
ഒരു നുണയായിരുന്നു, ആ നുണയുടെ പ്രചാരമായിരുന്നു ജോസഫ് മാഷിന്റ് ഇടതുകാലും വലതുകൈപ്പത്തിയും വെട്ടിമാറ്റിയത്. പ്രവാചകനെ മനപ്പൂർവ്വം അവഹേളിച്ചു എന്നതായിരുന്നു ആ നുണ. അന്വേഷിക്കാൻ വന്ന മുസ്ലിമായ NIA ഉദ്യോഗസ്ഥൻ പോലും ആ നുണ വിശ്വസിച്ചിരുന്നു എന്നയിടത്താണ് ആ നുണയുടെ വ്യാപ്തി മനസ്സിലാകുക. അന്നെന്റ് സുഹൃത്തുക്കളിൽ പലരും ഈ ഹീനകൃത്യത്തെ അപലപിച്ചുകൊണ്ട് ഒരു ‘പക്ഷേ’ കൂടെച്ചേർത്തിരുന്നു.. അത്രയ്ക്ക് കേരളത്തിലെ ഇസ്ലാമികലോകത്തെ ഒരു നുണ ആ ഒറ്റമനുഷ്യനെതിരെ നിർത്തിയിരുന്നു..
ഇന്ന് ജോസഫ് മാഷിന്റ് പുസ്തകം ഇറങ്ങിയതും ഇങ്ങനെ വേറൊരു നുണ കേരളത്തിലെയെന്നല്ല ഇന്ത്യയിലെ മുഴുവൻ ഇസ്ലാമികലോകത്തും ഭീതി വിതച്ച സമയത്താണ്.. ആ നുണ തെരുവിലിറക്കിയവരെ വച്ചുണ്ടാക്കിയെടുക്കുന്ന പോളറൈസേഷനിലൂടെ ബിജെപിയും പോപ്പുലർ ഫ്രണ്ടും സിപിഎമ്മും കോൺഗ്രസ്സും ഒക്കെ നേട്ടം കൊയ്യാൻ പരിശ്രമിക്കുന്നു.
ജോസഫ് മാഷിന്റ് പുസ്തകം വായിച്ചില്ല.. എന്നാൽ അതിനെ ആധാരമാക്കിയ ഒരു കുറിപ്പ് വായിച്ചു. മനസ്സ് ഘനപ്പെട്ടല്ലാതെ നമുക്ക് ഇത് വായിച്ച് തീർക്കാനാവില്ല. വായിക്കുമ്പോൾ ഒരുപക്ഷേ നാം ആ മതമൗലികവാദികളെ അവഗണിക്കും, എന്നാൽ അവർക്ക് കുടപിടിച്ച കത്തോലിക്കാ സഭയെ അവഗണിക്കില്ല. ജോസഫ് മാഷിന്റ് ശരീരത്തിൽ കത്തിവച്ചത് പൊളിറ്റിക്കൽ ഇസ്ലാമാണെങ്കിൽ ജീവിതം നശിപ്പിച്ചത് സഭ എന്ന അധികാരകേന്ദ്രമാണ്. സഭയുടെ മതേതരത്വം കാത്തുസൂക്ഷിക്കലൊക്കെ കുഞ്ഞാടുകളെ ബലികൊടുത്തുകൊണ്ടാണല്ലോ..
എന്തായാലും ഈ കെട്ട കാലത്ത് ജോസഫ് മാഷിന്റ്റ് പുസ്തകം ചൂടോടെ വിറ്റഴിയുന്നു.. അദ്ദേഹത്തിനൊപ്പം നിൽക്കാത്ത കേരളത്തിന് അദ്ദേഹത്തിന്റ് ജീവിതകഥ ആവശ്യമുണ്ട്. ജോസഫ് എന്ന പേരിൽ റിലീസാകേണ്ടിയിരുന്നത് ഇദ്ദേഹത്തിന്റ് കഥയായിരുന്നു എന്നുപോലും മനോജ് വാവനൂർ എഴുതിയ ഈ കുറിപ്പ് വായിക്കുമ്പോൾ തോന്നും..
അത് ഷെയർ ചെയ്യുന്നു.. പൊളിറ്റിക്കൽ ഇസ്ലാമിനെതിരെയും സഭയ്ക്കെതിരെയും എഴുതിയതിനാൽ അദ്ദേഹത്തെ സംഘിയാക്കാതിരിക്കുക. CAA പ്രതികൂലി ആണ്.
കുറിപ്പിലൂടെ..
*’ഇടതുകാലിന് മഴുകൊണ്ട് പലതവണ വെട്ടിയശേഷം അവര്‍ എന്നെ തൂക്കിയെടുത്ത് റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി; ഉടല് ടാര്‍റോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയില്‍ എന്നെ മലര്‍ത്തിയിട്ടു; മഴു പിടിച്ചയാള്‍ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തില്‍ വിപരീത ദിശയില്‍ ചെരിച്ച് രണ്ടു വെട്ടുവെട്ടി; അസ്ഥികള്‍ മുറിഞ്ഞ് കൈത്തണ്ട മുക്കാല്‍ ഭാഗം അറ്റു; കൈക്കുഴയോട് ചേര്‍ന്ന് പലതവണ വെട്ടി; അങ്ങനെ അവര്‍ എന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി’; നടുക്കുന്ന ഓര്‍മ്മകളുമായി ജോസഫ് മാഷിന്റെ ആത്മകഥ വൈറലാവുമ്ബോള്*
തിരുവനന്തപുരം: യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരു മനുഷ്യന്റെ കൈപ്പത്തി പച്ചക്ക് വെട്ടിമാറ്റുക. കേരളം കണ്ട ലക്ഷണമൊത്ത തീവ്രാവാദ പ്രവര്‍ത്തനമായിരുന്നു തൊടുപുഴ ന്യുമാന് കോളജ് അദ്ധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന് നേര്‍ക്കുണ്ടായ ആക്രമണം. ഒരു അദ്ധ്യാപകന്റെ വലതുകൈ പ്രവാചക നിന്ദ ആരോപിച്ച് ഇസ്ലാമിക മതമൗലികവാദികള്‍ വെട്ടിയടുത്തപ്പോള് ഒലിച്ചുപോയത്, ഇങ്ങനെയാന്നും കേരളത്തില്‍ സംഭവിക്കില്ല എന്ന നമ്മുടെ ആത്മവിശ്വാസം കൂടിയായിരുന്നു. ഇപ്പോള്‍ ജോസഫ് മാസ്റ്റര്‍ ഇടതുകൈ കൊണ്ട് എഴുതിത്ത്ത്ത്ത്ത്ത്തീര്ത്ത ആത്മകഥ ‘അറ്റുപോകത്ത ഓര്‍മ്മകള്‍’ കേരളത്തില്‍ ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. ഡി സി ബുക്സിന്റെ മിക്ക ഷോറൂമിലും ഇപ്പോള്‍ പുസ്തകം കിട്ടാത്ത അവസ്ഥയാണ്.
എങ്ങനെയാണ് തന്റെ കൈ വെട്ടിമാറ്റി എന്നത് പുസ്തകത്തില്‍ ജോസഫ് മാസ്ററര് വിശദമായി എഴുതുന്നുണ്ട്.
തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അദ്ധ്യാപകനായിരുന്ന പ്രൊഫ. ജോസഫ്, പ്രവാചകന് മുഹമ്മദ് നബിയെ നിന്ദിക്കും വിധം ചോദ്യക്കടലാസ് തയാറാക്കി എന്ന ആരോപണം പൊടുന്നനെ ഉയരുകയായിരുന്നു. തൊട്ടുപിന്നാലെ, മൂവാറ്റുപുഴയില്‍ വെച്ച് 2010 ജൂലൈ നാലിന് അദ്ദേഹത്തിനു നേരെ വാനിലെത്തിയ മതതീവ്രവാദി സംഘം ആക്രമണം നടത്തി. വലതു കൈ അവര്‍ വെട്ടിമാറ്റി. സംഭവത്തില്‍, 13 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐഎ കോടതി വിധിച്ചു. അവരില്‍ 10 പേര്‍ക്ക് കോടതി എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. മൂന്ന് പേര്‍ക്ക് പന്ത്രണ്ട് വര്‍ഷം തടവുശിക്ഷയും. ആ കൈ തുന്നിച്ചേര്‍ത്തെങ്കിലും, ദുരിതം നിറഞ്ഞ കാലം അദ്ദേഹത്തെ വിടാതെ പിന്തുടര്ന്നു. ഭര്‍ത്താവിന്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങള്‍ ഏല്‍പ്പിച്ച വിഷാദരോഗം അതിജീവിക്കാനാവാതെ അദ്ദേഹത്തിന്റെ ഭാര്യ ജീവനൊടുക്കി. ഒരൊറ്റ ചോദ്യപ്പേപ്പറിന്റെ പേരില്‍ അനുഭവിച്ച ദുരന്തങ്ങള്‍ പ്രൊഫാ ജോസഫ് തുറന്നെഴുതുന്നു. ആത്കഥയില്‍ ഉടനീളം ജോസ്ഫ് മാഷ് തന്റെ ദുരന്തത്തിന് ആരേയും കുറ്റപ്പെടുത്തുന്നുമില്ല.
ജോസഫ് മാഷിന്റെ ആത്മകഥ ‘അറ്റുപോവാത്ത ഓര്‍മ്മകളില്‍’ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് പ്രസിദ്ധീകരിച്ചത്. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശാരീരികമായ പീഡനത്തേക്കാള്‍ ഭീകരമായിരുന്നു, സഭയുടെ അപവാദം പ്രചരണവും ഒറ്റപ്പെടുത്തലുമെന്ന് ജോസഫ് മാഷ് എഴുതുന്നുണ്ട്.കോളജില്‍നിന്ന് പിരിച്ചുവിട്ട കാലത്ത് കത്തോലിക്ക സഭയിലെ ഒരു പറ്റം വൈദികര്‍ തനിക്കെതിരെ വ്യാപകമായ തോതില്‍ വ്യാജ പ്രചരണങ്ങളും സ്വഭാവഹത്യയും നടത്തിയെന്ന് പ്രൊ. ടി.ജെ ജോസഫ് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്ക് അനുകൂലമായി പത്രമാസികകളില്‍ ലേഖനം എഴുതിയവരെ തിരഞ്ഞുപിടിച്ച് ആക്ഷേപിച്ചിരുന്നു. സഭേതര പത്രമാസികകളില്‍ ജോസഫിന് അനുകൂലമായി എഴുതിയ ക്രിസ്തീയ നാമധാരികളെ കോതമംഗലം മെത്രാന് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു. സ്വാതികനും വയോധികനുമായ ഫാ. എ. അടപ്പൂരിനെപോലും കത്തോലിക്ക വൈദികരും മെത്രാന്മാരുടെ ശിങ്കിടികളും തെറിവിളിയില്‍ നിന്ന് ഒഴിവാക്കിയില്ലെന്ന് ടി.ജെ ജോസഫ് എഴുതുന്നു. താന്‍ ഭാര്യാമര്‍ദകനാണെന്നും, അമ്മയെ നോക്കാത്തവനാണെന്നുമൊക്കെ കന്യാസ്ത്രീകളും വൈദികരും വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ തോതില്‍ അപവാദ പ്രചരണം നടത്തി. കത്തോലിക്ക സഭയുടെ സംഘടിത ശക്തി ഉപയോഗിച്ച് നിസ്സഹായനായ ഒരു മനുഷ്യനെ എങ്ങനെയെല്ലാം വേട്ടയാടാമെന്ന് വിവരിക്കുന്ന ഒരു ചരിത്ര പുസ്തകം കൂടിയാണ് ടി ജെ ജോസഫിന്റെ ആത്മകഥ.
പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന കാലത്ത് അദ്ദേഹത്തെ സസ്പെന്റ് ചെയ്തിരുന്നു. സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിനെ കാണാനെത്തിയ അദ്ദേഹത്തിന്റെ ഭാര്യ സലോമിയെയും മകളെയും കോളജ് മാനേജര്‍ അപമാനിക്കുകയും മര്യാദയില്ലാത്ത വിധം സംസാരിക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടുവെന്ന ഉത്തരവും വന്നു.
ജോസഫിനെ അക്രമിച്ചതില്‍ മുസ്ലിം സംഘടനകള്‍ പോലും അപലപിച്ചിട്ടും സഭാമേലധികാരികള്‍ തികഞ്ഞ മൗനത്തിലായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികള്‍ അദ്ദേഹത്തെ അക്രമിച്ചതിനെതിരെ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ കോളജ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി ‘മരിച്ചു പോയെങ്കില്‍ കുഴപ്പമില്ലായിരുന്നു’ എന്നാണ് പ്രതികരിച്ചത്. ഇങ്ങനെ എല്ലാതരത്തിലും ജോസഫിനെ അപമാനിക്കാനും അവഹേളിക്കാനുമാണ് സഭയും വൈദികരും ശ്രമിച്ചത്.- ഈ വിവരങ്ങളെല്ലാം അദ്ദേഹം വിഷദമായി എഴുതുന്നുണ്ട്.
അങ്ങനെ അവര്‍എന്റെ കൈവെട്ടിമാറ്റി
പരശുരാമന്റെ മഴു എന്ന 25ാം അധ്യായത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്. പള്ളികഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങുന്ന തന്നെയും കുടുംബത്തെും ഇസ്ലാമിക മതമൗലിക വാദികള്‍ ആക്രമിച്ചതിന്റെ വിവരങ്ങള്‍ ഈ അധ്യായത്തിലാണ് ജോസ്ഫ് മാസ്റ്ര് വിവരിക്കുന്നത്. ഇവരുടെ കാറിനെ കുറുകെ വട്ടം പടിച്ച ഒരു സംഘം പൊടുന്നനെ ആക്രമിക്കയായിരുന്നു. സ്വന്തം വീടിന് 50 മീറ്റര്‍ അകലെ മാത്രം ഉള്ളിടത്ത് അമ്മയുടെയും ചേച്ചിയുടെയും മുന്നിലിട്ടാണ് ഇവര്‍ കാടന്‍ നീതി നടപ്പാക്കിയത്. ടി ജെ ജോസഫ്് ഇങ്ങനെ എഴുതുന്നു.
‘അടുത്ത നിമിഷം മഴുകൊണ്ടുള്ള വെട്ടേറ്റ് എന്റെ വലതുവശത്തുള്ള ഡോറിന്റെ ഗ്ലാസ് തകര്‍ന്നുവീണു. അക്ഷണത്തില്‍തന്നെ വാക്കത്തികൊണ്ടുള്ള വെട്ടില്‍, ചേച്ചിയുടെ വശത്തെ ചില്ലും തകര്‍ന്നു. രണ്ടാം വാക്കത്തിക്കാരന്‍ കാറിന്റെ മുന്‍വശത്തെ ചില്ല് വെട്ടിപ്പൊളിച്ചെങ്കിലും അത് അടര്‍ന്നുവീണില്ല.
