“കൺസെന്റ് ചോദിച്ചതല്ലേ ഉള്ളൂ അല്ലാതെ പിടിച്ചൊന്നുമില്ലല്ലോ”, എന്തൊരു അണ്ഡകടാഹപുരോഗമനം !

0
411

Arun Somanathan

പെട്ടെന്ന് ഏതോ അന്യഗ്രഹത്തിലെ പുരോഗമനവുമായി ഫേസ്ബുക്കിൽ കുറച്ച് കൺസെന്റ് പുരുഷുക്കളെ കാണുമ്പോൾ അത്ഭുതവും അമ്പരപ്പും തോന്നുന്നു. 14 വയസ്സുകാരൻ ലിഫ്റ്റ് കൊടുത്ത ചേച്ചിയോട് വളരെ വിനീതമായി മുലയ്ക്ക് പിടിച്ചോട്ടേ എന്നു ചോദിച്ചത് ആ യുവതിക്ക് ഒരു ട്രോമയായി ഫീലാകുകയും അത് ഫേസ്ബുക്കിൽ പറഞ്ഞതിന് അവരെ ക്രൂശിക്കാനും തിരക്കു കൂട്ടുകയാണ് ഇവർ. അവൻ കൺസെന്റ് ചോദിച്ചതല്ലേ ഉള്ളൂ അല്ലാതെ പിടിച്ചൊന്നുമില്ലല്ലോ എന്ന അണ്ഡകടാഹപുരോഗമന ദർശനത്തിലാണിവർ.

ഈ കൺസെന്റ് പുരുഷൂസിന്റെ വാദങ്ങളൊന്നും സത്യം പറഞ്ഞാൽ മനസ്സിലാവുന്നേ ഇല്ല. പെണ്ണുങ്ങളെല്ലാം ആരേലും ഒന്ന് പിടിച്ചിരുന്നെങ്കിൽ എന്നു കരുതി നടക്കുന്നപോലെയാണ് അവന്മാരുടെ വാദം.(അല്ലെങ്കിൽ അങ്ങനെ സ്വപ്നം കാണുന്നു) അപ്പോൾ കൺസെന്റ് ചോദിക്കുമ്പോൾ പെണ്ണിന് അവന്റ് ബാഹ്യരൂപത്തിൽ ആകർഷണം തോന്നി അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യും എന്നൊക്കെ കരുതുന്നു(അല്ലെങ്കിൽ സ്വപ്നം കാണുന്നു)

ഇവനെയൊക്കെ ഈ ബസ്റ്റാൻഡിലൊക്കെ ആണുങ്ങളെ സമീപിക്കുന്ന ഗേകളിലെ പെർവേർട്ടഡായുള്ള ചിലവന്മാരില്ലേ, ആരേലും മതി എന്നു കരുതി ചെല്ലുന്നവർ, അവന്മാരെക്കൊണ്ട് ദിവസം ഒരു പത്തുതവണ കൺസെന്റ് ചോദിപ്പിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. അഞ്ചുമിനിട്ട് ഇടവിട്ട് ഈ മാന്യന്മാരുമായ് സെക്സ് ചെയ്യാനുള്ള കൺസെന്റ് ചോദിപ്പിക്കണം.‌ അല്ലെങ്കിൽ ചേട്ടനെ ഒന്നു പിടിച്ചോട്ടേ എന്നോ മറ്റോ..
അപ്പോഴേ ബുദ്ധിമുട്ട് മനസ്സിലാകൂ. റിജക്റ്റ് ചെയ്താൽ മതി എന്നാണേലും വെറും ഒരു സെക്ഷ്വൽ ഒബ്ജക്റ്റായിക്കണ്ട് ആണുങ്ങൾ യൂസ് ചെയ്യാൻ കൺസെന്റ് ചോദിച്ചാൽ എങ്ങനിരിക്കും‌ എന്നൊരു ബോധം ചിലപ്പോൾ വന്നേക്കും.

