കീരവാണി, സംഗീതത്തിലെ മരഗതമണി.
Arun Paul Alackal
12-13 വർഷങ്ങൾക്ക് മുൻപുള്ള ഹോസ്റ്റൽ കാലഘട്ടത്തിലെ ഒരു സിനിമാ കാഴ്ച്ച. മലയാളം-തമിഴ് സിനിമകളും, ‘എഫക്റ്റ്സു’കൾ ഉള്ള സീനുകൾക്കായി ഇംഗ്ലീഷ് സിനിമകളും അല്ലറ-ചില്ലറ ഹിന്ദി സിനിമകളും മാത്രം കാണുമായിരുന്ന ആ കാലത്ത് ഒരു തെലുങ്ക് സിനിമ മലയാളം ഡബ്ബ് ആയിട്ടല്ലാതെ ആദ്യമായി തെലുങ്കിൽ തന്നെ കാണുന്നു. ‘ഇതിനോടകം പലവട്ടം കണ്ടു കഴിഞ്ഞു, ഇനിയും വേണമെങ്കിൽ കാണും’ എന്ന സുഹൃത്തിന്റെ പതിവിൽ കവിഞ്ഞുള്ള പ്രതീക്ഷ തരലും നിർബന്ധിക്കലും മാത്രം കൊണ്ട് കാണാൻ ഇരുന്നതാണ്. എന്തായാലും സിനിമ തുടങ്ങി. മികച്ച ക്വാളിറ്റിയിൽ Vfx ചെയ്ത ഒരു പശ്ചാത്തലത്തിൽ മുറിവേറ്റ ഒരു രാജകുമാരിയുടെ വികാരനിർഭരമായ എന്തോ സംഭാഷണ ശകലം, പുറകെ ഒരു പടയാളിയെന്നു തോന്നിപ്പിക്കുന്ന വേഷവിധാനങ്ങളുള്ള കഥാപാത്രത്തിന്റെ, അതിനുള്ള മറുസംഭാഷണം, ശേഷം ഈ രംഗം നടക്കുന്ന, മലമുകളിലുള്ള ഒരു ക്ഷേത്രാങ്കണത്തിൽ നിന്നും ഇരുവരും താഴേയ്ക്ക് പതിയ്ക്കുന്ന സ്ലോമോഷൻ ഷോട്ടും. സാധാരണ ഇന്ത്യൻ സിനിമകളിലൊന്നും കണ്ടിട്ടില്ലാത്ത ഒരു ദൃശ്യഭംഗിയും കലാപരമായ മേന്മയും അവകാശപ്പെടാവുന്ന ഒരു ഗംഭീര രംഗം. മേൽപ്പറഞ്ഞതിനൊക്കെ ഒപ്പം ആ രംഗത്തിനെ സിനിമയുടെ തുടർക്കാഴ്ച്ചയ്ക്ക് അർഹമാക്കുന്ന ഒരു ഘടകമായി ശ്രദ്ധിച്ചത് അതിന്റെ പശ്ചാത്തലസംഗീതമായിരുന്നു.
