ഇലവീഴാ പൂഞ്ചിറ
(Spolier ഒന്നുമില്ല, പക്ഷെ സിനിമ കാണുന്നതിന് മുൻപ് അതേ പറ്റി വരുന്ന എഴുത്തുകളൊന്നും വായിക്കാൻ താല്പര്യപ്പെടാത്തവർക്ക് ഈ പോസ്റ്റ് ഒഴിവാക്കാം)
Arun Paul Alackal
ട്രെക്കിങ്ങിന് പേരുകേട്ട കേരളത്തിലെ സ്ഥലങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ മേലുകാവ് എന്ന സ്ഥലത്തുള്ള ഇലവീഴാ പൂഞ്ചിറ എന്ന മലമ്പ്രദേശം. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിലുള്ള സ്ഥലമായതിനാൽ ഇടിമിന്നൽ അപകടസാധ്യത ഏറെയുള്ള സ്ഥലം കൂടെയാണ് ഇവിടം.
ജോസഫ്, നായാട്ട് എന്നീ പോലീസ് പ്രൊസീജിയറൽ ത്രില്ലർ/ഡ്രാമ സിനിമകളുടെ എഴുത്തുകാരൻ എന്ന നിലയിൽ ഇഷ്ടം നേടിയെടുത്ത, പൊലീസുദ്യോഗസ്ഥൻ കൂടിയായ ഷാഹി കബീർ, സംവിധായകന്റെ കുപ്പായം ആദ്യമായണിയുന്ന, മേൽപറഞ്ഞ സ്ഥലത്തിന്റെ അതേ പേരിലുള്ള സിനിമ റിലീസിന് മുൻപ് തന്നെ മനസിൽ താല്പര്യം സൃഷ്ടിച്ചിരുന്നു. ഇലവീഴാ പൂഞ്ചിറയിലുള്ള ഒരു പോലീസ് വയർലെസ് സ്റ്റേഷന്റെയും, അവിടെ ജോലിയുള്ള, സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് സിനിമയുടെ പ്രധാന തന്തു എന്നത് ട്രെയിലർ വ്യക്തമാക്കിയതാണ്. പ്രസ്തുത ട്രെയിലറും സിനിമ കാണാനുള്ള താത്പര്യത്തെ വർദ്ധിപ്പിക്കുന്നതായിരുന്നു.
സൗബിൻ, സുധി കോപ്പ, പേരറിയാത്ത മറ്റ് അഭിനേതാക്കൾ എന്നിവർക്കൊപ്പം മഞ്ഞും കാറ്റും ഇടിമിന്നലും പ്രധാന വേഷങ്ങളിലെത്തിലുന്ന ‘ഇലവീഴാ പൂഞ്ചിറ’ ഷാഹി കബീറിന്റെ മുൻകാല സിനിമകളെ പോലെ പോലീസ് ബാക്ക്ഡ്രോപ്പിലുള്ള മികച്ചൊരു ക്രൈം ഡ്രാമയാണ്. കഥയെ പറ്റി കൂടുതൽ വാചാലനാകുന്നത് ആസ്വാദനത്തെ തീർച്ചയായും ബാധിക്കും എന്നതിനാൽ അതിനു മുതിരുന്നില്ല.മഞ്ഞു മൂടിയ മലഞ്ചെരിവിനെയും അവിടെ ഒറ്റപ്പെട്ടു നിലകൊള്ളുന്ന പോലീസ് ക്യാബിനെയും മികച്ച ഫ്രയിമുകളിലും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെ മികച്ച പ്രകടനങ്ങളിലും വെളിവാക്കുന്ന സിനിമ ഗംഭീരമായ ഡീറ്റൈലിങ്ങു കൊണ്ടും കൂടുതൽ മിഴിവുള്ളതാകുന്നുണ്ട്. ക്രൈം പശ്ചാത്തലത്തിലുള്ള ഒരു ഡ്രാമ എന്ന നിലയിൽ പതിഞ്ഞ താളത്തിൽ പോകുന്ന സിനിമ പകുതിയ്ക്ക് വച്ച് കഥാഗതിയാവശ്യപ്പെടുന്ന രീതിയിലുള്ള വേഗത കൈവരിയ്ക്കുകയും ഒട്ടും തന്നെ വലിച്ചു നീട്ടാതെ മികച്ചൊരു ക്ലൈമാക്സിൽ ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് തീരുകയും ചെയ്യുന്നുണ്ട്.