കൺസെന്റ് പുരുഷൂന്റെ ഭാര്യ, അമ്മ, പെങ്ങൾ എന്നിവരോട് അവന്റെയൊക്കെ മുന്നിൽ വച്ചുതന്നെ കരതലം അമർത്താനുള്ള കൺസെന്റ് ചോദിച്ചാൽ മതി എന്നുള്ള വാദം ഇവന്മാരെ എതിർക്കുന്നവർ ഉയർത്തിക്കണ്ടു. ആ സ്ത്രീകൾക്കും അതൊരു ട്രോമ ആയിരിക്കും എന്നുള്ളതുകൊണ്ട് ആ വാദം ഉപേക്ഷിക്കുന്നു. പിന്നെ ന്യായീകരിക്കുന്നവർ ഓർക്കേണ്ട വേറൊരു കാര്യം ഈ എതിർക്കുന്നവരും ആ പതിനാലു വയസ്സൊക്കെ കഴിഞ്ഞിട്ടാണ് ഇപ്പോഴത്തെ നിലയിൽ ആയതെന്നാണ്. എന്തായാലും ഒരു പെണ്ണിനോട് ആഗ്രഹങ്ങൾ തോന്നിയാലുടനേ അവളോട് പിടിച്ചോട്ടേ എന്ന് ചോദിക്കുന്ന ഒരു സമൂഹത്തിലല്ല അന്നു ജീവിച്ചതും ഇന്നു ജീവിക്കുന്നതും. അപ്പോൾപ്പിന്നെ ഈ സമൂഹത്തിലെ പെണ്ണുങ്ങളീ പുരോഗമനം അങ്ങ് ഉൾക്കൊണ്ടേക്കണം എന്നുപറയുന്നുണ്ടെങ്കിൽ ആ ഉദ്ദേശം അത്ര നല്ലതിനല്ല എന്ന് മനസ്സിലാക്കാൻ പതിനാലുവയസ്സുകാരന്റ് ബുദ്ധി പോലും വേണ്ടാ. കൺസെന്റ് ചോയിച്ചില്ലേ, മനുശനല്ലേ പുള്ളേ എന്ന്.. സ്വന്തം വീട്ടിൽപ്പറഞ്ഞാ മതി.

**

വീണ ജെ എസ്

പതിനാലുകാരൻ ഒരു പെൺകുട്ടിയോട്/സ്ത്രീയോട് “ചേച്ചീ മൊലയ്ക്ക് പിടിച്ചോട്ടെ” എന്ന് ചോദിക്കുന്നത് consent ആണെന്ന് വിചാരിക്കുന്നവന്മാരോടാണ്. ഒരു വീട്ടിലെ അമ്മ വളരെ കാര്യമായി വീട്ടിൽ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുന്നു എന്ന് വിചാരിക്കുക. അതിനിടയ്ക്ക് അവരുടെ ഭർത്താവ് ആ വഴിക്ക് വന്നു “ഇളകി ഇരിക്കുന്ന മുൻ ഗേറ്റ് നന്നാക്കാൻ ഒന്നു സഹായിക്കാമോ” എന്ന് ചോദിക്കുന്നു. അമ്മ സഹായിക്കാൻ തുടങ്ങുമ്പോൾ പൊടുന്നനെ അയാൾ അമ്മയോട് “ഞാനൊന്ന് നിന്റെ മൊലക്ക് പിടിച്ചോട്ടെ” എന്ന് “സമ്മതം” ചോദിക്കുന്നു. ഇനി ഈ സ്ഥാനത്തു നമ്മുടെ സ്വന്തം അമ്മയെയും അച്ഛനെയും ഒന്ന് സങ്കല്പിക്കുക. നമ്മുടെ സ്വന്തം തന്തയ്ക്കിട്ട് ഒരെണ്ണം പൊട്ടിച്ചാലോ എന്ന് തോന്നും വിധമുള്ള ഒരു വല്ലായ്മ അനുഭവപ്പെടുന്നുണ്ടോ?? ആ അനുഭവത്തിനെയാണ് “നമ്മൾ exposed ആകാത്ത അനുഭവത്തോടുള്ള പ്രത്യേകതരം റെസ്പോൺസ്/ഭയം/ചടപ്പ്” എന്നൊക്കെ പറയുന്നത്. വീടിനു വെളിയിൽ ഗേറ്റിൽ നിൽക്കുന്ന സ്വന്തം അമ്മയോട് സ്വന്തം അപ്പൻ ചോദിച്ചാൽ നിങ്ങൾക്ക് അരോചകം ആകും.