പ്രത്യേകിച്ചും ഉയരത്തിൽ നിന്നും ഇരുകഥാപാത്രങ്ങളും താഴേയ്ക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഷോട്ടിൽ കേൾക്കുന്ന സ്ത്രീശബ്ദത്തിലുള്ള ഹമ്മിങ്ങിന്റെ അകമ്പടിയോടെയുള്ള വയലിൻ നോട്ട്. പിന്നീട് സിനിമയിൽ പലഭാഗത്തായും കേട്ട ആ bgm bit ആദ്യത്തെ കാഴ്ചയിലും പിന്നീട് പലവുരുവായും കാണാൻ ഒരു മടിയും തോന്നാത്ത ആ സിനിമയിലെ ഏറ്റവും favorite ആയ ഘടകമായി മാറി.സിനിമയെ കുറിച്ചുള്ള ഭാഷാപരമായ പല മുൻധാരണകളും മാറ്റിയ ആ സിനിമ – ഇന്ന് രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്ന സംവിധായകൻ രാജമൗലിയുടെ, രാംചരണിന്റെ മഗധീര.ആ ഒരൊറ്റ സിനിമ കൊണ്ട് അങ്ങേയറ്റം ആരാധന തോന്നിയ ഒരു വ്യക്തി – സംഗീതസംവിധായകൻ എം.എം കീരവാണി.കീരവാണിയ്ക്കൊപ്പം dubbed അല്ലാത്ത തെലുങ്ക് സിനിമകളോട് പതിവില്ലാത്തവിധം ഇഷ്ടം ജനിപ്പിക്കാൻ കാരണമായ ആ സീൻ :
മഗധീരയുടെ പിന്നീടുള്ള കാഴ്ചകളിൽ ഒക്കെ ആ ഹമ്മിങ്ങ് ഒരു ലഹരി പോലെ പടർന്നു കയറുകയായിരുന്നു. നായികയുടെ അപ്രതീക്ഷിതമായ സ്പർശനത്തിൽ തന്റെ പൂർവജന്മ സംഭവങ്ങൾ അവ്യക്തമായി ഓർമയിലേക്ക് വരുന്ന നായകന്റെ കുത്തിറപ്പുറത്തു കയറിയുള്ള bus chasing scene ന്റെ മിനിറ്റുകളോളം നീണ്ടു നിൽക്കുന്ന bgm ഭാഗം ആ സിനിമയിൽ ഇന്നും repeat ആയി കേൾക്കാൻ മടിയില്ലാത്ത ഒന്നാണ്. ധീര ധീര എന്ന ഗാനവും ആ കാലത്തും ഇന്നും personal favorite തന്നെയാണ്. അന്നാവണം എ. ആർ റഹ്മാനും ഇളയരാജയും അല്ലാത്ത ഒരു അന്യഭാഷാ സംഗീത സംവിധായകനെ കുറിച്ചു വിക്കിപ്പീഡിയയിൽ ഉത്സാഹപൂർവം വായിക്കുന്നത്. പ്രസ്തുത സിനിമയിലെ ‘ബംഗാരു കോടി പെട്ട’ എന്ന ഗാനം കീരവാണിയുടെ തന്നെ വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിരഞ്ജീവി സിനിമയിലെ പ്രസിദ്ധ ഗാനം മകനായ രാംചരണിന് വേണ്ടി പുനരുപയോഗിച്ചതാണെന്നും ആ വായനയിലെ കൗതുകങ്ങളായിരുന്നു. പാട്ടുകളും അതിനോടൊപ്പം സുന്ദരമായ bgm portions ഉം കൊണ്ട് കീരവാണി എന്ന കലാകാരനെ പറ്റി കൂടുതലറിയാൻ മഗധീര ഒരു കാരണമായി.ഇന്നും bgm മാത്രമായി കേൾക്കുമ്പോൾ പോലും രോമാഞ്ചമുണ്ടാക്കുന്ന പ്രസ്തുത Horse riding – bus chasing scene :
മഗധീരയിലെയല്ലാതെ വേറെയും നല്ല ഗാനങ്ങൾ കീരവാണിയുടേതായി ഉണ്ടാകണാമല്ലോ എന്ന തിരയൽ ചെന്നു നിന്നത് സംഗീതസംവിധായകനായുള്ള അരങ്ങേറ്റത്തിന്റെ തൊട്ടടുത്ത വർഷം തെലുങ്കു ദേശമാകെ അദ്ദേഹത്തെ പ്രസിദ്ധനാക്കിയ ഒരു ഗാനത്തിലും തെലുങ്കിനൊപ്പം ഹിന്ദിയിലും ശ്രദ്ധേയമാക്കിയ ഒരു ദ്വിഭാഷാ ഗാനത്തിലുമായിരുന്നു. ആദ്യത്തേത് വെങ്കിടേഷ്-ശ്രീദേവി എന്നീ താരജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ക്ഷണാക്ഷണം എന്ന സിനിമയിലെ ‘ജാമു രാത്തിരി’ എന്ന സുന്ദരഗാനം. രണ്ടാമത്തേത് നാഗാർജ്ജുന നായകനായി ഒരേസമയം തെലുങ്കിലും ഹിന്ദിയിയിലും പുറത്തിറങ്ങിയ ക്രിമിനൽ എന്ന സിനിമയിലെ ‘തെലുസാ മനസാ/തു മിലെ ദിൽ ഖിലെ’ എന്ന bilingual ഉം.