ചില്ലില്ലാത്ത ഡോറിലൂടെ മഴു അകത്തേക്കിട്ട് ഒന്നാമന് എന്നെ തുരുതുരാ വെട്ടാന്‍ തുടങ്ങി. അതോടെ ചേച്ചിയും അമ്മയും ആവുന്നത്ര ശബ്ദത്തില്‍ രക്ഷിക്കണേ, ഓടിവായോ, എന്ന് നിലവിളി തുടങ്ങി. ഞാനാകട്ടെ ശരീരം ആവുന്നത്ര, ഉള്ളിലേക്ക ഒതുക്കിക്കൊണ്ട്, മഴുവിന്റെ പിടിയില്‍ കടന്നുപിടിക്കാനുള്ള ശ്രമം നടത്തി. ഒന്നു രണ്ടുതവണ എനിക്ക് പിടി കിട്ടിയെങ്കിലും എന്റെ കൈകള്‍ വിട്ടുപോയി. ഇരുകൈകളിലും വെട്ടേറ്റ് മാംസവും ഞരമ്ബുകളും മുറിഞ്ഞു മറിഞ്ഞപ്പോള്‍ എന്റെ കൈകള്‍ പൊങ്ങാതായി. പിന് സീറ്റില്‍ ഇരുന്ന എന്റെ അമ്മ ഒരു മടക്കുകുട കൊണ്ട് എന്നെ വെട്ടുന്ന കൈയില്‍ അടിച്ചുകൊണ്ട് അലറിക്കരഞ്ഞെങ്കിലും ഒരു ദീനശബ്ദമേ പറുത്തുവന്നുള്ളൂ.
എന്റെ കൈള്‍ പൊങ്ങാതായതോടെ, മഴു പിടിച്ചയാള്‍ കൈ ഉള്ളിലേക്കിട്ട് കാറിന്റെ ഡോര്‍ തുറന്നു. അപ്പോഴേക്കും ചേച്ചിയുടെ വശത്തുനിന്ന വാക്കത്തിപിടിച്ച രണ്ടാളുകളും അങ്ങോട്ട് വന്നു. നാലുപേര്‍ കൂടി എന്നെ വലിച്ചെടുത്ത് കാറിന്റെ പിന്നിലേക്ക് കൊണ്ടുപോയി. എന്റെ അടുത്തേക്ക് വരാനായി ഡോര്‍ തുറന്ന് പുറത്തെത്തിയ ചേച്ചിയെ അവിടെ നിന്നിരുന്ന കഠാരക്കാരന്‍ ഇടം കൈയാല്‍ കഴുത്തിന് കുത്തിപ്പിടിച്ച് വലം കൈയിലെ കഠാര നീട്ടിപ്പിടിച്ച് റോഡിന്റെ ഇടതുവശത്തുള്ള കൈയാലയിലേക്ക് തള്ളി നിര്‍ത്തി.
കാറിന്റെ പിന്നിലേക്ക് എന്നെ അല്‍പ്പദൂരം വലിച്ചിഴച്ചിട്ട് ആ ഒരു വാക്കത്തിക്കാരന്‍, എന്റെ ഇടതുകാലിന്റെ കുതികാല് ഭാഗത്ത് ആഞ്ഞൊരു വെട്ട്. അതിനുശേഷം കാലില്‍ പിടിച്ച് തിരിച്ചിട്ട് അതിനോട് ചേര്‍ന്ന് പാദത്തിന് മുകളിലായി ഒരു വെട്ടും തന്നു. തുടര്‍ന്ന് മഴു പിടിച്ച ആള് എന്റെ ഇടതുചന്തിയോട് ചേര്‍ന്ന തുടഭാഗത്ത് മഴുകൊണ്ട് ആഞ്ഞുവെട്ടി. കൂടാതെ ഇടതുകാലില്‍ തന്നെ കണ്ണയുടെ മുകള്‍ഭാഗത്തും പാദത്തിലും ആഞ്ഞു വെട്ടി. മഴു പതിച്ച ഭാഗങ്ങള്‍ അസ്ഥി ഉള്‍പ്പടെ മുറിഞ്ഞു. മുറിവുകളില്‍നിന്ന് ചീറ്റിയൊലിക്കുന്ന രക്തത്തോടൊപ്പം, ജീവനും വാര്‍ന്നുപോകുന്നതായി എനിക്കപ്പോള്‍ തോന്നി. എന്നില്‍ പതിക്കാന്‍വേണ്ടി അയാളുടെ കൈയിലിരുന്ന് വെമ്ബുന്ന മഴുവില്‍ ദൃഷ്ടിയൂന്നി ജന്തുസഹമായ മരണഭയത്തോടെ, ‘കൊല്ലല്ലോ, കൊല്ലല്ലേ’ എന്ന് ഞാന്‍ വിലപിച്ചു.
പിന്നീട് അവര്‍ എന്നെതൂക്കിയെടുത്ത് കുറച്ചുകൂടി പിന്നിലേക്ക് കൊണ്ടുപോയി. റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി. ഉടല് ടാര്‍റോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയില്‍ അവര്‍ എന്നെ മലര്‍ത്തിയിട്ടു. മഴുപിടിച്ച ആള്, മുറിവേറ്റ് തളര്‍ന്ന എന്റെ ഇടതുകൈത്തണ്ട എടുത്തുപിടിച്ചിട്ട് വിറകുകീറുന്നുമാതിരി ആഞ്ഞൊരു വെട്ട്. കൈക്കുഴയോടെ ചേര്‍ന്ന് കൈപ്പത്തിയില്‍ ചെരിഞ്ഞു പതിച്ച മഴു, ചെറുവിരല്‍ ഭാഗത്തെ മൂന്നുവരലുകള്‍ കടയറ്റു തുങ്ങത്തക്കവിധം കൈപ്പത്തിയുടെ മുക്കാല്‍ ഭാഗത്തോളം എത്തിനിന്നു. ഉദ്ദേശിച്ച കൈമാറിപ്പോയെന്ന് വാക്കത്തിക്കാരന്‍ സൂചന കൊടുത്തതിനാല്‍, എന്റെ ഇടതുകൈ അയാള്‍ പൊടുന്നനെ താഴേക്കിട്ടു.
ആ സമയം വലുതായൊരു സ്ഫോടന ശബ്ദം എന്റെ കാതില്‍ വന്നലച്ചു. പുകപടലങ്ങള്‍ക്കിടയില്‍ കൈയില്‍ ഒരു വാക്കത്തിയുമായി മകന് മിഥുന് അവിടേക്ക് പാഞ്ഞടുക്കുന്നത് ഒരു മിന്നായംപോലെ എന്റെ ദൃഷ്ടിയില്‍പ്പെട്ടു. അല്‍പ്പം സമയം കഴിഞ്ഞ് വാക്കത്തിക്കാരിലെ അപരന് മുറിവുകളാല്‍ വിവൃതമായ എന്റെ വലതുകൈ മുട്ടുഭാഗത്ത് പിടിച്ച് ടാര്‍ റോഡില്‍ ചേര്‍ത്തുവെച്ചു. മഴു പിടിച്ചയാള്‍ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തില്‍ വിപരീത ദിശയില്‍ ചെരിച്ച് രണ്ടു വെട്ടുവെട്ടി. രണ്ടിടത്തും അസ്ഥികള്‍ മുറിഞ്ഞ് കൈത്തണ്ട മുക്കാല്‍ ഭാഗം അറ്റു. പിന്നീട് കൈക്കുഴയാട് ചേര്‍ന്ന് പലതവണ വെട്ടി. അവര്‍ എന്റെ വലതുകൈപ്പത്തി മുറുച്ചുമാറ്റി.’- ജോസഫ് മാസ്റ്റര്‍ എഴുതുന്നു.