Image may contain: 1 person, text that says "Sreejesh T R പല ഫെമിനിസ്റ്റുകളും പറഞ്ഞ് കേട്ടുള്ളത് അനുവാദം ചോദിക്കുന്നതിൽ തെറ്റില്ല എന്നാണ് ആ ചെക്കനും അത് തന്നെയല്ലേ ചെയ്‌തത് കേറി പിടിച്ചൊന്നുമില്ലല്ലോ ആ ചെക്കൻ നേരെ വാ നേരെ പോ ലൈനായാണ് തോന്നുന്നത് ഇതൊരു പുതിയ കാര്യമൊന്നുമല്ല ഈ പ്രായത്തിലൊക്കെ പണ്ടും പലരും ഇതുപോലെയൊക്കെ തന്നെയാണ് 3h Like Reply 2"പക്ഷേ അമ്മയ്ക്ക് ആ അരോചകം ആകുമോ? ചാൻസ് കുറവാണ്. കാരണം വർഷങ്ങളായി ഈ ചോദ്യത്തെക്കാൾ ഭീകരമായ അതിക്രമങ്ങൾക്ക് വിധേയയായ ആളെ സംബന്ധിച്ച് ഈ ഒരു ചോദ്യം പോലും ആശ്വാസം പകർന്നേക്കാം. പക്ഷേ വല്ലായ്മ ഉണ്ടാകും കേട്ടോ. ഇനി അച്ഛന് പകരം അപ്പറത്തെ വീട്ടിലെ ചേട്ടൻ ആണ് അമ്മയോട് ഇതേ കാര്യം ചോദിക്കുന്നത് എന്ന് വിചാരിക്കുക. നേരത്തെ സ്വന്തം തന്തയ്ക്കിട്ട് പൊട്ടിക്കാൻ തോന്നിയെങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്? നൈസ് അല്ലേ.
ഇനി ഈ അപ്പറത്തെ വീട്ടിലെ ചേട്ടൻ നേരെ വാ നേരെ പോ എന്ന് വിചാരിച്ചു വന്നതല്ലേ എന്ന് വിചാരിക്കുന്ന നിങ്ങൾ ആ അമ്മയും അങ്ങനെ വിചാരിക്കട്ടെ എന്ന് കരുതുമോ? ഒരു കാര്യം പറയുമ്പോൾ വീട്ടിലിരിക്കുന്ന അമ്മയെയും പെങ്ങളെയും വിളിക്കുന്നതല്ല കേട്ടോ. ചിലർക്ക് കാര്യങ്ങൾ മനസിലാകണമെങ്കിൽ സ്വന്തത്തിൽ വെച്ച് തന്നെ example കൊടുക്കണം. അതുകൊണ്ട് മാത്രം.
ഇനി അയലത്തെ ചേട്ടന്റെ പതിനാല് വയസ്സുള്ള മകൻ അമ്മയോട് ഇതേ ചോദ്യം ചോദിച്ചെന്നു കരുതുക. ആ കുട്ടിയുടെ പ്രായം പോലും നോക്കാതെ പൊതിരെ തല്ലാൻ നിങ്ങൾ ഇറങ്ങുമോ ഇല്ലയോ? ഇത്രയേ ഉള്ളൂ ഇതിലെ ഒരു ത്രില്ല്. കുട്ടികൾ വേർബൽ ആയ എന്തൊക്കെ തെറ്റുകൾ ചെയ്താലും അത് ഡീൽ ചെയ്യാൻ നിയമത്തിനു പോലും പരിധി ഉണ്ട്.

ഇനി നേരെ വാ നേരെ പോ എന്ന മട്ടിലാണല്ലോ കുട്ടി ചോദിച്ചത്, എന്നാപ്പിന്നെ കുട്ടിക്ക് കുട്ടി ലൈംഗികമായി ഉദ്ദേശിച്ചത് കൊടുത്തേക്കാം എന്ന #നിങ്ങളുടെ മേല്പറഞ്ഞ ലോജിക് പ്രകാരം ഒരു സ്ത്രീയോ മാറ്റാരെങ്കിലുമൊ അതിന് തയ്യാറായി എന്നിരിക്കട്ടെ. അത് 2012 പോക്സോ നിയമത്തിന്റെ പരിധിയിൽ വരും. കുട്ടികളെ അവരുടെ സമ്മതത്തോടെ പോലും ലൈംഗികമായോ മറ്റുരീതികളിലോ ചൂഷണം ചെയ്യരുതെന്നത് മുതിർന്ന (അതായത് പതിനെട്ടു വയസ്സ് പൂർത്തിയായ) ആളുകൾക്ക് നിയമം വെച്ചിരിക്കുന്ന കർശനമായ നിയന്ത്രണമാണ്. കഠിനമായ ശിക്ഷയുണ്ട് അതിന്. സോ മോൻ പോയി സംസ്കാരവും നിയമവും ഒക്കെ പഠിച്ചിട്ട് വാ ടാ. അവന്റെ കോപ്പിലെ സമ്മതം.

