ശ്രീധരനെ ട്രോളണ്ട, അയാൾക്ക്‌ മുഖ്യമന്ത്രിയാകാൻ സാദ്ധ്യതകളില്ലെന്ന് പറയാൻ ആകില്ല

0
242

Arun Somanathan

ബിജെപി കേരളത്തിൽ ഭരണം പിടിച്ചാൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് പറഞ്ഞ് മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു എന്നുപറഞ്ഞ് അദ്ദേഹത്തെ ട്രോളുന്നവരെ കണ്ടു. നോക്കൂ, ജനാധിപത്യ പ്രക്രിയയിൽ നിന്നുകൊണ്ട് അതിനെ അട്ടിമറിച്ച് തൊഴിലാളിവർഗ്ഗം എന്നപേരിൽ കമ്യൂണിസ്റ്റ് സർവ്വാധിപത്യം കൊണ്ടുവരാൻ സാധിക്കും എന്നുവിശ്വസിക്കുന്ന ഏതൊരു കമ്യൂണിസ്റ്റിനേക്കാളും യാഥാർത്ഥ്യബോധം അദ്ദേഹത്തിനുണ്ട്. തന്റെ നാളിതുവരെയുള്ള സത്യസന്ധമായ നിലപാടുകളും അഴിമതിരഹിത ഉദ്യോഗസ്ഥവൃത്തിയും ഏറ്റെടുത്ത എല്ലാ പദ്ധതികളും സമയബന്ധിതമായി വിജയകരമായി പൂർത്തിയാക്കുന്ന മാനേജ്മെന്റ് വൈദഗ്ധ്യവുമാണ് അദ്ദേഹത്തിനിതു പറയാൻ കോൺഫിഡൻസ് നൽകുന്നത്.

അതായത് അദ്ദേഹത്തെപ്പോലെ ബിജെപിയിൽ ചേർന്നിരിക്കുന്ന പ്രൊഫഷണലുകളുടെ ഉൾപ്പെടെ സേവനം ബിജെപി ഉപയോഗിക്കുകയും മിനിമം ബിജെപി അനുഭാവികളും ആളുനോക്കി വോട്ട് ചെയ്യുന്നവരും അവരിൽ വിശ്വാസം സൂക്ഷിക്കുകയും ത്രിപുരയിലെപോലെ ഒരു അട്ടിമറി സ്വപ്നം കാണുകയും ചെയ്താൽ ഏറ്റവും ചുരുങ്ങിയത് 25% വോട്ട് വിഹിതത്തിലേക്ക് ബിജെപിക്ക് എത്താം. അതിൽ മറ്റ് പാർട്ടികളിലെ “മാറ്റം” ആഗ്രഹിക്കുന്നവർ കൂടി ശ്രീധരൻ സാറിന്റെ ടീമിനെ വിശ്വാസത്തിലെടുത്താൽ 30 % വോട്ട് നേടി മൂന്നിലൊന്ന് അടുപ്പിച്ച് വോട്ട് വിഹിതം നേടിയാൽ കേരളരാഷ്ട്രീയത്തിലെ ഒരു പ്രഷർ ഗ്രൂപ്പായി ഈ ബിജെപി വോട്ടേഴ്സ് മാറി എന്നർത്ഥം.

അതായത് മതം പറഞ്ഞ് ചിലകൂട്ടർ കേരളരാഷ്ട്രീയത്തിൽ അനാവശ്യ ആനുകൂല്യങ്ങൾ നേടുന്ന പ്രഷർ ഗ്രൂപ്പാകുമ്പോൾ ഒരു നവീന പ്രഷർ ഗ്രൂപ്പായി ഉയർന്നുവരാൻ ബിജെപി വോട്ടേഴ്സിനു സാധിക്കുന്ന ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോളുള്ളത്. പിന്നീട് ബിജെപിയുടെ വോട്ട് വിഹിതം ഏതുമേഖലയിൽ നിന്നു വരുന്നോ അവരെ ചൊറിയാൻ ഒരു കമ്യുണിസ്റ്റുകാരും അവഗണിക്കാൻ ഒരു കോൺഗ്രസ്സുകാരും തയ്യാറാവുകയില്ല.

ഒരു വിഭാഗം ക്രിസ്ത്യൻസ് ബുദ്ധിപരമായി മാറിച്ചിന്തിക്കുന്നതും ചില ബെൽറ്റുകളിൽ അവരുടെ വോട്ട് ബിജെപിക്ക് പോകുന്നു എന്നും മനസ്സിലാക്കിയ പ്രമുഖ പാർട്ടിക്കാർ അവരെ സുഖിപ്പിക്കാൻ ശ്രമിക്കുന്നത് നമ്മൾ കാണുന്നില്ലേ. അതേ സുഖിപ്പിക്കൽ നയങ്ങൾ ഈ 30% ത്രെഷോൾഡ് എത്തിയാൽത്തന്നെ ബിജെപിയുടെ കോർ വോട്ടുകളെ അടർത്തിയെടുക്കാൻ നാളെ അവർ എടുക്കും. 15% ലേക്കെത്തിയപ്പോൾ ശബരിമലയിൽ മലക്കം മറിഞ്ഞതുതന്നെ ഉദാഹരണം‌. ഇപ്പോ ആർക്കും ശബരിമലയിൽ ലിംഗനീതി വേണ്ട. മുസ്ലിം സുന്നിപള്ളികളിൽ ലിംഗനീതി വേണമെന്ന് പറയാൻ പോലും ഇവർക്ക് ധൈര്യമില്ലാതിരുന്നതിനു കാരണം അവർ പ്രമുഖ പ്രഷർ ഗ്രൂപ്പാരുന്നു എന്നതാണ്.