വെട്ടേറ്റ് അര്‍ധ അബോധവസ്ഥയില്‍ ആശുപത്രിയിലേക്ക് പോകുമ്ബോള്‍ തന്റെ കൈപ്പത്തി കൂടി എടുത്തോളാന്‍ താന്‍ പറഞ്ഞ കാര്യവും ജോസഫ് മാസ്റ്റര്‍ എഴുതുന്നുണ്ട്. ‘പക്ഷേ എവിടെ തിരഞ്ഞിട്ടും ആറ്റുപോയ കൈപ്പത്തി കണ്ടുകിട്ടിയില്ല. അയല്ക്കാരന് ജോസഫ് സാര്‍ സംഭവം നടന്ന സ്ഥലത്തെ കുറ്റിച്ചെടികള്‍ക്കിടയില്‍ പരതുകയായിരുന്നു. അപ്പോഴാണ് സമീപത്തെ വീട്ടുമുറ്റത്ത് കൈപ്പത്തി വീണുകിടക്കുന്നുണ്ടെന്ന് ആരോ അറിയിച്ചത്.അദ്ദേഹം ചെന്നുനോക്കിയപ്പോള്‍ ശരിയാണ്. മുറ്റത്തുവിരിച്ച ചരലില്‍ ഉണങ്ങി വീണ തേക്കിലപോലെ അതാ കിടക്കുന്നു! അദ്ദേഹം പെട്ടെന്ന് അതെടുത്ത് മണല്‍ത്തരികള്‍ കുടഞ്ഞുകളഞ്ഞ്, ഒരു പ്ലാസ്റ്റിക്ക് കൂടില്‍ ഐസ് കട്ടയും വെച്ച് പാക്ക് ചെയ്തതോടെ പൊലീസ് ജീപ്പെത്തി.’-ജോസഫ് മാസ്റ്റര്‍ എഴുതുന്നു.
ഈ കൈപ്പത്തിയാണ് പിന്നീട് അദ്ദേഹത്തിന് തുന്നിപ്പിടിപ്പിച്ചത്. തുടര്‍ന്നണ്ടായ ദുരിത ജീവിതവും അദ്ദേഹം വിവരിക്കുന്നുണ്ട്.
മുസ്ലീമായ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന് പെരുമാറിയത് പരുഷമായി
കേസ് നടക്കുന്നതിനിടയിലാണ് ജോസ്ഫ് മാഷെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടത്. സാമ്ബത്തിക പരാധീനതകള്‍ മൂലം ഏറെ വലഞ്ഞുവെന്നും ജോസഫ് വിവരിക്കുന്നുണ്ട്. കേസന്വേഷിക്കാന്‍ വന്ന മുസ്ലീമായ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന് തന്നോട് പരൂഷമായി പെരുമാറിയ കാര്യം അദ്ദേഹം പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകനെ നിന്ദിച്ച താങ്കളുടെ പ്രവര്‍ത്തി ഒരു മുസ്ലിം എന്ന നിലയില്‍ എനിക്ക് സഹിക്കാനാവില്ല, എന്നിരുന്നാലും അത് എന്റെ ഡ്യൂട്ടിയെ ബാധിക്കില്ല’. എന്നു പറഞ്ഞ ഉദ്യോഗസ്ഥന് പ്രതികളെ രക്ഷിക്കാന്‍ വേണ്ടി സകല പഴുതുകളുമിട്ടാണ് കേസന്വേഷണം നടത്തിയതെന്ന് പിന്നീട് മേല്‍നോട്ടം വഹിക്കാനെത്തിയ എന്‍ഐഎ സൂപ്രണ്ട് കണ്ടെത്തി. ഇതേതുടര്‍ന്ന് ഇയാളെ അന്വേഷണ സംഘത്തില്‍ നിന്നും ഒഴിവാക്കി.
കോടതി കുറ്റ വിമുക്തനാക്കിയിട്ടും സഭാമേലധികാരികള്‍ ജോസഫിനെതിരെയുള്ള വേട്ടയാടല്‍ തുടര്‍ന്നു. യൂണിവേഴ്സിറ്റി ട്രിബ്യൂണലിലെ കേസിനെതിരെ ജോസഫിന്റെ സഹപ്രവര്‍ത്തകനും വൈദികനുമായ ഫാ. രാജു ജേക്കബ് (മാനുവല്‍ പിച്ചലക്കാട്ട്) താന്‍ മതനിന്ദ നടത്തിയ വ്യക്തിയാണെന്ന് ബോധിപ്പിച്ചിരുന്നു. ജോസഫിന്റെ ശിഷ്യന് കൂടിയായിരുന്നു വൈദികനായ രാജു. അദ്ദേഹത്തിന് തന്റെ ഗുരുവും സഹപ്രവര്‍ത്തകനുമായ ജോസഫിനെതിരെ കള്ളസാക്ഷ്യം പറയുന്നതില്‍ യാതൊരു മടിയും സങ്കോചവുമില്ലായിരുന്നുവെന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ മൊഴികളാണ് കോളജ് പ്രിന്‍സിപ്പലായ ടിഎം ജോസഫും മാനേജര്‍ ഫാ. തോമസ് മലേക്കുടിയും ആവര്‍ത്തിച്ചത്. സംഘടിതമായ രീതിയില്‍ കത്തോലിക്ക സഭ നേതൃത്വവും വൈദികരും ചേര്‍ന്ന് നിസ്സഹായനായ ഒരു മനുഷ്യനെ വേട്ടയാടിയതിന്റെ നേര്‍ചിത്രമാണ് അറ്റുപോകാത്ത ഓര്‍മ്മകളില്‍ വിവരിക്കുന്നത്.
ജോസഫിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടതോടെ ഭാര്യ സലോമി മാനസിക രോഗിയായി മാറി. വീട്ടിലെ സാമ്ബത്തിക സ്ഥിതി മോശമായതോടെ അവരുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി. വേണ്ടാത്തതിനൊക്കെ വഴക്കുണ്ടാക്കാന്‍ തുടങ്ങി. മനോരോഗത്തിന് തുടക്കമാണെന്നും ഇത്തരം രോഗികള്‍ ആത്മഹത്യപ്രവണത പ്രകടിപ്പിക്കുമെന്ന് മുന്നറിയിപ്പ് തന്നതോടെ വീട്ടിലുണ്ടായിരുന്ന കീടനാശിനികള്‍ നശിപ്പിച്ചു കളയുകയും, മൂര്‍ച്ചയേറിയ കത്തികളും മറ്റും അവരില്‍ നിന്ന് ഒളിപ്പിച്ചു വെക്കുകയും ചെയ്തു. എന്നിട്ടും ഒരു ദിവസം കുളിമുറിയില്‍ കയറി തൂങ്ങിമരിച്ചു. അതും പുണ്യവാനായ സെന്റ് ജോസഫിന്റെ തിരുനാള്‍ ദിവസത്തിലാണ് അത് സംഭവിച്ചത്. വീണ്ടും ഒരിക്കല്‍ കൂടി താന്‍ തോല്‍പ്പിക്കപ്പെട്ടുവെന്നാണ് ഭാര്യയുടെ വിയോഗത്തെക്കുറിച്ച് ജോസഫ് എഴുതിയിരിക്കുന്നത്.