**

സുരേഷ് സി പിള്ള

ഇന്നലെ കൊച്ചിയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിക്ക് പതിനാലു വയസ്സുകാരനിൽ ഉണ്ടായ ദുരനുഭവം, പാതി വെന്ത ലൈംഗിക വിദ്യാഭ്യസത്തിന്റെ ഭാഗമാണ്. വൈകാരികമായ പക്വത എങ്ങിനെ നേടിയെടുക്കാം എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.
എന്തൊക്കെ ചെയ്യാം, എന്നതുപോലെ തന്നെ എന്തൊക്കെ ചെയ്യരുത്, ചോദിക്കരുത് എന്നതും ലൈംഗിക വിദ്യാഭ്യസത്തിന്റെ ഭാഗമാണ്.  കുട്ടികൾ തനിയെ എല്ലാം എങ്ങിനെയോ പഠിച്ചു കൊള്ളും എന്നൊക്കെ ഉള്ള വിചാരമാണ് പല അധ്യാപകർക്കും.ലൈംഗിക വിദ്യാഭ്യസം എന്നാൽ സെക്സ് എങ്ങിനെയാണ് ചെയ്യുന്നത് എന്നാണ് പഠിപ്പിക്കുന്നത് എന്ന് ധരിച്ചാണ് ഇതിനെ പല മാതാപിതാക്കളും ഇതിനെ നഖശിഖാന്തം എതിർക്കുന്നത്.

എന്താണ് ലൈംഗിക വിദ്യാഭ്യാസം?

കുട്ടികളെ പ്രായത്തിന് അനുസരിച്ചു ലൈംഗികതയെ പ്പറ്റി ബോധവൽക്കരിക്കുന്നതിനാണ് ലൈംഗിക വിദ്യാഭ്യാസം. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനും, ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത മാറ്റുവാനും ആണ് ലൈംഗിക വിദ്യാഭ്യാസം. കൂടാതെ, എന്തൊക്കെ ചെയ്യരുത് എന്നതും, വൈകാരിയകമായ പക്വത നേടുന്നതും ലൈംഗിക വിദ്യാഭ്യസത്തിന്റെ ഭാഗമാണ്. അല്പജ്ഞാനികളിൽ നിന്നും കിട്ടിയ അബദ്ധ ധാരണകൾ മാറ്റാനും, സ്വന്തമായി ഉണ്ടാകുന്ന മിഥ്യാധാരണകള് മാറ്റാനും ഇതു കൊണ്ട് സാധ്യമാകും. ജീവശാസ്ത്ര പരമായ അറിവു മാത്രമല്ല മറിച്ച്, വൈകാരികമായ പക്വത എങ്ങിനെ നേടിയെടുക്കാം എന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. എല്ലാ സ്കൂളുകളിലും ലൈംഗിക വിദ്യാഭ്യസം നിർബന്ധം ആക്കണം. കൂടാതെ മാതാപിതാക്കളും കുട്ടികളോട്, അവരുടെ പ്രായത്തിന് അനുസരിച്ച് ലൈംഗിക കാര്യങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കണം.ലൈംഗിക വിദ്യാഭ്യാസം പ്രായത്തിന് അനുസരിച്ചു വേണ്ടേ?