ചില സ്വാഭാവിക നർമ്മ സംഭാഷണങ്ങൾ ഇടയ്ക്ക് കടന്നു വരുന്നതും കഥാപാത്രങ്ങളിൽ ഒരാളുടെ backstory ചുമ്മാ പറഞ്ഞു പോകുന്നതും സിനിമ തീരുമ്പോൾ പലതും പ്രേക്ഷകരെ കൺവിൻസ് ചെയ്യിക്കാനുള്ള ടൂൾസ് ആയി മാറുന്നത് എഴുത്തിൽ പുലർത്തിയ സൂഷ്മത മൂലമാണെന്ന് വിശ്വസിക്കുന്നു. തൂങ്ങിമരണം കാണിക്കുന്ന ഒരു രംഗത്തിലെ പ്രേതത്തിന്റെ കാലിലെ നനവ് (മൂത്രവിസർജനത്തിന്റെ), മണം പിടിയ്ക്കുന്ന പോലീസ് നായയുടെ കഴുത്തിലെ ബെൽറ്റിലെ നമ്പർ എന്നിവ സംവിധായകന്റെ ‘പോലീസ് ജോലി’ സഹായിച്ച ചില detailing കളായും കരുതുന്നു.
സൗബിൻ ഷാഹിറിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നു തന്നെയാണ് ഈ സിനിമയിലെ ‘മധു സാർ’. കഥയുടെ പലഗതികളിലും ആ കഥാപാത്രമാവശ്യപ്പെടുന്ന നിശബ്ദതയും ദൈന്യതയും ദേഷ്യവും കൃത്യമായി വന്നു പോകുന്നത് അയാളിലെ നടനെ അടയാളപ്പെടുത്തുന്നുണ്ട്. സുധി കോപ്പ അവതരിപ്പിച്ച സുധി എന്ന പൊലീസ് വേഷവും മികച്ച രീതിയിലാണ് സ്ക്രീനിൽ എത്തിയിട്ടുള്ളത്. അവരുടെ മേലുദ്യോഗസ്ഥനായി വരുന്ന കഥാപാത്രവും അയാളെ അവതരിപ്പിക്കുന്ന നടനും ശ്രദ്ധേയമായ മറ്റൊരു ഘടകമാണ്. നായാട്ട് എന്ന സിനിമയിലും സമാന വേഷത്തിൽ ആ നടനെ കണ്ടിട്ടുണ്ട്.
പാട്ടുകളൊന്നും വന്ന് മുറിയാത്ത കഥയുടെ രസച്ചരടിനെ കൃത്യമായി കോർത്തു നിർത്തുന്നത് പാകത്തിനുള്ള പശ്ചാത്തലസംഗീതമാണ്. സാങ്കേതിക വിഭാഗത്തിൽ ഛായാഗ്രഹണവും ശബ്ദ മിശ്രണവും മികച്ചു നിൽക്കുന്നുണ്ട്.രണ്ടാം പകുതിയിലെ ചില Interesting elements ഒക്കെ മുൻപെങ്ങോ സിനിമകളിലും സീരീസുകളിലും ഒക്കെ കണ്ടു മറന്ന കഥാസന്ദർഭങ്ങളുടെ shades ഉള്ളവ ആണെങ്കിലും കണ്ടുതീർക്കുമ്പോൾ സംതൃപ്തിയോടെ എണീക്കാനുതകുന്ന രീതിയിൽ അവ അവതരിപ്പിച്ചിരിക്കുന്നത് ‘ഇലവീഴാ പൂഞ്ചിറ’യെ മികച്ചൊരു സിനിമയാക്കുന്നുണ്ട്.നിശബ്ദമായ, അനാവശ്യ ബഹളങ്ങളൊന്നുമില്ലാത്ത ഒരു പ്രേക്ഷകാന്തരീക്ഷം സിനിമ ആവശ്യപ്പെടുന്നുണ്ട്. നല്ല ശബ്ദവിന്യാസമുള്ള ഒരു തീയേറ്ററും.