സലോമിയുടെ മരണം വാര്‍ത്താമാധ്യമങ്ങളും പൊതുസമൂഹവും ഏറ്റെടുത്തു. എന്നിട്ടും സഭയുടെ മനസ്സലിഞ്ഞില്ല. വീണ്ടും വീണ്ടും ജോസഫിനെയും കുടുംബത്തെയും വൈദികരും സഭാനേതൃത്വവും സംഘടിതമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തു. 2014 മാര്‍ച്ച് 31-ന് വിരമിക്കാനിരിക്കെ ഔദാര്യമെന്നോണം അദ്ദേഹത്തെ 28-ന് ജോയിന്റ് ചെയ്യാനായി നിയമന ഉത്തരവ് നല്കി. താന്‍ ജോയിന്റ് ചെയ്യാന്‍ ചെല്ലുമ്ബോള് തന്റെ കുട്ടികള്‍ അവിടെ ഉണ്ടാവാതിരിക്കാന്‍ കോളജിന് അന്ന് അവധി നല്കി. തന്നെ സ്വീകരിക്കുന്നതില്‍ നിന്ന് അദ്ധ്യാപകരെയും പലവിധ ജോലികളിലേക്ക് നിയമിച്ച് ആനന്ദം കണ്ടെത്തി. അദ്ദേഹം ഓഫീസില്‍ പ്രവേശിക്കുന്നതും ഹാജര്‍ ബുക്കില്‍ വീണ്ടും ഒപ്പു വെക്കുന്നതും മാധ്യമങ്ങള്‍ പകര്‍ത്താതിരിക്കാന്‍ കോളജിന്റെ പ്രധാന കവാടം അടച്ചിട്ടു. തനിക്ക് പെന്ഷന് പോലും കിട്ടാതിരിക്കാന്‍ സഭയും, വൈദികരും, മാനേജ്മെന്റും ചേര്‍ന്ന് എല്ലാ കള്ളകളികളും കളിച്ചു. എന്നിട്ടും സഭ വീണ്ടും ജോസഫിനെ വേട്ടയാടി. അദ്ദേഹത്തിനെതിരെ കോതമംഗലം രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ജോസഫിനെതിരായി ഇടയലേഖനം വായിച്ചു.
സഭയ്ക്കെതിരെ കേസുമായി പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരിട്ട് അഭ്യര്‍ത്ഥിച്ചു. അതുകൊണ്ട് തന്നെ സഭയ്ക്കെതിരെ കേസിനുപോകാന്‍ ജോസഫ് ഒരുമ്ബെട്ടില്ല. എന്നിട്ടും ശമ്ബള കുടിശ്ശികയോ, പെന്‍ഷനോ ലഭ്യമാക്കാതെ വീണ്ടും പീഡിപ്പിക്കാന്‍ സഭാ അധികാരികള്‍ ശ്രമിച്ചുകൊണ്ടേയിരുന്നുവെന്നും ആത്മകഥയില്‍ വ്യക്തമാക്കുന്നു.
സഭയുടെ ക്രൂരത ഭാര്യയെ വിഷാദ രോഗിയാക്കിയപ്പോള്‍: ഭാര്യ സലോമിയുടെ മരണം പറയുന്ന 34ാം അധ്യായവും ഏറെ ഹൃദയസ്പര്‍ക്കാണ്. അത് ഇങ്ങനെയാണ്.
‘ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ തകര്‍ന്നുവീണത് ഞാനും സലോമിയും രണ്ടുമൂന്നു മാസക്കാലമായി പടുത്തുയര്‍ത്തിയ മനക്കോട്ടകളാണ്.ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ കിട്ടുമായിരുന്നത് മാസം തോറുമുള്ള ശമ്ബളമായിരുന്നില്ല. മാനേജര്‍ പറഞ്ഞിരുന്നതുപോലെ മാര്‍ച്ച് അവസാനം എന്നെ തിരിച്ചെടുത്താല്‍ ആ മാസംതന്നെ 31-ന് റിട്ടയര്‍ ചെയ്യും. അപ്പോള്‍ ലഭ്യമാകുന്നത് പിരിച്ചുവിട്ടപ്പോള്‍ മുതലുള്ള ശമ്ബള കുടിശ്ശികയും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ അപ്പാടെയുമാണ്. എല്ലാംകൂടിയാകുമ്ബോള് നല്ലൊരു തുക വരും.
പണയപ്പെടുത്തിയ ആഭരണങ്ങള്‍ തിരിച്ചെടുക്കണം; മക്കള്‍ രണ്ടാളുടെയും വിദ്യാഭ്യാസ വായ്പ മുഴുവനായി അടച്ചുതീര്‍ക്കണം; കേടായിരുന്ന വാഷിങ് മെഷീന്, ഫ്രിഡ്ജ് മുതലായവ മാറ്റി പുതിയതു വാങ്ങണം; വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കുക മാത്രമല്ല, രണ്ടു കിടപ്പുമുറികള്‍ കൂടി ഉള്‍പ്പെടുത്തി മുകള്‍നില പണിയണം; ആമിയുടെ കല്യാണം നടത്തണം. ഇങ്ങനെയൊക്കെയാണ് കിട്ടാന്‍പോകുന്ന പണം വക കൊള്ളിച്ചിരുന്നത്.
നാലുവര്‍ഷക്കാലം വാടിനിന്നിട്ട് വീണ്ടും തളിരണിഞ്ഞ ആശാസങ്കല്പങ്ങളെ ഇടിത്തീ എന്നവണ്ണമാണ് കോളജ് മാനേജ്മെന്റിന്റെ വഞ്ചന കരിച്ചുകളഞ്ഞത്. ഇത്രയുംകാലം അചഞ്ചലയായി നിന്ന സലോമിക്ക് അതുകൂടി താങ്ങാന്‍ കെല്പുണ്ടായിരുന്നില്ല.
