ദുല്‍ക്കര്‍ സല്മാന് സെക്കന്‍ഡ് ഷോ അരങ്ങേറ്റ ചിത്രമായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതിനു പിന്നിലൊരു കാരണമുണ്ട്. ഒരു ലോക്കല്‍ പയ്യനില്‍ നിന്ന് ഡോണ്‍ ആയുള്ള വളര്‍ച്ച, ക്യാരക്റ്ററിന്റെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരം. ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രസക്തം ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യുകയാണ്. സിനിമ എന്നു പറയുന്നത് തന്നെ ബിഗ് ഗെയിമാണ് സാധാരണക്കാര്‍ക്ക്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടുകയെന്നു പറഞ്ഞാല്‍ ചലച്ചിത്ര പാരമ്പര്യമില്ലാത്തവര്‍ക്ക് മഹാഭാഗ്യവും. നല്ല ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു സിനിമയില്‍ മുഴുനീള കഥാപാത്രമായി അഭിനയിക്കാന്‍ കഴിയുന്നതാണ് മഹാഭാഗ്യം.
അങ്ങനെ നോക്കിയാല്‍ അധികം ആര്‍ക്കും കിട്ടാത്ത ഭാഗ്യം ലഭിച്ച നടനാണ് അനില്‍ നെടുമങ്ങാട്. കമ്മട്ടിപ്പാടത്തിലെ സുരേന്ദ്രന് അനിലിനു കിട്ടിയ വലിയ ഭാഗ്യമാണ്. അന്ന് വിനായകന്റയും ദുല്‍ക്കറിന്റെയും പ്രഭാവത്തില്‍ മതിയായ പ്രശസ്തി കിട്ടാതെ പോയ ക്യാരക്റ്ററൈസേഷനാണ് സുരേന്ദ്രനാശാന്റേത്. ശരിക്കു പറഞ്ഞാല്‍ കമ്മട്ടിപ്പാടത്തിന്റെ പ്രതിയോഗിയായി വളര്‍ന്ന എറണാളം സിറ്റിയാണ് സുരേന്ദ്രനാശാന്‍. ആദ്യം മാടക്കടയില്‍ ചാരായക്കച്ചവടം നടത്തുന്ന സാധാരണക്കാരനായാണ് അയാളെ കാണുന്നത്. ചാരായക്കച്ചവടമാണെങ്കിലും സാധാരണക്കാരുടെയിടയില്‍ സ്വീകാര്യനാണ്, സുമുഖനും ഊര്‍ജസ്വലനുമായ ചെറുപ്പക്കാരന്. സാധാരണക്കാരുടെ പള്‍സ് അറിയാം.
ജയിലില്‍ നിന്നു വരുന്ന പ്രതികാരദാഹിയായ ഗുണ്ടയുടെ കത്തിമുനയില്‍ പെടാതെ സാക്ഷി പറഞ്ഞയാളെ പിടിച്ചു മാറ്റി രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടയാള്‍. പിന്നീട് മേലാളന്മാരെ തിരിച്ചടിച്ച ബാലന്റെ വീരകൃത്യത്തിന് അഭിനന്ദിക്കുന്നുണ്ട്. അപ്പോഴൊന്നും അയാള്‍ക്ക് പിന്നീടു വരുന്ന ഒരു ഷിഫ്റ്റ് പ്രേക്ഷകന് അറിയാനാകില്ല. ആദ്യഘട്ടത്തില്‍ വെറും ചാരായഷാപ്പുകാരന് മാത്രമായ അയാളില്‍ നഗരത്തിന്റെ മാറുന്ന ഭാവം സ്വാഭാവികമായി തെളിഞ്ഞു വരുന്നു.
ബാര്തൊഴിലാളി സമരത്തെ തകര്‍ത്ത് ബാര്‍ സ്വന്തമാക്കുന്നതിലെ കൗശലവും റിയല്‍ എസ്റ്റേറ്റ് കളികളില്‍ ഇടപെടുമ്പോഴുള്ള നയചാതുരിയും അനായാസമായാണ് അനിലില്‍ വിളങ്ങുന്നത്. അപ്പോഴൊന്നും അയാള്‍ വലിയ ചങ്കൂറ്റമുള്ള വ്യക്തിയൊന്നുമല്ല. മസിലും ചങ്കൂറ്റവും വിലയ്ക്കെടുക്കുന്ന ഉപജാപകന് മാത്രം. ഉപയോഗിച്ച് ഒഴിവാക്കുകയാണ് ബാലനെയും ഗംഗയെയും കൃഷ്ണനെയും ജോണിയെയും സുമേഷിനെയുമെല്ലാം. എന്നാല്‍ സരസമായി അവരെയെല്ലാം അഡ്രസ് ചെയ്യുമ്പോഴും അടുത്ത മാത്രയില്‍ വെറുപ്പും അമര്‍ഷവും അയാളില്‍ തിരിയടിച്ചു വരുന്നുണ്ട്. അവിടെയാണ് നഗരതിന്മകളുടെയും കോര്‍പ്പറേറ്റ് ഉപജാപത്തിന്റെയും വന്യമായ ഭാവത്തിലേക്ക് അയാള്‍ മാറിയതായി പ്രേക്ഷകന് കണ്‍വിന്‍സ് ചെയ്യപ്പെടുന്നത്. അവസാനം വരെ വില്ലന്‍ ആകാനെന്നതു പോലെ ആകാതിരിക്കാനും ഒരു ചാന്സുണ്ടെന്ന ഒരു സ്പെയ്സ് അവിടെ നിലനിര്‍ത്തുന്നുണ്ട് അനില്‍ എന്ന നടന്.
