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പൊതു ഘടകത്തിന്റെ സാന്നിധ്യം…..and a serial killer out there.
Film : CHUP
Language : Hindi
Genre : Thriller
Year : 2022
Director : R. Balki
കഥയെ പറ്റി കൂടുതലായി പറഞ്ഞു രസംകൊല്ലിയാവാൻ ശ്രമിക്കുന്നില്ല. ഈ എഴുത്തിന്റെ തുടക്കത്തിൽ പറഞ്ഞതിനപ്പുറത്തേയ്ക്ക് spoiler ആകുമെന്നതാണ് കാര്യം. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന പൂക്കച്ചവടക്കാരൻ ഡാനി, ശ്രേയ ധന്വന്തരിയുടെ പത്രപ്രവർത്തകയായ നില മേനോൻ, സണ്ണി ഡിയോളിന്റെ പൊലീസുദ്യോഗസ്ഥനായ അരവിന്ദ് എന്നീ പ്രധാന കഥാപാത്രങ്ങളും മറ്റു ചില ചെറു കഥാപാത്രങ്ങളും ചേരുന്ന ഒരു ത്രില്ലർ സിനിമയാണ് ചുപ്.
പ്രകടനപരമായും സാങ്കേതികപരമായും അവതരണം കൊണ്ടും മികച്ചു നിൽക്കുന്ന ഒരു (സൈക്കോളജിക്കൽ) ത്രില്ലറാണ് കണ്ടു കഴിഞ്ഞത്. ഒരു ത്രില്ലർ സിനിമയുടെ usual pattern ലാണ് തുടക്കം മുതൽ സിനിമയുടെ പോക്ക് എങ്കിലും അതിനിടയിലൂടെ വരുന്ന Modus operandi, സാധാരണയായി കാണുന്ന സൈക്കോ കഥാപാത്രങ്ങളുടെ അവതരണത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ശൈലി എന്നിവയൊക്കെ കൊണ്ട് വ്യത്യസ്തമാകുന്നുണ്ട് സിനിമ. കഥാപത്രങ്ങളിലേക്ക് വന്നാൽ ഡാനി എന്ന പൂക്കച്ചവടക്കാരന്റെ വേഷം ദുൽഖർ വളരെ easy എന്നു തോന്നിപ്പിക്കും വിധം കൈകാര്യം ചെയ്തിട്ടുണ്ട്. Family man നും Scam 1992 നും ശേഷം ശ്രേയ ധന്വന്തരിയുടെ നിലാ എന്ന വേഷവും പാത്രരൂപീകരണത്തിൽ പറയത്തക്ക വിശേഷങ്ങളൊന്നുമില്ലെങ്കിലും പ്രകടനപരമായി മികച്ചു നിന്നു. ഗൗരവക്കാരനായ കേസന്വേഷകൻ വേഷം caricaturistic ആയി സണ്ണി ഡിയോളും കൈകാര്യം ചെയ്തിരിക്കുന്നു. നിലയുടെ അമ്മയായി ശരണ്യ പൊൻവണ്ണനും ഹിന്ദിയിൽ ആദ്യമായി രംഗപ്രവേശം ചെയ്‌തിട്ടുണ്ട്. വെറ്ററൻ നടി പൂജ ഭട്ടും ചെറുതെങ്കിലും പ്രധാനമായ ഒരു വേഷം ചെയ്തിട്ടുണ്ട്.
മുൻപ് പല പോസ്റ്റുകളിലും പറഞ്ഞിട്ടുള്ളത് പോലെ ഇന്ത്യയിലെ പോപ്പുലറായ പല റീജിയണൽ ഭാഷ നടന്മാരെ എടുത്താലും പാൻ ഇന്ത്യൻ എന്ന വിശേഷണത്തിന് ഏറ്റവും അടുത്തു നിൽക്കുന്ന നടൻ ദുൽഖർ തന്നെയാണ്. ഏതെങ്കിലും ഒരു ഭാഷയിലെ ഒറ്റ സിനിമ കൊണ്ട് രാജ്യവ്യാപകമായി പെരുമയുണ്ടാക്കുക എന്നതിലുപരി ഇന്ത്യൻ സിനിമയിൽ മുൻപിൽ നിൽക്കുന്ന എല്ലാ ഭാഷകളിലും പ്രധാനകഥാപാത്രമായി അഭിനയിച്ചു സിനിമ വിജയിപ്പിക്കുന്നു/മികച്ച അഭിപ്രായം നേടുന്നു എന്നതാണ് ഭാഷകൾക്കതീതമായി അയാളെ ഒരു ഇന്ത്യൻ നടൻ എന്നു വിശേഷിപ്പിക്കാൻ യോഗ്യനാക്കുന്നത്. സാധാരണയായി അന്യഭാഷാ നടന്മാർ ഏതേലും ഒരു സിനിമയിൽ അതിഥി വേഷമായോ പ്രധാന കഥാപാത്രങ്ങളിലൊന്നായോ എത്തുമ്പോൾ അയാൾ വരുന്ന നാടിന്റെ വേരുകൾ ഉള്ള കഥാപാത്രരൂപീകരണം യാദൃശ്ചികമെന്നോണം സംഭവിപ്പിക്കാറുണ്ട്.