സലോമിയും അമ്മയും ഞാനും മാത്രമേ അക്കാലത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. എന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സലോമിയില്‍ ആദ്യം ഉണ്ടാകുന്ന മാറ്റം. അത് നിസ്സാരകാര്യങ്ങള്‍ക്കുമാണ്. പല്ലുതേക്കുമ്ബോള് ഓക്കാനിക്കുന്നതിന്; ഉറക്കെ തുമ്മുന്നതിന്; ഭക്ഷണം കഴിക്കുമ്ബോള്‍ ശബ്ദമുണ്ടാക്കുന്നതിനൊക്കെ അവള് എന്നെ ആക്ഷേപിച്ചുതുടങ്ങി. ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്ബോള്‍ അല്പം ശബ്ദം ഉണ്ടാകുമെന്നൊക്കെ ഞാന്‍ മറുപടി പറഞ്ഞെങ്കിലും അവളുടെ മനോവ്യാപാരങ്ങള്‍ക്ക് അല്പം പന്തികേടുണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. ആമിയുടെ വിവാഹക്കാര്യത്തിലാണ് അവള്‍ക്ക് ഏറെ ഉത്കണ്ഠ എന്നു മനസ്സിലാക്കിയ ഞാന്‍ പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്യുമ്ബോള്‍ കിട്ടുന്ന പണംകൊണ്ട് അതൊക്കെ നടക്കുമെന്നു പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
പിരിച്ചുവിട്ടകാലത്തുതന്നെ പി.എഫ്. ക്ലോസ് ചെയ്യാമായിരുന്നതാണ്. എന്നാല്‍ അത് പിരിച്ചുവിടല്‍ നടപടിയെ ഞാന്‍ അംഗീകരിക്കുന്നതുപോലെയാവും എന്നൊരു അനാവശ്യചിന്തകൊണ്ടും ഒരു സമ്പാദ്യമായി കിടക്കട്ടെ എന്ന കരുതലുകൊണ്ടും വാങ്ങാതിരുന്നതാണ്. 2014 മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യുന്നവരോടൊപ്പം 2013 ഓഗസ്റ്റ് മാസത്തില്‍ പി.എഫ്. ക്ലോസ് ചെയ്യാനുള്ള അപേക്ഷ ഞാനും കൊടുത്തിരുന്നതാണ്. മറ്റ് അദ്ധ്യാപകരുടെ പണമൊക്കെ പ്രിന്‍സിപ്പല്‍ വാങ്ങിക്കൊടുത്തെങ്കിലും എന്റെ കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പണത്തിന് വളരെ ആവശ്യമുള്ളതുകൊണ്ട് എന്റെ പി.എഫ്. ക്ലോസ് ചെയ്ത് പണം ലഭിപ്പാനുള്ള സത്വരനടപടി സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പലിനോട് വീണ്ടും ആവശ്യപ്പെടുകയും അക്കാര്യത്തില്‍ പ്രിന്‍സിപ്പലിന് പ്രത്യേക നിര്‍ദ്ദേശം കൊടുക്കണമെന്ന് ഇതിനോടകം മാനേജരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സലോമിയുടെ കുറ്റപ്പെടുത്തല്‍ മനോഭാവം മാറി. പകരം കുറ്റബോധമായി. ഇത്രയും പീഡകളൊക്കെ അനുഭവിച്ച എന്നോട് വേണ്ടാത്തതിനൊക്കെ വഴക്കുണ്ടാക്കിയെന്നും പറഞ്ഞ് സങ്കടപ്പെടാന്‍ തുടങ്ങി.
കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തില്‍ ഞാന്‍ സലോമിയെ കൊണ്ടുപോയി. പണ്ട് മെലങ്കോളിയ എന്ന് പറയപ്പെട്ടിരുന്നതും ഇക്കാലത്ത് ‘ഡിപ്രഷന്’ എന്ന് അറിയപ്പെടുന്നതുമായ വിഷാദരോഗമാണ് അവള്ക്കെന്ന് ഡോക്ടര്‍ പറഞ്ഞു. ഇത്തരം രോഗികള്‍ക്ക് ആത്മഹത്യാപ്രവണത ഉണ്ടാകുമെന്നും അതിനാല്‍ വേണ്ടത്ര ശ്രദ്ധയുണ്ടാകണമെന്നും ഡോക്ടക്ടര്‍ നിര്‍ദ്ദേശിച്ചു. മുടങ്ങാതെ മരുന്നുകഴിക്കണമെന്നും മരുന്ന് മറ്റാരെങ്കിലും കൈവശം വെച്ച് വേണ്ടസമയത്തുകൊടുക്കണമെന്നും പ്രത്യേകമായി ഓര്‍മ്മിപ്പിച്ചു.
വീട്ടിലുണ്ടായിരുന്ന ചില കീടനാശിനികളൊക്കെ തപ്പിയെടുത്ത് ഞാന്‍ നശിപ്പിച്ചുകളഞ്ഞു. വാട്ടാനുള്ള കപ്പ അരിയുന്ന ചില മൂര്‍ച്ചയുള്ള കത്തികള്‍ കൈ എത്താത്ത ഇടങ്ങളില്‍ ഞാന്‍ ഒളിപ്പിച്ചുവെച്ചു. മരുന്ന് മറ്റൊരു മുറിയിലെ മേശവലിപ്പില്‍ പൂട്ടിവെച്ച് ഞാന്‍തന്നെ കൃത്യസമയത്തുകൊടുത്തുകൊണ്ടുമിരുന്നു.
കഴിക്കുന്ന മരുന്നിന്റെ ശക്തികൊണ്ടാവാം രാവിലെ എണീക്കാനോ പ്രഭാതഭക്ഷണം ഉണ്ടാക്കാനോ അവള്‍ക്ക് വയ്യായിരുന്നു. രാവിലെ ഞാന്‍ മുറ്റമടിക്കുമ്ബോള് ഇടയ്ക്കിടെ വന്ന് എണീക്കാതെ കിടക്കുന്ന അവളെ ജനലിലൂടെ നോക്കും. ഭക്ഷണമുണ്ടാക്കുന്ന സമയത്ത് എണീപ്പിച്ച് എന്റെ അടുക്കല്‍ കൊണ്ടുവന്നിരുത്തും.
പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥതകളാണ് ചിലപ്പോള്‍ ഉണ്ടാകുന്നതെന്നും അപ്പോള്‍ മരിക്കാനുള്ള കടുത്ത തോന്നല്‍ ഉണ്ടാകുമെന്നും ഒരിക്കല്‍ അവള് എന്നോടു പറഞ്ഞു. ഭയപ്പാടോടെ അവളെ അണച്ചുപിടിച്ചിട്ട് അത്തരം സന്ദര്‍ഭങ്ങളില്‍ വേദോപദേശക്ലാസ്സുകളില്‍ പഠിച്ച സുകൃതജപങ്ങള്‍ ഉരുക്കഴിക്കാന്‍ ഞാന്‍ ഉപദേശിച്ചു. ചിലതൊക്കെ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
കൂടുതല്‍ കാര്യക്ഷമമായി അവളെ ശ്രദ്ധിക്കുന്നതിനും പരിചരിക്കുന്നതിനുമായി ഹൈറേഞ്ചിലുള്ള മേരിച്ചേച്ചിയെ ഞാന്‍ വിളിച്ചു. ചേച്ചി വന്ന് ഞങ്ങളോടൊപ്പം താമസിച്ചു. സിവില്‍ സര്‍വ്വീസ് എക്സാമിനേഷനുവേണ്ടിയുള്ള കോച്ചിങ്ങിനു പോയിരുന്ന മിഥുന് രണ്ടാഴ്ച കൂടുമ്ബോഴാണ് വീട്ടില്‍ വന്നുകൊണ്ടിരുന്നത്. അമ്മയെ നന്നായി നോക്കി ക്കൊള്ളണമെന്ന് തിരിച്ചുപോകുമ്ബോള്‍ അവന് മേരിച്ചേച്ചിയെ ഓര്‍മ്മിപ്പിച്ചിരുന്നു.
2014 മാര്‍ച്ച് 14-ന് എന്റെ പ്രോവിഡന്റ് ഫണ്ടിന്റെ കാര്യമന്വേഷിക്കാന്‍ ന്യൂമാന്‍ കോളജില്‍ ഞാന്‍ വീണ്ടും ചെന്നു. എന്നാല്‍ അതിനുള്ള നടപടികളൊന്നും കോളജില്‍നിന്ന് സ്വീകരിച്ചിരുന്നില്ല. അതിനുള്ള തടസ്സങ്ങളെന്താണെന്ന് സലോമി എന്നോടു ചോദിച്ചു. അവര്‍ പറഞ്ഞ തടസ്സവാദങ്ങള്‍ എനിക്കു മനസ്സിലായിട്ടില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് പി.എഫ്. ക്ലോസ് ചെയ്തു തരാനുള്ള എന്റെ അപേക്ഷയിന്മേല് ഒരു ഓര്‍മ്മപ്പെടുത്തല്‍ കത്ത് (reminder) രജിസ്റ്റേഡായി പ്രിന്‍സിപ്പലിന് അയയ്ക്കുകയും ചെയ്തു.