ഇത് മനസ്സിലാക്കി ശ്രീധരൻ സാറിന്റെ ടീം ബിജെപിയെ അവരുടെ എഫിഷ്യൻസിയുടെ മെറിറ്റോടെ തന്നെ പരിഗണിക്കാൻ കേരളത്തിലെ ഒരുവിഭാഗം “ചിന്തിക്കുന്ന ജനത” തയ്യാറായാൽ ഇവിടെ വൻ മാറ്റങ്ങൾ സംഭവിക്കും. ഇല്ലെങ്കിൽ ഇടതുകാലിലെ മന്ത് 5 വർഷം കൂടുമ്പോൾ വലതുകാലിലേക്ക് മാറ്റുന്ന സ്വാഭാവികപ്രക്രിയയായി ഈ നിയമസഭാ തിരഞ്ഞെടുപ്പും മാറും. മാറ്റങ്ങളേക്കുറിച്ച് ചിന്തിക്കുമ്പോൾ ചില മാറ്റങ്ങളൊന്ന് സങ്കല്പിച്ച് നോക്കണം.

1.കേരളമുഖ്യമന്ത്രി ഇപ്പോൾ മെട്രോമാൻ ശ്രീധരൻ സാറാരുന്നെങ്കിൽ ഈ പിൻവാതിൽ നിയമനങ്ങൾ നടക്കുമായിരുന്നോ ?
നടന്നിരുന്നെങ്കിൽ ഇന്ത്യകണ്ട ഏറ്റവും നീചനായ മുഖ്യമന്ത്രി ആയി ഈ ഉദ്യോഗാർത്ഥി സമരം ഒന്നുകൊണ്ടുമാത്രം അദ്ദേഹത്തെ കമ്യൂണിസ്റ്റുകൾ അടയാളപ്പെടുത്തിയേനേ.. പഠിച്ച് റാങ്ക് ലിസ്റ്റിൽ എത്തിയവരെ മുട്ടുകാലിൽ ഇഴയിച്ച ക്രൂരനായി അദ്ദേഹം മാറിയേനേ. പക്ഷേ യാഥാർത്ഥ്യത്തിൽ പിണറായി മുഖ്യമന്ത്രി ആയതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കുന്നില്ല.

  1. കേരളമുഖ്യമന്ത്രി ഇപ്പോൾ മെട്രോമാൻ ശ്രീധരൻ സാർ ആയിരുന്നെങ്കിൽ വാളയാർ പിഞ്ചുകുഞ്ഞുങ്ങളെ റേപ്പ് ചെയ്ത് കൊന്നുകെട്ടിത്തൂക്കിയ കേസിലെ സിപിഎം പ്രതികൾ രക്ഷപെടുമായിരുന്നോ ?

ഈ വിഷയത്തിൽ സംഭവിച്ചതുപോലെയായിരുന്നു കാര്യങ്ങൾ നടക്കുന്നതെങ്കിൽ ഹത്രാസിലേതിനേക്കാൾ മോശമായ ഒരു ക്യാമ്പെയിൻ ലോകമെങ്ങും ശ്രദ്ധിക്കുന്ന തരത്തിൽ ഈ കമ്യൂണിസ്റ്റുകൾ അവരുടെ ഇടത് മെഷീനറി ഉപയോഗിച്ച് നടത്തുകയില്ലായിരുന്നോ.. ആ അമ്മയുടെ സമരപ്പന്തലിൽ അവർ ഇരിക്കുകയും മുഖ്യമന്ത്രിക്കെതിരെ കല്ലെറിയുകയും ചെയ്യുകയില്ലാരുന്നോ.. പക്ഷേ യാഥാർത്ഥ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. അതുകൊണ്ട് നമ്മൾ ഇടത്പാർട്ടിക്കാരല്ലാത്ത മലയാളികൾ നിസ്സഹായരാണ്. മനസ്സാക്ഷിയുള്ളവർ ഇടതുപാളയത്തിൽ ഉണ്ടെന്നും തോന്നുന്നില്ല. കാരണം മനസ്സാക്ഷിയുള്ളവർ മിനിമം വാളയാർ കേസിലെങ്കിലും നിശ്ശബ്ദരാവില്ലല്ലോ.