ഓരോ സിനിമ കഴിയുമ്പോഴും പത്തര മാറ്റിൽ തിളങ്ങി നിൽക്കുന്നു

0
71

Arun Sadanandan

ഓരോരുത്തർക്കും ഓരോ ഇഷ്ടം, എന്റെ ഇഷ്ടങ്ങൾ ഞാൻ പറയുന്നു എന്ന് മാത്രം കാണുക.
സി ബി ഐ ഡയറിക്കുറിപ്പിൽ മമ്മൂട്ടിയ്ക്ക് പകരം കേസ് അന്വേഷിച്ചത് ശ്രീ വിദ്യ ആയിരുന്നുവെങ്കിൽ കഥാപരമായി എന്തെങ്കിലും കുഴപ്പം സംഭവിയ്ക്കുമായിരുന്നുവോ? ഇല്ല എന്ന് പറയേണ്ടി വരും. കൂർമ്മ ബുദ്ധിയുള്ള ഒരാൾ അത്രയേ ആ കഥ ആവശ്യപ്പെടുന്നുള്ളൂ. അതൊരു പുരുഷൻ ആവണമെന്നുള്ളത് നമ്മുടെ – ആൺ പെൺ അടക്കം – കാഴ്ചയുടെ ശീലമായിപ്പോയി. ഈ കാഴ്ച ശീലം യൂണിവേഴ്‌സൽ ആണ്.

May be an image of 1 person, outdoors and text that says "FRANCES McDORMAND NOMADLAND FILM BY CHLOE ZHÃO"അത്തരം ശീലത്തിന്റെ ബാക്ക് ഡ്രോപ്പിലാണ് ഫ്രാൻസെസ് മക്ഡോർമണ്ടിന് ആദ്യ ഓസ്‌കാർ കിട്ടുന്നത്. 1997ൽ ഫാർഗോ എന്ന സിനിമയിൽ. ആ സിനിമയിൽ കേസ് അന്വേഷിക്കാൻ ഒരാൾ വേണം, ആണോ പെണ്ണോ അല്ല ‘ഒരാൾ’ വേണം. ആ വേഷമാണ് ഫ്രാൻസെസ് ചെയ്യുന്നത്. സ്ത്രീ എന്ന നിലയിലുള്ള ഒരു പരിഗണനയും ആ കഥാപാത്രത്തിന് കാഴ്ച്ചക്കാരിൽ നിന്നും ഉണ്ടാവേണ്ട ആവശ്യം ആ കഥയ്ക്കില്ല. ഇവിടെ ഫ്രാൻസെസിന്റെ ക്രാഫ്‌റ്റ് കഠിനമാക്കാൻ സംവിധായകർ രണ്ട് കാര്യം കൂടി ചെയ്തു, കഥാപാത്രത്തെ ഗർഭിണിയാക്കി, അവരുടെ തൊഴിൽ ഇടത്തിൽ അവരെ ഒരേയൊരു സ്ത്രീയാക്കി.

ഇവിടെയാണ് ആരാണ് ഫ്രാൻസെസ് മക്ഡോർമണ്ടെന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. ഞാൻ രാഷ്ട്രീയം പറയില്ല, ഞാൻ ഇന്റർവ്യൂകൾ കൊടുക്കില്ല എന്ന് ഫ്രാൻസെസ് പറയുന്നത് ഫാർഗോയിൽ ഓസ്‌കാർ കിട്ടിയ അതേ വർഷമാണ്. ഏകദേശം 25 കൊല്ലം മുമ്പ്. അന്ന് പറഞ്ഞ അതേ കാര്യം ഫ്രാൻസെസ് ഇന്ന് കേരളത്തിൽ പറഞ്ഞാൽ നമ്മളവരെ അരാഷ്ട്രീയ വാദിയാക്കി പിന്തിരപ്പനാക്കി ചാപ്പ കുത്തിയേനെ! ശരിയല്ലേ? നമുക്ക് ആഘോഷിക്കാൻ കഴിയുന്നവരെയാണ് നമുക്കിഷ്ടം, അത് അഭിനയത്തിലൂടെ ആവണം എന്ന് നമുക്ക് നിർബന്ധമില്ല!