വേനല്‍ക്കാലമായിരുന്നു അത്. മൂന്നുനാലു മാസമായി മഴപെയ്തിട്ടേയില്ല. വേനല്‍ച്ചൂട് അതികഠിനമായി തുടര്‍ന്നു.
മാര്‍ച്ച് 19. സെന്റ് ജോസഫിന്റെ തിരുനാള്‍ ദിനമാണ്. എന്റെ പേരിനു കാരണമായ പുണ്യവാന്റെ തിരുനാളായതിനാല്‍ എന്റെ ‘ഫീസ്റ്റ്’ ആണ്. അയല്‍ക്കാരനായ എം.സി. ജോസഫ് സാര്‍ പള്ളിയില്‍ നിന്നുകിട്ടിയ നേര്‍ച്ചപ്പായസം കൊണ്ടുവന്നുതന്നു.
സലോമിക്ക് ഡോക്ടറെ കാണേണ്ട ദിവസമായിരുന്നു അന്ന്. ഹോസ്പിറ്റലിലേക്ക് വിളിച്ച് പതിവായി കാണുന്ന ഡോക്ടര്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. ഉണ്ടെന്നു പറഞ്ഞതിനാല്‍ അപ്പോയിന്റ്മെന്റ് എടുത്തു.
സലോമി അന്ന് പതിവിലധികം ക്ഷീണിതയായിരുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം അവളെയും കൂട്ടി ഞാനും മേരിച്ചേച്ചിയും ഹോസ്പിറ്റലില്‍ പോയി.
സലോമിയോടൊപ്പം ഡോക്ടറെ കണ്ടത് മേരിച്ചേച്ചിയാണ്. ഞാനും എനിക്കു ഗാര്‍ഡായി വന്ന പൊലീസുകാരനും വെയിറ്റിങ് റൂമിലിരുന്നു. ഇടയ്ക്ക് ഞങ്ങള്‍ ഹോസ്പിറ്റല്‍ വളപ്പിലുള്ള റ്റീസ്റ്റാളില്‍ ചായ കുടിക്കാന്‍ പോയി. അവിടെ വില്‍പനയ്ക്കിട്ടിരുന്ന ഒരു ആരോഗ്യമാസികയും ഞാന്‍ വാങ്ങി. ‘വിഷാദരോഗം സ്ത്രീകളില്‍’ എന്ന വിഷയത്തെക്കുറിച്ചുള്ള സ്പെഷ്യല്‍ പതിപ്പായിരുന്നു അത്. വാങ്ങിയപ്പോള്‍ മുതല്‍ ആ മാസിക കൈവശം വെച്ച് വായിച്ചുകൊണ്ടിരുന്നത് എന്റെ പൊലീസുകാരനാണ്.
രണ്ടുമണിയോടെ വീട്ടിലെത്തിയ ഞങ്ങള്‍ ഊണിനിരുന്നു. പരിക്ഷീണയായി കാണപ്പെട്ട സലോമി ഞാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് അല്പം കഴിച്ചത്. ഭക്ഷണത്തിനുശേഷം അവള് കിടന്നു. അവളുടെ ഹാന്‍ഡ് ബാഗിലായിരുന്നു അന്ന് ഹോസ്പിറ്റലില്‍ നിന്നുകിട്ടിയ ഗുളികകള്‍. ബാഗില്‍ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പിയുടെ അടപ്പുതുറന്ന് ഗുളികകള്‍ ഇട്ടിരുന്ന പേപ്പര്‍ നനഞ്ഞിരുന്നു. ഞാന്‍ അതെല്ലാമെടുത്ത് മറ്റൊരു മുറിയില്‍ കൊണ്ടുപോയി ഉണങ്ങാനായി നിരത്തിവെച്ചു.
പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെച്ചിട്ടു വന്ന മേരിച്ചേച്ചി ഡോക്ടര്‍ പറഞ്ഞ കാര്യം എന്നോടു പറഞ്ഞു. പെട്ടെന്നൊന്നും രോഗം മാറില്ല. കുറേക്കാലം മരുന്നു കഴിക്കേണ്ടിവരും. തനിക്കും ഒരു വീടുള്ളതിനാല്‍ അതുവരെ ഇവിടെ തങ്ങാനാവില്ലെന്ന് ചേച്ചി പറഞ്ഞു. പോകണമെന്നുള്ളപ്പോള്‍ ചേച്ചിക്ക് പോകാമെന്നും പകരം എന്തെങ്കിലും സംവിധാനം ഉണ്ടാക്കിക്കൊള്ളാമെന്നും ഞാന്‍ ചേച്ചിയോടു പറഞ്ഞു.
പിന്നീട് അല്പമൊന്നു കിടക്കാനായി ഞാനും സലോമി കിടക്കുന്ന മുറിയിലേക്ക് ചെന്നു. സലോമിയെ കട്ടിലില്‍ കാണാനില്ല. ഞാന്‍ ബാത് റൂമിലേക്ക് നോക്കി. വാതില്‍ കാല്‍ഭാഗം തുറന്നു കിടക്കുകയാണ്. അതിനാല്‍ ബാത്റൂമില്‍ പോയതല്ലെന്നു വിചാരിച്ച് മറ്റു മുറികളില്‍ പോയി നോക്കി. എവിടെയും കാണാഞ്ഞ് പരിഭ്രാന്തിയോടെ ബാത്റൂമിന്റെ അടുത്ത് വീണ്ടും ചെന്നു. കതകു മുഴുവനും തുറന്നു നോക്കി.
ബാത്റൂമിന്റെ ഭിത്തിയിലുള്ള ടവ്വല്‍റാഡില്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന തോര്‍ത്തിന്റെ ഒരറ്റം കെട്ടിയിട്ട് മറ്റേയറ്റം കഴുത്തിലും ബന്ധിച്ച് ഭിത്തിയോടു ചാരി സലോമി നില്‍ക്കുകയാണ്. കാലിന്റെ മുട്ടുരണ്ടും മടങ്ങിപ്പോയതിനാല്‍ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി. കണ്ടനിമിഷം ആര്‍ത്തനായി മേരിച്ചേച്ചിയെ വിളിക്കുകയും ഒപ്പം കക്ഷത്തിലൂടെ കൈകളിട്ട് സലോമിയെ ഞാന്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. എന്റെ നിലവിളി കേട്ട് ഓടിയെത്തിയ മേരിച്ചേച്ചി ഒരു കത്തി എടുത്തുകൊണ്ടുവന്ന് തോര്‍ത്തുമുറിച്ചു. കഴുത്തിലെ കുരുക്കും അഴിച്ചെടുത്തു. സലോമിക്ക് അപ്പോള്‍ ബോധം ഉണ്ടായിരുന്നില്ല. തറയില്‍ കിടത്തിയ അവളുടെ വായിലേക്ക് ഞാന്‍ ജീവവായു ഊതിക്കയറ്റി. ഇരുകൈകളും ചേര്‍ത്തുപിടിച്ച് നെഞ്ച് അമര്‍ത്തിക്കൊടുത്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മേരിച്ചേച്ചി വിളിച്ചുകൊണ്ടുവന്നു. അവരും നെഞ്ചിലമര്‍ത്തി ശ്വാസഗതി നേരേയാക്കാന്‍ ശ്രമിച്ചു. ഇടയ്ക്കൊന്ന് ശ്വാസമെടുത്തപോലെ തോന്നി. ഉടന്‍തന്നെ അവര്‍ സലോമിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവന്നു. അവരില്‍ ഒരാള്‍ എന്റെ കാര്‍ സ്റ്റാര്‍ട്ടുചെയ്തു. മറ്റുരണ്ടുപേര്‍ അവളെ വണ്ടിയില്‍ കയറ്റി. കാര്‍ മൂവാറ്റുപുഴ നിര്‍മ്മല ഹോസ്പിറ്റലിലേക്ക് പാഞ്ഞു.
