യുവതീപ്രവേശനവിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോക്കം പോകാൻ സാധ്യത, നമ്മുടെ സ്ത്രീകൾ പ്രതികരിക്കാത്തതിന്റെ കുറവുകൊണ്ടാണിത്

  298

  Arun Prakash

  യുവതീപ്രവേശനവിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോക്കം പോകാൻ സാധ്യത, നമ്മുടെ സ്ത്രീകൾ പ്രതികരിക്കാത്തതിന്റെ കുറവുകൊണ്ടാണിത് .

  സ്ത്രീകൾക്ക് വേണ്ടി നടപടികൾ (അതും സുപ്രീം കോടതി വിധി പ്രകാരം)എടുത്തതിന്റെ പേരിൽ ഒരുപാട് പഴി കേൾക്കുകയും ഒരു തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്ത ഒരു പാർട്ടി.പ്രതികരണശേഷി ഇല്ലാത്ത ഒരു വിഭാഗത്തിന് വേണ്ടി ഇനിയും അപകടസാധ്യത ഉള്ള നടപടികൾ എടുക്കുമെന്നാണോ നിങ്ങൾ കരുതുന്നത് ?

  ഇവിടത്തെ സ്ത്രീകൾ(ഭൂരിഭാഗവും )ആണുങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്നതാണ് സത്യം ,ഒരു പരിധിവരെ അവരുടെ ചിന്തകൾ പോലും പുരുഷന്മാരാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു.സ്വന്തമായി തീരുമാനങ്ങളെടുക്കുന്നവർ നന്നേ കുറയും നമ്മുടെ നാട്ടിൽ. അതിനുള്ള സാമൂഹ്യ സാഹചര്യങ്ങൾ ഇപ്പോൾ നിലവിലില്ല എന്നതു് ശരി തന്നെയാണ്. പക്ഷെ ചിന്തകൾ ..? അഭിപ്രായങ്ങൾ ..? അതെങ്കിലും സ്വതന്ത്രമായി രൂപീകരിക്കുവാൻ പോലും കഴിയാത്തവണ്ണം അടിമ മനസ്ഥിതിക്കാരായിത്തീർന്നോ നമ്മുടെ സ്ത്രീകൾ..? അതും സമ്പൂർണ സാക്ഷരത നേടിയ, പത്ര,ഇന്റർനെറ്റ്,ടീവീ എന്നിവ ഉപയോഗപ്പെടുത്തുന്നതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന നമ്മുടെ സ്വന്തം കേരളത്തിൽ…?

  അപ്പോൾ സ്വന്തം അവകാശങ്ങൾ അറിയാത്തതൊന്നുമല്ല ..അവ സ്വായത്തമാക്കുന്നതിനുള്ള ആത്‌മവിശ്വാസക്കുറവാണ് പ്രശ്നം.അല്പം ആത്‌മവിശ്വാസമുള്ളവർ ആണ് പൊതുവെ ഫേസ്ബുക് അക്കൗണ്ട് തുടങ്ങുന്നത്.. അവരിൽ തന്നെ വിരലിലെണ്ണാവുന്നവർ ഒഴികെയുള്ളവർ സ്വന്തം കുടുംബത്തിന്റെയോ തന്റെ തന്നെയോ ഫോട്ടോ ഷെയർ ചെയ്യാനും ഗുഡ് മോർണിംഗ് ,ഗുഡ് നൈറ്റ് മെസ്സേജുകൾ ഫോർവേഡ് ചെയ്യാനുമാണ് FB ഉപയോഗിക്കുന്നത്.അതിനപ്പുറത്തുള്ള മെസ്സേജുകൾ എഴുതാനോ ഷെയർ ചെയ്യാനോ അവർ ധൈര്യപ്പെടുന്നില്ല.

  സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പോസ്റ്റുകൾ നമ്മുടെ സ്ത്രീകൾക്ക് ചതുർഥി ആണ്.അത്തരം പോസ്റ്റുകൾ എഴുതുന്നത് പോയിട്ട് ലൈക്കോ ഷെയറോ ചെയ്യുന്നതുപോലും അവർക്കു ചിന്തിക്കാനാവില്ല.നമ്മുടെ പുരുഷകേന്ദ്രീകൃത സാമൂഹിക അവസ്ഥകൾ സ്ത്രീകളുടെ ആത്‌മവിശ്വാസക്കുറവിനു കാരണമായിട്ടുണ്ടാവാമെന്നു സമ്മതിക്കുന്നു.സ്ത്രീ അവളുടെ സ്വന്തം അഭിപ്രായങ്ങളുണ്ടാക്കുക എന്നാൽ പുരുഷനുമായുള്ള നിരന്തര കലഹം എന്ന TV സീരിയൽ നിലവാരമല്ല ഉദ്ദേശിക്കുന്നത് എന്നുകൂടി ദയവായി മനസ്സിലാക്കുക.

  സ്വന്തം കുടുംബത്തിലെ (ഒരു പരിധി വരെ സമുദായത്തിലേയും ) പുരുഷന്മാർക്ക് ഉണ്ടായേക്കാവുന്ന അപ്രീതി ആണ് നമ്മുടെ സ്ത്രീകളെ പിന്നോട്ടു വലിക്കുന്നത് എന്നാണു ഞാൻ കരുതുന്നത്. സമുദായ / മത മുതലാളിമാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുത്, അവർ എന്നും സ്ത്രീകളെ അടിച്ചമർത്തിയിട്ടേയുള്ളൂ. പക്ഷെ സ്ത്രീകൾ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. സ്ത്രീകളെ മനസ്സിലാക്കുവാനും അവരെ ബഹുമാനിക്കുവാനും തയ്യാറുള്ള ഒരു വലിയവിഭാഗം പുരുഷന്മാർ നമ്മുടെ സമൂഹത്തിലുണ്ട്. ഒരുപക്ഷെ അതിലൊരാൾ നിങ്ങളുടെ വീട്ടിലുമുണ്ടാകാം.. അവരെ കണ്ടെത്തൂ (അത് വളരെ എളുപ്പമാണ്.നിങ്ങൾ സ്വന്തം കൂട്ടുകാരുമൊത്ത് ഒരു സിനിമയ്ക്കോ ചുമ്മാ കറങ്ങാനോ പൊയ്ക്കോട്ടേ എന്ന് ചോദിച്ചാൽ മതി…So Simple )

  അങ്ങിനെ അൽപാൽപം സ്വന്തം ഇഷ്ടങ്ങളെ ആസ്വദിക്കൂ ..സ്വന്തം ആൺമക്കളെ സ്ത്രീകളെ ബഹുമാനിക്കാൻ ശീലിപ്പിക്കുക .സ്വന്തം പെണ്മക്കളെ സ്വന്തമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും പഠിപ്പിക്കുക .ധൈര്യം കൊടുക്കുക.. സ്വാതന്ത്ര്യം എന്നതിനെ ആസ്വദിക്കാൻ അവരെ അനുവദിക്കുക.. അങ്ങിനെയാണ് നിങ്ങൾ ഭാവിയിലെ നല്ല തലമുറയെ സൃഷ്ടിക്കാൻ തുടങ്ങുന്നത് .

  പക്ഷെ അതിന് ആദ്യം “സ്വന്തം “തീരുമാനം ,അഭിപ്രായം ,ഇഷ്ടം ഇതൊക്കെ ഉണ്ടാവണം.അതെ …സ്വന്തം ഇഷ്ടങ്ങൾ,തീരുമാനങ്ങൾ.നമുക്ക് സ്വന്തം ഇഷ്ടങ്ങളും ചിന്തകളും തീരുമാനങ്ങളും ഉണ്ടാക്കാൻ ശീലിക്കാം .

  NB:വായിച്ചിട്ട്ഒരാൾക്കെങ്കിലും(ആണിനോ പെണ്ണിനോ) മാറ്റത്തിനു തുടക്കം കുറിക്കാൻ കഴിഞ്ഞാൽ പോസ്റ്റ് സഫലമായി. അതുകൊണ്ട് ഇഷ്ടമായാൽ ഷെയർ ചെയ്യണം .കോപ്പി പേസ്റ്റ് ചെയ്താലും സാരമില്ല.ആളുകൾ വായിക്കുക എന്നതാണ് പ്രധാനം .നന്ദി