ഞാൻ രാഷ്ട്രീയം പറയില്ല എന്ന് പറയുന്നതിന് എനിക്ക് രാഷ്ട്രീയം ഇല്ല എന്ന് ഒരു നിഘണ്ടുവിലും അർത്ഥമില്ല. ഫ്രാൻസെസിന് തന്റെ രാഷ്ട്രീയം ഫെമിനിസമാണ്. ഇത് പക്ഷെ തന്റെ ക്രാഫ്‌റ്റിലൂടെ മാത്രമേ താൻ പറയൂ എന്ന ദുർഘടം പിടിച്ച വഴിയാണ് ഫ്രാൻസെസ് തിരഞ്ഞെടുക്കുന്നത്. നിലപാടുകൾ ഇല്ലാഞ്ഞിട്ടല്ല, അത്തരം നിലപാടുകൾ ഇന്റർവ്യൂവിലൂടെയും സോഷ്യൽ മീഡിയ വഴിയും ജനങ്ങളിലെത്തിയ്ക്കാൻ എളുപ്പമാണ് എന്നറിയാഞ്ഞിട്ടുമല്ല, മറിച്ച് തനിക്ക് പറയാനുള്ളത് തന്റെ അഭിനയത്തിലൂടെ താൻ പറഞ്ഞു കൊള്ളാം എന്ന് തീരുമാനിക്കാനുള്ള തന്റെ പ്രതിഭയിൽ ഉള്ള വിശ്വാസം.

How Many Oscars Has Frances McDormand Won, Nominated For?ഇതെങ്ങനെയാണ് ഫ്രാൻസെസ് ചെയ്യുന്നത്? “ഞാൻ ചെയ്യുന്നത് സ്ത്രീ വേഷങ്ങളാണ്, അത് കൊണ്ട് തന്നെ ആളുകൾ എങ്ങനെ സ്ത്രീകളെ നോക്കി കാണുന്നു എന്നുള്ളതിൽ ഒരു മാറ്റം കൊണ്ട് വരാൻ എനിക്ക് കഴിയും. അതിനായി ഞാൻ ചെയ്യുന്നത് എന്റെ കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കുന്നത്‌ ഒരിക്കലും സ്റ്റീരിയോടൈപ്പ് ആവാതിരിക്കുക എന്നതിലാണ്, അതിനി ആ കഥാപാത്രങ്ങൾ എത്ര സ്റ്റീരിയോടൈപ്പ് ആണെങ്കിൽ കൂടിയും”. ഇങ്ങനെ മറ്റൊരാൾ പറഞ്ഞു ഞാൻ വായിച്ചിട്ടില്ല, ഡാനിയൽ ഡേ ലൂയിസ് പറഞ്ഞിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ എനിക്ക് പറ്റുന്നുമില്ല.

ഇനി നിങ്ങൾക്ക് കണ്ണ് കെട്ടി ഫ്രാൻസെസ് മക്ഡോർമണ്ടിന്റെ ഫിൽമൊഗ്രാഫിയിൽ തൊടാം. അങ്ങനെ തൊട്ട് കിട്ടുന്ന ഏത് പടവും കാണാം, അതിപ്പോ അവർക്ക് ഓസ്കാർ കിട്ടിയ മൂന്ന് സിനിമകളിൽ ഒന്നാവണം എന്നില്ല, ഏതുമാവാം. അതിലൊന്നും നിങ്ങൾ ഒരാണിനെയോ പെണ്ണിനെയോ കാണില്ല, നിങ്ങൾ ഒരാളിനെ കാണും, ഒരു വ്യക്തിയെ കാണും. പക്ഷെ അങ്ങനെ കാണുന്ന ആൾക്ക് മുൻപ് കണ്ട ഒരാളുമായി സാമ്യം കാണില്ല, അവർ അഭിനയിച്ചതിനോട് പോലും.

ഇവിടെ ബഹളങ്ങൾ ഇല്ല, ഇവിടെ നിലപാടുകൾ ഇല്ല, ഇവിടെ ആഘോഷങ്ങൾ ഇല്ല മറിച്ച് അഭിനയം എന്ന തന്റെ ക്രാഫ്‌റ്റ് മാത്രം. അതാവട്ടെ ഓരോ സിനിമ കഴിയുമ്പോഴും പത്തര മാറ്റിൽ തിളങ്ങി നിൽക്കുന്നു. ഇരുപത്തിയഞ്ചു വർഷത്തിനിടയിൽ മൂന്ന് ഓസ്കാർ!
അങ്ങനെയുള്ള ഫ്രാൻസെസിനെ കടലോളം ഞാൻ ആരാധിച്ചു പോവുന്നതിൽ എവിടെയാണ് തെറ്റ്?