ഉദാഹരണമായി കമ്പനി എന്ന സിനിമയിൽ ഹിന്ദിക്കാരനല്ലാത്ത വീരാപ്പള്ളി ശ്രീനിവാസൻ ആയി മോഹൻലാൽ എത്തിയത് പോലെ. എന്നാൽ ദുൽഖറിനെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും പ്രധാനവേഷങ്ങളിൽ കണ്ടിട്ടുള്ളത് അന്നാട്ടുകരനായ ആളായി തന്നെയാണ്. ഭാഷ കൈകാര്യം ചെയ്യുന്നതിലെ അനായാസത, എവിടെയും ചിലവാകുന്ന physical look എന്നതൊക്കെയാവാം കാരണം.
ഒരു ത്രില്ലർ സിനിമയ്ക്ക് യോജ്യമായ pace ൽ നിന്നും ഒരിക്കൽ പോലും ചുപ് താഴേയ്ക്ക് പോകുന്നില്ല എന്നതാണ് വ്യക്തിപരമായി സിനിമയോട് അടുപ്പിച്ച മറ്റൊരു സംഗതി. പാട്ടുകളൊക്കെ വന്നു പോകുന്നുണ്ടെങ്കിൽ പോലും അതൊന്നും തന്നെ speed breaker ആകുന്നില്ല എന്നാണ് തോന്നിയത്. Violence സീനുകളെ അവതരിപ്പിച്ച രീതിയിലും dark tone നെ ഷോട്ടുകളുടെ സൗന്ദര്യത്തോട് കൂട്ടിക്കെട്ടിയ രീതിയിലും ഒരു കാവ്യാത്മകത കാണാൻ സാധിച്ചു. രാത്രിയെയും പ്രണയത്തെയും ആത്മഗതങ്ങളെയും crime നേയും രംഗങ്ങളായി അടുക്കി വച്ചതും, അതിനോട് സംഗീതത്തെ സമന്വയിപ്പിച്ചതും പഴയ സിനിമാ രംഗങ്ങളെ, പഴയൊരു പ്രമുഖ വ്യക്തിത്വത്തെ ഓർമ്മിപ്പിച്ചതും പലമേഖലകളിലും കൈയ്യടക്കമുള്ള ഒരു സിനിമയാക്കി chup നെ മാറ്റുന്നുണ്ട്.
ആശയപരമായി നോക്കിയാൽ തന്റെ സിനിമകളിൽ എന്നും നൂതനമായ plot കൾ explore ചെയ്യാൻ ശ്രമിച്ചിട്ടുള്ള ബോളിവുഡ് സംവിധായകനാണ് ആർ ബൽകി. Very ‘Old man’ Loves a young lady, ‘Aged’ child, Mute man becomes a star with ‘live voice transfer’, Man doing household works where woman is the breadwinner, Husband ‘makes’ sanitary napkins for his wife… ഇതുവരെയുള്ള അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം സാധാരണയായി കോമേർഷ്യൽ ഹിന്ദി സിനിമകളിൽ കാണുന്നതിൽ നിന്നും അല്പം വിഭിന്നമായ ആശയങ്ങളാണ് കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ Latest outing ആയ Chup ൽ ഒരു template serial killer presentation ആണെങ്കിലും killer’s Motive, നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു മീഡിയത്തിനെ incorporate ചെയ്യുന്ന രീതി എന്നിവയിലൊക്കെ നേരത്തെ പറഞ്ഞ ആ freshness feel കിട്ടുന്നുണ്ട് എന്നതാണ് മുഖ്യ positive.
ആകെത്തുകയിൽ ഒരു ത്രില്ലർ സിനിമ കാണാനിരുന്നാലും മലയാളിയായ ദുൽഖർ സൽമാന്റെ ഹിന്ദി സിനിമ എന്ന ലേബലിൽ കാണാനിരുന്നാലും സിനിമയെ ഗൗരവമായി കാണുന്ന ഒരു പ്രേക്ഷകനായി കാണാനിരുന്നാലും സംതൃപ്തി ലഭിക്കുന്ന ഒരു സിനിമ.
പിൻകുറിപ്പ് : ഇതൊരു പ്രൊഫഷണൽ നിരൂപണമല്ല, ഞാനൊരു ക്രിട്ടിക്കുമല്ല. ഇത് ഒരു പ്രേക്ഷകനെന്ന നിലയിൽ തികച്ചും വ്യക്തിപരമായ ഒരു അസ്വാദനകുറിപ്പ് മാത്രമാണ്.
(എന്തിനാണ് ഇങ്ങനെയൊരു പിൻകുറിപ്പെന്ന് സിനിമ കണ്ടു കഴിയുമ്പോൾ മനസിലാകും.)