ഇനി ബ്ലഡ് ബാങ്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാനാർത്ഥിയുടെ നെറ്റിയിലും ഹലാൽ മുദ്രവരും, ഹലാൽ വിരുദ്ധവും

51

Arun S

എട്ടൊൻപത് വർഷം മുൻപാണെന്ന് തോന്നുന്നു, ഞാൻ ഒന്നാന്തരം വിശ്വാസിയായിരുന്ന കാലം. അന്ന് ശബരിമല അയ്യപ്പന്റെ കട്ട ഫാനായിരുന്നു. അവസാനമായി ശബരിമലയിൽ പോയത് പുൽമേട് വഴിയായിരുന്നു. കുറ്റം പറയരുതല്ലോ പുൽമേട് വഴിയുള്ള വനയാത്ര അവിസ്മരണീയമാണ്. ഭക്തി മൂത്ത് നിന്ന സമയം ആയതുകൊണ്ട് പുൽമേട് വഴിയുള്ള ശബരിമല യാത്രക്ക് വേണ്ടി കഠിന വൃതം എടുക്കണമെന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നതാണ്. അതുപോലെ തന്നെ വൃതവും എടുത്തു ആഴ്ചകളോളം ചെരുപ്പ് പോലും ഇടാതെയൊക്കെ വൃതമെടുത്ത്,, എനിക്ക് തന്നെ സ്വയം ഞാനെന്തോ സംഭവം ആണെന്നൊക്കെ തോന്നി.. ഇപ്പൊ അതൊക്കെ ആലോചിക്കുമ്പോ മുട്ടൻ കോമഡിയായാണ് തോന്നുന്നത്.

മലക്ക് പോയി വരുമ്പോ ഒരു ടിൻ അരവണ കൊണ്ട് വരണമെന്ന് എന്റെ അടുത്തൊരു സുഹൃത്തായിരുന്ന റിസ്‌വാൻ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുമായിരുന്നു(ഞങ്ങൾ അന്ന് ഒരേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തോണ്ടിരുന്നത് ). വാക്ക് തെറ്റിക്കാതെ തിരിച്ച് വന്നപ്പോ അരവണ കൊടുക്കുകയും ചെയ്തു. പക്ഷെ അരവണ അവൻ വീട്ടിൽ കൊണ്ട് പോയില്ല ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെ അത് സൂക്ഷിച്ച് അവിടെ വെച്ച് തന്നെ കഴിച്ചോണ്ടിരുന്നു.. പിറ്റേ ദിവസം ഞാൻ അവനോട് അതിനെപ്പറ്റി ചോദിച്ചു.. ഇവൻ ഭക്ഷണത്തോട് കുറച്ച് ആർത്തി കൂടുതലുള്ളതുകൊണ്ട് മനഃപൂർവം അരവണ വീട്ടിൽ കൊണ്ട് പോകാത്തതെന്നാണ് ഞാൻ കരുതിയത്. പക്ഷെ അവൻ പറഞ്ഞ മറുപടി വീട്ടിൽ കൊണ്ട് പോയാൽ വീട്ടുവകർ കഴിക്കാൻ സമ്മതിക്കില്ല,ഇതൊക്കെ നിഷിദ്ധമായ ഭക്ഷണങ്ങളാണ് എന്നാണ്.. സാമാന്യം ഓർത്തഡോക്സ് ഫാമിലിയാണ് അപ്പൊ അവരെ കുറ്റം പറയാനും പറ്റില്ലല്ലോ. അന്ന് എന്താണ് ഹലാല് എന്താണ് ഹറാം എന്ന് പോലും എനിക്കറിയില്ലന്നതാണ് സത്യം. ചിക്കൻ കടകളുടെ മുൻപിൽ മാത്രമേ ഹലാൽ ബോർഡ് കണ്ടിട്ടുള്ളു ഏതെങ്കിലും കാട്ടറബിയുടെ വീട്ടുപേരെന്നാണ് അന്നൊക്കെ കരുതിയിരുന്നത്..

ഇത്രേം വർഷത്തിനിപ്പുറം ഹലാൽ എന്ന മത ബ്രാൻഡിന്റെ വളർച്ച ഒന്ന് നോക്കിയാൽ ഭീകരമാണെന്ന് തോന്നും. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളിൽ ഇന്ന് ഹലാൽ മുദ്ര പതിപ്പിച്ച് തുടങ്ങി. ഹലാലിന്റെ ആദ്യത്തെ ചൂഷണ ഇര, അത് വിശ്വസിക്കുന്ന മതവിശ്വാസികൾ തന്നെയാണെന്നതിൽ സംശയമില്ല.എല്ലാ മതങ്ങളും അങ്ങനെയാണ്, അവർ വമിക്കുന്ന ദുർഗന്ധം യാതൊരു പരാതിയുമില്ലാതെ അന്ധമായി ശ്വസിക്കേണ്ടി വരുന്നത് അതേ മത വിശ്വാസികൾ തന്നെ. ഇനി ബ്ലഡ് ബാങ്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എന്തിനേറെ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ നെറ്റിയിൽ വരെ ഹലാൽ മുദ്ര പതിപ്പിക്കുന്ന കാലവും വിദൂരമല്ല.

ന്യുട്ടേട്ടൻ പറഞ്ഞിട്ടുള്ളത് പോലെ എല്ലാ ആക്ഷനും അതിന് ഈക്വൽ ആയിട്ടുള്ള ഓപ്പോസിറ്റ് റിയാക്ഷൻ ഉണ്ടാവുമെന്നതിനാൽ നോൺ-ഹലാൽ ഹോട്ടലുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും എണ്ണം ഇനി ഗണ്യമായി വർദ്ധിച്ചു കൊണ്ടിരിക്കും. മതപരമായ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നത് കൊണ്ട് ഹലാൽ എന്ന ഊളത്തരം ഉന്മൂലനം ചെയ്യപ്പെടുക തന്നെ വേണം. ഇരവാദം പറഞ്ഞ് ന്യായീകരിച്ച് വരുന്ന നിക്ഷ്പക്ഷരെ അർഹിക്കുന്ന അവഗണനയോടെ പരിഗണിക്കുകയെ വകയുള്ളു..