‘ജാമു രാത്തിരി’ കീരവാണിയുടെ എറ്റവും മികച്ച സൃഷ്ടിയായി വ്യക്തിപരമായ തിരഞ്ഞെടുത്തേക്കാവുന്ന ഗാനമാണ്. ലാളിത്യത്തിന്റെ സൗന്ദര്യവും ഈണത്തിന്റെ വശ്യതയും ഗംഭീരമായി സമ്മേളിച്ച പാട്ട്. (പാട്ടു തേടിപ്പോയി സിനിമ മുഴുവൻ കണ്ടു എന്നതും ഒരു വസ്തുതയാണ്). Heist genre ലുള്ള ‘ക്ഷണാക്ഷണ’ത്തിൽ ഒരു താരാട്ടു പാട്ടിന് സമാനമായ രീതിയിലാണ് ഈ പാട്ടിനെ അണിയിച്ചൊരുക്കിയിട്ടുള്ളത്. കാട്ടിൽ രാത്രിയിൽ ഒറ്റപ്പെട്ടുപോകുന്ന നായികയും നായകനും, വനത്തിന്റെ ശാന്തമായ വന്യതയിൽ നായികയെ ഉറക്കാൻ നായകൻ പാടുന്ന രീതിയിൽ. Minimal instrumentation ൽ തുടങ്ങി പല്ലവിയിലെ മധ്യഭാഗമെത്തുമ്പോൾ ‘വൊയ്യാരി വാലു കള്ളലോന…’ എന്നൊരു വരിയുണ്ട്. ആ പാട്ടിന്റെ മുഴുവൻ ഭംഗിയുടെയും സത്ത ആ വരികളിലായാണ് തോന്നിയിട്ടുള്ളത്. S.P.B യുടെ സുന്ദരശബ്ദത്തിന് അവസാന ഭാഗത്തുള്ള രണ്ടു വരികളായിലായി K.S ചിത്രയും back ചെയ്തു പാടിയിരിക്കുന്ന ഗാനം യാത്രകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.കീരവാണിയുടെ ഗാനങ്ങളിൽ എന്നും favorite ആയി തുടരുന്ന ആ പാട്ടിന്റെ ലിങ്ക് :
ജർമൻ സംഗീത സംഘമായ Enigma യുടെ 1994 ൽ പുറത്തിറങ്ങിയ Age of loneliness എന്ന ഗാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട തെലുസാ മനസാ/തു മിലെ ദിൽ ഖിലെ തെലുങ്കിൽ SPB, ഹിന്ദിയിൽ കുമാർ സാനു എന്നിവരാണ് പാടിയിരിക്കുന്നത്. ആ പാട്ടിന്റെ മാന്ത്രികത മുഴുവനായും അതിൽ ചിത്ര പാടിയിരിക്കുന്ന ഹമ്മിങ്ങിലാണ്. അത്യന്തം sensual feel നൽകുന്ന vocals. പാട്ടിന്റെ instrumentaion ഉം വളരെ ഗംഭീരമാണ്. 30 വർഷത്തോടടുത്ത് പഴക്കമുള്ള ഗാനമാണെന്നത് നല്ല ഒരു sound system ലോ earphone ലോ കേൾക്കുമ്പോൾ അതിശയത്തോടെ ഓർക്കാം എന്നതും പ്രസ്തുത ഗാനത്തിന്റെ ക്വാളിറ്റിയുടെ ബാക്കിയാണ്.
തെലുങ്ക് വേർഷൻ ലിങ്ക് :
ഹിന്ദി വേർഷൻ ലിങ്ക് :
കേരളത്തിന് പുറത്തുള്ള ഏതൊന്നിന്റെയും മലയാളം ബന്ധം കണ്ടെത്തുക എന്നത് നമ്മൾ മലയാളികളുടെ ഒരു പൊതുസ്വഭാവമാണല്ലോ. എന്നാൽ കീരവാണിയുടെ മലയാള ഗാനങ്ങൾ തേടി അധികം പോകേണ്ടതില്ല എന്നതാണ് അതിന്റെ സൗന്ദര്യം. നമ്മളിലെ സംഗീതപ്രേമികൾ നെഞ്ചോട് ചേർത്തിട്ടുള്ള ഒരുപിടി മലയാളം ഗാനങ്ങൾ കീരവാണിയുടെ സംഗീതത്തിൽ ജന്മമെടുത്തവയാണ്. കൃത്യമായി പറഞ്ഞാൽ 3 മലയാള സിനിമകൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. നീലഗിരി, സൂര്യമാനസം, ഭരതന്റെ അവസാനകാല സിനിമകളിലൊന്നായ ദേവരാഗം. ദേവരാഗത്തിലെ എല്ലാ ഗാനങ്ങളും സുന്ദരമാണെന്നത് എടുത്തു പറയേണ്ടുന്ന കാര്യമല്ല.