തീർച്ചയായും അങ്ങിനെയാണ് വേണ്ടത്. പ്രൈമറി സ്കൂളിൽ പോകുന്ന കുട്ടിയോട് ‘മോന്റെ/മോളുടെ പ്രൈവറ്റ് പാർട്ടുകളിൽ ആരും തൊടാൻ സമ്മതിക്കരുത്’ എന്ന് പറയുന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പ്രായം കൂടുന്നത് അനുസരിച്ച് അവർക്ക് ഓരോ സ്റ്റേജിലും ആവശ്യമുള്ള കാര്യങ്ങൾ മടി കൂടാതെ പറഞ്ഞു കൊടുക്കണം. കൂടാതെ സ്ത്രീയേയും , പുരുഷനെയും തുല്യമായി കാണാനും, എങ്ങിനെയാണ് നല്ല ഒരു പങ്കാളിയെ കണ്ടെത്തുന്നതും പരസ്പരം ബഹുമാനിക്കാൻ പഠിപ്പിക്കുന്നതും, സമ്മതം (consent) എന്നാൽ എന്താണ് എന്ന് പറഞ്ഞു കൊടുക്കുന്നതും, എല്ലാം ലൈംഗിക വിദ്യാഭ്യാസം ആണ്. ലൈംഗിക അതിക്രമം എന്താണ്; അതിൽ നിന്നും എങ്ങിനെ രക്ഷപെടാം എന്നൊക്കെ പറഞ്ഞു കൊടുക്കുന്നതും ലൈംഗിക വിദ്യാഭ്യാസം തന്നെ. കൂടാതെ എന്തൊക്കെ ചെയ്യരുത്, ചോദിക്കരുത് വൈകാരികമായ പക്വത എങ്ങിനെ കൈവരിക്കാം എന്നതും ലൈംഗിക വിദ്യഭ്യാസത്തിന്റെ ഭാഗമാണ്.

വേറൊരു കാര്യം ചെറുപ്പത്തിലേ ആൺകുട്ടിയെയും, പെൺകുട്ടിയെയും വേറെ വേറെ മാറ്റി ഇരുത്തി പഠിപ്പിക്കുന്നതാണ്. കുട്ടികളെ ചെറുപ്പത്തിലേ ക്ലാസ്സുകളിൽ ഇടകലർത്തി ഇരുത്തി പരസ്പരം അറിയാനുള്ള അവസരം ഉണ്ടാക്കണം. ബോയ്സ്/ ഗേൾസ് ഒൺലി സ്കൂളുകളും സ്ത്രീകളെ കാണുമ്പോൾ അത്ഭുത ലോകത്തു നിന്നും വരുന്നവരെ പോലെ നോക്കുന്ന ഋഷ്വശൃങ്ഗൻ മാരെ സൃഷ്ടിക്കാനേ ഉതകുകയുള്ളൂ. ആകുട്ടികളും, പെൺകുട്ടികളും പരസ്പരം അറിഞ്ഞു, കഥകൾ പറഞ്ഞു, പരസ്പരം കരുണാര്‍ദ്രമായ സമീപനത്തോടെ ജീവിച്ചാലേ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ കുറയുകയുള്ളൂ. ലേബർ പാർട്ടിയുടെ വക്താവായ റിയോഓർഡൻ, അയർലഡിലെ പാർലമെന്റിൽ ഈ അടുത്ത കാലത്തു പറഞ്ഞ കാര്യം ‘സിംഗിൾ ജൻഡർ’ സ്കൂളുകൾ ആണ്, ഭാവിയിൽ വീടുകളിലെ അതിക്രമങ്ങളിൽ (ഡൊമസ്റ്റിക് വിയലൻസ്) ഒരു കാരണമായി ഭവിക്കുന്നത് എന്നാണ്. അദ്ദേഹം പറഞ്ഞത് ‘സിംഗിൾ ജൻഡർ’ സ്കൂളുകൾ കുട്ടികളിൽ ഒരു toxic masculinity (വിഷലിപ്തമായ പുരുഷത്വ ഭാവം) ഉണ്ടാക്കുകയും അത് അവരുടെ സ്വഭാവ രൂപവൽക്കരണത്തിൽ ബാധിക്കുകയും ചെയ്യും എന്നത്. ലൈംഗിക വിദ്യാഭ്യാസം മാത്രമല്ല ആൺകുട്ടികളും, പെൺകുട്ടികളും ചെറുപ്പത്തിലേ പരസ്പരം അടുത്തിടപഴകുന്നതും, അറിയുന്നതും വൈകാരികമായ പക്വത നേടിയെടുക്കാൻ രണ്ടു കൂട്ടരെയും സഹായിക്കും