പുറമെ വിവിധ പ്രായത്തിലുള്ള മെയ്ക്ക്ഓവറുകള് ചിത്രത്തിലുണ്ടെങ്കിലും കഥാപാത്രത്തിന്റെ സൂക്ഷ്മതയ്ക്ക് എത്രമാത്രം ശ്രദ്ധ ചെലുത്തിയെന്ന് അനിലിന്റെ പെര്‍ഫോമന്‍സ് കണ്ടാല്‍ വ്യക്തമാകും. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് സുരേന്ദ്രനാശാന്‍ എന്ന ക്യാരക്റ്ററും ഞാന്‍ സ്റ്റീവ് ലോപ്പസിലെ ഫ്രെഡിയുമാണ്. കേരളത്തിലെ എല്ലാ ഇളയച്ഛന്മാരുടെയും ഒരു ട്രെയ്സ് ആ ക്യാരക്റ്ററില്‍ ഉണ്ട്. ഒരു ടിപ്പിക്കല്‍ റിബല്‍. ഒരു ആണ്‍കുട്ടിയുടെ ആദര്‍ശവാനും സപ്പോര്‍ട്ടറുമായ ഇളയച്ഛന്. വീട്ടുകാര്‍ സദാ കുറ്റപ്പെടുത്തുമ്പോഴും നിരാശനാണെങ്കിലും നിഷേധിത്തരത്തിന് ഒരു കുറവുമില്ല.
ഒടുവില്‍ അയ്യപ്പനും കോശിയുമിലെ സിഐ സതീഷ്. വളരെ സങ്കീര്‍ണമായ ഒരു ക്യാരക്റ്റര്‍, ഔദ്യോഗിക തലത്തില്‍ ഹയറാര്‍ക്കി സൂക്ഷിക്കുന്നതിനൊപ്പം ജാതിപരമായ ഹയറാര്‍ക്കി ഫോഴ്സില്‍ ശക്തമായിരിക്കും. കീഴോഫിസര്മാരെ അതിന്റെയൊക്കെ പേരില്‍ വിളിക്കുന്ന ടോണ്‍ പോലും മാറാറുണ്ട്. അവിടെയാണ് സിഐ സതീഷ് വ്യത്യസ്തനാകുന്നത്. സ്നേഹവും സഹജാവബോധവും മനുഷ്യപ്പറ്റും കാണിക്കുമ്പോഴും വളരെ നല്ലതിനായി മാനിപ്പുലേഷനുകള്‍ നടത്തുന്ന ഒരു കൗശലക്കാരനായാണ് ഇവിടെ അനില്‍ പ്രത്യക്ഷപ്പെടുന്നത്. ടിവിയില്‍ ട്രോളനായി തുടങ്ങിയെങ്കിലും അനില്‍ നടനെന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ടത് സീരിയസ് വേഷങ്ങളിലാണ്.
അദ്ദേഹത്തിന്റെ കോമഡി ടൈമിംഗ് ടിവി പ്രേക്ഷകര്‍ക്കറിയാവുന്നതാണ്. സിനിമയില്‍ അത് അത്ര കണ്ടു പ്രയോഗിച്ചിട്ടില്ലെന്നു തോന്നുന്നു. തിരുവനന്തപുരം ഭാഷയുടെ ഒരു അനായാസത അഭിനയത്തിനും അദ്ദേഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. സുരാജിനെപ്പോലെ പ്രകടനമികവിനൊപ്പം പ്രാദേശികച്ചുവയുള്ള ആ സംസാരം കൊണ്ടു കൂടി അദ്ദേഹം ആകര്‍ഷിച്ചിരുന്നു. ഒരു നല്ല സ്വഭാവ നടനെക്കൂടി 2020ല്‍ നമുക്ക് നഷ്ടമായി, വേറെന്ത് പറയാന്‍ ആദരാഞ്ജലികള്‍.