എന്റെ മടിയില്‍ തല വെച്ചിരുന്ന അവളുടെ നെഞ്ചില്‍ ഒരു കൈയാല്‍ ഞാന്‍ അമര്‍ത്തിക്കൊണ്ടിരുന്നു. അങ്ങനെതന്നെ ചെയ്തുകൊള്ളാനും ഇപ്പോള്‍ ശ്വാസമെടുക്കുന്നുണ്ടെന്നും മുന്‍സീറ്റിലിരുന്ന പൊലീസുകാരന് തിരിഞ്ഞുനോക്കിക്കൊണ്ട് എന്നോട് പറഞ്ഞു.
കാറില്‍നിന്ന് പുറത്തിറക്കി സ്ട്രെച്ചറില്‍ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രിജീവനക്കാരെ പൊലീസുകാരും സഹായിച്ചു.
സലോമിയെ പരിശോധിച്ച കാഷ്വാലിറ്റിയിലെ ഡോക്ടര്‍ തിടുക്കത്തിലൊന്നും ചെയ്യുന്നതായി കാണാഞ്ഞ് ഞാന്‍ അലറിപ്പറഞ്ഞു: ”കൃത്രിമശ്വാസം കൊടുക്കാനുള്ള ഏര്‍പ്പാട് വേഗത്തില്‍ ചെയ്യ്…”
ഡോക്ടര്‍ നിര്‍വ്വികാരമായി പറഞ്ഞു.”മരിച്ച ആള്‍ക്ക് അങ്ങനെ ശ്വാസം കൊടുത്തിട്ടു കാര്യമില്ല.”
എനിക്ക് ഭാരം ഇല്ലാതാകുന്നതുപോലെ തോന്നി. ആരോ പിടിച്ച് എന്നെ ഒരു കസേരയില്‍ ഇരുത്തി.
അല്പം കഴിഞ്ഞ് മറ്റൊരു ഡോക്ടര്‍ വന്ന് എന്റെ കരം ഗ്രഹിച്ചു. അദ്ദേഹം അവിടുത്തെ ഡോക്ടറാണെന്ന് എനിക്കപ്പോള്‍ മനസ്സിലായില്ല. എന്നെ അറിയുന്ന ആരോ ആണെന്നേ കരുതിയുള്ളൂ. അത്യധികമായ ദീനതയോടെ ഞാന്‍ പറഞ്ഞു:
”എന്റെ ഭാര്യ മരിച്ചുപോയി. ഇതേ… ഇപ്പോള്‍.”
അതു പറയുമ്ബോള്‍ എന്താണാവോ ഞാന്‍ പ്രതീക്ഷിച്ചത്? കാരുണ്യമോ സഹതാപമോ?
പിന്നീടാരും എന്റെ അടുത്തേക്കു വന്നില്ല. അപ്പാടെ തോല്പിക്കപ്പെട്ടവനായി ഞാന്‍ അവിടെയിരുന്നു.
പിന്നീടെപ്പോഴോ ഒരു നഴ്സ് എന്റെയരികില്‍ വന്ന് ഒരു കടലാസു പൊതി എന്നെ ഏല്പിച്ചു. സലോമിയുടെ ശരീരത്തില്‍നിന്ന് ഊരിയെടുത്ത താലിമാല, കമ്മല്‍, കല്യാണമോതിരം, മിഞ്ചി എന്നിവയായിരുന്നു അതിനുള്ളില്‍.
സന്ധ്യയോടെ സുഹൃത്തുക്കള്‍ എന്നെ വീട്ടിലേക്കു കൊണ്ടുവന്നു.
നാലുമാസത്തെ ഇടവേളയ്ക്ക്ശേഷം വാനമിരുണ്ട് മഴ പെയ്തു.
രാത്രിയോടെ തിരുവനന്തപുരത്തായിരുന്ന മിഥുന് എത്തി. എനിക്ക് ചില വിമ്മിട്ടങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് മിഥുന് എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. സെഡേഷനിലൂടെ അവര്‍ എന്നെ മയക്കിക്കിടത്തി. രാവിലെയാണ് വീട്ടിലേക്ക് പോന്നത്.
പോണ്ടിച്ചേരിയില്‍നിന്ന് സിസ്റ്റര്‍ മാരിസ്റ്റെല്ല രാവിലെതന്നെ എത്തി. പതിനൊന്നു മണിയോടെ ആമി ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗ്ഗം വന്നു. ബന്ധുക്കളും സുഹൃത്തുക്കളും എത്തി. എന്നാല്‍ ആരോരുമില്ലാത്തവനെപ്പോലെ ഒരു മുറിയില്‍ ഞാന്‍ ശൂന്യനായി ഇരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. അവളുടെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ തലേന്നുതന്നെ ഞാന്‍ ഒപ്പിട്ടുകൊടുത്തിരുന്നു. അജ്ഞാതരായ രണ്ടുപേര്‍ക്ക് അവളുടെ കാഴ്ച പകുത്തു നല്‍കിയിട്ട് ഇരുപത്തിയെട്ടുകൊല്ലം മുമ്ബ് ഞാന്‍ അണിയിച്ച മന്ത്രകോടി പുതച്ചുകൊണ്ട് ഏകദേശം അഞ്ചുമണിയോടെ അവള് വീണ്ടും വീട്ടിലെത്തി.
വീടിനുള്ളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നതിനാല്‍ ഒരു ബാത്റൂമില്‍ കൊണ്ടുപോയി എന്റെ കൗമാരകാല സുഹൃത്തായിരുന്ന പതിപ്പള്ളില്‍ റ്റോമി, പള്ളിയില്‍ പോകാനുള്ള വസ്ത്രം എന്നെ ധരിപ്പിച്ചു. പണ്ട് എന്റെ വിവാഹവസ്ത്രം വാളിപ്ലാക്കല്‍ റെജി എന്ന അയല്ക്കാരന് ഉടുപ്പിച്ചത് ഞാനപ്പോള്‍ ഓര്‍ത്തു. ആകാശത്ത് കരിമേഘങ്ങള്‍ വന്ന് കിടുകിടുത്തെങ്കിലും മഴ പൊടിഞ്ഞില്ല.
അന്ത്യചുംബനം നല്കി ഞാനും മക്കളും അവളെ യാത്രയാക്കി. ആയിരക്കണക്കിനാളുകള്‍ അതിനു സാക്ഷികളായി.
പള്ളിയില്‍ വെച്ച് കൈപിടിച്ച് കൂടെക്കൂട്ടിയ അവളെ പള്ളിസെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തു മടങ്ങുമ്ബോള്‍ എന്റെ മനസ്സെന്നപോലെ വാനവും ഘനപ്പെട്ടു നിന്നു. ‘- ജോസ്ഫ് മാസറ്റര്‍ ഇങ്ങനെ എഴുതുന്നു.