മുകുന്ദനുണ്ണി അസോസിയേറ്റ്സ്
Arun Paul Alackal
മലയാള സിനിമയിൽ എണ്ണം പറഞ്ഞ ഒരുപിടി നായക/നായിക കഥാപാത്രങ്ങളുണ്ട്, അവരോട് കിടപിടിയ്ക്കുന്ന വിധത്തിൽ വില്ലൻ കഥാപാത്രങ്ങളുമുണ്ട്. എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ സിനിമയുടെ മുഖ്യ ഘടകമായി നിറഞ്ഞു നിൽക്കുന്ന, ഒരു so called protagonist ന് വേണ്ട നന്മകൾ, സവിശേഷഗുണങ്ങൾ എന്നിവയൊന്നും ഒട്ടുമില്ലാത്ത ഒരു perfect ‘Antihero’ കഥാപാത്രം മലയാളത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ അധികം ഇല്ല എന്നെ പറയാൻ പറ്റൂ. അതിനൊരു തൃപ്തികരമായ ഉത്തരമാണ് അഭിനവ് സുന്ദർ നായക്കിന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ മുഖ്യകഥാപാത്രമായി എത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ്സ്.
വക്കീലായ മുകുന്ദനുണ്ണി, താൻ മറ്റാരേക്കാളും ഉയരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന, അതിന് വേണ്ടി ഏത് വഴിയിലൂടെയും പോകുന്ന, കൂടെയുള്ളവരുടെ ഉയർച്ചയിൽ ഒട്ടും സന്തോഷിക്കാൻ സാധിക്കാത്ത ഒരു വ്യക്തിയാണ്. അയാളുടെ ജീവിതത്തിലെ ഏതാനും ചില ദിവസങ്ങളും സംഭവവികാസങ്ങളുമാണ് സിനിമ. കഥയെ പറ്റി ഒരു രത്നചുരുക്കമായി ഇത്രയേ പറയാൻ കഴിയൂ. ബാക്കി സ്ക്രീനിൽ കാണേണ്ടതാണ്. ‘മീശമാധവനി’ലെ പ്രസിദ്ധനായ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയെ അനുസ്മരിപ്പിക്കുന്ന പേരും പ്രൊഫഷനുമായി എത്തിയ സിനിമയിലെ title കഥാപാത്രം, മലയാളത്തിന്റെ തനത് നായക സങ്കൽപ്പങ്ങളെയൊക്കെ തൂത്തെറിയുന്ന, ഒരു typical hero character ന്റെ ഒരു സ്വഭാവഗുണങ്ങളും ഇല്ലാത്ത ഒരു കഥാപാത്ര നിർമിതിയാണ്. ആ സമാനതകളില്ലായ്മ തന്നെയാണ് സിനിമയുടെ മുഖ്യ ആകർഷണവും. നന്മകളില്ലാത്ത നായകന്മാരെ ചോദിച്ചാൽ മംഗലശ്ശേരി നീലകണ്ഠനും അതിന്റെ ഒരു തരം rip off എന്നു പറയാവുന്ന സബ് ഇൻസ്പെക്ടർ സോളമനും ഒരു പരിധിവരെ പെട്ടന്ന് ചോദിച്ചാൽ പറയാൻ പറ്റുന്ന ഉദാഹരണങ്ങളാണെങ്കിലും അവരൊക്കെ കഥയുടെ പാതിവഴിയിൽ മനസാന്തരപ്പെട്ട് നന്മയിലേക്ക് തിരിച്ചെത്തിയവരാണ്. ഒട്ടും തന്നെ നല്ലവനല്ലാത്ത, എന്നാൽ കഥയുടെ കേന്ദ്രബിന്ദുവായ കഥാപത്രങ്ങളെ തിരഞ്ഞ് കുറച്ചുകൂടെ പുറകോട്ട് പോയാൽ കമൽഹാസൻ title role ൽ വന്ന, 1978 ലെ ‘വയനാടൻ തമ്പാൻ’ എന്ന സിനിമ ഒരു പരിധിവരെ ആ ‘Antihero’ സങ്കൽപ്പത്തെ ബലപ്പെടുത്തിയ ഒന്നാണ്. (ഇവിടെ മുകുന്ദനുണ്ണിയും കഥാപശ്ചാത്തലത്തിൽ ഒരു വയനാട്ടുകാരനാണ് എന്നത് രസകരമായ ഒരു അപൂർവതയാണ്.) ‘മങ്കാത്ത’യിൽ അജിത്ത് ഒക്കെ ചെയ്ത പോലുള്ള തികച്ചും unconventional ആയ role ൽ വിനീത് ശ്രീനിവാസൻ പ്രകടനപരമായും മികച്ചു നിന്നു. താൻ യഥാർത്ഥത്തിൽ ഉയർന്ന, ശക്തനായ ഒരുവനോ ഒരുവളോ ആണെന്ന മിഥ്യാബോധത്തെ മെഡിക്കൽ സയൻസിൽ വ്യാഖാനിക്കുന്ന Delusion of grandeur എന്ന അവസ്ഥയുടെ പരിച്ഛേദങ്ങൾ ഒളിഞ്ഞിരിക്കുന്ന, അവയെ സാധൂകരിക്കാൻ ഏതറ്റം വരെയും പോകുന്ന മുകുന്ദനുണ്ണി എന്ന കഥാപാത്രത്തിന് വിനീതിന്റെ പ്രകടനം ഏറ്റവും യോഗ്യമായിരുന്നു.
വിനീതിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച വേണു എന്ന വക്കീൽ കഥാപാത്രം അദ്ദേഹം ഈയിടെയായി അവതരിപ്പിക്കുന്ന സീരിയസ് ടോണിലുള്ള കഥാപാത്രങ്ങളുടെയും പഴയ തമാശക്കാരനായ കഥാപാത്രങ്ങളുടെയും shades ഇടവിട്ട് മിന്നിമറയുന്നതായിരുന്നു. ചെറുതെങ്കിലും മറ്റു വേഷങ്ങളിൽ വന്ന സുധി കോപ്പ, തൻവി റാം, ജഗദീഷ്, ആർഷ ചാന്ദ്നി, ജോർജ് കോര, റിയ സൈറ, അൽത്താഫ് എന്നിവരെല്ലാവരും മികച്ച രീതിയിൽ അവരവരുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. അതിൽ ആർഷ ചാന്ദ്നി അവതരിപ്പിച്ച മീനാക്ഷി എന്ന കഥാപാത്രവും മുകുന്ദനുണ്ണിയെ പോലെ so called lead character ന്റെ usual രീതികളിൽ നിന്ന് വ്യത്യസ്തയായിരുന്നു.
നിയമവശങ്ങളെയും മെഡിക്കൽ രംഗത്തെ കഥാസന്ദർഭങ്ങളെയും അത്യാവശ്യം ഗൃഹപാഠം ചെയ്ത് തയ്യാറാക്കിയ സിനിമയുടെ രചനാവിഭാഗം മികച്ചു നിന്നപ്പോൾ അതിനെ ഏറ്റവും ഗംഭീരമായി, ഏറ്റവും creative ആയി സ്ക്രീനിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു എന്നതാണ് ഗോദ, വായ മൂടി പേസവും പോലുള്ള സിനിമകളുടെ എഡിറ്ററിൽ നിന്നും ഒരു സിനിമയുടെ കപ്പിത്താനിലേക്ക് ചുവടുമാറ്റം നടത്തിയ അഭിനവ് സുന്ദർ നായക്കിനെ കൈയ്യടികൾക്ക് അർഹനാക്കുന്നത്. പുകവലിയുടെയും മദ്യപാനത്തിന്റെയും മൃഗങ്ങളെ ദ്രോഹിക്കായ്കയുടെയും പുതുമയുള്ള disclaimer slides മുതൽ തന്നെ തുടങ്ങുന്ന അവതരണ ശൈലിയിൽ post interval രംഗത്തിന്റെ തുടക്കവും അങ്ങേയറ്റം രസകരമായി അനുഭവപ്പെട്ടു.
അവതരണത്തിലെ വളരെ മികച്ചതായി തോന്നിയ മറ്റൊരു ഘടകം protagonist ന്റെ ചിന്തകൾ, ചില hallucinations ഒക്കെ സംഭാഷണങ്ങളും രംഗങ്ങളുമായി മാറിയതിലെ രസമാണ്. മുകുന്ദനുണ്ണിയുടെ ആത്മഗതങ്ങൾക്ക് ഭാഷ്യമൊരുക്കിയത് മിക്കതും തന്നെ ചിരിയുണർത്തുന്നവയായിരുന്നു.
സിനിമയെ രണ്ടായി തിരിച്ചാൽ ആദ്യ പകുതിയേക്കാൾ വേഗതയിലും കേന്ദ്രകഥാപാത്രത്തിന്റെ സ്വഭാവത്തിലെ grey/black ഷേഡുകളെ തുടങ്ങിയപ്പോഴുള്ളതിലും കണിശമായി അനാവരണം ചെയ്യുന്നതായും കാണിച്ച രണ്ടാം പകുതി കൂടുതൽ ഇഷ്ടപ്പെട്ടു. നായികമാരിലൊരുവളുടെ സംഭാഷണത്തിൽ അവസാനിക്കുന്ന ക്ലൈമാക്സ് കൈയ്യടികൾ ഉണ്ടാക്കുന്നതാണെങ്കിലും അത് നായകനോ നായകന്റെ ചെയ്തികൾക്കോ ഉള്ള കൈയ്യടികളല്ല, മറിച്ച് സിനിമയുടെ മൊത്തം ക്വാളിറ്റിയ്ക്കുള്ളതാണെന്ന് ബോധ്യമായാൽ negative thoughts ന്റെയോ വില്ലനിസത്തിന്റെയോ ആഘോഷിക്കലാണ് സിനിമ എന്ന മറുവ്യാഖ്യാനം ഉണ്ടാവാനിടയില്ല.
(എന്തായാലും സന്തോഷമാണ്, മലയാളസിനിമ അവതരണത്തിലെ പുതുവഴികൾ വെട്ടിപ്പിടിക്കുകയാണ്, അതൊക്കെയും തീയേറ്ററിൽ അംഗീകരിക്കപ്പെടുന്നുമുണ്ട് എന്നറിയുന്നതിൽ. ‘റോഷാക്ക്’ ഗംഭീരമായ international quality അവതരണം കൊണ്ടും ‘ജയ ജയ ജയ ജയ ഹേ’ കാലിക പ്രസക്തിയുള്ള വിഷയത്തിന്റെ ചിരിയും കൈയ്യടികളുമുയർത്തുന്ന അവതരണം കൊണ്ടും, ‘മുകുന്ദനുണ്ണി’ പരിചിതമല്ലാത്ത നായക കഥാപാത്ര നിർമാണത്തിലും ചുരുങ്ങിയ കാലയളവിൽ മലയാള സിനിമകളുടെ നിലവാരം താങ്ങി നിർത്തുന്നതിൽ.)
Final verdict : ചിരിയും ഉദ്വേഗവും രസകരമായി സമ്മേളിച്ച ഒരു unconventional മലയാളസിനിമ, മികച്ച രീതിയിൽ present ചെയ്യപ്പെട്ടിരിക്കുന്നു.