ബന്ധുവും സഹോദരസ്ഥാനീയനുമായ എസ്.എസ് രാജമൗലിയുമൊത്തുള്ള സ്ഥിരം collaboration ലൂടെയാവും നമ്മളിൽ പലരും കീരവാണിയെ അറിയുന്നത്. മഗധീര, ഈഗ, ഛത്രപതി, യമദോംഗ, ബാഹുബലി 1&2, RRR എന്നിവയൊക്കെ കീരവാണിയുടെ സംഗീതത്തിന്റെ ബലത്തിൽ കൂടിയുമാണ് അതാത് സിനിമകളിലെ goosebumps scenes ന് വ്യാപക ജനപ്രീതി ലഭിച്ചത് എന്നു പറയാതെ വയ്യ. ഛത്രപതിയിലെ തീം മ്യൂസിക്ക്, ഈഗയിലെ സംഭാഷണങ്ങില്ലാത്ത അനേകം രംഗങ്ങൾ, യമദോംഗയിലെ പ്രസിദ്ധമായ ‘dialogue war’ interval രംഗം, ബാഹുബലി franchise ഓരോ രംഗങ്ങളുടെയും ഒന്നിനൊന്ന് മെച്ചമായ bgm പീസുകൾ, ഇതിനിടയിൽ പെട്ട മര്യാദ രാമണ്ണ എന്ന സിനിമയിലെ ‘അമ്മായി ഖിഡ്ക്കി പക്കന’ എന്ന പാട്ട്, ഒക്കെയും പ്രായം കൊണ്ട് ഒരു old generation സംഗീതജ്ഞനാണെങ്കിലും technically updated ആയ ഒരാളുടെ പാടവം വിളിച്ചറിയിക്കുന്ന works ആയിരുന്നു എന്നത് ഇവയുടെ ഒക്കെ OST കേൾക്കുമ്പോൾ മനസിലാകും.
ഛത്രപതി theme :
യമദോംഗ ഇന്റർവെൽ സീൻ :
മര്യാദ രാമണ്ണയിലെ ഗാനം :
തെലുങ്കിൽ നിന്ന് ദക്ഷിണേന്ത്യ മുഴുവനും അവിടെനിന്ന് വടക്കിലേക്കും സഞ്ചരിച്ച കീരവാണിയുടെ ഗാനശകലങ്ങളും സംഗീതവും ഇപ്പോഴിതാ കടലുകൾ കടന്ന് പാശ്ചാത്യ ലോകത്തെ ആകർഷിച്ച RRR ലെ നാട്ടു നാട്ടു എന്ന ഗാനത്തിലും അതിലൂടെ ഇത്യയിലേക്കത്തിയ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലും എത്തി നിൽക്കുന്നു. അതിന് മുൻപ് ഒരു ദേശീയ പുരസ്കാരവും, 11 ആന്ധ്രാപ്രദേശ് സംസ്ഥാന ‘നന്ദി’ പുരസ്കാരങ്ങളും, 8 ഫിലിം ഫെയർ അവാർഡുകളും, തമിഴ്നാട് സർക്കാരിന്റെ ഒരു പുരസ്കാരവും നേടിയ ചരിത്രങ്ങളും കീരവാണിയ്ക്ക് പറയാനുണ്ടാകും.പാട്ടുകളെയും സിനിമയുടെ കോരിത്തരിപ്പിനെ ദ്യോതിപ്പിക്കുന്ന പശ്ചാത്തല സംഗീതങ്ങളെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ കീരവാണിയുടെ ഇനിയും വരാനിരിക്കുന്ന ഗാനങ്ങൾക്കും bgm കൾക്കുമായി കാത്തിരിക്കുന്നു.